വിമോചനസമരത്തിലേക്ക് ഒരെത്തിനോട്ടം

ജോസഫ് അലക്സാണ്ടര്‍

ഡോ.പി. എം സലിം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം' എന്ന  പുസ്തകം ഏറെ ആകാംക്ഷയോടെയാണ് വായിച്ചു തുടങ്ങിയത്; വായന വലിയ ആനന്ദവും അനല്പമായ അറിവും പ്രദാനം ചെയ്തു എന്ന് സത്യസന്ധമായി രേഖപ്പെടുത്തട്ടെ. 

1957 ല്‍ ജനാധിപത്യക്രമത്തില്‍  ലോകത്ത് ആദ്യമായി  നിലവില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന കത്തോലിക്കാസഭയിലെ ഒരു അംഗമെന്ന നിലയില്‍ വിമോചന സമരത്തെക്കുറിച്ച് ബാല്യകാലംമുതലേ ഈ ലേഖകന്‍ കേട്ടിരുന്നു. അവ മുഴുവന്‍ തന്നെയും കമ്യൂണിസത്തിന് എതിരും അതിനെതിരായുള്ള സമരത്തിന് അനുകൂലവുമായ  നിറം പിടിപ്പിച്ച കഥകളായിരുന്നു.

കമ്യൂണിസ്റ്റുകാരെക്കുറിച്ച് ആജീവനാന്തം ഒരാളില്‍ ഭയവും വെറുപ്പും ഉളവാക്കുവാന്‍ ഇത്തരം കഥകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് കമ്യൂണിസ്റ്റ് കാപാലികര്‍ വടിയും, കത്തിയും വാളുമായി എത്തി ആക്രമിക്കുമെന്ന മിഥ്യാ ധാരണ അക്കാലത്ത് എന്നെപ്പോലുള്ള അനേകം കുട്ടികളുടെ ഉറക്കം കെടുത്തി. ഉടലില്‍ നിന്നും വേര്‍പെട്ട അനേകം തലകള്‍ ഉരുണ്ടു നടക്കുന്നതും കൈകാലുകള്‍ ഇല്ലാത്ത മനുഷ്യ രൂപങ്ങള്‍ ചോരയൊലിപ്പിച്ചു പാഞ്ഞു നടക്കുന്നതുമായ ദുഃസ്വപ്നം സ്ഥിരമായി ഞങ്ങള്‍ കണ്ടു.

പിന്നീട് ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് കടക്കുകയും ചിന്തകള്‍ കുറേക്കൂടി സ്വതന്ത്രമാവുകയും ചെയ്തപ്പോള്‍ സഭയുടെ സ്ഥാപിത താല്‍പ്പര്യങ്ങളാണ് കമ്യൂണിസത്തോടുള്ള കടുത്ത വിപ്രതിപത്തിക്ക് ഹേതു ആയത് എന്നും അതിനെ ഇല്ലാതാക്കുവാന്‍ വിശ്വാസത്തെ മറയാക്കുകയായിരുന്നു സഭ എന്നും വ്യക്തമായി. തികച്ചും പുരോഗമനപരമായ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടതും ധിഷണാശാലികളാല്‍ സമ്പന്നവുമായിരുന്ന ഒരു സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യുന്നതിനുള്ള ശ്രമത്തെ എന്തുകൊണ്ടാണ് 'വിമോചന സമരം' എന്നു വിളിക്കുന്നത് എന്നും ആരില്‍നിന്ന് ആര്‍ക്കുള്ള വിമോചനം ആയിരുന്നു അത് എന്നും പണ്ടേ എന്‍റെ മനസ്സിനെ ശല്യപ്പെടുത്തിയിരുന്ന ചോദ്യമാണ്. അതേ ചോദ്യം തന്നെയാണ് ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഉന്നയിക്കുന്നത്.

വിമോചന സമരവുമായി ബന്ധപ്പെട്ട് ലഭ്യമായ ചെറുതും വലുതുമായ പുസ്തകങ്ങളും രചനകളും ആ കാലഘട്ടത്തിലെ വര്‍ത്തമാന പത്രങ്ങളില്‍ വന്ന വാര്‍ത്തകളും ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളും വായിച്ചും വിമോചന സമര നായകരോടും സേനാനികളോടും 1957ലെ മന്ത്രിസഭാംഗങ്ങളോടും പാര്‍ടി നേതാക്കളോടും നേരില്‍ സംസാരിച്ചും തയ്യാറാക്കിയ ഈ ഗ്രന്ഥം വിലപ്പെട്ട പല അറിവുകളും പ്രദാനം ചെയ്യുന്നുണ്ട്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലേറുന്നതിലേക്കും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ മന്ത്രിസഭയെ പിരിച്ചു വിടുന്നതിലേക്കും നയിച്ച ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളും, അതിനു സഹായകമോ പ്രതികൂലമോ ആയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു.ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസില്‍ ഒരു വലിയ വിഭാഗത്തിനുണ്ടായിരുന്ന  ശക്തമായ ഇടതുപക്ഷ അനുഭാവം, കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം, വളര്‍ച്ച,  കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവത്തോടുകൂടി തൊഴിലിടങ്ങളില്‍ ഉണ്ടായ മാറ്റം,തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലുണ്ടായ സ്വത്വബോധം, താഴ്ന്ന വിഭാഗങ്ങളും തൊഴിലാളികളും സംഘബലം നേടുന്നതിലും അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതിലും സമ്പന്ന വര്‍ഗത്തിനും ഭൂവുടമകള്‍ക്കും മത പൗരോഹിത്യത്തിനും ഉണ്ടായ ആശങ്കകള്‍ എന്നിവയിലേക്കെല്ലാം ഈ കൃതി വെളിച്ചം വീശുന്നു.

വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും, ഭൂപരിഷ്കരണത്തിന്‍റെയും  പേരിലാണ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇന്നത്തെ തലമുറ പ്രധാനമായും വാഴ്ത്തുന്നത്.എന്നാല്‍ ആ സര്‍ക്കാര്‍ അത്രത്തോളമോ അതിലുപരിയോ ആയ പുരോഗമനപരമായ പല പരിപാടികളും നടപ്പിലാക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്ന് പുസ്തകത്തിന്‍റെ ഒന്നാം വായനയില്‍ തന്നെ നമുക്കു ബോധ്യമാകുന്നു.അധികാര വികേന്ദ്രീകരണം, പഞ്ചായത്ത് സംവിധാനങ്ങളെ ശക്തിപ്പെടുത്തല്‍, പൊലീസ് മാന്വല്‍ പരിഷ്കരണം, ജയില്‍ മാന്വല്‍ പരിഷ്കരണം,ഭരണപരിഷ്കാര കമ്മീഷനെ നിയമിക്കല്‍ തുടങ്ങിയവ കേരളത്തിന്‍റെ ചരിത്രഗതിയെത്തന്നെ  മാറ്റിമറിക്കാന്‍ ഉതകുന്നതായിരുന്നു എന്ന്  ഗ്രന്ഥകാരനൊപ്പം നമ്മളും ശരിവക്കുന്നു. ഇന്ന് നമ്മുടെ നാട്ടില്‍ സുലഭമായ ശീമക്കൊന്ന കാര്‍ഷിക അഭിവൃദ്ധിക്കായി ജൈവ വളം നിര്‍മ്മിക്കുന്നതിന് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതാണ്,ഒരുകാലത്ത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന കമ്പോസ്റ്റ് കുഴികള്‍ ആ മന്ത്രിസഭയുടെ  സംഭാവനയായിരുന്നു തുടങ്ങിയ കൗതുകകരമായ നിരീക്ഷണങ്ങളും ഈ പുസ്തകത്തിന്‍റെ  പ്രത്യേകതയാണ്.അക്കാലത്തുണ്ടായ ഭക്ഷ്യക്ഷാമം,അതോടനുബന്ധിച്ചുണ്ടായ പട്ടിണി ജാഥ, ക്ഷാമം മറികടക്കുന്നതിനായി ആന്ധ്രയില്‍ നിന്നും നേരിട്ട് അരി ഇറക്കുമതി ചെയ്തത്, സദുദ്ദേശ്യത്തോടെ ചെയ്ത ആ പ്രവൃത്തി പിന്നീട് ആന്ധ്ര അരി കുംഭകോണം എന്നപേരില്‍ സര്‍ക്കാരിനു തന്നെ എങ്ങനെ വിനയായിത്തീര്‍ന്നു എന്നത് തുടങ്ങിയ കാര്യങ്ങളുടെ യഥാര്‍ത്ഥ വശങ്ങള്‍ വസ്തുനിഷ്ഠമായി സവിസ്തരം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നത് ഇവിടുത്തെ ക്രൈസ്തവസഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാസഭ ആയിരുന്നു.രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത - സമുദായ സംഘങ്ങളും അവരോടൊപ്പം ചേര്‍ന്നു.'പുലയന്‍ ചാത്തന്‍ പൂട്ടട്ടെ, ചാക്കോ നാടു ഭരിക്കട്ടെ' 'പാളേല്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും' തുടങ്ങി അക്കാലത്ത് മുഴങ്ങിക്കേട്ട ചില മുദ്രാവാക്യങ്ങള്‍ ഡോ.സലിം ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. സമരക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യവും വര്‍ഗവിരുദ്ധ മനോഭാവവും ഈ മുദ്രാവാക്യങ്ങള്‍ തന്നെ വെളിവാക്കുന്നുണ്ട്. നുണപ്രചാരണങ്ങള്‍ വഴി ഭീതി പരത്തിയും വിശ്വാസത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ചും ജാതി - മത നേതൃത്വങ്ങളും മറ്റു സ്ഥാപിത താല്‍പര്യക്കാരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടു. ലോകത്തെവിടെയും പോലെ ആള്‍ക്കൂട്ട മനഃശാസ്ത്രം ഒരുതരം ഭ്രാന്തുണ്ടാക്കുകയും അത് വ്യാപകമായ അക്രമത്തിനും പൊലീസ് വെടിവെപ്പിനും മരണങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു. ഇന്നത്തേതുപോലെ അന്നും വര്‍ത്തമാനപത്രങ്ങള്‍ എല്ലാം തന്നെ  സമരക്കാരുടെ പക്ഷം ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി കലാപത്തിന് വീര്യം പകര്‍ന്നു. സത്യാനന്തര കാല പ്രചാരവേലകള്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു. ആഭ്യന്തരവും വൈദേശികവുമായ സ്രോതസ്സുകളില്‍ നിന്ന് ഫണ്ടുകള്‍ ഒഴുകി. സദുദ്ദേശ്യപരമെങ്കിലും സര്‍ക്കാരിന്‍റെ ചില പരിപാടികള്‍ തിടുക്കത്തിലായതിനാലും ഭരണ പരിചയക്കുറവുമൂലം ചിലവയില്‍ സൂക്ഷ്മതക്കുറവുണ്ടായതിനാലും അവ സര്‍ക്കാരിനുതന്നെ വിനയായിത്തീരുകയും സമരത്തിന് വീര്യം പകരുകയും ചെയ്തതെങ്ങനെയെന്നും ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നുണ്ട്. വിവിധ മതങ്ങളും സമുദായങ്ങളും സ്വകാര്യസേനകളെ പരിശീലിപ്പിച്ച് രംഗത്തിറക്കി. ക്രിസ്റ്റഫര്‍ സൈന്യം, കുറുവടിപ്പട, അഇഢഇ, കുറൂര്‍ സേന, നിരണം പട, മരിയന്‍ സൈന്യം, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവ അവയില്‍ പ്രമുഖം. ഇയില്‍ പലതിനും ഗുണ്ടാസംഘങ്ങളുടെ സ്വഭാവമാണുണ്ടായിരുന്നത്.പട്ടിണി ജാഥ, ഒരണസമരം, വിദ്യാഭ്യാസ ബില്ലിനും ഭൂപരിഷ്കരണ നിയമത്തിനുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഇങ്ങനെ  ഒന്നിനു പുറകെ ഒന്നായി സമരങ്ങളുടെയും അക്രമങ്ങളുടെയും  ഒരു വേലിയേറ്റം തന്നെ ഉണ്ടായി. ക്രൈസ്തവ സഭകള്‍ക്കു പുറമെ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകളും സമരത്തില്‍ അണിചേര്‍ന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിലെ വലതുപക്ഷ ചിന്താഗതിക്കാരായിരുന്ന ജി ബി പന്ത്, മൊറാര്‍ജി ദേശായി തുടങ്ങിയവര്‍ക്ക് കമ്യൂണിസ്റ്റ് ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുവാന്‍ ആകുമായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ വക്രബുദ്ധി കേരളത്തില്‍ ഒരു ജനപ്രിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയഭാവിക്ക് ഭീഷണിയായി കണ്ടു. ഇതെല്ലാം ചേര്‍ന്ന് 1959ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചു. ഇപ്രകാരം വിമോചന സമരത്തെക്കുറിച്ചും അക്കാലഘട്ടത്തെക്കുറിച്ചും വിലപ്പെട്ട അനേകം അറിവുകള്‍ ഈ പുസ്തകം പ്രദാനംചെയ്യുന്നു.

പുസ്തകത്തിന്‍റെ അവസാന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് ചില കാതലായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. വിമോചന സമരം സംഭവിക്കാതിരിക്കുകയും കേരളത്തിലെ ആദ്യ മന്ത്രിസഭ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നെങ്കില്‍ നമ്മുടെ സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങള്‍ ഇന്നത്തേതുപോലെ ആകുമായിരുന്നില്ല എന്നതാണ് അതില്‍ പ്രധാനം. വിമോചനസമരത്തിനും അതു ലക്ഷ്യം വെച്ച സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന നേട്ടത്തിനും ശേഷമാണ് മത - സമുദായ ശക്തികള്‍ കേരള രാഷ്ട്രീയത്തില്‍ ഇത്ര ശക്തമായി പിടിമുറുക്കാന്‍ തുടങ്ങിയത് എന്ന നിരീക്ഷണം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. മുസ്ലീം ലീഗിന് രാഷ്ട്രീയ മാന്യത നേടിക്കൊടുത്തതും പിന്നീട് പല മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ രാഷ്ട്രീയ പാര്‍ടികള്‍ ഉണ്ടായതും വിമോചന സമരത്തിന്‍റെ ഫലമായാണ്. വിമോചന സമരവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലും നടന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കേരളം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇന്ന് നിലവിലുള്ള ഉന്നതമായ സാമൂഹിക - സാംസ്കാരിക പരിതഃസ്ഥിതിയിലേക്ക് ഉയര്‍ത്തപ്പെടുമായിരുന്നില്ലേ എന്ന ചോദ്യം ഈ പഠനം  വായനക്കാരില്‍ ഉയര്‍ത്തുന്നു.

മറ്റെങ്ങും സംഭവിച്ചിട്ടില്ലാത്ത  സവിശേഷമായ ചരിത്ര സംഭവത്തെ ആഖ്യാനം ചെയ്യുമ്പോള്‍ അത് ഗഹനമായ ഒരു ഭാഷാ രീതിയിലേക്ക് വഴുതി വീഴാനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നാല്‍  ഈ പുസ്തകത്തില്‍ ഒരിടത്തുപോലും ഭാഷയുടെ ഭാരം അനുഭവപ്പെടുന്നില്ല എന്നത്  എടുത്തു പറയേണ്ടതാണ്.ലളിതമായ വാക്കുകളില്‍ സുന്ദരവും ഒഴുക്കുള്ളതുമായ ഭാഷാശൈലിയിലാണ് സലീം രചന നിര്‍വഹിച്ചിരിക്കുന്നത്.അത്രയൊന്നും ഭാഷാജ്ഞാനം ഇല്ലാത്ത സാധാരണക്കാര്‍ക്കു പോലും മുഷിപ്പില്ലാതെ ഈ ഗ്രന്ഥം വായിച്ചുതീര്‍ക്കാന്‍ കഴിയും.

ഡോ. കെ എന്‍ പണിക്കരുടെ അവതാരികയും പുസ്തകത്തിന്‍റെ അവസാനം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളും ഓരോ അധ്യായത്തിന്‍റെയും ഒടുവില്‍ നല്‍കിയിരിക്കുന്ന ബൃഹത്തായ റഫറന്‍സുകളും ഈ ഗ്രന്ഥത്തിന്‍റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നുണ്ട്.പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന കാര്‍ട്ടൂണുകള്‍ രസകരവും ചിന്തോദ്ദീപകവും ആണ്. രാജേഷ് കെ യുടെ കവര്‍ ഡിസൈന്‍ പുസ്തകത്തിന് പ്രത്യേക ചാരുത നല്‍കുന്നുണ്ട്. മൊത്തത്തില്‍ ആസ്വാദന ക്ഷമവും ഒട്ടേറെ അറിവുകള്‍ പകരുന്നതുമായ ഈ കൃതി കേരളത്തിന്‍റെ രാഷ്ട്രീയ - സാമൂഹിക ചരിത്രത്തില്‍ തല്‍പ്പരരായ ഏതൊരാളും വായിച്ചിരിക്കേണ്ട ഒന്നാണ്. കൂടുതല്‍ ആളുകള്‍ ഈ ഗ്രന്ഥം വായിക്കുമെന്നും വിമോചനസമരം പോലുള്ള കറുത്ത പാടുകള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അത് ഇടയാക്കുമെന്നും ഞാന്‍ കരുതുന്നു. •