അഫ്ഗാനിലെ കമ്യൂണിസ്റ്റ് പോരാളി - 2

പി എസ് പൂഴനാട്

മൂന്ന്
ഫ്ഗാനിലെ യാഥാസ്ഥിതിക ശക്തികളും യുദ്ധപ്രഭുക്കന്മാരും ഗോത്രത്തലവന്മാരും ഏറ്റവും സംഘടിതമായ ഒരു ശക്തിയായിത്തീരുന്നത് 1970കളോടെയാണ്. കാബൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക പ്രത്യയശാസ്ത്രം പഠിപ്പിച്ചിരുന്ന ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ (1940-2011) നേതൃത്വത്തില്‍ 1972ല്‍ അഫ്ഗാനിസ്ഥാനില്‍ ജാമിയത്ത്-ഇ- ഇസ്ലാമി രൂപം കൊണ്ടു. ജമാത്തെ-ഇ-ഇസ്ലാമിയുടെ സൈദ്ധാന്തികനായ മൗദൂദിയില്‍ നിന്നും പാക്കിസ്താനിലെ ജമാത്തെ-ഇ-ഇസ്ലാമിയില്‍നിന്നും ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനി അഫ്ഗാനിസ്താനില്‍ ജാമിയത്ത്-ഇ-ഇസ്ലാമിക്ക് രൂപം കൊടുക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള പരിഷ്ക്കാരങ്ങളെ തകര്‍ക്കലായിരുന്നു ജാമിയത്ത്-ഇ-ഇസ്ലാമിയുടെ ലക്ഷ്യം. അങ്ങനെയായിരുന്നു അഫ്ഗാനിസ്ഥാന്‍റെ ആദ്യത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട (1973-78) മുഹമ്മദ് ദാവൂദ് ഖാന്‍ റബ്ബാനിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. എന്നാല്‍ 1973ല്‍തന്നെ റബ്ബാനി പാക്കിസ്താനിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് അമേരിക്കയുടെയും സൗദി അറേബ്യയുടെയും പാക്കിസ്താന്‍റെയും സഹായത്തോടെ ജാമിയത്ത്-ഇ-ഇസ്ലാമി വളര്‍ന്നുകൊണ്ടിരുന്നു. ഈ ജാമിയത്ത്-ഇ-ഇസ്ലാമിയില്‍ നിന്നുമാണ് 1980കളില്‍ മുജാഹിദ്ദീനുകളും 1990കളില്‍ താലിബാനും ഉദയംകൊള്ളുന്നത്.

റബ്ബാനിയുടെ ജാമിയത്തായിരുന്നു ഏറ്റവും സംഘടിതമായി അഫ്ഗാനിന്‍റെ മണ്ണില്‍ ബഹുഭാര്യത്വത്തിനുവേണ്ടിയും ശൈശവ വിവാഹത്തിനുവേണ്ടിയും ആദ്യമായി വാദിച്ചുതുടങ്ങുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരെയും അവര്‍ ശക്തമായി നിലകൊണ്ടു. പൊതുജീവിതത്തില്‍ സ്ത്രീകള്‍ക്ക് സവിശേഷമായ ഒരു പങ്കും വഹിക്കാനില്ലെന്നും അവര്‍ ആര്‍ത്തുവിളിച്ചു. ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ ഉള്‍പ്പെടെ അന്ന് കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന യാഥാസ്ഥിതിക വിദ്യാര്‍ഥി സമൂഹത്തെ തന്‍റെ പ്രസ്ഥാനത്തിനുള്ളിലേയ്ക്ക് വലിച്ചടുപ്പിക്കാനും റബ്ബാനിക്ക് കഴിഞ്ഞിരുന്നു. 1969ല്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ചുകൊണ്ടായിരുന്നു ഹെക്മത്യാര്‍ എന്ന യാഥാസ്ഥിതിക വിദ്യാര്‍ഥി കാബൂളില്‍ തന്‍റെ സാന്നിധ്യമറിയിക്കുന്നത്. താലിബാന്‍ ഭരണത്തിലേറിയ ആദ്യഘട്ടത്തില്‍ സ്ത്രീകളായ അധ്യാപകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും മുഖത്ത് ആസിഡ് ഒഴിച്ചുകൊണ്ടും അടിച്ചുകൊണ്ടും തങ്ങളുടെ സ്ത്രീ വിരുദ്ധതയെ അവര്‍ വീണ്ടും തീവ്രമാക്കുകയായിരുന്നു. ഇതേ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാരാണ് താലിബാന്‍റെ ഇപ്പോഴത്തെ രണ്ടാം വരവില്‍ ഭരണനിര്‍വഹണരംഗത്തേയ്ക്ക് കടന്നുവരാന്‍ സാധ്യതയുള്ളവരില്‍ പ്രഥമസ്ഥാനീയന്‍ എന്ന കാര്യവും മറന്നുപോകരുത്.

1977ല്‍ മുഹമ്മദ് ദാവൂദ് ഖാന്‍ എന്ന ഭരണാധികാരിയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ നിലവില്‍വന്ന സിവില്‍ നിയമത്തിന്‍റെ 27-ാംവകുപ്പ് ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: "അഫ്ഗാനിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെ, നിയമത്തിന്‍റെ മുന്നില്‍ തുല്യ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമായിരിക്കും ഉണ്ടായിരിക്കുന്നത്." ഏപ്രില്‍ വിപ്ലവത്തെതുടര്‍ന്ന് 1978ല്‍ കമ്യൂണിസ്റ്റുകാര്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണക്രമത്തിനുള്ളിലേയ്ക്ക് ഉയര്‍ന്നുവന്നതോടെ സിവില്‍ നിയമത്തിന്‍റെ 27-ാം വകുപ്പ് കൂടുതല്‍ ക്രിയാത്മകമായിത്തീരുകയാണുണ്ടായത്. 1978ന്‍റെ രണ്ടാം പകുതിയോടെ അതിവിപുലമായ ഒരു സാക്ഷരതാപ്രവര്‍ത്തനത്തിനും അഫ്ഗാനിസ്താനില്‍ തുടക്കം കുറിക്കപ്പെട്ടു. അനാഹിതാ റെയ്റ്റ്സാദിന്‍റെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ഓഫ് അഫ്ഗാന്‍ വിമെന്‍ എന്ന വനിതാ സംഘടനയായിരുന്നു സാക്ഷരത പ്രവര്‍ത്തനങ്ങളുടെ സമരോത്സുകമായ സാന്നിധ്യമായി നിലകൊണ്ടത്.

1978 ഏപ്രില്‍ 28, 29 തീയതികളില്‍ അരങ്ങേറിയ ഏറ്റവും ജനകീയമായ ഏപ്രില്‍ വിപ്ലവത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാര്‍ അഫ്ഗാനിസ്താനില്‍ അധികാരത്തിലേറുമ്പോള്‍, രാജ്യത്തെ സാക്ഷരത 18.6% മാത്രമായിരുന്നു. ഏറെ താമസിയാതെ തന്നെ പതിനെട്ടായിരത്തോളം വരുന്ന സാക്ഷരതാപ്രവര്‍ത്തകര്‍ അഫ്ഗാനിസ്താന്‍റെ നഗര-ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് വിന്യസിക്കപ്പെട്ടു. ജനങ്ങള്‍ ആര്‍ജിച്ചെടുക്കുന്ന സാക്ഷരതാശേഷിയിലൂടെ മാത്രമേ ഏതൊരു സാമൂഹ്യപരിഷ്ക്കാരത്തിനും അടിത്തറയിടാനാകൂ എന്ന സുവ്യക്തമായ കാഴ്ചപ്പാടായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെ വര്‍ഷംതോറും നൂറുകണക്കിന് വനിതകള്‍ അധ്യാപകരായും ഡോക്ടര്‍മാരായും പ്രൊഫസര്‍മാരായും സര്‍ക്കാര്‍ ജീവനക്കാരായും മാറിത്തീരുന്ന ഒരവസ്ഥയിലേയ്ക്ക് അഫ്ഗാനിസ്താന്‍ മുന്നേറിക്കൊണ്ടിരുന്നു. എന്നാല്‍ ഗോത്രത്തലവന്മാരും യുദ്ധപ്രഭുക്കന്മാരും പൗരോഹിത്യമേധാവികളും മറ്റ് യാഥാസ്ഥിതിക ശക്തികളും മുമ്പെന്നപോലെ വനിതാവിമോചനത്തിന്‍റെ എല്ലാ സാധ്യതകളെയും തച്ചുടയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ജനകീയ സാക്ഷരതയും ഭൂപരിഷ്കരണവും യാഥാസ്ഥിതിക ശക്തികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അഫ്ഗാന്‍ ജനതയുടെ സര്‍വതല സ്പര്‍ശിയായ ഈയൊരു ജനകീയ മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു സാമ്രാജ്യത്വത്തിന്‍റെയും യാഥാസ്ഥിതിക ശക്തികളുടെയും മുഖ്യലക്ഷ്യം.

നാല്
1978ലെ ഏപ്രില്‍ വിപ്ലവത്തെത്തുടര്‍ന്ന് രാജാധിപത്യത്തിനും ലിബറല്‍ ഭരണകൂടക്രമത്തിനും എതിരെ പുതിയ സോഷ്യലിസ്റ്റ് ഭരണകൂടക്രമം അഫ്ഗാനിസ്ഥാനില്‍ നിലവില്‍വന്നു. 1978ലെ സാര്‍വദേശീയ തൊഴിലാളി ദിനത്തിലായിരുന്നു നൂര്‍ മുഹമ്മദ് തരാക്കി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍റെ ആദ്യത്തെ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയും തരാക്കി തന്നെയായിരുന്നു. ഹഫീസുള്ള അമിന്‍, ബാബ്രക് കര്‍മാല്‍, അനാഹിതാ റെയ്റ്റ്സാദ്, മുഹമ്മദ് നജീബുള്ള തുടങ്ങിയ പ്രധാനപ്പെട്ട വിപ്ലവകാരികളെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിപ്ലവ സര്‍ക്കാരിന്‍റെ ഭാഗമായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍ സമരരോത്സുകമായ ഇടപെടലുകളുടെതും പരിഷ്കാരങ്ങളുടേതുമായിരുന്നു. അഫ്ഗാനിസ്ഥാനെ ആധുനിക ജനാധിപത്യ മതനിരപേക്ഷ രാഷ്ടമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം. മറുഭാഗത്താകട്ടെ അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രതിവിപ്ലവ ശക്തികളെയും അമേരിക്കന്‍ സാമ്രാജ്യത്വം സൗദി അറേബ്യയുടെയും പാക്കിസ്ഥാന്‍റെയും സഹായത്തോടെ അഫ്ഗാനിസ്ഥാനിലെ വിപ്ലവ സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ വിപ്ലവസര്‍ക്കാരിനെ സഹായിക്കാനും പ്രതിവിപ്ലവശക്തികളെ നേരിടാനുമായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് 1979 ഡിസംബര്‍ 25ന് സോവിയറ്റ് യൂണിയന്‍റെ സൈന്യം അഫ്ഗാന്‍റെ മണ്ണില്‍ എത്തിച്ചേരുന്നത്.

1979 ജനുവരി ഒന്നാം തീയതി വിപ്ലവ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഭൂപരിഷ്ക്കരണ നടപടികള്‍ ആരംഭിച്ചു. ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. മിച്ചമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. ആറുമാസത്തിനുള്ളില്‍ 6,65,000 ഹെക്ടര്‍ ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നു.


ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കെതിരെയും പരമ്പരാഗതമായ അധികാര ശക്തികള്‍ക്കെതിരെയും പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലുകള്‍ നടത്തി. സ്ത്രീകളെ ഫ്യൂഡല്‍ നുകത്തില്‍ നിന്നും മോചിപ്പിക്കുകയും രാഷ്ട്രീയ പ്രക്രിയയുടെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. നിര്‍ബന്ധിത വിവാഹ സമ്പ്രദായത്തെ നിയമംമൂലം നിരോധിച്ചു. വിവാഹപ്രായം ആണ്‍കുട്ടികള്‍ക്ക് പതിനെട്ടും പെണ്‍കുട്ടികള്‍ക്ക് പതിനാറുമായി ഉയര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ വിദ്യാഭ്യാസാവകാശങ്ങള്‍ ഉറപ്പുവരുത്തി. നിരക്ഷരത ഇല്ലായ്മചെയ്യാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്കരിച്ചു. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാന്‍റെ മണ്ണില്‍നിന്നും നിരക്ഷരത തുടച്ചുനീക്കലായിരുന്നു ലക്ഷ്യം.


1978 ആഗസ്ത് 19നുതന്നെ അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ടെലിവിഷന്‍ എന്ന ടിവി ചാനലിന് തരാക്കി തുടക്കം കുറിച്ചു. അഫ്ഗാനിസ്ഥാനില്‍ ആദ്യമായിട്ടായിരുന്നു ടിവി ചാനല്‍ നിലവില്‍ വരുന്നത്. സോവിയറ്റ് യൂണിയനുമായി ഇരുപത് വര്‍ഷത്തേയ്ക്കുള്ള ഒരു സൗഹൃദക്കരാറിലും തരാക്കിയുടെ വിപ്ലവ സര്‍ക്കാര്‍ 1978 ഡിസംബര്‍ അഞ്ചിന് ഏര്‍പ്പെട്ടിരുന്നു. ഈ സൗഹൃദക്കരാറിന്‍റെ കൂടി പിന്‍ബലത്തിലായിരുന്നു സോവിയറ്റ് സൈന്യം വിപ്ലവ സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം അഫ്ഗാനിസ്ഥാനില്‍ എത്തിച്ചേരുന്നത്.


ഇങ്ങനെ വ്യത്യസ്ത നിലകളില്‍ അഫ്ഗാനിസ്ഥാനെ വിപ്ലവാത്മകമായി പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു നൂര്‍ മുഹമ്മദ് തരാക്കി. 1978 ഒക്ടോബര്‍ 8ന് അസുഖബാധിതനായി മരണത്തിന് കീഴടങ്ങുന്നതുവരെ ആ മഹാമനുഷ്യന്‍ പുതിയൊരു അഫ്ഗാനിസ്ഥാനു വേണ്ടി പൊരുതിനിന്നു. ആ അടിത്തറയില്‍ മേലായിരുന്നു 1992 ഏപ്രില്‍ വരെ അഫ്ഗാനിസ്ഥാനിലെ വിപ്ലവ സര്‍ക്കാര്‍ സാമ്രാജ്യത്വത്തിനും മതഭീകരതയ്ക്കുമെതിരെ ജീവന്‍ കൊടുത്ത് പൊരുതി നിന്നത് •