വീണ്ടും താലിബാനെത്തുമ്പോള്‍ : നേടിയതെല്ലാം കൂട്ടിയിട്ടു കത്തിക്കേണ്ടതായി വരുന്നു

ഒരു കാബൂള്‍ നിവാസി

കാബൂളിലെ അഫ്ഗാന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി തനിക്കുചുറ്റും കാണുന്നതെല്ലാം, 'സ്ത്രീകളുടെ പേടിച്ചരണ്ട മുഖങ്ങളും, സ്ത്രീകളെ വെറുക്കുന്ന പുരുഷന്മാരുടെ വികൃതമുഖങ്ങളു'മെല്ലാം, തുറന്നെഴുതുന്നു. 


ഞായറാഴ്ച പുലര്‍ച്ചെ ക്ലാസുണ്ടായിരുന്നതുകൊണ്ട് ഞാന്‍ യൂണിവേഴ്സിറ്റിയിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടികളുടെ  ഹോസ്റ്റലില്‍നിന്നും ഒരുകൂട്ടം കുട്ടികള്‍ കൂട്ടത്തോടെ ഇറങ്ങിയോടുന്നതു കണ്ടത്. ഞാന്‍ അവരോട് എന്തുണ്ടായി എന്നു ചോദിച്ചു; താലിബാന്‍ കാബൂള്‍ വളഞ്ഞതുകൊണ്ട് പൊലീസ് തങ്ങളെ ഒഴിപ്പിക്കുകയാണെന്നും, ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ കണ്ടാല്‍ താലിബാന്‍കാര്‍ തല്ലിക്കൊല്ലുമെന്നും അവരിലൊരാള്‍ എന്നോട് പറഞ്ഞു. 

ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവരവരുടെ വീടുകളിലേക്ക് പോകണം; എന്നാല്‍ പൊതു ഗതാഗതം ഉപയോഗിക്കാന്‍ സാധിക്കില്ല. സ്ത്രീകളെ വണ്ടിയില്‍ കയറ്റി എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ടാക്സി ഡ്രൈവര്‍മാര്‍ ആരുംതന്നെ ഞങ്ങളെ ടാക്സികളില്‍ കയറ്റിയില്ല. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കാര്യം കൂടുതല്‍ ദയനീയമായിരുന്നു; അവര്‍ അധികവും കാബൂളിനു പുറത്തുനിന്നുള്ളവരായിരുന്നു; എങ്ങോട്ടു പോകണമെന്നറിയാതെ പേടിച്ചരണ്ട അവര്‍ ആകെ പരിഭ്രാന്തരായി. അതേസമയം, ചുറ്റുപാടും നിന്ന കുറെയധികം പുരുഷന്മാര്‍ ഈ പെണ്‍കുട്ടികളെയും സ്ത്രീകളെയും കളിയാക്കുകയും, പേടിച്ചരണ്ട ഞങ്ങളെ നോക്കി പൊട്ടിച്ചിരിക്കുകയുമായിരുന്നു. "പോയി ബുര്‍ഖ ധരിച്ചുവരൂ", ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. "ഈ തെരുവീഥികളില്‍ നിങ്ങള്‍ക്ക് ഇതുപോലെ നില്‍ക്കാന്‍ കഴിയുന്ന അവസാനത്തെ ദിവസമാണിന്ന്", വേറൊരാള്‍ അലറി. "ഒരുദിവസം ഞാന്‍ നിങ്ങളില്‍ നാലുപേരെ ഒന്നിച്ചു കല്യാണം കഴിക്കും", വേറൊരുത്തന്‍ പറഞ്ഞു.


ഗവണ്‍മെന്‍റ് ഓഫീസുകള്‍ അടച്ചുപൂട്ടിയതോടെ സര്‍ക്കാര്‍ ജോലിചെയ്തിരുന്ന എന്‍റെ സഹോദരി, വല്ലവിധേനയും വീട്ടിലെത്തിപ്പെടുന്നതിനുവേണ്ടി പ്രാണരക്ഷാര്‍ഥം ഓടി. നാലുവര്‍ഷം എന്‍റെ രാജ്യത്തെ ജനങ്ങളെയും സമൂഹത്തെയും സേവിക്കുന്നതിന് എന്നെ സഹായിച്ച ആ കമ്പ്യൂട്ടര്‍, ഒരുപാട് വേദനയോടെ ഞാന്‍ ഷട്ട് ഡൗണ്‍ ചെയ്തു-അവര്‍ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ ഞാനെന്‍റെ സീറ്റു വിട്ടു; സഹപ്രവര്‍ത്തകരോട് ഗുഡ്ബൈ പറഞ്ഞു. എന്‍റെ ഉദ്യോഗത്തിന്‍റെ അവസാന ദിവസമാണിത് എന്നെനിക്കറിയാമായിരുന്നു;"- അവള്‍ പറഞ്ഞു. 


അഫ്ഗാനിസ്ഥാനിലെ ഏറ്റവും മികച്ച രണ്ട് സര്‍വകലാശാലകളില്‍നിന്നായി ഞാന്‍ അടുത്തകാലത്ത് രണ്ട് സമാന്തര ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ നവംബറിലാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്താനില്‍നിന്നും കാബൂള്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഞാന്‍ ബിരുദങ്ങള്‍ നേടിയത്; പക്ഷേ ഈ പുലരിയില്‍ എല്ലാം എന്‍റെ കണ്‍മുന്നില്‍ ഞൊടിനേരംകൊണ്ട് ഇല്ലാതായി. 


ഇന്നു കാണുന്ന ഞാനായി സ്വയം മാറുവാന്‍ ഞാന്‍ ഒട്ടേറെ ദിനരാത്രങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു; എന്നിട്ട് ഇന്ന് വീട്ടിലെത്തിയ ഞാനും എന്‍റെ സഹോദരിമാരും ഏറ്റവുമാദ്യം ചെയ്തകാര്യം, ഞങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍, ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഒളിപ്പിക്കുക എന്നതായിരുന്നു. അതെല്ലാം നശിപ്പിക്കുകയായിരുന്നു. നമ്മള്‍ അഭിമാനിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ തന്നെ എന്തുകൊണ്ട് നശിപ്പിക്കേണ്ടിവരുന്നു? നമ്മള്‍ എന്താണോ, അങ്ങനെതന്നെ ആയിരിക്കുവാന്‍ ഇന്ന് അഫ്ഗാനിസ്താനില്‍ അനുവദിക്കുന്നില്ല. 

പുരുഷന്‍ തുടക്കമിട്ട രാഷ്ട്രീയ യുദ്ധത്തിന്‍റെ ഇരയാണ് ഞാനെന്ന്  ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് തോന്നുന്നു. അതെ, എനിക്കത് മനസ്സിലാകുന്നു; ഇനിയെനിക്ക് ഉറക്കെ ചിരിക്കുവാനാകില്ല; എനിക്കേറ്റവും പ്രിയപ്പെട്ട  ഗാനങ്ങള്‍ ഇനിയൊരിക്കലും കേള്‍ക്കുവാന്‍ കഴിയില്ല; കൂട്ടുകാരോടൊന്നിച്ച് ഏറ്റവും പ്രിയപ്പെട്ട ആ കഫെയില്‍ കൂടാനാവില്ല; എനിക്കിഷ്ടപ്പെട്ട ആ മഞ്ഞയുടുപ്പ് ധരിക്കാനോ, പിങ്ക് നിറത്തിലുള്ള എന്‍റെ ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുവാനോ ഇനിയെനിക്ക് കഴിയില്ല. എല്ലാത്തിലുമുപരി, വര്‍ഷങ്ങളായി ഞാന്‍ പരിശ്രമിക്കുന്ന ആ യൂണിവേഴ്സിറ്റി ഡിഗ്രി പൂര്‍ത്തിയാക്കുവാനോ, ജോലിക്കു പോകുവാനോ ഇനിയൊരിക്കലും എനിക്കു സാധിക്കില്ല.


ഞാന്‍ നഖങ്ങള്‍ വളര്‍ത്താനിഷ്ടപ്പെട്ടിരുന്നു. ഇന്ന് വീട്ടിലേക്കുള്ള എന്‍റെ യാത്രയില്‍, ഞാന്‍ സ്ഥിരമായി മാനിക്യൂര്‍ ചെയ്തുകൊണ്ടിരുന്ന ആ ബ്യൂട്ടി പാര്‍ലറിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. പെണ്‍കുട്ടികളുടെ സുന്ദരമായ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്ന ആ പാര്‍ലറിന്‍റെ മുന്‍വശം കഴിഞ്ഞ രാത്രിയില്‍തന്നെ വെള്ളപൂശിയിരുന്നു. ഞാന്‍ എനിക്കുചുറ്റും കണ്ടതെല്ലാം സ്ത്രീകളുടെ പേടിച്ചരണ്ട മുഖങ്ങളും സ്ത്രീയെ വെറുക്കുന്ന, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോട്, തൊഴില്‍ നല്‍കുന്നതിനോട് ഒന്നും, സ്വാതന്ത്ര്യം നല്‍കുന്നതിനോട് താല്‍പര്യമില്ലാത്ത പുരുഷന്മാരുടെ വികൃതരൂപങ്ങളും ആയിരുന്നു. സ്ത്രീകളെ നോക്കി കളിയാക്കുകയും ആര്‍ത്തട്ടഹസിക്കുകയും ചെയ്യുന്ന മുഖങ്ങളായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ തകര്‍ത്തത്. അതെന്നില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഞങ്ങളോടൊപ്പം നില്‍ക്കുന്നതിനുപകരം അവര്‍ താലിബാന്‍കാരോടൊപ്പം നില്‍ക്കുകയും അവരെ കൂടുതല്‍ ശക്തരാക്കുകയും ചെയ്യുകയാണ്. 


ഇന്ന് അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി അഫ്ഗാനിലെ സ്ത്രീകള്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഒരു അനാഥയായതുകൊണ്ട് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിമാത്രം ഞാന്‍ പരവതാനി നെയ്തിരുന്നു. സാമ്പത്തികമായ ഒട്ടേറെ വെല്ലുവളികളെ നേരിട്ടിരുന്നു; പക്ഷേ അപ്പോഴൊക്കെയും ഭാവിയെക്കുറിച്ച് എനിക്ക് ഒട്ടേറെ സ്വപ്നങ്ങളും പദ്ധതികളുമുണ്ടായിരുന്നു. എല്ലാം ഇങ്ങനെ അവസാനിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. 

എന്‍റെ ഈ ജീവിതത്തിന്‍റെ 24 വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ നേടിയതെല്ലാം കൂട്ടിയിട്ടു കത്തിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഏതെങ്കിലും ഐഡി കാര്‍ഡോ അവാര്‍ഡുകളോ കൈവശംവെയ്ക്കുന്നത് ഇന്ന് അപകടമാണ്; ഇനിയതൊക്കെ നമ്മള്‍ കൈവശംവെച്ചാലും, അതൊന്നുംതന്നെ ഉപയോഗിക്കുവാന്‍ നമുക്കിനിയാവില്ല. അഫ്ഗാനിസ്താനില്‍ ഇനി ഞങ്ങള്‍ക്ക് തൊഴില്‍ ചെയ്യാനാവില്ല. 

ഒന്നിനുമേല്‍ ഒന്നായി പ്രവിശ്യകള്‍ തകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ഞാനെന്നിലെ മനോഹരമായ പെണ്‍സ്വപ്നങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ഒരുകാലത്തെ താലിബാന്‍ ഭരണത്തെക്കുറിച്ചും അവര്‍ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നതിനെക്കുറിച്ചും അമ്മ പറഞ്ഞുതന്ന കഥകള്‍ ഓര്‍ത്തോര്‍ത്തുകിടന്ന് എനിക്കും എന്‍റെ സഹോദരിമാര്‍ക്കും  രാത്രികളില്‍ ഉറങ്ങുവാനേ കഴിഞ്ഞിരുന്നില്ല. 

വീണ്ടുമൊരിക്കല്‍കൂടി ഞങ്ങള്‍ക്ക് അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും നഷ്ടപ്പെടുമെന്നും, 20 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കേണ്ടിവരുമെന്നും ഞാന്‍ കരുതിയിരുന്നതേയില്ല. അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി 20 വര്‍ഷം പൊരുതിയതിനുശേഷം വീണ്ടുമിങ്ങനെ ബുര്‍ഖകള്‍ ധരിക്കാത്തതിന് ഞങ്ങള്‍ വേട്ടയാടപ്പെടേണ്ടിവരുമെന്നും, സ്വന്തം വ്യക്തിത്വംതന്നെ മറച്ചുവെയ്ക്കപ്പെടേണ്ടിവരുമെന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

കഴിഞ്ഞ മാസങ്ങളില്‍, പ്രവിശ്യകളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിക്കൊണ്ടിരുന്നപ്പോള്‍, തങ്ങളുടെ പെണ്‍കുട്ടികളെയും ഭാര്യമാരെയും രക്ഷിക്കുന്നതിന് നൂറുകണക്കിനാളുകള്‍ അവരുടെ വീടുവിട്ട് കാബൂളിലേക്ക് ചേക്കേറി. അവര്‍ പാര്‍ക്കുകളിലും തെരുവുകളിലുമായി ജീവിക്കുകയായിരുന്നു. അവരെ സഹായിക്കുന്നതിന് പണവും ഭക്ഷണവും അവശ്യസാധനങ്ങളും ശേഖരിച്ച് വിതരണംചെയ്യുന്ന അമേരിക്കന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു ഞാനും. അവരില്‍ ചില കുടുംബങ്ങള്‍ പറഞ്ഞ കഥകള്‍ കേട്ടപ്പോള്‍ എനിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. ഒരു കുടുംബത്തിന് അവരുടെ മകനെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു; കാബൂളിലേക്കുള്ള യാത്രാകൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ അതിനുപകരം അവര്‍ക്ക് തങ്ങളുടെ മരുമകളെ നല്‍കേണ്ടിവന്നു. എങ്ങനെയാണ് ഒരു സ്ത്രീയുടെ മൂല്യം യാത്രക്കൂലിക്ക് തുല്യമാകുക?

ഇന്ന്, ഇപ്പോള്‍, താലിബാന്‍ കാബൂളിലെത്തിക്കഴിഞ്ഞു എന്നു കേട്ടപ്പോള്‍, ഞാനൊരു അടിമയാകുകയാണെന്ന് എനിക്കു തോന്നി. അവര്‍ക്കിഷ്ടമുള്ളവിധം എന്‍റെ ജീവിതംവെച്ച് അവര്‍ക്ക് കളിക്കാം. 

ഒരു ഇംഗ്ലീഷ് ഭാഷാ പഠനകേന്ദ്രത്തില്‍ ഞാന്‍ അധ്യാപികയായി ജോലിയും ചെയ്തിരുന്നു. ഇനിയെനിക്ക് ആ ക്ലാസില്‍ ചെന്നു നില്‍ക്കുവാന്‍, അവര്‍ക്ക് അക്ഷരമാല ചൊല്ലിക്കൊടുത്തുകൊണ്ട് ആ ക്ലാസില്‍ നില്‍ക്കാന്‍, കഴിയില്ല. ഇനിയങ്ങോട്ട് ഓമനത്തംനിറഞ്ഞ എന്‍റെ കുഞ്ഞുപെണ്‍കുട്ടികള്‍ക്ക് പഠനംനിര്‍ത്തി വീട്ടിലിരിക്കേണ്ടി വരുമല്ലോ എന്ന് ഞാനെപ്പോഴും ചിന്തിക്കുകയാണ്; എന്‍റെ കണ്ണുനീര്‍ പെയ്തുകൊണ്ടേയിരിക്കുന്നു. 
(കടപ്പാട്: 2021 ആഗസ്ത് 15ന് ദ ഗാര്‍ഡിയന്‍ 
പത്രത്തില്‍ വന്ന ലേഖനം)