മറനീക്കുന്നത് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നയം

വി ബി പരമേശ്വരന്‍

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് പാര്‍ടിയാണെങ്കിലും രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരായ പോരാട്ടത്തിന്‍റെ കുന്തമുനയായി ഈ കക്ഷിയെ ആരും തന്നെ കാണുന്നില്ല. അതിന് പ്രധാന കാരണം ബിജെപി ഭരണത്തിന്‍റെ റിമോട്ട് കണ്‍ട്രോളറായ ആര്‍എസ്എസിന്‍റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തുറന്നെതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് കാട്ടുന്ന വിമുഖതയാണ്. തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് പിടിച്ചുകെട്ടാനാകുമെന്ന മൂഢവിശ്വാസമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഇതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കാശ്മീര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് കൈക്കൊള്ളുന്ന സമീപനം.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭരണഘടനാ ലംഘനങ്ങളിലൊന്നാണ് കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയ നടപടി. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യവാദികള്‍ ഒന്നടങ്കം ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ പി ചിദംബരം അന്ന് പറഞ്ഞത് മോഡി സര്‍ക്കാരിന്‍റെ നടപടിയെ ചരിത്രം തെറ്റാണെന്ന് വിലയിരുത്തുമെന്നാണ്. 2019 ആഗസ്ത് 5 നാണ് ഭരണഘടനയിലെ 370 ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കിയതും ജമ്മുڊകാശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതും. എന്നാല്‍ രാജ്യത്തെ പ്രധാനപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ്. 2019 ആഗസ്ത് 5 ന് മുമ്പുള്ള സ്ഥിതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഗുപ്കാര്‍ സഖ്യത്തിന്‍റെ(നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി, സിപിഐ എം തുടങ്ങി ആറോളം കക്ഷികള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ കൂട്ടായ്മ) ഭാഗമായിരുന്നു ആദ്യം കോണ്‍ഗ്രസ്.  പിന്നീട് അവര്‍ ആ സഖ്യത്തില്‍ നിന്നും പിന്മാറി. രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി കഴിഞ്ഞ ജൂണ്‍ 14 ന് പ്രധാനമന്ത്രി കാശ്മീരിലെ രാഷ്ട്രീയ പാര്‍ടി നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയപ്പോള്‍ 370 ാം വകുപ്പും 35 എ വകുപ്പും പുനഃസ്ഥാപിക്കണമെന്ന് ഗുപ്കാര്‍ സഖ്യം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല. യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗുലാം നബി ആസാദ് ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും മറ്റും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കാശ്മീരിനുള്ള പ്രത്യേകാധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആവശ്യം ഉന്നയിക്കാതിരുന്നതെന്ന് ഗുലാംനബി ആസാദ് സൂചിപ്പിച്ചതായി ഫ്രണ്ട്ലൈന്‍(സെപ്തംബര്‍10, 2021 ലക്കം) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.  

ഏറ്റവും അവസാനമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ട് വര്‍ഷം മുമ്പ് ആഗസ്ത് അഞ്ചിന് മോഡി സര്‍ക്കാര്‍ നടത്തിയ ജനാധിപത്യ ഹത്യയെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല. സംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ മാധ്യമവേട്ടയെക്കുറിച്ചോ രാഹുല്‍ മിണ്ടിയില്ല. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് പറയാന്‍ മാത്രമാണ് രാഹുല്‍ഗാന്ധി തയ്യാറായത്. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി സംസ്ഥാനത്ത് എത്തുന്നത് എന്നതുതന്നെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ ദൗര്‍ബല്യം വിളിച്ചോതുന്നു. രണ്ടു വര്‍ഷം മുമ്പ് ശ്രീനഗറിലേക്കു പോയ രാഹുല്‍ഗാന്ധിയെ വിമാനത്താവളത്തില്‍വെച്ച് തിരിച്ചയച്ചിരുന്നു. പിന്നിട് കാശ്മീരിലേക്ക് പോകാന്‍ ഒരു ശ്രമവും രാഹുല്‍ നടത്തിയില്ല. എന്നാല്‍ വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തുകയും വീട്ടുതടങ്കലിലായ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണുകയും ചെയ്തിരുന്നു.

ആഗസ്ത് ഒമ്പത്, പത്ത് തീയതികളിലായാണ് രാഹുല്‍ഗാന്ധി കാശ്മീര്‍ സന്ദര്‍ശിച്ചത്. ശ്രീനഗറിലെ കോണ്‍ഗ്രസ് പാര്‍ടി ഓഫീസ് ഉദ്ഘാടനം, ക്ഷേത്രം, പള്ളി സന്ദര്‍ശനങ്ങള്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഗുലാം നബി ആസാദിന്‍റെ എതിര്‍പക്ഷക്കാരനുമായ ഗുലാം മുഹമ്മദ് മീറിന്‍റെ മകന്‍റെ വിവാഹം എന്നിവയാണ് രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക പരിപാടികള്‍. ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും പറഞ്ഞ് ഹിന്ദുവോട്ട് ആകര്‍ഷിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ തന്‍റെ പണ്ഡിറ്റ് വേരുകള്‍ തേടിയാണ് മുദുഹിന്ദുത്വ സമീപനം ആവര്‍ത്തിച്ചത്. താന്‍ പണ്ഡിറ്റ് ബ്രാഹ്മണനാണെന്ന് പറഞ്ഞുറപ്പിച്ച രാഹുല്‍ഗാന്ധി അവരുടെ ഇഷ്ട ആരാധനാലയമായ ഗന്ദര്‍ബാലിലെ മാതാ ഖീര്‍ ഭവാനി ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. 1870 നുശേഷം രണ്‍ബീര്‍സിങ് രാജാവ് സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ക്ഷേത്രമായിരുന്നു ഇത്. കാശ്മീര്‍ താഴ്വരയില്‍ നിന്നും പണ്ഡിറ്റുകളുടെ നിഷ്കാസനത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ബിജെപി പ്രചാരണം കടുപ്പിക്കുമ്പോഴാണ് അതിന് തടയിടാനെന്ന വണ്ണം രാഹുല്‍ഗാന്ധിയുടെ ഈ ക്ഷേത്ര സന്ദര്‍ശനം. അതായത് ബിജെപി തെളിക്കുന്ന വഴിയിലൂടെയാണ് രാഹുല്‍ഗാന്ധിയുടെ യാത്ര.

സംസ്ഥാനത്ത് 'ഹിന്ദു മുഖ്യമന്ത്രിയെ' അവരോധിക്കുക എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. ധൃതിപിടിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപി ലക്ഷ്യമിടുന്നതുപോലും ഇതിനായാണ്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഒരു ഹിന്ദു പ്രസിഡന്‍റിനെ കണ്ടെത്തി ബിജെപിയുടെ ഈ തന്ത്രത്തെ 'പ്രതിരോധിക്കാനാണ്' രാഹുല്‍ഗാന്ധി ശ്രമിക്കുന്നത്. കാശ്മീര്‍ രാജകുടുംബാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കരണ്‍സിങ്ങിന്‍റെ മകന്‍ വിക്രമാദിത്യ സിങ്ങിനെ ആ സ്ഥാനത്ത് അവരോധിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദംപൂരില്‍ നിന്നും ബിജെപിയിലെ ഡോ. ജിതേന്ദ്ര സിങ്ങിനോട് വിക്രമാദിത്യ ദയനീയമായി തോറ്റതോടെ ആ നീക്കം പാളി.

ജനസ്വാധീനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അത് വീണ്ടെടുക്കാന്‍ ബിജെപിക്ക് പഠിക്കുകയാണിപ്പോള്‍. തീര്‍ത്തും ആത്മഹത്യാപരമായ നീക്കമാണ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി  വേണുഗോപാലും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് സംസ്ഥാനത്ത് ചെറിയ സ്വാധീനമേയുള്ളുവെങ്കിലും സിപിഐ എം കൈക്കൊള്ളുന്നത്.അനുഛേദം 370 ഉം, 35 എ യും റദ്ദാക്കിയതിനെ നിശിതമായി വിമര്‍ശിച്ച സിപിഐ എമ്മും തരിഗാമിയും കാശ്മീര്‍ ജനതയോടുള്ള കടുത്ത വഞ്ചനയാണിതെന്ന് തുറന്നടിച്ചു. മാത്രമല്ല കേന്ദ്ര നടപടിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ജനാധിപത്യ ഹത്യ നടന്ന് രണ്ട് വര്‍ഷമായിട്ടും ഹര്‍ജി പരിഗണിക്കാതിരുന്നപ്പോള്‍ തരിഗാമി വീണ്ടും പരമോന്നത കോടതിയെ സമീപിച്ച് ഉടന്‍ വാദം കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് കേള്‍ക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തരിഗാമി ആഗസ്ത് 27 ന് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രണ്ട് ഡസനോളം അപേക്ഷകളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അനുഛേദം 370 ഭരണഘടനാവിരുദ്ധമായി റദ്ദുചെയ്ത നടപടിക്ക് ജമ്മു കശ്മീര്‍ നിയമസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന കാര്യം എടുത്തുകാട്ടിയ തരിഗാമി തുടര്‍ന്ന് പാര്‍ലമെന്‍റ് പാസ്സാക്കിയ ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം ഉള്‍പ്പെടെയുള്ള തുടര്‍നടപടിയും നിയമവിരുദ്ധമാണെന്ന് വാദിച്ചു. സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റിയതോടെ ജമ്മു കാശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും ഇത് നീതി നിഷേധമാണെന്നും തരിഗാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരില്‍ ഭൂമിവാങ്ങാനും സ്ഥിരമായി താമസിക്കാനും അനുവാദം നല്‍കാനുള്ള തീരുമാനത്തെയും തരിഗാമി ചോദ്യം ചെയ്തു. ഇവിടെ തെളിയുന്നത് രണ്ട് സമീപനങ്ങളാണ്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്നെതിര്‍ക്കാന്‍ സിപിഐ എം തയ്യാറാകുമ്പോള്‍ അതിന് തയ്യാറാകാതെ ബിജെപിയുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്കീഴടങ്ങുകയാണ് കോണ്‍ഗ്രസ്. രാജ്യത്ത് കോണ്‍ഗ്രസിന് ജനസ്വാധീനം നഷ്ടപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണ് •