അഫ്ഗാനില്‍ സംഭവിക്കുന്നത്

ജി വിജയകുമാര്‍

ഗസ്ത് 15ന് താലിബാന്‍കാര്‍ കാബൂളില്‍ കടക്കുകയും പ്രസിഡന്‍റ്അഷ്റഫ് ഗനി കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി നാടുവിടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ ഭരണരാഹിത്യത്തിന് അന്ത്യമായിരിക്കുന്നു. മൂന്നാഴ്ചയിലേറെനാള്‍ നീണ്ട അനിശ്ചിതത്വമാണ് താലിബാന്‍ ഷൂറ കൗണ്‍സില്‍ മേധാവി മുല്ല ഹസന്‍ അഖുന്ദ് ഇടക്കാല പ്രധാനമന്ത്രിയായി ഗവണ്‍മെന്‍റ് രൂപീകരിച്ചതോടെ അവസാനിച്ചതായി കരുതപ്പെടുന്നത്.

അതേസമയം തന്നെ താലിബാനുമായി ചെറുത്തുനിന്നിരുന്ന പഞ്ചശീറില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ താലിബാന്‍ ആധിപത്യം ഉറപ്പിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നുമുണ്ട്. പാകിസ്താന്‍റെ ഇടപെടലിനെതിരെയും താലിബാന്‍റെ ആക്രമണങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുംഎതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ കാബൂളിലും മറ്റു പ്രധാന നഗരങ്ങളിലുമെല്ലാം വ്യാപകമായി നടക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. ഈ  പ്രക്ഷോഭങ്ങളെയെല്ലാം ആയുധബലംകൊണ്ട് അടിച്ചമര്‍ത്താനാണ് താലിബാന്‍ നീക്കം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള രണ്ട് നീക്കങ്ങളാണ് താലിബാന്‍ നടത്തിയത്. സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും അവരുടെ ക്യാമറയും ഫോണുമെല്ലാം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പിടിയിലായ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം ശരിക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇനി പ്രകടനങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളില്ലായെന്ന് പല മാധ്യമ പ്രവര്‍ത്തകരും ശപഥം ചെയ്തതായി എഎഫ്പി റിപ്പോര്‍ട്ടുണ്ട്.

സെപ്തംബര്‍ നാലിന് കാബൂളില്‍ പുതിയ ഭരണാധികാരികളില്‍നിന്ന് തുല്യനീതിയും തുല്യ അവകാശങ്ങളും ആവശ്യപ്പെട്ട് സ്ത്രീകള്‍ നടത്തിയ പ്രകടനത്തെ എ കെ 47 കൊണ്ടാണ് താലിബാന്‍കാര്‍ നേരിട്ടത്. ആകാശത്തേക്കു വെടിവെച്ച് പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനാണ് ശ്രമിച്ചതെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. വെടിവെച്ചത് ആകാശത്തേക്കാണെന്ന് അവകാശപ്പെടുമ്പോഴും നിരവധി സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തതായും വാര്‍ത്തയുണ്ട്.
വീണ്ടും സെപ്തംബര്‍ 7ന് കാബൂളിലെ പാകിസ്താന്‍ എംബസിക്കു മുന്നിലും കാണ്ഡഹാര്‍ ഉള്‍പ്പെടെ മറ്റു ചില പ്രവിശ്യാ കേന്ദ്രങ്ങളിലും നൂറുകണക്കിന് സ്ത്രീകളുള്‍പ്പെടെ ആയിരക്കിനാളുകളാണ് പങ്കെടുത്തത്. അതിനെയും വെടിയുണ്ടകള്‍ കൊണ്ടാണ് താലിബാന്‍ നേരിട്ടത്. ഇത്തരം പ്രതിഷേധങ്ങളുടെയും അതിനെ ചെറുക്കാന്‍ ക്രൂരമായ മര്‍ദനമഴിച്ചുവിടുന്നതിന്‍റെയും വാര്‍ത്തകള്‍, തങ്ങള്‍ പഴയതില്‍നിന്നും മാറിയിരിക്കുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ പൊളിച്ചടുക്കപ്പെടുന്ന വാര്‍ത്തകള്‍, പുറംലോകം അറിയാതിരിക്കാനാണ് താലിബാന്‍ മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നത്.


പഞ്ചശീര്‍ പ്രവിശ്യ തങ്ങളുടെ അധീനതയില്‍ ആയിക്കഴിഞ്ഞുവെന്നതിന് തെളിവായി താലിബാന്‍ പുറത്തുവിട്ടത് പഞ്ചശീര്‍ തലസ്ഥാനമായ ബസറാക്കില്‍ താലിബാന്‍ പതാക പറക്കുന്ന പടമാണ്. ബസറാക്കും മറ്റു പട്ടണങ്ങളും താലിബാന്‍ അധീനതയില്‍ ആയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്. എന്നാല്‍ പാക് വ്യോമസേനയുടെ പിന്തുണയോടെ താലിബാന്‍ പഞ്ചശീര്‍ പിടിക്കാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പഞ്ചശീറിലെ ദേശീയ ചെറുത്തുനില്‍പ്പുസേന പര്‍വത പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങിയിരിക്കാനാണ് സാധ്യത.


പഞ്ചശീര്‍ പ്രദേശം ആദ്യമായാണ് ഭാഗികമായിട്ടാണെങ്കില്‍പോലും താലിബാന്‍റെ പിടിയില്‍പെടുന്നത്. അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് പഞ്ചശീര്‍ എന്ന പേരിന്‍റെ അര്‍ഥം. 1970കള്‍ മുതല്‍, അതായത് രാജവാഴ്ച അസ്തമിച്ചതിനെ തുടര്‍ന്ന് 1992 വരെ കാബൂളിലെ ഗവണ്‍മെന്‍റുമായി എതിരിട്ടുനിന്നിരുന്ന പഞ്ചശീര്‍ 1992ല്‍ അധികാരം പിടിച്ചെടുത്ത വടക്കന്‍ സഖ്യത്തോടൊപ്പംനിന്നിരുന്നു. താജിക് ഗോത്ര വിഭാഗത്തില്‍പെട്ടവരാണ് പഞ്ചശീര്‍ നിവാസികളില്‍ അധികവും. ഈ ജനതയെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിനു പിന്നില്‍ സംഘടിപ്പിച്ച് വേറിട്ടൊരു മുജാഹിദീന്‍ വിഭാഗമാക്കി നിര്‍ത്തിയ അഹമ്മദ് ഷാ മസൂദിനെ 2001 സെപ്തംബറില്‍ അല്‍ഖ്വയ്ദയുടെ ആളുകളാണ് വധിച്ചത്. 1996ല്‍ താലിബാന്‍ കാബൂളില്‍ ഭരണം പിടിച്ചപ്പോള്‍ അഹമ്മദ് ഷാ മസൂദിന്‍റെ നേതൃത്വത്തില്‍ അതിനെതിരെ ഗറില്ലാ പോരാട്ടം തുടരുകയായിരുന്നു.


അമേരിക്ക താലിബാനെ പുറത്താക്കാന്‍ പ്രധാനമായും ആശ്രയിച്ചത് പഞ്ചശീറിലേത് ഉള്‍പ്പെടെയുള്ള വടക്കന്‍ സഖ്യം എന്നറിയപ്പെടുന്ന യുദ്ധപ്രഭുക്കളെയായിരുന്നു. താലിബാനാണോ വടക്കന്‍ സഖ്യമെന്നറിയപ്പെടുന്ന മുജാഹിദീനുകളാണോ കൂടുതല്‍ ഭേദം എന്ന ചോദ്യം തന്നെ കരിമൂര്‍ഖനാണോ രക്താണലിക്കാണോ വിഷം കൂടുതല്‍ എന്ന ചോദ്യം പോലെ അപ്രസക്തമാണ്.


അഹമ്മദ് ഷാ മസൂദിന്‍റെ നേതൃത്വത്തില്‍ പുരോഗമന മതനിരപേക്ഷ ഭരണത്തിനെതിരെ പഞ്ചശീറില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്തിയത് അമേരിക്കയുടെയും പാകിസ്താന്‍റെയും സൗദി അറേബ്യയുടെയും പിന്‍ബലത്തിലാണ്. ആയുധങ്ങളും പണവും യഥേഷ്ടം പാകിസ്താന്‍ വഴി പഞ്ചശീറിലേയ്ക്ക് ഒഴുകുകയായിരുന്നു. ഇപ്പോള്‍ ഇതേ പാകിസ്താന്‍ തന്നെയാണ്, അഹമ്മദ് ഷാ മസൂദിന്‍റെ പുത്രന്‍ അഹമ്മദ് മസൂദ് നയിക്കുന്ന നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍ആര്‍എഫ്) ഓഫ് അഫ്ഗാനിസ്താനെ തുരത്താന്‍ ബോംബാക്രമണം നടത്തുന്നതും. ഇപ്പോള്‍ താലിബാന്‍ വിരുദ്ധരായ, പഴയ വടക്കന്‍ സഖ്യത്തിലെ അവശേഷിക്കുന്ന വിഭാഗങ്ങളാകെ ഈ പഞ്ച്ശീറുകാര്‍ക്കൊപ്പമാണ്. അഷറഫ് ഗനി നാടുവിട്ടതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്‍റും പഞ്ച്ശീറുകാരനുമായ അമറുള്ള സാലേയും എന്‍ആര്‍എഫിനൊപ്പം ചേര്‍ന്നു. പഞ്ചശീറിന്‍റെ ആധിപത്യം പിടിച്ചടക്കിയെന്ന് താലിബാന്‍ അവകാശപ്പെടുമ്പോള്‍ മസൂദിനും സാലേക്കും എന്തുപറ്റിയെന്ന ചോദ്യം അവശേഷിക്കുന്നു. അതാണ്  ഇവരുടെ നേതൃത്വത്തില്‍ എന്‍ആര്‍എഫ് പര്‍വത പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങി ഒളിപ്പോര് തുടരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്.


എന്നാല്‍ എന്‍ആര്‍എഫിന് നേരിട്ട് എവിടെ നിന്നെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയാകെ താലിബാന്‍ അടച്ചിരിക്കുകയാണ് - ശരിക്കും വളയപ്പെട്ട അവസ്ഥയിലാണവര്‍. അതുകൊണ്ടുതന്നെ നീണ്ടുനില്‍ക്കുന്ന ഒരു ആഭ്യന്തര യുദ്ധ സാധ്യതയെക്കുറിച്ച് പറയാനാവില്ല. പഞ്ചശീറിലെ എന്‍ആര്‍എഫ് ആയാലും താലിബാനായാലും പാകിസ്താന്‍ പരിശീലനവും പണവും ആയുധവും ലഭിച്ചിരുന്നവരാണ്. അതായത്, സൗദി അറേബ്യയുടെയും അമേരിക്കയുടെയും പിന്തുണ ലഭിച്ചിരുന്നവര്‍. ഇപ്പോള്‍ എന്തായാലും പാകിസ്താന്‍ എന്‍ആര്‍എഫുകാരെ കൈവെടിഞ്ഞ് താലിബാനൊപ്പം ചേര്‍ന്നുവെന്ന് വ്യക്തമാണ്. അമേരിക്കന്‍ പിന്തുണ, 1970കള്‍ മുതല്‍ പഞ്ചശീറുകാര്‍ക്ക് ലഭിച്ചിരുന്നതുപോലെ തുടര്‍ന്നും ലഭിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്. കാരണം തന്ത്രപ്രധാനമായ അഫ്ഗാന്‍ പ്രദേശത്ത് അരാജകമായ അവസ്ഥ തുടരണമെന്ന് അമേരിക്കന്‍ ഭരണകൂടം കരുതാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


താലിബാനിലേക്ക് അധികാരം അനായാസം എത്തിയതെങ്ങനെയെന്ന് നോക്കുമ്പോള്‍, അമേരിക്കയും സഖ്യശക്തികളും അവിടെയൊരു അരാജകമായ അവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കാനുള്ള സാധ്യതയേറെയാണ്. അമേരിക്കയും താലിബാനും തമ്മിലുള്ള ഒത്തുതീര്‍പ്പ് കരാറിനായി താലിബാന്‍ പക്ഷത്തുനിന്ന് ചര്‍ച്ചകള്‍ നയിച്ച മുല്ല ബറാദാര്‍ 2010 മുതല്‍ പാകിസ്താനില്‍ ജയിലിലായിരുന്നു. 2018 അവസാനം പാക് ജയിലില്‍നിന്ന് ബറാദാറെ പാക് അധികാരികള്‍ മോചിപ്പിച്ച് ഖത്തറില്‍ എത്തിച്ചു. ഇത് അമേരിക്കന്‍ ഇംഗിതം കണക്കിലെടുത്തായിരിക്കണം. ഖത്തറിലെ, 'അഫ്ഗാന്‍ സമാധാന' കൂടിയാലോചനകളില്‍ അമേരിക്കയും താലിബാനുമല്ലാതെ മറ്റു കക്ഷികളെയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. അഫ്ഗാനിലെ അമേരിക്കന്‍ അനുകൂല ഭരണാധികാരികളായ അഷറഫ് ഗനി ഗവണ്‍മെന്‍റിനെ പൂര്‍ണമായും ഈ ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു എന്നു നാം ഓര്‍ക്കണം. ഖത്തറില്‍ വെച്ച് അമേരിക്കയും താലിബാനും തമ്മില്‍ 2020 ഫെബ്രുവരിയിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് അമേരിക്കന്‍ സേനയുടെ പിന്മാറ്റമുണ്ടായത്. ആ കരാറുണ്ടാക്കിയതുമുതല്‍ താലിബാന്‍ കാബൂളിലേക്കുള്ള മുന്നേറ്റത്തിനു തുടക്കം കുറിച്ചിരുന്നു. ആഗസ്ത് 15ന് കാബൂള്‍ പിടിക്കുന്നതുവരെ അവിടെ അവശേഷിച്ചിരുന്ന അമേരിക്കന്‍ സേനയില്‍നിന്നോ അമേരിക്കന്‍ പരിശീലനം ലഭിച്ചിട്ടുള്ള അഫ്ഗാന്‍ ദേശീയ സേനയില്‍നിന്നോ എതിര്‍പ്പൊന്നും കാര്യമായി ഉണ്ടായിരുന്നതേയില്ല, പഞ്ചശീറില്‍ നിന്നൊഴികെ. മുന്‍ധാരണയിലെന്നപോലെ, അമേരിക്കന്‍ സേനയുടെ സുരക്ഷാവലയത്തില്‍ അഷറഫ് ഗനി അധികാരം വിട്ടൊഴിയുകയും ചെയ്തതോടെയാണ് താലിബാന്‍ അധികാരമേറ്റത്. ഇതില്‍നിന്നു തന്നെ അമേരിക്കന്‍ അജന്‍ഡ പ്രകാരമാണ് താലിബാന്‍റെ വരവെന്ന കാര്യം വ്യക്തമാകുന്നു.

അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഭൗമ രാഷ്ട്രീയ സ്ഥിതിഗതികളിലേക്കും കൂടി നോക്കേണ്ടതുണ്ട്. അഫ്ഗാന്‍ പരമ ദരിദ്രരാജ്യമാണെങ്കിലും പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ചെമ്പ് നിക്ഷേപമുള്ള രാജ്യമാണ് അഫ്ഗാന്‍. ഈ ചെമ്പ് ഖനികള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാനിലെ ധാതുസമ്പത്തും ചൈനയുമായും മധ്യേഷ്യയുമായുമുള്ള സാന്നിധ്യവും അമേരിക്ക ഏറെ പ്രധാനപ്പെട്ടതായി കാണുന്നു. അഫ്ഗാനിസ്താന്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗത്വത്തിനു ശ്രമിക്കുന്ന, ഇപ്പോള്‍ നിരീക്ഷക പദവിയുമുള്ള രാജ്യമാണ്. ആ നിലയില്‍ ഗനി ഗവണ്‍മെന്‍റിന് ചൈനയുമായും റഷ്യയുമായും ബന്ധമുണ്ടായിരുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ്സ് ഇനിഷ്യേറ്റീവിലും അഫ്ഗാനിസ്താന് സ്ഥാനമുണ്ട്. ചെമ്പു ഖനികളുടെ കാര്യത്തില്‍ അഷറഫ് ഗനി ഗവണ്‍മെന്‍റ് ചൈനയുമായി വില പേശുന്നുണ്ടെന്ന ധാരണയാണ് അവരെ കൈവിട്ട് താലിബാന് അഫ്ഗാനിസ്താനെ കൈമാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. കാരണം, താലിബാന്‍കാരിലെ ഒരു വിഭാഗം, പ്രത്യേകിച്ച് ഹഖാനി നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന വിഭാഗം, ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട പദ്ധതികളെ തകര്‍ക്കാന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നതുതന്നെ.


എന്നാല്‍ താലിബാനാകട്ടെ, അമേരിക്കയുമായി അധികാരകൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനൊപ്പം റഷ്യയുമായും ഇറാനുമായും ചൈനയുമായും 2018 മുതല്‍ തന്നെ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടായിരുന്നു. ഈ രാജ്യങ്ങള്‍ക്ക് താലിബാനുമുന്നില്‍ വയ്ക്കാനുള്ള മുഖ്യനിര്‍ദ്ദേശം അഫ്ഗാനിസ്താന്‍ താലിബാനുകീഴില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ വളര്‍ത്തുകേന്ദ്രമാകരുതെന്നാണ്. ചൈനയെ സംബന്ധിച്ച് പ്രത്യേകിച്ചും ഇസ്ലാമിസ്റ്റ് ഭീകര സംഘങ്ങള്‍ (ഐഎസ്, അല്‍ - ഖ്വയ്ദ തുടങ്ങിയവ) സിന്‍ജിയാങ് സ്വയംഭരണ മേഖലയില്‍ കടന്ന് വീണ്ടും ഭീകരപ്രവര്‍ത്തനം നടത്താനുള്ള സാധ്യത ഒഴിവാക്കേണ്ടത് അനിവാര്യമാണ്. കാബൂള്‍ ഭരണം പിടിച്ച താലിബാന് ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാതെ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാവില്ല. മാത്രമല്ല, താലിബാന്‍റെ സംരക്ഷകരായ പാകിസ്താനെ സംബന്ധിച്ചും ചൈനീസ് സഹായത്തോടെയുള്ള വമ്പന്‍ വികസന പദ്ധതികള്‍ കൈവിട്ടു കളയാനാവില്ല. അതുകൊണ്ടുതന്നെ അമേരിക്ക കുത്തിത്തിരിപ്പുകളിലൂടെ അസ്വസ്ഥതകളും അരാജകത്വവും സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുമായും പാക് സേനയുമായും പെന്‍റഗണിന് നേരിട്ട് ബന്ധമുണ്ടെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.


ഇപ്പോള്‍ അഫ്ഗാന്‍ മന്ത്രിസഭയുണ്ടാക്കുന്നതില്‍ താലിബാനില്‍ ചേരിപ്പോര് ഉയര്‍ന്നപ്പോള്‍, ഐഎസ്ഐയുടെ തലവന്‍ ലഫ്റ്റനന്‍റ് ജനറല്‍ ഫയ്സ് ഹമീദ് കാബൂളിലെത്തിയാണ് സമവായമുണ്ടാക്കി ഗവണ്‍മെന്‍റ് രൂപീകരണത്തിലെ അനിശ്ചിതത്വം നീക്കിയതെന്ന വാര്‍ത്തയുമുണ്ട്. മന്ത്രിസഭയുടെ ഘടന നോക്കിയാല്‍ 1996-2001ലെ മുല്ല ഉമറിന്‍റെ ഭരണത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് കാണാതിരിക്കാനാവില്ല. മുല്ല ഉമറിന്‍റെ വിശ്വസ്തനായ മുല്ല ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയും മറ്റൊരു വിശ്വസ്തനും താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളുമായ ബറാദാര്‍ ഉപപ്രധാനമന്ത്രിയും മുല്ല ഉമറിന്‍റെ പുത്രന്‍ മുഹമ്മദ് യാക്കൂബ് പ്രതിരോധമന്ത്രിയും ഹഖാനി നെറ്റുവര്‍ക്കിന്‍റെ നേതാവ് സിറാജുദീന്‍ ഹഖാനി ആഭ്യന്തര മന്ത്രിയുമായ ഒരു ഭരണത്തില്‍നിന്ന് സ്വാഭാവികമായും അഫ്ഗാന്‍ ജനതയ്ക്കോ ലോകത്തിനോ നീതിയും സമാധാനവും പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ചൈനയുമായി ബന്ധം മെച്ചപ്പെടുത്താതെ താലിബാന്‍ ഭരണത്തിന് ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാവില്ലെന്നത് താലിബാന്‍ സംഘത്തെ പത്തിമടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന കാര്യവും പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോഴും കുളം കലക്കുന്ന അമേരിക്കന്‍ സാന്നിധ്യവും കാണാതിരുന്നുകൂട •