യുഡിഎഫിലെ പടലപ്പിണക്കങ്ങളില്‍ ഇടപെടാന്‍ മാധ്യമങ്ങളും

സി പി നാരായണന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും അതിന്‍റെ നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസും തോറ്റമ്പിയതോടെ ആ പാര്‍ടിയുടെയും യുഡിഎഫിന്‍റെയും നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. ആ പാര്‍ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ അല്ല, പതിറ്റാണ്ടുകള്‍തന്നെ പലതായി. എല്ലാ നേതാക്കളും നിയമിക്കപ്പെടുന്നവരാണ്. ഇവിടെ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്താകെ. സ്വയംഭൂവായ ദൈവത്തെപ്പോലെ, പാര്‍ടിയിലെ സര്‍വാധികാര കേന്ദ്രമായ ഗാന്ധി കുടുംബമാണ് എല്ലാ അധികാരത്തിന്‍റെയും പ്രഭവകേന്ദ്രം; നാമനിര്‍ദേശങ്ങളുടെയും. അത് പല പ്രാര്‍ഥനകള്‍ക്കും ശേഷമാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായും വി ഡി സതീശനെ യുഡിഎഫ് (പ്രതിപക്ഷ) നേതാവായും നിയമിച്ചത്. അതിനെതുടര്‍ന്ന് ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിനു പിസിസി പ്രസിഡന്‍റ് ശ്രമിച്ചു. ഇവിടെ ശക്തമായ എ, ഐ ഗ്രൂപ്പുകള്‍ അവയുടെ നോമിനികളെ നിയമിച്ചുകിട്ടാന്‍ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുംവഴി ശ്രമിച്ചു. തങ്ങളാണ് പുതിയ നേതാക്കള്‍, ഗ്രൂപ്പുകളെയോ അവയുടെ നേതാക്കളെയോ അംഗീകരിക്കില്ല, അവരുടെ നോമിനികളെ ഡിസിസി പ്രസിഡന്‍റുമാരാക്കില്ല എന്നായി പുരപ്പുറം തൂക്കുന്ന പുത്തനച്ചിമാരെപ്പോലെ പുതിയ നേതാക്കള്‍. തങ്ങള്‍ പറയുന്നതാണ് ഇനി കേരളത്തിലെ പാര്‍ടിയുടെ ചട്ടവും തീരുമാനവും എന്നൊക്കെയാണ് അവര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഉറഞ്ഞുതുള്ളിയത്. 

ഇവിടെ പറഞ്ഞിട്ടു കാര്യമില്ല എന്നു കണ്ട ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്‍റ് നിയമനത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു. അതിന്‍റെ ശക്തികൊണ്ടാകാം, രാഹുല്‍ഗാന്ധി ഇടപെട്ട് കെപിസിസി നേതൃത്വം തയാറാക്കിയ പട്ടികയിലെ ചില ഡിസിസി പ്രസിഡന്‍റുമാരെ മാറ്റി വിമത നേതാക്കളുടെ നോമിനികളെ പ്രതിഷ്ഠിച്ചത്. അതോടെ പുതിയ കെപിസിസി നേതാക്കള്‍ക്ക് തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ച് അല്‍പം യാഥാര്‍ഥ്യബോധം വന്നു. അതോടെ അവര്‍ പഴയ അധികാരഗര്‍വും വാചകക്കസര്‍ത്തുകളും അവസാനിപ്പിച്ചു. 

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ വി ഡി സതീശന്‍ അവരുടെ വസതികളില്‍ പോയി കണ്ടു സംസാരിച്ചു. കെപിസിസി ഭാരവാഹികളെയും മറ്റും നാമനിര്‍ദേശം ചെയ്യുന്നതു സംബന്ധിച്ച് അവരുടെ സഹകരണം തേടി. തങ്ങളുടെ ഗ്രൂപ്പുകള്‍ക്കും അവയുടെ നോമിനികള്‍ക്കും അര്‍ഹമായ പങ്കാളിത്തവും സ്ഥാനമാനങ്ങളും നല്‍കിയാല്‍ സഹകരിക്കാമെന്നും അതിന് തങ്ങള്‍ അപേക്ഷയുമായി ആരെയും സമീപിക്കില്ല എന്നും "ഇങ്ങോട്ടുവന്ന് സഹകരണം തേടിയാല്‍ അത് നല്‍കാം" എന്നും അവര്‍ പ്രതികരിച്ചു. ഈ ധാരണ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അംഗീകരിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു, "കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പൊക്കെ പിന്നെയേയുള്ളൂ" എന്ന്. യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ അത് വലിയ നേട്ടമായി ആഘോഷിച്ചു. 

ഇങ്ങനെ പുതിയ നേതാക്കള്‍ തങ്ങളെയും ഗ്രൂപ്പുകളെയും മാനിക്കാനും അംഗീകരിക്കാനും തയാറായപ്പോഴാണ് അതേവരെ ബഹിഷ്കരണ സമീപനം സ്വീകരിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും പുതിയ നേതൃത്വത്തോട് സഹകരിക്കാന്‍ തയാറായത്. അങ്ങനെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തത്. അവര്‍ യഥാര്‍ഥത്തില്‍ ആ യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അക്കാര്യം നേരത്തെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുധാകരനും സതീശനും വീരസ്യ പ്രകടനങ്ങള്‍ അവസാനിപ്പിച്ച് പഴയ നേതാക്കളെ മാനിക്കാനും ഗ്രൂപ്പുകളെ അംഗീകരിക്കാനും തയാറായതോടെയാണ് അവര്‍ നിലപാടു മാറ്റിയത്. 

കോണ്‍ഗ്രസിന്‍റെ സ്ഥിതി തിരഞ്ഞെടുപ്പിനുശേഷം ഏറെ ദയനീയമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണമികവ്, ഒരു വിഭാഗം യുഡിഎഫ് അനുകൂലികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം കേരളീയരുടെ അംഗീകാരത്തിനും അഭിനന്ദനത്തിനും പാത്രമായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ധിക്കാരപരമായ ഏകപക്ഷീയ സമീപനംമൂലം യുഡിഎഫില്‍നിന്ന് പല പാര്‍ടികളും അഭ്യുദയകാംക്ഷികളും അകന്നുപോയി. വടക്ക് എല്‍ജെഡിയും തെക്ക് മാണി കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗവും അകന്നത് യുഡിഎഫിനെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ നിലപാട് മുസ്ലീംലീഗ് അംഗീകരിച്ചത് മുസ്ലീങ്ങളിലെ മതനിരപേക്ഷ വിഭാഗത്തെയും ക്രിസ്ത്യാനികളെ പൊതുവെയും യുഡിഎഫില്‍നിന്ന് അകറ്റി. തിരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് നടത്തിയ കേരള പര്യടനയാത്രയിലെ പല യോഗങ്ങളിലെയും ജനസാന്നിധ്യംകണ്ട് തങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിച്ചു എന്ന തെറ്റിദ്ധാരണയും അതിന്‍റെ നേതാക്കള്‍ക്കുണ്ടായി. വോട്ടെണ്ണിക്കഴിയുന്നതുവരെ മാധ്യങ്ങളുടെ ഏകകണ്ഠമായ അഭിപ്രായ സര്‍വെ ഫലങ്ങളെ അംഗീകരിക്കാന്‍ അവര്‍ തയാറായില്ല.

വാസ്തവത്തില്‍ യുഡിഎഫിന്‍റെയും അതിന്‍റെ നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസിന്‍റെയും ആദ്യകടമ, തകര്‍ന്നടിഞ്ഞ യുഡിഎഫിനെയും ഘടകകക്ഷികളെയും ഏകോപിപ്പിക്കലും ജനപിന്തുണ വീണ്ടെടുക്കലുമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുംകുറിച്ച് എന്ത് അപവാദവും പച്ചക്കള്ളവും എത്ര മാധ്യമ പിന്തുണയോടെ നിരന്തരം പ്രചരിപ്പിച്ചാലും, അത് ജനങ്ങള്‍ വെള്ളംകൂട്ടാതെ വിഴുങ്ങില്ല എന്നു തെളിയിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം. യുഡിഎഫിന് നഷ്ടപ്പെട്ട ജനപിന്തുണ നേടിയെടുക്കേണ്ടതുണ്ട്. അതിനു യോജിക്കുന്നരീതിയില്‍ പ്രതിപക്ഷത്തിന്‍റെ സമീപനവും പ്രവര്‍ത്തനവും തിരുത്തേണ്ടതുണ്ട്. ഇതാണ് പൊതുജനാഭിപ്രായം. ആ വഴിക്കല്ല യുഡിഎഫ് നേതൃത്വം, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജനങ്ങള്‍ കഷ്ടപ്പെടുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടല്ല. മഹാമാരിയും അത് കൈകാര്യംചെയ്യുന്നതില്‍ മോഡി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും നടപടികളും മൂലമാണ്. അവയെ തിരുത്തിക്കലാണ്; അതിനു കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിനെ തോല്‍പിച്ച് മറ്റൊന്ന് അവരോധിക്കലാണ് ഇന്ന് പ്രധാനം. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ ചില ട്വീറ്റുകളിലല്ലാതെ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന്  മോഡി സര്‍ക്കാരിന്‍റെ വര്‍ഗീയവും ഭരണഘടനാവിരുദ്ധവും ജനസാമാന്യത്തെ തീര്‍ത്തും അവഗണിക്കുന്നതുമായ നയങ്ങള്‍ സംബന്ധിച്ച വിമര്‍ശനമോ പ്രക്ഷോഭസമരങ്ങളോ അഭിപ്രായപ്രകടനമോ ഉണ്ടാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ കാണുന്നത് തങ്ങളുടെ അവസാനത്തെ അഭയമായിട്ടാണ്. അതിനാല്‍ ബിജെപിയെ, വിശേഷിച്ചും അതിന്‍റെ നേതൃത്വത്തെ അലോസരപ്പെടുത്തുന്ന ഒരു നടപടിക്കും കോണ്‍ഗ്രസ് നേതൃത്വം തയാറല്ല. അഖിലേന്ത്യാതലത്തില്‍ മാത്രമല്ല, കേരളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവില്‍ ഇങ്ങനെ ചിന്തിക്കുന്നവരാണ്. 

അക്കാര്യത്തില്‍ കോണ്‍ഗ്രസിലെ പഴയ നേതൃത്വത്തിന്‍റെതന്നെ നിലപാടാണ് പുതിയ നേതാക്കള്‍ക്കും. ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ടല്ല അവരെല്ലാം സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും വീക്ഷിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയത്തിന്‍റെ, അതായത് ആഗോള കുത്തകകളുടെ പക്ഷത്തുനിന്നുകൊണ്ടാണ്.

അതിനാല്‍ കെപിസിസിയുടെ പുതിയ നേതൃത്വം പഴയ നേതാക്കള്‍ക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ, എന്തിന് കോണ്‍ഗ്രസ് അണികളുടെപോലും, ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. അണികളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നില്ല, ഗാന്ധി കുടുംബവും തങ്ങളെ ശരിവെയ്ക്കുന്നില്ല എന്നു കണ്ടപ്പോഴാണ് കെ സുധാകരനും വി ഡി സതീശനും വായ്ത്താരി മാറ്റിയതും ഉമ്മന്‍ചാണ്ടിയെയും രമേശ്ചെന്നിത്തലയെയും കണ്ട് പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ചതും. ആ പരിഗണന ഉറപ്പാക്കിയശേഷമാണ് ഉമ്മന്‍ചാണ്ടി 'കോണ്‍ഗ്രസ് ഫസ്റ്റ്' എന്നു പറഞ്ഞതും. 

യുഡിഎഫിലെ മറ്റു കക്ഷികളുടെ സ്ഥിതി പരിതാപകരമാണ്. സിഎംപി എന്ന പാര്‍ടി സി പി ജോണായി ചുരുങ്ങിക്കഴിഞ്ഞിട്ട് നാളേറെയായി. തനിക്കാണെങ്കില്‍ ജയിക്കാവുന്ന സീറ്റൊട്ട് കോണ്‍ഗ്രസ് തരുന്നില്ല എന്നാണ് ജോണിന്‍റെ പരാതി. അത് ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചതായി കാണുന്നില്ല. ആര്‍എസ്പി യുഡിഎഫ് വിടും എന്ന ഭീഷണി ആദ്യം മുഴക്കി. എല്‍ഡിഎഫിലേക്ക് പ്രവേശനം ഉറപ്പായശേഷമേ യുഡിഎഫ് വിടുകയുള്ളൂ എന്ന നിലപാടിലാണ് അവര്‍. യുഡിഎഫ് വിട്ടുവരാത്ത കാലത്തോളം ആര്‍എസ്പിയുടെ കാര്യം പരിഗണിക്കുന്ന പ്രശ്നമേ ഇല്ലെന്ന് എല്‍ഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്പിയിലെ പ്രമുഖ നേതാവായ ഷിബു ബേബിജോണിന് ചവറയില്‍ ജനപിന്തുണയുണ്ട് എന്നദ്ദേഹം കരുതുന്നു. എന്നാല്‍ രണ്ടുതവണയായി അവിടെ അദ്ദേഹം എല്‍ഡിഎഫിനോട് തോല്‍ക്കുന്നു. കോണ്‍ഗ്രസ് ശരിയായരീതിയില്‍ പിന്തുണയ്ക്കാത്തതാണ് കാരണമെന്നാണ് ഷിബുവിന്‍റെ പരാതി. അതും ശൂന്യതയില്‍ വിലയം പ്രാപിച്ചു. 


തങ്ങളാണ് യുഡിഎഫിന്‍റെ പരാജയത്തിനു കാരണം എന്ന് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ കുറ്റപ്പെടുത്തിയതില്‍ ജോസഫ് കേരളയ്ക്കും മുസ്ലീം ലീഗിനും പരാതിയുണ്ട്. അത് അവര്‍ പ്രകടിപ്പിച്ചു. പഴയ കമ്മിറ്റിക്കാരാണ് അതിനുത്തരവാദി എന്നമട്ടില്‍ പ്രതികരിക്കാതെ വിടുകയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് എന്നാണ് വാര്‍ത്ത.

കോണ്‍ഗ്രസിലെ മറ്റൊരു പ്രവണതകൂടി ഇവിടെ പരാമര്‍ശിക്കുന്നത് പ്രസക്തമായിരിക്കും. തങ്ങള്‍ സംഘടനയ്ക്കകത്ത് സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവും മുന്‍കയ്യെടുത്ത് ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ചചെയ്ത് അത് പരിഹരിച്ചത്. യുഡിഎഫിലും അത്തരത്തിലുള്ള തീരുമാനമുണ്ടായി. എല്ലാംകഴിഞ്ഞാണ് കെ മുരളീധരന്‍ ഈ ധാരണയെയാകെ പൊളിക്കുന്നരീതിയില്‍ പരസ്യപ്രസ്താവന ചെയ്തത്. അത് മുരളീധരന്‍റെ തനതു സ്വഭാവത്തിന്‍റെ തനിയാവര്‍ത്തനമായിരിക്കാം. എന്നാല്‍, ഈ നേതാക്കള്‍ പാഠം പഠിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയാകും പിറ്റേന്നു മുരളീധരന്‍റെ പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും അച്ചടി മാധ്യമങ്ങളില്‍ വെളിച്ചം കാണാതിരുന്നത്. 

അതു നല്‍കുന്ന ഒരു സൂചന, കെ സുധാകരനും വി ഡി സതീശനും കോണ്‍ഗ്രസ് നേതൃതലത്തിലെ തമ്മില്‍ത്തല്ല് അവസാനിപ്പിക്കാന്‍ കൈക്കൊണ്ട സമീപനം അവരുടെ മാത്രം സൃഷ്ടിയല്ല എന്നാണ്. അവരുടെ 'ഗോഡ്ഫാദേഴ്സ്' ആയ മാധ്യമങ്ങള്‍കൂടി അക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തിരിക്കുന്നു. ഇനി കോണ്‍ഗ്രസിലെ വിഴുപ്പലക്കല്‍ തുടരുന്നത് കോണ്‍ഗ്രസിനു നല്ലതല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിരിക്കുന്നു. ഒരുപക്ഷേ, മുസ്ലീംലീഗില്‍  പി കെ കുഞ്ഞാലിക്കുട്ടിയും എതിരാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും മാധ്യമങ്ങളില്‍ ഇതുപോലെ അവസാനം കുറിച്ചേക്കാം. അത് എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ ആക്രമണം കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്‍റെ തുടക്കമാകാം.

അതല്ല, ഇനി ഇത്തരം രാഷ്ട്രീയരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തങ്ങളുടെതന്നെ വിലയിടിക്കുന്നു എന്ന നിഗമനത്തില്‍ തല്‍പര മാധ്യമങ്ങള്‍ എത്തിയതുകൊണ്ടാണോ! അങ്ങനെ ചിന്തിക്കാന്‍ വഴിയില്ല. കാരണം, അത് മാധ്യമ സമീപനത്തില്‍ രാഷ്ട്രീയമായി വലിയൊരു മാറ്റത്തിന്‍റെ തുടക്കമായിരിക്കും. അങ്ങനെയൊരു പ്രതീക്ഷ നമ്മുടെ വലതുപക്ഷ മാധ്യമങ്ങളെക്കുറിച്ച് വെച്ചുപുലര്‍ത്തുന്നതുതന്നെ യുക്തിരഹിതമായിരിക്കും •