വര്‍ത്തമാനകാലത്തെ ഭൂപരിഷ്കരണം

ആര്‍ രാംകുമാര്‍

 ഇന്നത്തെ മിച്ചഭൂമി എത്രയുണ്ട്? വിശദമായ കണക്കില്ലാതെ ഈ വിഷയത്തെ കുറിച്ചു സംസാരിക്കാന്‍ സാധ്യമല്ല. പട്ടിക 1 കാണുക. 1996ലെയും 2012ലെയും കണക്കുകളാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്. മൊത്തത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന മിച്ചഭൂമി 2012ല്‍ 1,38,861 ഏക്കറാണ്. ഇത്രയും മിച്ചഭൂമിയില്‍ 1,03,421 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കിടക്കുന്ന 35,440 ഏക്കര്‍ ഭൂമി എവിടെപ്പോയി? ഈ 35,440 ഏക്കര്‍ മിച്ചഭൂമി കേസിലോ തര്‍ക്കങ്ങളിലോ പെട്ട് കിടക്കുകയാണ്.

2012 വരെ ഏറ്റെടുത്ത 1,03,421 ഏക്കര്‍ മിച്ചഭൂമിയില്‍ 73,796 ഏക്കര്‍ ഭൂമി മാത്രമേ 2012 വരെയും വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി കിടക്കുന്ന 29,625 ഏക്കര്‍ ഭൂമി എവിടെപ്പോയി? ഇതില്‍ 12,562 ഏക്കര്‍ ഭൂമി പൊതുആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. മറ്റൊരു 15,561 ഏക്കര്‍ ഭൂമി കേസുകളിലോ, തര്‍ക്കങ്ങളിലോ, പ്രതികൂല കൈവശങ്ങളിലോ (മറ്ലൃലെ ുീലൈശൈീി) ആണ്. പിന്നെയും മറ്റൊരു 1502 ഏക്കര്‍ ഭൂമി വിതരണത്തിന് ഉണ്ടായിരുന്നിട്ടും വിതരണം ചെയ്യാതെ സര്‍ക്കാരിന്‍റെ കൈവശം ഇരിക്കുകയാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ഹൈക്കോടതി സ്റ്റേ മാത്രം ഒഴിവാക്കിയെടുത്താല്‍ 27,731 ഏക്കര്‍ മിച്ചഭൂമി വിതരണത്തിനായി കിട്ടും. ഈ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളെ നിയമിക്കണം. കൃത്യമായി കേസ് നടത്തുകയും പിടിച്ചെടുക്കാനുള്ള മിച്ചഭൂമിയെല്ലാം പിടിച്ചെടുക്കുകയും ചെയ്താല്‍ ഏകദേശം ഇത്രയും ഭൂമി ഭൂരഹിതര്‍ക്ക് ലഭ്യമാക്കാം. ഇതേ പോലെതന്നെയാണ് പലതരം തര്‍ക്കങ്ങളില്‍ പെട്ടുകിടക്കുന്ന മിച്ചഭൂമി. ഇതില്‍ ഏറ്റവും പ്രധാനം വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ്. ഇത്തരം വകുപ്പുതല തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മറ്റൊരു 16,216 ഏക്കര്‍ ഭൂമി കൂടി വിതരണത്തിനായി കിട്ടും. ഒപ്പം കയ്യില്‍ റെഡിയായിരിക്കുന്ന 1502 ഏക്കര്‍ മിച്ചഭൂമി കൂടി എത്രയും വേഗം വിതരണം ചെയ്യണം. 

ഇനി വരുന്നത് തോട്ടങ്ങളുടെ കാര്യം. പല തരമുണ്ട് തോട്ടങ്ങള്‍: പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തോട്ടങ്ങള്‍, അനധികൃതമായി ഉടമകള്‍ കയ്യേറി വെച്ചിരിക്കുന്ന തോട്ടങ്ങള്‍. ഇന്ന് പലരും ഉയര്‍ത്തുന്ന ഒരു ആവശ്യമാണ് തോട്ടങ്ങളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നത്. 1957ലെയും 1964ലെയും ഭൂപരിഷ്കരണ നിയമങ്ങള്‍ അനുസരിച്ചു തോട്ടങ്ങളെ ഭൂപരിധി നിയമങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2011ലെ കണക്കെടുത്താല്‍ 15 ലക്ഷം കുടുംബങ്ങളാണ് ഈ തോട്ടം മേഖലയില്‍ തൊഴിലാളികളായും അല്ലാതെയും ഉപജീവനം കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലും ദളിതരും ആദിവാസികളുമുണ്ട്; മറ്റു പാവപ്പെട്ടവരുമുണ്ട്. എല്ലാ തോട്ടങ്ങളെയും ഒറ്റയടിക്ക് ഭൂപരിധി നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നാല്‍ ഇത്രയും കുടുംബങ്ങള്‍ ഒറ്റയടിക്ക് തൊഴില്‍രഹിതരാകും. അതുകൊണ്ടുതന്നെ എല്ലാ തോട്ടങ്ങളെയും ഒറ്റയടിക്ക് ഏറ്റെടുക്കുക എന്ന വാദം മനുഷ്യത്വരഹിതമാണ്. അത്തരത്തില്‍ തോട്ടങ്ങളെയും മിച്ചഭൂമി പ്രശ്നത്തെയും യാന്ത്രികമായി കൂട്ടിക്കെട്ടാന്‍ കഴിയില്ല. പിന്നെ എന്തു ചെയ്യാന്‍ കഴിയും?

കേരളത്തില്‍ തോട്ടങ്ങള്‍ എന്നു പറയാന്‍ കഴിയുന്ന 29 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ഏകദേശം 11 ലക്ഷം ഏക്കര്‍ ഭൂമി ചെറുകിട കര്‍ഷകരുടെ കയ്യിലാണ്; അതായത്, കമ്പനികളല്ല കുടുംബങ്ങളാണ് ഇവിടെ കൃഷി ചെയുന്നത് (ഉദാഹരണം: ചെറുകിട കാപ്പി/റബ്ബര്‍ കര്‍ഷകര്‍). ബാക്കി 18 ലക്ഷം ഏക്കര്‍ ഭൂമിയാണ് തോട്ടങ്ങളായി വന്‍കിട കമ്പനികളുടെ കയ്യില്‍ ഉള്ളത്. ഇതിനുള്ളിലാണ് ഭാവിയില്‍ കൂടുതല്‍ ആവശ്യമുള്ള മിച്ചഭൂമി തേടേണ്ടത്. ഒന്നാമതായി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഉടനടി ഏറ്റെടുക്കണം. ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ താത്പര്യങ്ങള്‍ ഹനിക്കാതെ വേണം തോട്ടങ്ങള്‍ ഏറ്റെടുക്കേണ്ടത്. രണ്ടാമതായി, നിലവിലെ തോട്ടങ്ങള്‍ക്കുള്ളില്‍ തന്നെ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇങ്ങിനെ തരിശിടുന്നത് പാട്ടക്കരാറുകള്‍ക്ക് വിരുദ്ധമാണ്. പല തോട്ടങ്ങളിലും പാട്ടഭൂമിയുടെ വിസ്തീര്‍ണ്ണവും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല; തൊഴിലാളികളുടെ എണ്ണം വിസ്തീര്‍ണ്ണത്തെ അപേക്ഷിച്ചു വളരെ കുറവായിരിക്കും. അതിനര്‍ത്ഥം ബാക്കി ഭൂമി തരിശു കിടക്കുന്നു എന്നാണ്. തൊഴിലാളികളുടെ എണ്ണം നോക്കി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുകയും, ബാക്കി കിടക്കുന്ന ഭൂമി മിച്ചഭൂമിയായിക്കണ്ട് ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങിനെ ചെയ്താല്‍ അവിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തെയും തൊഴിലിനേയും സംരക്ഷിക്കുകയും ചെയ്യാം. ഇതിനുവേണ്ടി തോട്ടം മേഖലയില്‍ ഒരു പഠനം അടിയന്തിരമായി നമുക്ക് വേണ്ടതുണ്ട്. ഈ രണ്ടു മാര്‍ഗങ്ങള്‍ വഴി കിട്ടുന്ന മിച്ചഭൂമി വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന ദളിത്ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കണം. ഇതിനാണ് നമ്മള്‍ പ്രയത്നിക്കേണ്ടത്.

മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുക എന്നതിനൊപ്പം, തോട്ടങ്ങള്‍ സംബന്ധിച്ച ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന യുഡിഎഫിന്‍റെ നയങ്ങളെ തുറന്നുകാട്ടുകയും വേണം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. ഭൂപരിഷ്ക്കരണ നടപടികളോട് മുഖം തിരിച്ചു നില്‍ക്കുകയും അവയെ അട്ടിമറിക്കുകയും ചെയ്ത ചരിത്രമേ കോണ്‍ഗ്രസിന് എന്നുമുണ്ടായിട്ടുള്ളൂ. അത് 1957ല്‍ ആയാലും ഇപ്പോഴായാലും. അല്‍പ്പമെങ്കിലും വിവേകമുള്ള കോണ്‍ഗ്രസ്സുകാര്‍ ഇത് എന്നും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന്, 1958 ജനുവരിയില്‍ കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ സമ്മേളനം ആസ്സാമിലെ പ്രാഗ്ജ്യോതിഷ്പ്പൂരില്‍ നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്‍റ് യു. എന്‍. ധേബാര്‍ തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ തുറന്നടിച്ചത് ഇങ്ങിനെ:

'കേരളം കോണ്‍ഗ്രസ്സിന്‍റെ കവചത്തില്‍ വന്നിട്ടുള്ള ഒരു വിടവാണ്...ഒരുകാലത്ത് ഗ്രാമങ്ങളെപ്പറ്റി ഒച്ചപ്പാടുണ്ടാക്കിയിരുന്നത് നമ്മളാണെങ്കില്‍, ഇന്ന് ആ സ്ഥിതി നേരെ തിരിച്ചടിക്കുകയാണ്. ഗ്രാമങ്ങളെ അവഗണിക്കുന്നവര്‍ നമ്മളാണ്. ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് കൃഷിക്കാര്‍ക്ക് രക്ഷ നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? പുതിയ ജീവിതത്തിന്‍റെ മൂല്യങ്ങളോടുള്ള കൂറിന്‍റെ ഒരു ഉരകല്ലാണ് ഇത്. ഭൂപരിധി നിര്‍ണ്ണയിക്കണമെന്ന ആവശ്യവുമുണ്ട്. നീതിയെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, രാജ്യതാല്പ്പര്യത്തിനുമാവശ്യമാണ് ഇത്. ഇതിന്‍റെ പരിഹാരത്തിലെത്തുമ്പോള്‍ നാം പരുങ്ങിപ്പോകുന്നു. പരിഹാരമില്ലാഞ്ഞിട്ടല്ല. പ്രശ്നത്തെപ്പറ്റി വ്യക്തതയില്ലാഞ്ഞിട്ടുമല്ല. അടിസ്ഥാന കൂറ് സംബന്ധിച്ചാണ് പ്രശ്നം നില്‍ക്കുന്നത്.'

ധേബാര്‍ പറഞ്ഞതുപോലെ 1950കളില്‍ത്തന്നെ കോണ്‍ഗ്രസിന് ജനങ്ങളോടുള്ള അടിസ്ഥാന കൂറ് നഷ്ടപ്പെട്ടിരുന്നുവെങ്കില്‍, 1990കളിലെ നവലിബറല്‍ നയങ്ങളോടുകൂടി ഒരു പരിപൂര്‍ണ ജനവിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. നവലിബറല്‍ നയങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണ് ഭൂപരിഷ്ക്കരണത്തിന്‍റെ അട്ടിമറി. ഒരു അഭിമുഖത്തില്‍ കോണ്‍ഗ്രസിന്‍റെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് ഇങ്ങിനെ: 'ഇന്ത്യയില്‍ കൃഷിഭൂമിയുടെ പുനര്‍വിതരണം അടങ്ങുന്ന വിജയകരമായ ഭൂപരിഷ്ക്കരണം നടപ്പില്‍ വരുത്തുന്നതിനുള്ള സാധ്യതകള്‍ പരിമിതമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം'. എന്താണ് അദ്ദേഹത്തിന്‍റെ ബദല്‍ പദ്ധതി? ഭൂപരിഷ്കരണ നിയമങ്ങള്‍ മെല്ലെ മെല്ലെ ദുര്‍ബലപ്പെടുത്തുക; ഭൂപരിധികള്‍ എടുത്തു കളയുകയോ വലിയ രീതിയില്‍ ഉയര്‍ത്തുകയോ ചെയ്യുക; ആ സ്ഥാനത്തു കമ്പനികളെയും സ്ഥാപനങ്ങളെയും പരിധിയില്ലാതെ കൃഷി നടത്താന്‍ അനുവദിക്കുക; അത്തരം കൃഷിയിടങ്ങളില്‍ നിന്നും അവിടെയിപ്പോള്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ മാറ്റി വിദേശവിപണിയുള്ള പഴവും പച്ചക്കറിയും ഒക്കെ കൃഷി നടത്താന്‍ അനുവദിക്കുക; ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ വിദേശ വിപണികളില്‍ നിന്നും ലോകവ്യാപാര കരാറുകള്‍ വഴി ഇറക്കുമതി ചെയ്യുക. ഇതാണ് ഇന്ത്യയില്‍ നവലിബറലിസം വിഭാവനം ചെയ്യുന്ന ബദല്‍ കാര്‍ഷിക പദ്ധതി. ഇതുതന്നെയാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ വഴി മോഡി സര്‍ക്കാരും പിന്തുടരുന്ന നയം. അതിനു ഭൂപരിഷ്ക്കരണം ഒരു വിഘാതമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മഹാരാഷ്ട്ര പോലെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ക്കു ഭേദഗതികള്‍ അവര്‍ തന്നെ എപ്പോഴേ കൊണ്ടുവന്നു കഴിഞ്ഞു.

എന്നാല്‍, ലക്ഷക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഫലമായി കേരളത്തില്‍ നടപ്പില്‍ വരുത്തപ്പെട്ട ഭൂപരിഷ്ക്കരണം ഇത്തരത്തില്‍ അട്ടിമറിക്കപ്പെടാന്‍ ഇടവരരുത്. അതിന് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും അനുവദിക്കരുത്. മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ പരിഹരിച്ച്, ബാക്കിയുള്ള മിച്ചഭൂമി കൂടി അടിയന്തിരമായി ഏറ്റെടുത്ത്, അവ വിതരണം ചെയ്തു കൊണ്ടുള്ള ഒരു സമഗ്രമായ ചുവടുവെയ്പ്പാണ് ഇന്നാവശ്യം. •
(അവസാനിച്ചു)