ചരിത്രത്തെ തകിടം മറിക്കുന്ന മോഡി ഭരണം

അനില്‍കുമാര്‍ എ വി

രിത്രത്തെ തലകീഴായി തൂക്കിയിടുകയാണ് മോഡി  ഭരണം. ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ഥലപ്പേരുകള്‍ കാവിവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങളും സിലബസുകളും സര്‍വകലാശാലകളും  സ്റ്റേഡിയങ്ങളും  ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമര സേനാനികളും ആ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാശ്വേതാദേവിയുടെ പ്രശസ്ത കഥ 'ദ്രൗപദി' ഡല്‍ഹി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ഓണേഴ്സ് സിലബസില്‍നിന്ന് പുറത്തായി.ദളിത് എഴുത്തുകാരായ ബാമയുടെയും  സുകൃത  റാണിയുടെയും കൃതികള്‍ക്കും വിലക്കുണ്ട്.  മധ്യപ്രദേശില്‍ എംബിബിഎസ് ഒന്നാം വര്‍ഷ ഫൗണ്ടേഷന്‍ കോഴ്സില്‍  ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍  ഉള്‍പ്പെടുത്തിയാണ് കാവിവല്‍ക്കരണം.  ബീഹാറിലെ  ജയപ്രകാശ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് എം എ പാഠ്യപദ്ധതിയില്‍നിന്നും ജയപ്രകാശ് നാരായണനെയും  രാംമനോഹര്‍ ലോഹ്യയെയും  തെറിപ്പിച്ച് ദീന്‍ ദയാല്‍ ഉപാധ്യായയെ പോലുള്ളവരെക്കുറിച്ചുള്ളത് തിരുകിക്കയറ്റി. ജെപി യുടെ പേരിലുള്ള സര്‍വകലാശാലയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളെ  തിരുകിക്കയറ്റിയത് വിവാദമായതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വകലാശാലകളിലെ  സിലബസ് മാറ്റങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപിയുടെ തിരുകിക്കയറ്റല്‍ ബിഹാറില്‍ വേണ്ടെന്ന് മുന്നറിയിപ്പു നല്‍കിയ അദ്ദേഹം, ചരിത്രത്തെ  വളച്ചൊടിച്ചുള്ള പാഠ്യപദ്ധതി അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. മാറ്റങ്ങള്‍ വരുത്തുംമുമ്പ് വിദ്യാഭ്യാസ വിചക്ഷണരുമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഛപ്ര ആസ്ഥാനമായി 1990ലാണ് സര്‍വകലാശാല സ്ഥാപിച്ചത്. പാഠ്യപദ്ധതിയിലെ  മാറ്റം നടപ്പാക്കിയ വൈസ് ചാന്‍സലര്‍ ഫാറൂക് അലി ഉള്‍പ്പെടെയുള്ളവരെ പട്നയിലേക്കു വിളിച്ച് നിതീഷ് കുമാര്‍ വിശദീകരണംതേടി. മുന്‍ ബിജെപി എംഎല്‍എയും ഇപ്പോഴത്തെ ഗവര്‍ണറുമായ ഫഗു ചൗഹാനാണ് സര്‍വകലാശാലാ ചാന്‍സലര്‍. മുന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനാണ് പുതിയ പാഠ്യപദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നാണ് വിശദീകരണം.  ഭരണ നയരൂപീകരണ പ്രക്രിയകളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉറപ്പിക്കുന്നതിലും  ഇന്ദിരാഗാന്ധിയുടെ അധികാര പ്രമത്തതയെ എതിര്‍ക്കുന്നതിലും മറ്റും ജയപ്രകാശും ലോഹ്യയും  വഹിച്ച  പങ്ക് വലുതാണ്. അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ ജെ പി പ്രസ്ഥാനം മുന്‍പന്തിയില്‍ തന്നെയായിരുന്നു. അത്തരം പൈതൃകത്തെയാണ്  ഇരുട്ടിലേക്ക് തള്ളുന്നത്.  ജര്‍മനിയില്‍  അധികാരം പിടിച്ച  ഹിറ്റ്ലര്‍ ആദ്യം ചെയ്തത് സ്വന്തം അച്ഛന്‍റെ  കുഴിമാടം ഇടിച്ചുനിരത്തുകയായിരുന്നൂ. കാരണം അദ്ദേഹം  ജൂതനായിരുന്നുവെന്നതാണ്. ജൂതന്മാരോടുള്ള പകയില്‍  ലക്ഷക്കണക്കിനാളുകളെ  ഹിറ്റ്ലര്‍ ചുട്ടുകൊന്നു.

പതിനാലുവട്ടം മാപ്പിരന്ന 
സവര്‍ക്കര്‍

ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ ഐസിഎച്ച്ആര്‍ സ്വാതന്ത്ര്യത്തിന്‍റെ  മുക്കാല്‍ നൂറ്റാണ്ട്  ആഘോഷിക്കുകയാണ്. അതിന്‍റെ  ഭാഗമായുള്ള ബ്രോഷറിലും വെബ്സൈറ്റിലും  എട്ടു  പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍  ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ  ഒഴിവാക്കി.  ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി ജയില്‍മോചിതനായ ഹിന്ദുരാഷ്ട്രവാദി വി ഡി സവര്‍ക്കറെയാണ് പകരം  ഉള്‍പ്പെടുത്തിയത്. ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ സവര്‍ക്കര്‍  ആന്‍ഡമാന്‍ ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ ബ്രിട്ടീഷുകാരോട്  14 പ്രാവശ്യമാണ്   മാപ്പിരന്നത്.   സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്നും മലബാര്‍ കലാപത്തില്‍ പങ്കാളികളായ 387 പേരെയും വാഗണ്‍ ട്രാജഡി കൂട്ടക്കൊലയില്‍ ഇരകളായ 70 പേരെയും ഒഴിവാക്കി. സവര്‍ക്കര്‍ ജയില്‍മോചിതനാകാന്‍ 1913 നവംബര്‍ 14 ന് ജയിലില്‍ നിന്നും എഴുതിയ രണ്ടാം ഹര്‍ജി എ ജി നൂറാനി  'സവര്‍ക്കറും ഹിന്ദുത്വവും' എന്ന കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. പ്രജാഹിതത്തിന് നടത്തുന്ന നാനാവിധ ഉപകാരവൃത്തികളില്‍ ഒന്നെന്ന നിലയില്‍ എന്നെ വിട്ടാല്‍, ഞാന്‍ ഭരണഘടനാനുസാരിയായ  പുരോഗതിയുടെ അചഞ്ചലനായ വക്താവല്ലാതെ മറ്റൊന്നും ആവില്ല. ഗവണ്‍മെന്‍റിനോടുള്ള വിശ്വസ്തത മാത്രമാണ് പുരോഗതിക്കുള്ള മുന്തിയ ഉപാധിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ഞങ്ങള്‍ ജയിലില്‍ കഴിയുന്നിടത്തോളം ചക്രവര്‍ത്തി തിരുമനസിന്‍റെ ആയിരക്കണക്കിന് ഭാരത പ്രജകളുടെ വീടുകളില്‍  യഥാര്‍ഥ സന്തോഷവും സംതൃപ്തിയും ഉണ്ടാവില്ല. ശിക്ഷയേക്കാള്‍ മാപ്പുനല്‍കലും പ്രതികാരത്തേക്കാള്‍ ശിക്ഷണം കൊണ്ട് തെറ്റുതിരുത്തലുമാണ് നേര്‍വഴി. കഴിവനുസരിച്ച് ഞാന്‍ ഗവണ്‍മെന്‍റിനെ സഹായിക്കാന്‍ തയ്യാറാണ്. അധികാര കേന്ദ്രത്തിനേ കരുണ കാട്ടാന്‍ കഴിയൂ. സര്‍ക്കാരിന്‍റെ പിതൃസഹജമായ കവാടങ്ങള്‍ക്കുള്ളിലല്ലാതെ മറ്റെവിടെയാണ് മുടിയനായ പുത്രന് മടങ്ങിച്ചെല്ലാനാവുക". ഈ മാപ്പപേക്ഷ പരിഗണിച്ച് ഉപാധികളോടെ സവര്‍ക്കറെ മോചിപ്പിച്ചു. ഉപാധികളില്‍ പ്രധാനം, ഗവണ്‍മെന്‍റിന്‍റെ സമ്മതമില്ലാതെ അഞ്ചു വര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്നതാണ്. ആശ്രയിച്ച അക്രമമാര്‍ഗങ്ങള്‍ കലശലായി വെറുത്ത് അവയില്‍നിന്നു പിന്മാറുന്നു. എല്ലാ കഴിവിനനുസരിച്ചും നിയമത്തെയും ബ്രിട്ടീഷ് ഭരണഘടനയെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ആത്മാര്‍ത്ഥമായ കടമയാണെന്ന് വിശ്വസിക്കുന്നുവെന്ന  പ്രസ്താവന നല്‍കുകയും ചെയ്തു. വിടുതല്‍ ഉത്തരവ് കിട്ടുംമുമ്പ് താന്‍  എഴുതിയ ലേഖനങ്ങള്‍ പിന്നീട് പരിഗണിച്ച് കേസ്  എടുക്കരുത്,അതിലെ തീയതി ശ്രദ്ധിക്കണം എന്നുകൂടി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.  

അലവന്‍സ് മതി, 
സ്വാതന്ത്ര്യം വേണ്ട

1924 ജനുവരി ആറിന് ജയില്‍ മോചിതനായ സവര്‍ക്കര്‍ പ്രതിമാസ അലവന്‍സ് ആവശ്യപ്പെട്ടും   അപേക്ഷ നല്‍കി.  സര്‍ക്കാര്‍ ആദ്യം നിരസിച്ചു. 1929ല്‍ സവര്‍ക്കര്‍ താമസിച്ചിരുന്ന രത്നഗിരിയിലെയും ജന്മദേശമായ നാസിക്കിലെയും ജില്ലാ മജിസ്ട്രേറ്റുമാരോട്  സവര്‍ക്കറുടെയും കുടുംബത്തിന്‍റെയും പ്രതിമാസച്ചെലവ് കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് രത്നഗിരി മജിസ്ട്രേറ്റ് മാസം 150 രൂപ അലവന്‍സ് ശുപാര്‍ശ ചെയ്തു. ബോംബെ ആഭ്യന്തര സെക്രട്ടറി 75 രൂപയാക്കി കുറച്ചു. ഒടുവില്‍  ബോംബെ ഗവര്‍ണര്‍  60 രൂപ അനുവദിച്ചു. അങ്ങനെ 1929 ആഗസ്ത് മുതല്‍ 1937 മെയ് വരെ ബ്രിട്ടീഷ് ഗവണ്മെന്‍റില്‍നിന്നും 60 രൂപ വീതം അലവന്‍സ് കൈപ്പറ്റി. 1929 ല്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ  വില 21 രൂപയ്ക്ക് താഴെയാണ്. സവര്‍ക്കറുടെ അനുയായികള്‍  ആവര്‍ത്തിക്കുന്ന നുണകള്‍ പലതാണ്. 1857ലെ ദേശീയ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം വിശേഷിപ്പിച്ചത് സവര്‍ക്കറാണെന്നത് അതിലെ ഒരു വാദം. 1857 ജൂലൈയില്‍ മാര്‍ക്സും എംഗല്‍സും ഇന്ത്യയെക്കുറിച്ച് 'ന്യൂയോര്‍ക്ക് ഡയലി ട്രിബ്യൂണില്‍' അടക്കം എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്നത് കേവലം പട്ടാള അട്ടിമറിയല്ലെന്ന് വ്യക്തമാക്കിയ അവര്‍ ബ്രിട്ടീഷ് ചൂഷണം സമ്പദ്ഘടനയെ ദരിദ്രമാക്കിയെന്നും അത് ജനങ്ങളെ ഐക്യപ്പെടുത്തുകയും ഭരണകൂടത്തിനെതിരെ  തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നും വിലയിരുത്തി. ഇന്ത്യയിലേത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിപ്ലവമാണെന്നും 1857 ലേത് അതിന്‍റെ തുടക്കമാണെന്നും പ്രഖ്യാപിച്ചു. 23 വര്‍ഷം കഴിഞ്ഞാണ് മാര്‍ക്സ് നിര്യാതനാകുന്നത്. അതിനുശേഷമാണ് സവര്‍ക്കറുടെ ജനനം. ഡല്‍ഹി നിയമസഭയില്‍ അനാച്ഛാദനം ചെയ്ത 70 സ്വാതന്ത്ര്യ സമര സേനാനികളുടെ ഛായാചിത്രങ്ങളില്‍ ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ആം ആദ്മി പാര്‍ടി നല്‍കിയ മറുപടി  ചിന്തോദ്ദീപകമാണ്. ആര്‍എസ്എസില്‍നിന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരാളുടെ പേരു തന്നാല്‍ പകരം വെക്കാം എന്നായിരുന്നു പ്രതികരണം.  ഭരണഘടനയുടെ 144ാം പേജിലും ടിപ്പുവിന്‍റെ ചിത്രമുണ്ട്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ വീണ് പലവട്ടം മാപ്പിരന്ന് ജയില്‍ മോചിതനായ സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കാന്‍ തീരുമാനിച്ചതും നിസ്സാരമല്ല. കാവിപ്പടയുടെ പ്രത്യയശാസ്ത്രാടിത്തറയായ 'ഹിന്ദുത്വ'ത്തിന്‍റെ ആവിഷ്കര്‍ത്താവാണ് സവര്‍ക്കര്‍, ബ്രിട്ടീഷുകാരുടെ പുറം തലോടി അതിതീവ്ര വര്‍ഗീയാശയങ്ങള്‍ പ്രചരിപ്പിച്ചയാളെ ഗാന്ധിജിക്ക് മുകളില്‍ ഉയര്‍ത്തിക്കാട്ടുകയാണ്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍, ധീര ദേശാഭിമാനികളുടെയും ഹിന്ദുമുസ്ലിം ഐക്യത്തിന് ജീവന്‍ ബലിനല്‍കിയവരുടെയും ഫോട്ടോകള്‍ക്കിടയില്‍ 2003 ഫെബ്രുവരി 27ന് സവര്‍ക്കറുടെ ചിത്രം തിരുകിക്കയറ്റി. പോര്‍ട്ബ്ലെയര്‍ വിമാനത്താവളം സവര്‍ക്കറുടെ ബഹുമാനാര്‍ഥം 2002ല്‍ പുനര്‍നാമകരണം ചെയ്തു. 2017 മെയ് 28ന് നെഹ്റുവിന്‍റെ ചരമ വാര്‍ഷിക ദിനത്തിലെ 'മന്‍ കീ ബാത്തി'ല്‍ മോഡി  നെഹ്റുവിനെ അനുസ്മരിച്ചതിനെക്കാള്‍ സവര്‍ക്കറെയാണ് പുകഴ്ത്തിയത്. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ച സചീന്ദ്രനാഥ് സന്യാല്‍ 1922ല്‍ ജയിലില്‍ വെച്ചെഴുതിയ 'തടവിലാക്കപ്പെട്ട ജീവിതം' എന്ന കൃതിയില്‍ ഇങ്ങനെ രേഖപ്പെടുത്തി: "ഞാന്‍ വാഗ്ദാനംചെയ്ത അതേ സഹകരണമാണ് സവര്‍ക്കറും നല്‍കിയത്. എന്‍റെ ഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്‍റേത് തള്ളിയത് എന്തുകൊണ്ടെന്നറിയില്ല. ഗാന്ധിവധക്കേസ്  ഏഴാം പ്രതി സവര്‍ക്കറുടെ ആസൂത്രണമാണ്". 1948 മെയ് 6ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ കത്തിനു നല്‍കിയ മറുപടിയില്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍, എഴുതി: "മഹന്ത് ദിഗ്വിജയനാഥ്, റാം സിങ്, ദേശ്പാണ്ഡേ തുടങ്ങിയ ഹിന്ദു മഹാസഭാ വക്താക്കള്‍ അടുത്ത കാലംവരെ തീവ്രമായ വര്‍ഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അത് പൊതുജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് മനസ്സിലാക്കണം. മറ്റൊരു കത്തിനോടുള്ള പ്രതികരണം ഇങ്ങനെ: "ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനഫലമായി ആ ദുരന്തം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കുന്നു. മഹാസഭയിലെ അതിതീവ്ര വിഭാഗം ഗാന്ധിവധഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് തീര്‍ത്തും വിശ്വസിക്കുന്നു". (എ ജി നൂറാണി 'സവര്‍ക്കറും ഹിന്ദുത്വവും')വസ്തുതകള്‍ പരിശോധിച്ചാല്‍ സവര്‍ക്കറും മറ്റും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധമെന്നു കാണാം. ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ ആ പങ്ക് സ്ഥിരീകരിച്ചു.ഇന്ത്യാവിഭജനത്തിന് നിലകൊണ്ട സവര്‍ക്കര്‍ മുസ്ലീം പ്രദേശങ്ങള്‍ ഒഴിവാക്കി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി ഗാന്ധിജിക്കെതിരെ വിഷലിപ്തമായ പ്രചാരണങ്ങളില്‍ മുഴുകി. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത് സൈന്യത്തില്‍ ആളെക്കൂട്ടാനിറങ്ങി ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. മുസ്ലീങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി ഹിന്ദു താല്‍പര്യങ്ങള്‍  ബലികഴിക്കുകയാണെന്ന ആരോപണം ഉയര്‍ത്തുകയും ചെയ്തു. കാവിപ്പട  ധീരനായി വാഴ്ത്താറുള്ള സവര്‍ക്കറുടെ പരിതാപകരമായ അധഃപതനങ്ങള്‍ പലതാണ്. 1926 ഡിസംബറില്‍ ഇറങ്ങിയ 'ദി ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍' എന്ന ആദ്യ ഇംഗ്ലീഷ് ജീവചരിത്രം എഴുതിയത് ചിത്രഗുപ്തയെന്നയാളാണ്. അതില്‍ അപാരമായ ധീരതയുടെ ഉടമയായാണ് വിവരിക്കുന്നത്. സവര്‍ക്കര്‍ മരിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് 1987ല്‍ രണ്ടാം പതിപ്പ് വീര്‍ സവര്‍ക്കര്‍ പ്രകാശന്‍ പ്രസിദ്ധീകരിച്ചു. അതിനെഴുതിയ ആമുഖത്തില്‍, ചിത്രഗുപ്ത സവര്‍ക്കര്‍ തന്നെയാണെന്ന് രവീന്ദ്ര രാംദാസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.കവിയും സംഗീതജ്ഞനുമായ കെ സി കേശവപിള്ള(1868-1913) എഴുതിയതുപോലെ 'മാളിക മുകളിലിരുന്നാലും കാക്ക ഗരുഡനാവില്ല'. 

എകെജി 'എന്‍റെ ജീവിത കഥ'യില്‍ ഇങ്ങനെ എഴുതി: "എനിക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ജയിലിന്‍റെ നാലു മൂലകളില്‍നിന്നും ജയ്വിളികള്‍ ഉയര്‍ന്നു. മഹാത്മാഗാന്ധി കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അലയടിച്ചു.രാജ്യം സൂര്യോദയത്തിനുശേഷമുള്ള ആഹ്ലാദപ്രകടനം കാത്തിരിക്കുകയായിരുന്നു. അവരില്‍ എത്രയോ പേര്‍ വര്‍ഷങ്ങളായി അതിനുവേണ്ടി സമരം ചെയ്യുകയും തങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. എനിക്ക് സന്തോഷവും ദുഃഖവും തോന്നി. ഏത് ലക്ഷ്യത്തിനാണോ യൗവനം മുഴുവന്‍ ചെലവഴിക്കുകയും ജയിലില്‍ കിടക്കുകയുംചെയ്തത്, അത് നിറവേറിയതില്‍ ആഹ്ലാദിച്ചു. എന്നാല്‍ ഇന്നും ഒരു തടവുകാരനാണ്. എന്നെ ജയിലിലടച്ചത് വെള്ളക്കാരല്ല, ഇന്ത്യക്കാരാണ്. കോണ്‍ഗ്രസ് ഗവണ്മെന്‍റാണ്. 1927 മുതലുള്ള കോണ്‍ഗ്രസിന്‍റെ സ്മരണ മനസില്‍ മിന്നി. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വഹിച്ച പങ്കില്‍ അഭിമാനം കൊണ്ടു. കോണ്‍ഗ്രസ് സെക്രട്ടറിയും പ്രസിഡന്‍റും നീണ്ടകാലം എഐസിസിയംഗവുമായിരുന്ന ഒരാള്‍ ആഗസ്ത് 15 ജയിലിലാണ് ആഘോഷിക്കുന്നത്. ഈ ചിന്തകളോടെ മുറിയില്‍ ഉലാത്താന്‍ തുടങ്ങി. ആരോടാണ് സംസാരിക്കുക? ഉറങ്ങാതെ കാവലിരിക്കുന്ന വാര്‍ഡന്മാരായിരുന്നു എന്‍റെ ചങ്ങാതിമാര്‍. ഞാനവരോട് സംസാരിച്ചു. ആഗസ്ത് 15ന്‍റെ മഹത്വം വിശദീകരിച്ചു. നമ്മുടെ ഗവണ്മെന്‍റ് വന്നിരിക്കുന്നു. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം കിട്ടുമെന്നറിഞ്ഞ് സന്തോഷിച്ചു. പാവങ്ങള്‍. അവര്‍ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു.ഞാന്‍ ജയിലില്‍ ആഗസ്ത് 15 ആഘോഷിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം മുമ്പ് ഈ ജയിലില്‍ ത്രിവര്‍ണ പതാക കണ്ടതിന് എന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. ഇതേ ജയിലില്‍ ഇന്ന് ഈ പതാക ഉയര്‍ത്താന്‍ ഭാഗ്യമുണ്ടായതില്‍ അഭിമാനം കൊള്ളുന്നു". എകെജി 'എന്‍റെ ജീവിതകഥ'യിലെഴുതിയത് ഈയര്‍ഥത്തില്‍ ഓര്‍മപ്പെടുത്തലാവും.•