തൊഴിലാളികള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനം

പ്രഭാത് പട്നായക്

കയ്യില്‍ പണമില്ലാതെ, ഭക്ഷണത്തിനും താമസത്തിനും മറ്റു മാര്‍ഗമില്ലാതെ സ്വന്തം ഗ്രാമങ്ങളിലേക്ക് ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി താണ്ടുമ്പോഴും, അവരില്‍ പലരും വഴിമധ്യേ ക്വാറന്‍ൈറന്‍ ക്യാമ്പുകളില്‍ ആക്കപ്പെടുമ്പോഴും, ലോക്ക്ഡൗണിന്‍റെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുനേരെ യുദ്ധമഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ഗവണ്‍മെന്‍റുകളിലൂടെ ഈ വര്‍ഗയുദ്ധത്തെ നയിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് ബിജെപി. ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് ഒരു ഓര്‍ഡിനന്‍സിലൂടെ മൂന്നുവര്‍ഷത്തേക്ക് എല്ലാ തൊഴില്‍നിയമങ്ങളും (നാലെണ്ണമൊഴികെ) സസ്പെന്‍ഡുചെയ്തു. മധ്യപ്രദേശ് ഗവണ്‍മെന്‍റ് ആയിരം ദിവസത്തേക്ക് പുതിയ യൂണിറ്റുകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാതാക്കി മാറ്റി. ഗുജറാത്ത് ഗവണ്‍മെന്‍റും ഇതേ രീതിയില്‍ തീരുമാനങ്ങളെടുത്തു; കര്‍ണാടക ഗവണ്‍മെന്‍റും ഇതിനെ അനുഗമിക്കുവാനുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്രയ്ക്കങ്ങോട്ടു പോയില്ലെങ്കിലും പഞ്ചാബിലെയും രാജസ്താനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തൊഴില്‍സമയം 8മണിക്കൂറില്‍നിന്നും 12 മണിക്കൂറായി നീട്ടി. 


തൊഴില്‍നിയമങ്ങള്‍ സസ്പെന്‍ഡുചെയ്യുന്നു എന്നതുകൊണ്ടര്‍ഥമാക്കുന്നത് തൊഴിലുടമകള്‍ക്ക്, അതായത് മുതലാളിമാര്‍ക്ക് തൊഴിലാളികളെ തങ്ങളുടെ ഇഷ്ടംപോലെ പിരിച്ചുവിടാമെന്നും മിനിമം കൂലി ഉയര്‍ത്തുകയെന്ന ഉത്തരവാദിത്വത്തില്‍നിന്നും അവര്‍ മുക്തരാണ് എന്നുംമാത്രമല്ല; മറിച്ച് തൊഴിലാളികള്‍ക്ക് 'വേണ്ടത്ര വായുസഞ്ചാരമാര്‍ഗം, വെളിച്ചം, കക്കൂസ്, കൂടിയിരിക്കാനുള്ള സൗകര്യം, ഫസ്റ്റ്എയ്ഡ് ബോക്സുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ക്യാന്‍റീനുകള്‍, വിശ്രമസ്ഥലങ്ങള്‍,വിശ്രമത്തിനായുള്ള ഇടവേളകള്‍'തുടങ്ങിയ സൗകര്യങ്ങളൊന്നുംതന്നെ നല്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരല്ലാതായെന്നുകൂടി  ഇതര്‍ത്ഥമാക്കുന്നു  (ദി ഹിന്ദു, മെയ് 8). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, തൊഴില്‍ സാഹചര്യങ്ങള്‍ അത്യന്തം ദുരന്തപൂര്‍ണമാകുന്നത് ചെറിയ സംരംഭങ്ങളില്‍ മാത്രമല്ല, മറിച്ച് വന്‍കിട സംരംഭങ്ങളില്‍പോലും അതങ്ങനെയായിരിക്കും; അതായത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രിട്ടനെക്കുറിച്ച് മാര്‍ക്സും എംഗല്‍സും എഴുതിയ അവസ്ഥയ്ക്കു സമാനമായ സാഹചര്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണിത്. എന്നുവെച്ചാല്‍, രണ്ടു നൂറ്റാണ്ടുകളായുള്ള പോരാട്ടത്തിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളപ്പാടെ ഇല്ലായ്മചെയ്യുന്നതിനു തുല്യമാണിത്. 
 തൊഴിലാളികള്‍ക്കുനേരെയുള്ള ഈ യുദ്ധത്തിന് അവര്‍ മുന്നോട്ടുവെക്കുന്ന വാദം, ഇത് രാജ്യത്ത് നിക്ഷേപം ഉയര്‍ത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ്; പ്രത്യേകിച്ചും അമേരിക്കയും ചൈനയും തമ്മിലുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ കമ്പനികള്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി പുതിയ ഇടങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ നടപടി രാജ്യത്ത് നിക്ഷേപം ഉയര്‍ത്തുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണവരുടെ വാദം. എങ്ങനെ നോക്കിയാലും അനേകം കാരണങ്ങളാല്‍ ഈ വാദം തികച്ചും പൊള്ളയാണ്. 


ഒന്നാമതായി,തൊഴിലിനനുകൂലമായ സാഹചര്യങ്ങള്‍ എന്നത് തൊഴിലാളികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മൗലികാവകാശങ്ങളുടെ പട്ടികയില്‍ അവ പേരെടുത്തുപറഞ്ഞിട്ടില്ലായിരിക്കാം; എന്നാല്‍ പേരെടുത്തുപറഞ്ഞിട്ടുള്ളതിനെക്കാള്‍ ഒട്ടുംതന്നെ അവ അപ്രധാനമോ അനിവാര്യമില്ലാത്തതോ ആകുന്നില്ല. ചൈനയില്‍നിന്നു വിട്ടുവരുവാനാഗ്രഹിക്കുന്ന വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനുവേണ്ടി അവയെ കണ്ണുചിമ്മുന്ന വേഗതയില്‍ മാറ്റുവാന്‍ കഴിയില്ല; വിദേശ മൂലധനത്തിന് കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ  മാറ്റുന്നതിനുവേണ്ടി വോട്ടവകാശമോ ആഭിപ്രായപ്രകടന സ്വാതന്ത്ര്യമോ നിയന്ത്രിക്കാനാവില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, തൊഴില്‍ നിയമങ്ങള്‍ നമ്മുടെ രാജ്യത്തെ തൊഴില്‍ പരിതഃസ്ഥിതി എന്തായിരിക്കണമെന്ന കാഴ്ചപ്പാടോടെ, അതായത് മൂലധനത്തെ ആകര്‍ഷിക്കുന്നതിനായുള്ള അവസരവാദപരമായ പരിഗണനയ്ക്കതീതമായ ഒരു കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ളതാണ്. അത് കേവലം ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ച് മാറ്റുവാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ തൊഴില്‍ നിയമങ്ങള്‍ ഇപ്പോഴും പരിമിതപ്പെടുത്തിവെച്ചിരിക്കുന്ന ചെറിയൊരു വിഭാഗത്തിനപ്പുറം അവ മൊത്തം തൊഴിലാളിവര്‍ഗത്തിനു ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്; അതായിരിക്കണം ലക്ഷ്യം.


രണ്ടാമതായി, തൊഴില്‍ നിയമങ്ങള്‍ വന്‍കിട നിക്ഷേപത്തിന്‍റെ വഴിയില്‍ തടസമായി നില്‍ക്കുന്നുവെന്ന വാദം തികച്ചും തെറ്റാണ്. ആ വാദത്തെ പിന്താങ്ങുന്നതിന് പ്രയോഗമാത്രമായ തെളിവിന്‍റെ ഒരംശംപോലും മുന്നോട്ടുവെക്കുവാന്‍ അവര്‍ക്കിതുവരെയും ആയിട്ടില്ല; യഥാര്‍ത്ഥത്തില്‍ കുറച്ചുകാലങ്ങള്‍ക്കുമുന്‍പ്, നവലിബറലിസം അതിന്‍റെ ഔന്നത്യത്തില്‍നിന്ന സമയത്ത് ഇന്ത്യയിലെ വ്യാവസായിക വളര്‍ച്ചയെ തൊഴില്‍ നിയമങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് പ്രയോഗമാത്രമായി ചില 'പണ്ഡിതര്‍' 'കാണിക്കുവാന്‍' തുടങ്ങി; പക്ഷേ അവരുടെ 'തെളിയിക്കലുകള്‍' ഒട്ടുംതന്നെ സന്ദേഹമില്ലാതെ നിരസിക്കപ്പെട്ടു; അതുകൊണ്ടാണ് പിന്നീട് ഇത്തരത്തിലുള്ള 'തെളിയിക്കലുകളൊന്നും' ഇതുവരെ വികസിക്കാതിരുന്നത് എന്നതു തന്നെ അതിനു തെളിവാണ്. 


 ദീര്‍ഘകാലത്തേക്ക് വിദേശനിക്ഷേപം മാറ്റിവെക്കുന്നുവെന്ന സൈദ്ധാന്തികമായ വാദം പൂര്‍ണമായും തെറ്റാണ്. തീര്‍ച്ചയായും തൊഴില്‍ നിയമങ്ങളാല്‍ സവിശേഷവത്കരിക്കപ്പെട്ട മേഖല, അതായത് കോര്‍പ്പറേറ്റ് മേഖല ബഹുആധിപത്യത്തിന്‍റെയും കുത്തകാധിപത്യത്തിന്‍റെയും നിലനില്‍പ്പിനാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു; ഇവിടങ്ങളില്‍ കമ്പനികളുടെ കമ്പോള ഓഹരി ഒരു ദീര്‍ഘകാലത്തിനുശേഷംമാത്രമേ മാറുകയുള്ളൂ; അതിനാല്‍തന്നെ ഏതു കമ്പനിയുടെയും ചോദനത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച, ചരക്കിന്‍റെ മൊത്തം ചോദനത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ചയ്ക്ക് തുല്യമാണ്. കമ്പോളത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ചയാണ് ഏതു കമ്പനിയുടെയും നിക്ഷേപത്തെ നിര്‍ണയിക്കുന്നത്; അതേപോലെതന്നെ ലാഭസീമയിലുണ്ടാകുന്ന ഏതു മാറ്റമായാലും അതില്‍ സ്വാധീനംചെലുത്താനുമാവില്ല. അതിനാല്‍ തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിക്കുന്നതിലൂടെ തൊഴിലാളിയുടെ വിലപേശല്‍കരുത്ത് ദുര്‍ബലമാക്കപ്പെടുന്നതുമൂലം കൂലി വെട്ടിക്കുറച്ചാല്‍പ്പോലും അതിലൂടെ ലാഭസീമ ഉയര്‍ത്താനയെന്നുവരാം, എന്നാല്‍ ഒരിക്കലും ഒരു ബ്രാഞ്ചിന്‍റെയും നിക്ഷേപനില ഉയര്‍ത്താനാവില്ല; അതുകൊണ്ടുതന്നെ, കോര്‍പ്പറേറ്റ് മേഖലയ്ക്ക് മൊത്തത്തിലും അതുയര്‍ത്താനാവില്ല.


തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിലൂടെ ഉടലെടുക്കുന്ന വീഴ്ചയായ, കോര്‍പ്പറേറ്റ് മേഖലയിലെ കൂലിയില്‍ ലാഭത്തിലേക്കുള്ള ആപേക്ഷികമായ ചുവടുമാറ്റം, സമ്പദ്ഘടനയിലെ ചോദനത്തെ മൊത്തത്തില്‍ കുറയ്ക്കും; കാരണം, ഓരോ യൂണിറ്റ് കൂലിയ്ക്കായി ഉപയോഗിക്കുന്ന തുകയെക്കാള്‍ കുറവാണ് ഓരോ യൂണിറ്റ് ലാഭത്തിന് ഉപയോഗിക്കുന്ന തുക. അതുകൊണ്ടുതന്നെ ഈ നടപടി തൊഴിലവസരങ്ങളിലും സമ്പദ്ഘടനയുടെ മൊത്തം ലാഭത്തിലും കുറവുണ്ടാക്കും. ഏതൊരു സംസ്ഥാനത്തിലും കൂലിയില്‍നിന്നും ലാഭത്തിലേക്കുള്ള ചുവടുമാറ്റത്തിനായി ചോദനത്തില്‍ വരുത്തുന്ന കുറവ് ആ സംസ്ഥാനത്തിലെ ഉത്പന്നങ്ങളില്‍ മാത്രമാവില്ല എന്നതുകൊണ്ട് തൊഴില്‍നിയമങ്ങള്‍ മാറ്റിമറിക്കുന്ന സംസ്ഥാനങ്ങളെ ഇത് ബാധിക്കില്ല എന്നും വാദിച്ചേക്കാം. പക്ഷേ ആ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ ഉയരുമെന്നു പ്രതീക്ഷിക്കുവാന്‍തക്ക യാതൊരു കാരണവുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ  ഉത്പന്നങ്ങള്‍ക്ക്  ചോദനമില്ലാതിരിക്കുകയും എന്നാല്‍ തൊഴിലവസരങ്ങളില്‍ ചെറിയ കുറവുണ്ടാവുകയും ചെയ്യുകയാണെങ്കില്‍, വന്‍തോതിലുള്ള ഇടിവുണ്ടാവുകയില്ല 


ചോദ്യമിതാണ്: ചൈനയില്‍നിന്നും പിന്തിരിഞ്ഞുവരുന്നതും ആഗോളകമ്പോളത്തിനുവേണ്ടി ഉത്പാദിപ്പിക്കുന്നതുമായ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കുവാന്‍ ഇത് പര്യാപ്തമാണോ ? പ്ലാന്‍റുകള്‍ എവിടെ സ്ഥാപിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ വിദേശമൂലധനം പരിഗണിക്കുന്ന ഘടകങ്ങളില്‍ ഒന്നുമാത്രമാണ് കൂലി ചെലവ് എന്നകാര്യം ഇവിടെ ഓര്‍മിക്കേണ്ടത് അനിവാര്യമാണ്. തൊഴില്‍ പരിതഃസ്ഥിതിയെയും തൊഴിലാളികളുടെ വിദ്യാഭ്യാസനിലവാരത്തെയും ആശ്രയിച്ചുകിടക്കുന്ന തൊഴില്‍ ശക്തിയുടെ കഴിവും ഒരു പ്രധാനഘടകമാണ്. കക്കൂസുകളില്ലാതെ, ക്യാന്‍റീനുകളില്ലാതെ, തുച്ഛശമ്പളത്തിന് നീണ്ട മണിക്കൂറുകള്‍ തൊഴിലെടുക്കുന്ന, ചുരുക്കിപ്പറഞ്ഞാല്‍,രോക്ഷാകുലരായ, അസംതൃപ്തരായ,വിഷമിക്കുന്ന ഒരു തൊഴില്‍ സേനക്ക് ചൈനയില്‍നിന്നും പിന്തിരിഞ്ഞുവരുന്ന വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്ന കാന്തമാകുവാന്‍ കഴിയില്ല.  


മാത്രമല്ല, ലോക സമ്പദ്ഘടനയില്‍ ഇപ്പോള്‍ അത്ര കാര്യമായ നിക്ഷേപമൊന്നും നടക്കുന്നില്ലായെന്ന വസ്തുതയില്‍നിന്നും തികച്ചും വ്യത്യസ്തമാണിത്: കൊറോണവൈറസ് മഹാമാരിക്കുമുന്‍പേതന്നെ ലോക സമ്പദ്ഘടന പ്രകടമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിലുമുപരി, തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിക്കുന്നതിനുമുന്‍പേതന്നെ, ചൈനയിലെ തൊഴിലാളികള്‍ക്ക് ഇന്ത്യയിലെ തൊഴിലാളികളെക്കാള്‍ കൂലി കുറവായിരുന്നല്ലോ; എന്നിട്ടുമെന്തേ അന്ന് വിദേശ മൂലധനം ചൈനയോടും മറ്റ് ഏഷ്യന്‍ കേന്ദ്രങ്ങളോടും കാണിച്ചതിനെക്കാള്‍ കൂടുതല്‍ താത്പര്യം ഇന്ത്യയോട് കാണിക്കാതിരുന്നത്? ഇനി, മഹാമാരി നമ്മളെ ആക്രമിക്കുന്നതിനുമുന്‍പ്, മോഡി ഗവണ്‍മെന്‍റ്  'മേക്ക് ഇന്‍ ഇന്ത്യ' ക്യാമ്പയിന്‍ വന്‍തോതില്‍ കൊട്ടിഘോഷിച്ചതിനപ്പുറം നമ്മുടെ ഉത്പാദന വളര്‍ച്ചാ നിരക്ക് കുറെക്കാലമായി പൂജ്യമോ നെഗറ്റീവോ ആയിരുന്നല്ലോ, അതെന്തുകൊണ്ടാണ്?


മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യന്‍ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിന്‍റെ കാര്യത്തിലും വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തിലും ശരിയെന്താണോ അതുതന്നെയാണ് ശരി. ഏതു രീതിയിലായാലും അത്ര നിക്ഷേപം നടക്കുന്നില്ല; തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിച്ചതുകൊണ്ടുമാത്രം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും അത് മുഴുവനും ആകര്‍ഷിക്കാന്‍ സാധിക്കില്ല.അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് സംസ്ഥാനങ്ങള്‍തമ്മില്‍, എങ്ങനെയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് കടുത്ത മത്സരത്തിന് എന്ത് ആനുകൂല്യങ്ങള്‍ നല്‍കിയും ഇടയാക്കും; ഇത് തികച്ചും അപകടകരമാണ്.  
നമ്മള്‍ പറഞ്ഞ കാരണങ്ങള്‍ക്കൊണ്ടുതന്നെ, നിക്ഷേപത്തിന്‍റെ തോത് വര്‍ധിപ്പിക്കാതെ കൂലിയില്‍ നിന്നും ലാഭത്തിലേക്കുള്ള ചുവടുമാറ്റം, മൊത്തം ചോദനത്തെ താഴ്ത്തുകയും അതുകൊണ്ടുതന്നെ ഉത്പാദനവും തൊഴിലവസരവും താഴ്ത്തുകയും ചെയ്യും. നിക്ഷേപത്തിന്‍റെ തോതുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്ന ലാഭത്തിന്‍റെ മൊത്തത്തിലുള്ള തോതും അതു വര്‍ധിപ്പിക്കുകയില്ല. എന്നാല്‍, ഈ മൊത്തത്തിലുള്ള ലാഭത്തിന്‍റെ തോതില്‍തന്നെ, അത് തീര്‍ച്ചയായും ചെറുകിട മുതലാളിമാരില്‍നിന്നും ചെറുകിട ഉത്പാദകരില്‍നിന്നും കോര്‍പ്പറേറ്റ് മേഖലയിലേക്ക് ലാഭം പുനര്‍വിതരണം ചെയ്യും. തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിക്കുന്നതിനെ തുടര്‍ന്ന് കൂലി കുറയ്ക്കുന്നതിന്‍റെ ഫലമായി ചെറുകിട മുതലാളിമാരുടെയും ചെറുകിട ഉത്പാദകരുടെയും ഉത്പന്നങ്ങളുടെ ഡിമാന്‍റ്  ഇടിയുന്നതുകൊണ്ടും ലാഭസീമ വര്‍ധിക്കാത്തതുകൊണ്ടുമാണിങ്ങനെ സംഭവിക്കുന്നത്. തൊഴില്‍ നിയമങ്ങളുടെ ഇത്തരം മാറ്റിമറിക്കല്‍ തൊഴിലാളിക്കുനേരെമാത്രമുള്ള കടന്നാക്രമണമല്ല; അതേ സമയം അത് ചെറുകിട മുതലാളിമാര്‍ക്കും ചെറുകിട ഉത്പാദകര്‍ക്കും നേരെയുള്ള ആക്രമണം കൂടിയാണ്. അത് തൊഴിലാളികളുടെ മാത്രമല്ല, ചെറുകിട മുതലാളിമാരും ചെറുകിട ഉത്പാദകരുമടങ്ങുന്ന മൊത്തം സമൂഹത്തിന്‍റെ ചെലവില്‍ കോര്‍പ്പറേറ്റ് മേഖലയുടെ താത്പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തലാണ്.


എന്തായാലും ഇത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഗവണ്‍മെന്‍റുകളുടെ സവിശേഷതയാണ്. സാമ്പത്തിക ശാസ്ത്രത്തിന്‍റെ ലോകത്തെക്കുറിച്ച് കോര്‍പ്പറേറ്റ് പ്രമുഖരില്‍നിന്നും ലഭിച്ച തികച്ചും അപകടകരവും വിരസത നിറഞ്ഞതുമായ ധാരണകള്‍ വെച്ചുകൊണ്ട് ജനാധിപത്യാവകാശങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനുള്ള പ്രവണത അവ നിരന്തരം കാണിക്കുന്നു; ആ ധാരണ വളരെ ലളിതമാണ്: കോര്‍പ്പറേറ്റുകളെ എത്രത്തോളം ലാളിക്കുന്നുവോ അത്രത്തോളം അവ നിക്ഷേപത്തിനും ഉത്പാദനത്തിനും തൊഴിലവസരത്തിനും മെച്ചപ്പെട്ടതാകും എന്നതാണ് ധാരണ; ഏകദേശം ഒരു നൂറ്റാണ്ടിനുമുന്‍പേതന്നെ വ്യക്തമായി അവിശ്വസിക്കപ്പെട്ട, ചീന്തിയെറിയപ്പെട്ട ഒരു ധാരണയാണിത്.


 മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുംനേരെയുള്ള ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ ജനാധിപത്യം വെട്ടിച്ചുരുക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളെ താഴ്ത്തിക്കെട്ടിക്കൊണ്ട് ബിജെപി ആ ധാരണയെ ഉയര്‍ത്തിപ്പിടിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുംനേരെ ബിജെപി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് തൊഴിലാളികള്‍ക്കുനേരെയുള്ള യുദ്ധം; അതിന്‍റെ സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ അത്യന്തം ദാരുണമായിരിക്കും.