നിപ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഡോ. ടി എസ് അനീഷ്

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളില്‍ അത്യന്തം പ്രഹരശേഷിയുള്ള ഒന്നാണ് നിപ. അതുകൊണ്ടുതന്നെ അതിനെ ഏഷ്യന്‍ എബോള എന്നും പറയാറുണ്ട്. വവ്വാലുകളില്‍ നിന്ന് നേരിട്ടോ മറ്റുമൃഗങ്ങള്‍ ഇടനിലക്കാരായി നിന്നോ മനുഷ്യന് നിപ ബാധയുണ്ടാവാം. ഇതുവരെ നിപ കണ്ടെത്തിയ രണ്ടു ഡസനോളം അവസരങ്ങളില്‍ അവസാനത്തെ മൂന്നെണ്ണവും കേരളത്തിലാണ് എന്നത് ഈ വിഷയത്തില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. മ്യഗങ്ങളില്‍, പ്രത്യേകിച്ചും വവ്വാലുകള്‍ പോലെയുള്ള ജീവികളില്‍ നിന്നും മനുഷ്യനിലെത്തി പടര്‍ന്നു പിടിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കോവിഡ് മഹാമാരിക്കിടയിലാണ് നാം എന്ന വസ്തുത, മനുഷ്യര്‍ക്കിടയില്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ഏതാണ്ട് എല്ലാ മഹാമാരികളുടെയും തുടക്കം മറ്റുജീവികളില്‍ നിന്നായിരിക്കും എന്ന ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍, കേരളം ഒരു ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ട് ആണെന്നത്, കുരങ്ങുപനി പോലെ വന്യമൃഗങ്ങള്‍ വഴിയെത്തുന്ന മറ്റ് രോഗങ്ങളുടെ സാന്നിധ്യം, പക്ഷികളില്‍ അടിക്കടി കാണുന്ന ഇന്‍ഫ്ളുന്‍സ അണുബാധകള്‍ തുടങ്ങിയവയും നിപ ബാധയോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

നിപയുടെ തുടക്കം വവ്വാലുകളില്‍നിന്നാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മനുഷ്യനും വവ്വാലിനുമിടയില്‍ മറ്റൊരു മൃഗത്തിന്‍റെയോ മനുഷ്യന്‍റെയോ സാന്നിധ്യം ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനദശകത്തില്‍ മലേഷ്യയിലാണ് ആദ്യമായി നിപ കണ്ടെത്തുന്നത്. നിപയ്ക്ക് ആ പേരുകിട്ടുന്നതുതന്നെ മലേഷ്യയില്‍ ആദ്യമായി നിപ കണ്ടെത്തിയ പ്രദേശത്തിന്‍റെ പേരില്‍ നിന്നാണ്. അവിടെ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും പിന്നെ മനുഷ്യനിലേക്കും നിപ പടരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വവ്വാലില്‍ നിന്നും നേരിട്ട് മനുഷ്യനിലേക്കോ മനുഷ്യര്‍ക്കിടയില്‍ പരസ്പരമോ നിപ കാര്യമായി പടരുന്നത് മലേഷ്യന്‍ നിപയില്‍ കണ്ടിരുന്നില്ല. പന്നികളെ മനുഷ്യന്‍ വളര്‍ത്തുകയും കശാപ്പുചെയ്യുകയും ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനാല്‍ ധാരാളം ആളുകള്‍ക്ക് രോഗം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ മലേഷ്യന്‍ നിപയുടെ മരണനിരക്ക് താരതമ്യേന കുറവായിരുന്നു, ഏതാണ്ട് നാല്‍പത് ശതമാനം. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തില്‍ തന്നെ നിപയുടെ മറ്റൊരു വകഭേദം ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത്തവണ ഇടനിലക്കാരായ മൃഗങ്ങളില്ലാതെ വവ്വാലില്‍നിന്നും നേരിട്ട് മനുഷ്യന് രോഗം പകരുന്നതായും ആദ്യരോഗിയില്‍ നിന്നും അയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് രോഗം പകരുന്നതായും, പകരുംതോറും വീര്യം കുറഞ്ഞുകുറഞ്ഞ് രോഗവ്യാപനം നിലയ്ക്കുന്നതായും കണ്ടു. 2018ല്‍ കോഴിക്കോടുണ്ടായ നിപയുടെ ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത് നിപയുടെ ബംഗ്ലാദേശ് വകഭേദമാണ് എന്നതാണ്. എന്നുമാത്രമല്ല കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞ എല്ലാ നിപ വകഭേദങ്ങള്‍ക്കും ബംഗ്ലാദേശ് വകഭേദവുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. കേരളത്തിലെ വവ്വാലുകളില്‍ നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ട്. അത് ഏതോ മാര്‍ഗ്ഗത്തിലൂടെ, മറ്റൊരു മൃഗത്തിന്‍റെ സഹായമില്ലാതെ തന്നെ ചില അപൂര്‍വ്വ അവസരങ്ങളില്‍ മനുഷ്യനില്‍ രോഗമുണ്ടാക്കുന്ന നിപയുടെ ബംഗ്ലാദേശ് വകഭേദമാകാനാണ് കൂടുതല്‍ സാധ്യത. ആദ്യം രോഗബാധിതനാകുന്നയാള്‍ അയാള്‍ക്ക് ചുറ്റുമുള്ളവര്‍ക്കു രോഗം കൊടുക്കുന്നു. പതിയെ രോഗം കെട്ടടങ്ങുന്നു, ആദ്യമാദ്യം രോഗികളാകുന്നവരില്‍ സിംഹഭാഗം ആളുകളും മരിക്കുന്നു. ഇതായിരിക്കാം സംഭവിച്ചുകൊണ്ടിരിക്കുന്നത്.


കേരളത്തില്‍ ഇതുവരെയുണ്ടായ നിപ ബാധകള്‍ നോക്കുമ്പോള്‍, രോഗം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും നാം സ്തുത്യര്‍ഹമാംവിധം വിജയിച്ചതായിക്കാണാം. സാധാരണഗതിയില്‍ നിപരോഗം അന്‍പതില്‍ താഴെവരുന്ന (മലേഷ്യന്‍ അനുഭവം ഒഴിച്ച്) ആളുകളിലേക്ക് പടര്‍ന്നുപിടിച്ച്, നല്ലൊരുശതമാനം ആളുകളെ കൊന്നൊടുക്കി കെട്ടടങ്ങുന്നതായിട്ടാണ് കാണുന്നത്. മിക്കപ്പോഴും വന്നുപോയത് നിപയാണെന്ന് മനസിലാക്കുന്നതുതന്നെ വളരെ വൈകിയായിരിക്കും. രോഗാണുബാധ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെ, രോഗികളില്‍ ഒട്ടുമിക്കവരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ആദ്യ നിപരോഗിയില്‍ നിന്നും രോഗം പകര്‍ന്നുകിട്ടിയ ഒരാളില്‍ രോഗം കണ്ടെത്തിയത് ലോകത്ത് ആദ്യമായി 2018 ല്‍ കോഴിക്കോടുണ്ടായ നിപ ബാധയിലാണ്. പിന്നീട് ഉണ്ടായ രണ്ട് അണുബാധകളിലും നാം കണ്ടെത്തിയത് പ്രൈമറി കേസ് (അണുബാധ ശൃംഖലയിലെ ആദ്യത്തെ തന്നെ രോഗി) തന്നെയാണെന്ന് കരുതണം. അതില്‍ ആദ്യത്തെയാള്‍ രക്ഷപ്പെട്ടു, രണ്ടാമത്തെയാള്‍ മരണപ്പെട്ടു. പക്ഷെ രണ്ടവസരത്തിലും രോഗി ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ അത് നിപ ആണെന്ന് കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞു. നിപ രോഗത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് ഒരു അപൂര്‍വ്വതയാണ്. കേരളത്തിലേക്ക് നിപ എത്തിയ എല്ലാ അവസരങ്ങളിലും സര്‍ക്കാരും പൊതുജനങ്ങളും കൈകോര്‍ത്തുനിന്ന് അത് വ്യാപിക്കുന്നതിനുള്ള സാധ്യതകളെ ഇല്ലാതെയാക്കി എന്നതും നാം കാണാതിരുന്നുകൂടാ. രോഗം എത്തിപ്പെടാന്‍ സാധ്യതയുള്ള ഏതാണ്ട് എല്ലാ ആളുകളെയും കണ്ടെത്തി ക്വാറന്‍റൈന്‍ ചെയ്യുന്നതിനു മാത്രമല്ല, അവരെയും പൊതുജനങ്ങളെയും സമാശ്വസിപ്പിക്കുന്നതിനും ഭരണകൂടത്തിനായി. നിപ പൊട്ടിപ്പുറപ്പെട്ടാല്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന് നാം ലോകത്തിന് കാട്ടിക്കൊടുത്തു. അതുപോലെ നിപപോലെയുള്ള രോഗങ്ങള്‍ മനുഷ്യനിലേക്കെത്താതിരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവാനും കേരളത്തിന് കഴിയണം. തീര്‍ച്ചയായും സംസ്ഥാനത്ത് എവിടെ നിപ പോലെയുള്ള ഒരു രോഗം ഉണ്ടായാലും അത് കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതുനുമുള്ള പ്രവര്‍ത്തനങ്ങള്‍ നാം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. നമ്മുടെ മുന്നിലുള്ള ചില പ്രധാന സമസ്യകള്‍ താഴെപ്പറയുന്നവയാണ്.


നിപ ഉയര്‍ത്തുന്ന സമസ്യകള്‍ 
1. വവ്വാലുകളുടെ ആവാസവ്യവസ്ഥയില്‍ എന്തൊക്കെ വ്യതിയാനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അത് മനുഷ്യന് ഭീഷണിയാണോ? ആണെങ്കില്‍ അതിനെ എങ്ങനെ ലഘൂകരിക്കാം?
    കേരളത്തില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഏതെങ്കിലുമൊരിടത്ത് വന്നുപോകുന്ന ഒരു രോഗമായി നിപ മാറിയിരിക്കുന്നു. നാളെയൊരു സമയത്ത് സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ ഒരേസമയത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നായി അത് മാറിയേക്കാം. നിപ മാത്രമല്ല വവ്വാലുകളില്‍ നിന്നും പിറവിയെടുക്കുന്ന കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധകളുള്‍പ്പെടെ പലതിനും കേരളം വേദിയായേക്കാം. ഇനിയൊരുകാലത്ത് അത്യന്തം അപകടകാരിയായ എബോള പോലെയുള്ള രോഗങ്ങള്‍ വന്നാലും അതിശയപ്പെടാനില്ല. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ ചോദ്യം വളരെ പ്രസക്തമാണ്. വനംവന്യജീവി വകുപ്പിനും അതിലുള്ള വിദഗ്ധര്‍ക്കുമാണ് ഇതില്‍ എന്തെങ്കിലും ചെയ്യാനാവുക. കാലാവസ്ഥാവ്യതിയാനം, കാടുകള്‍ക്കുമേലുള്ള അധിനിവേശം, കാടുകളില്‍ ഫലവൃക്ഷങ്ങള്‍ക്കുണ്ടായിട്ടുള്ള കുറവും നാട്ടില്‍ അതിന്‍റെ ലഭ്യതയും തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. മനുഷ്യന്‍റെയും വവ്വാലുകളുടെയും ആവാസവ്യവസ്ഥകള്‍ പരസ്പരം അതിലംഘിക്കപ്പെടുന്നത് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഈ അന്വേഷണത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞു വരണം.


2. കേരളത്തില്‍ ഏതൊക്കെ പഴംതീനി വവ്വാലുകളില്‍ എത്രത്തോളം നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ട്? 
    കേരളത്തില്‍ ഏതൊക്കെ പഴംതീനി വവ്വാലുകളില്‍ എത്രത്തോളം നിപ വൈറസിന്‍റെ സാന്നിധ്യമുണ്ട് എന്നത് നമുക്ക് ഇപ്പോഴും അറിയാത്ത വസ്തുതയാണ്. കോഴിക്കോട് 2018 ലുണ്ടായ നിപ ബാധയെത്തുടര്‍ന്നുണ്ടായ താല്‍ക്കാലികമായ അന്വേഷണങ്ങളില്‍ കേരളത്തിലെ പല പഴംതീനി വവ്വാല്‍ സ്പീഷീസുകളിലും നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡികളുടെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നു. ചില വവ്വാലുകളില്‍ രോഗിയില്‍ കണ്ട അതേ വൈറസുകളുടെ ജനിതകശ്രേണിയിലുള്ള വൈറസുകളെത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. ഈ കണ്ടെത്തല്‍ പ്രധാനമാണ് എന്നതില്‍ സംശയമില്ല, എന്നാല്‍ ഈ അന്വേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നാം പരാജയപ്പെട്ടു. ആന്‍റിബോഡികളുടെ സാന്നിധ്യം എന്നതുകൊണ്ട് നിപ വൈറസുമായുള്ള വവ്വാലുകളുടെ സമ്പര്‍ക്കം മാത്രമേ ഉറപ്പിക്കാന്‍ കഴിയുകയുള്ളു. അവ വൈറസിനെ വഹിക്കുന്നുവെന്നും പുറത്തുവിടുന്നുവെന്നും അതിന് അര്‍ത്ഥമില്ല. കേരളത്തില്‍ കാണപ്പെടുന്ന ഏതൊക്കെ പഴംതീനി വവ്വാല്‍ സ്പീഷിസുകളില്‍ നിപ വൈറസിന്‍റെ (ആന്‍റിബോഡികളുടെയല്ല) സാന്നിധ്യമുണ്ടെന്നതും ഈ വവ്വാലുകള്‍ ഏതൊക്കെ ശരീരസ്രവങ്ങളിലൂടെ എത്രമാത്രം അളവില്‍ വൈറസിനെ പുറത്തേക്കുവിടുന്നുവെന്നതും, വൈറസ് ബഹിര്‍ഗമനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ (ഉദാഹരണത്തിന് ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള വവ്വാലുകളുടെ പ്രജനനകാലത്ത് നിപ കൂടുതല്‍ കാണപ്പെടുന്നു, ആവാസവ്യവസ്ഥ നഷ്ടമാകുമ്പോള്‍ വൈറസ് കൂടുതല്‍ ബഹിര്‍ഗമിക്കപ്പെടുന്നു, തുടങ്ങിയ ചില ഹൈപോതെസിസുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്) അത് ഏതൊക്കെ അവസരങ്ങളിലാണ്? എന്നിവ ഇനിയും ഉത്തരം കിട്ടേണ്ട ഗവേഷണാത്മക ചോദ്യങ്ങളാണ്.


3. കേരളത്തില്‍ ഏതൊക്കെ ഇടങ്ങളില്‍ നിപ വഹിക്കുന്ന വവ്വാലുകളുടെ കാര്യമായ സാന്നിധ്യമുണ്ട്? അതിനടുത്തുള്ള മനുഷ്യവാസമേഖലകള്‍, ആരോഗ്യ രക്ഷാ സ്ഥാപനങ്ങള്‍ എന്നിവ ഏതൊക്കെയാണ്?
    കേരളത്തില്‍ നിപയുടെ സാന്നിധ്യമുള്ള/ഉണ്ടാകാന്‍ സാധ്യതയുള്ള വവ്വാലുകളുടെ വിതരണക്രമം പഠിച്ച് അതിനെ മാപ് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അതിനടുത്തുള്ള മനുഷ്യവാസമേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ (ആരോഗ്യ വിദ്യാഭ്യാസമുള്‍പ്പെടെ) സ്വീകരിക്കേണ്ടതുമുണ്ട്. പ്രസ്തുത പ്രദേശത്തുള്ള ആരോഗ്യരക്ഷാസ്ഥാപനങ്ങളില്‍ പ്രത്യേക മുന്‍കരുതലുകളെടുക്കുകയും നാഡീസംബന്ധമായോ ശ്വാസകോശസംബന്ധമായോ ഉള്ള ലക്ഷണങ്ങളോടെ വരുന്ന പനികളുള്ളവരില്‍ തുടര്‍ച്ചയായി നിപ നിരീക്ഷണം നടത്തുകയും വേണം. മേല്പറഞ്ഞ പ്രദേശങ്ങളിലുള്ള വളര്‍ത്തു/വന്യ ജീവികളിലും തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണ്. അതേസമയം തന്നെ പ്രദേശവാസികളില്‍ ഭീതിയുണ്ടാവാതെ നോക്കേണ്ടതും വവ്വാലുകളുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കേണ്ടതും വൈറസ് ബാധയുള്ള വവ്വാലുകള്‍ മറ്റിടങ്ങളിലേക്ക് പരക്കുന്നത് തടയുന്നതുമൊക്കെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഹോട്ട്സ്പോട്ട് ഇടങ്ങളോട് ചേര്‍ന്നുള്ള ആരോഗ്യ സ്ഥാപനങ്ങളെ നിപ സര്‍വെയ്ലന്‍സ് യൂണിറ്റുകളാക്കി മാറ്റാവുന്നതാണ്.

4. വവ്വാലുകളില്‍ കാണപ്പെടുന്ന നിപ പോലെയുള്ള വൈറസുകള്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യന് ഭീഷണിയുയര്‍ത്താം?
    വവ്വാലുകളില്‍ നിന്നും മനുഷ്യനിലേക്ക് രോഗം പകരുന്ന രീതി കേരളത്തിന്‍റെ സാഹചര്യത്തില്‍ ഇന്നും അജ്ഞാതമാണ്. മലേഷ്യയിലും ഫിലിപ്പീന്‍സിലുമൊക്കെ വവ്വാല്‍ കഴിച്ചതിന്‍റെ ബാക്കി പഴങ്ങള്‍ മൃഗങ്ങള്‍ കഴിക്കുന്നതിലൂടെ പന്നികള്‍ക്കും കുതിരകള്‍ക്കുമൊക്കെ അണുബാധയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മനുഷ്യന് രോഗബാധയുണ്ടാക്കാനുള്ള ഒരു വലിയ സാധ്യതയും ഇതാണ് എന്നതിനാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോള്‍ കഴുകി ഉപയോഗിക്കുന്നതിനും മറ്റും ശ്രദ്ധിക്കണം. കേരളത്തിലുണ്ടായ നിപ ബാധകളില്‍ എല്ലാത്തിലുംതന്നെ ഇതിനുള്ള സാധ്യതയുണ്ടെങ്കിലും ഏതെങ്കിലും പഴങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വവ്വാലുകളെയോ അതിന്‍റെ കുഞ്ഞുങ്ങളെയോ കൈകാര്യം ചെയ്യുക, അവയെ ഭക്ഷണ ആവശ്യത്തിനോ അല്ലാതെയോ കശാപ്പുചെയ്യുക (നരിച്ചീറുകളുടെ ഇറച്ചി ഒരു ഒറ്റമൂലിയാണെന്ന് കരുതുന്നവരുണ്ട്) തുടങ്ങിയ കാര്യങ്ങളും സംഭവിക്കാം. ബംഗ്ലാദേശില്‍ കള്ള് ശേഖരിക്കുന്ന പാത്രങ്ങളില്‍ നിന്നും വവ്വാലുകള്‍ കുടിക്കുകയും അതില്‍ തന്നെ വിസര്‍ജ്ജിക്കുകയും ചെയ്യുന്നത് മനുഷ്യനില്‍ നിപ ബാധക്ക് കാരണമാകുന്നുണ്ട്. നമ്മുടെ നാട്ടില്‍ സമാനമായതോ അല്ലാത്തതോ ആയ സാദ്ധ്യതകള്‍ പരിശോധിക്കണം. ഇതെല്ലം പറയുമ്പോള്‍ തന്നെ കമ്പോളത്തില്‍ കിട്ടുന്ന പഴങ്ങളും നീര പോലെ പാസ്റ്ററൈസ് ചെയ്യപ്പെട്ട പാനീയങ്ങളും സുരക്ഷിതമാണ് എന്നത് ആളുകള്‍ മനസിലാക്കുകയും വേണം. ഏതൊക്കെ ആയാലും വവ്വാലില്‍ കാണുന്ന വൈറസ് അപൂര്‍വ്വമാണെങ്കിലും എങ്ങനെ മനുഷ്യനിലെത്തുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തേണ്ടതുണ്ട്.


5. മറ്റ് വന്യജീവികളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ സാന്നിധ്യം കേരളത്തിലെ നിപ ബാധയിലുണ്ടോ?
    നിപയില്‍ മറ്റ് മൃഗങ്ങളുടെ സാന്നിധ്യം പരിശോധിക്കുമ്പോള്‍ രണ്ടു സാധ്യതകള്‍ നോക്കേണ്ടതുണ്ട്. വവ്വാലുകളില്‍ നിന്നും മനുഷ്യനിലേക്ക് രോഗം എത്തിക്കുന്ന ഇടനിലക്കാരായി (ഇന്‍റര്‍മീഡിയറ്റ് ഹോസ്റ്റ്) വര്‍ത്തിക്കുകയോ, മനുഷ്യന് രോഗം കിട്ടുന്നതുപോലെ തന്നെ മറ്റ് മൃഗങ്ങള്‍ക്കും വവ്വാലുകളില്‍നിന്നും നേരിട്ട് രോഗം കിട്ടുകയോ ചെയ്യാം. രണ്ടാണെങ്കിലും ഒരു പ്രദേശത്തെ നിപ സാധ്യതകളെപ്പറ്റി പഠിക്കുന്നതിന് മറ്റ് മൃഗങ്ങളിലുള്ള നിരീക്ഷണം സഹായിക്കും. മലേഷ്യയിലും മറ്റും കണ്ടതുപോലെ ഈ മൃഗങ്ങള്‍ മനുഷ്യന് രോഗം കൈമാറുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്. എന്നാല്‍ കേരളത്തില്‍ കണ്ടുവരുന്ന നിപ രോഗത്തിന്‍റെ വൈറോളജിപരമായ പ്രത്യേകതകള്‍ അനുസരിച്ച് മറ്റുമൃഗങ്ങള്‍ വഴി മനുഷ്യന് നിപ രോഗം കിട്ടാനുള്ള സാദ്ധ്യതകള്‍ കുറവാണ്. ഓരോ നിപ ബാധക്കും ശേഷം മൃഗങ്ങളില്‍ ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ വിവരങ്ങള്‍ നമുക്ക് ഇപ്പോഴും അറിയില്ല. ആദ്യ നിപ ബാധയുണ്ടായ വീട്ടില്‍ മുയലിനെയും ഇപ്പോഴത്തെ വീട്ടില്‍ ആടിനെയും വളര്‍ത്തിയിരുന്നു; പക്ഷെ അവയിലൊന്നും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. എങ്കിലും മറ്റു വന്യജീവികളുടെയും വളര്‍ത്തുമൃഗങ്ങലൂടെയുമിടയിലുള്ള സെറോളജിക്കല്‍ പഠനങ്ങള്‍ (നിപ വൈറസുമായുള്ള സമ്പര്‍ക്കം രക്തത്തിലുണ്ടാക്കുന്ന ആന്‍റിബോഡികളുടെ സാന്നിധ്യം പഠിക്കുന്ന രീതി) നിപബാധയുടെ രീതികളെപ്പറ്റിയും പരിസ്ഥിതിയിലുള്ള വൈറസിന്‍റെ സാന്നിധ്യത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്‍കും.


6. നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ നിപ വന്നുപോയിട്ടുള്ള പ്രദേശങ്ങളുണ്ടോ?
    2018 ലെ നിപ ബാധയെത്തുടര്‍ന്ന് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട മൂവായിരത്തോളം ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ചില ആളുകളില്‍ നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ കണ്ടെത്തുകയുണ്ടായി. അതായത് ചിലയാളുകളില്‍ (സമ്പര്‍ക്കത്തില്‍ വന്ന വൈറസിന്‍റെ അളവ് കുറവായിരുന്നതിനാലാവണം) രോഗലക്ഷണങ്ങളൊന്നും പ്രകടമാവാതെ തന്നെ നിപ വന്നുപോയിരുന്നു. ഇതു കാണിക്കുന്നത്, നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ നിപ വന്നുപോയിട്ടുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി മനുഷ്യരില്‍ നടക്കുന്ന വലിയ സെറോസര്‍വ്വേ പഠനങ്ങള്‍ക്ക് കഴിഞ്ഞേക്കും.


7. മനുഷ്യന്‍റെ ഏതൊക്കെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഇടപെടലുകള്‍ നിപ പോലെയുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്?
    കേരളത്തിന്‍റെ സ്വാഭാവികമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ നിപപോലെയുള്ള രോഗങ്ങള്‍ കൂടുതലാണ്. മനുഷ്യന്‍റെ പല സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഇടപെടലുകളും നിപ പോലെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിന്‍റെയും പടരുന്നതിന്‍റെയും സാധ്യത കൂട്ടുന്നുണ്ട്. വനങ്ങളില്‍ ഫലങ്ങളുടെ ദൗര്‍ലഭ്യവും നാട്ടില്‍ അവയ്ക്കുള്ള ലഭ്യതയും വവ്വാലുകളുടെ ആവാസവ്യവസ്ഥ മനുഷ്യന്‍റേതുമായി കൂടിക്കലരുന്നതിന് ഇടയാക്കുന്നുണ്ടാവാം. കേരളത്തിലേത് വളരെയേറെ ചലനാത്മകമായ ഒരു സമൂഹമാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെനിന്നും ധാരാളം ആളുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതും, അതിന് ഏതാനും മണിക്കൂറുകള്‍ മാത്രമേ വേണ്ടിവരുന്നുള്ളൂ എന്നതും കണക്കിലെടുക്കുമ്പോള്‍, ഇവിടെയുണ്ടാകുന്ന ഒരു അണുബാധ മറ്റൊരു നാട്ടില്‍ രോഗികളെ സൃഷ്ടിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. വയനാട്, മലപ്പുറം ജില്ലകളില്‍ അടിക്കടി കണ്ടുവരുന്ന കാസനൂര്‍ ഫോറെസ്റ്റ് ഡിസീസ് അല്ലെങ്കില്‍ കുരങ്ങുപനി, സംസ്ഥാനത്ത് പലയിടത്തും കാണുന്ന ലീഷ്മാനിയാസിസ് അഥവാ കരിമ്പനി, ദേശാടനപ്പക്ഷികളിലും വളര്‍ത്തുപക്ഷികളിലും അടുത്തകാലത്തായി പലതവണ കണ്ടെത്തിയിട്ടുള്ള പക്ഷിപ്പനി തുടങ്ങിയവ ഭീഷണികളായി കണക്കിലെടുക്കുകയും ഇനിയുണ്ടാകാന്‍ സാധ്യതയുള്ള മഹാമാരികളുടെകൂടി പശ്ചാത്തലത്തില്‍ കേരളത്തില്‍ മൃഗജന്യരോഗങ്ങള്‍ മനുഷ്യനിലേക്ക് പകരുന്നതിന്‍റെ കാര്യകാരാണങ്ങള്‍ അന്വേഷിക്കേണ്ടതുമുണ്ട്.


8. നിപ പോലെയുള്ള രോഗങ്ങളുടെ സാന്നിധ്യം നമ്മുടെ സാമൂഹിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
    കണക്കുകള്‍ നോക്കുമ്പോള്‍ അത്യപൂര്‍വമാണെങ്കിലും നിപയുടെ അപ്രവചനീയത സമൂഹത്തില്‍, പ്രത്യേകിച്ചും സംസ്ഥാനത്ത് എവിടെയെങ്കിലും രോഗബാധയുണ്ടാകുന്ന സമയത്ത് സാമൂഹിക ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ആളുകള്‍ മടിക്കുന്നതുകാരണമുണ്ടാകുന്ന പോഷണപ്രശ്നം മുതല്‍ ആകാംക്ഷ, വിഷാദം തുടങ്ങിയ മനസികാരോഗ്യപ്രശ്നങ്ങള്‍ വരെ അത് നീളുന്നു. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോഴും പിന്നീട് കോവിഡ് മഹാമാരിയുടെ തുടക്കത്തിലും വീടുകള്‍ക്കടുത്ത് രോഗികളുടെ മൃതശരീരങ്ങള്‍ സംസ്കരിക്കുന്നത് ജനങ്ങളില്‍ ഭീതിയുണര്‍ത്തിയിരുന്നു എന്നതും നിപ രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍നിന്നും ആളുകള്‍ പലായനം ചെയ്തതും മറക്കാറായിട്ടില്ല. നിപ രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ നേരിട്ടും മാധ്യമങ്ങള്‍ വഴിയായും പൊതുജനങ്ങള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. കോളറ പടരുന്നത് കുടിവെള്ളത്തിലൂടെയായതുകൊണ്ട് നാം വെള്ളം കുടിക്കാതിരിക്കുന്നില്ല, മറിച്ചു അതിനെ ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ആരോഗ്യദായകമായ പഴവര്‍ഗ്ഗങ്ങള്‍ തിരസ്കരിക്കുകയല്ല സുരക്ഷിതമായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന സന്ദേശം എല്ലാവരിലും എത്തിക്കണം.


ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് 
ഒരു ദിശാസൂചി 

സാമ്പ്രദായികമായ ആരോഗ്യ സമസ്യകള്‍ക്കപ്പുറം നിപ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍  ഇടപെടേണ്ട ചില മേഖലകള്‍ ചൂണ്ടിക്കാണിക്കാനാണ് ഇവിടെ ഉദ്യമിച്ചിട്ടുള്ളത്. മേല്‍ സൂചിപ്പിച്ചവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതിനകംതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വരാന്‍ പോകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിന്‍റെ പ്രധാനഭീഷണികളിലൊന്നായ വൈറല്‍ പകര്‍ച്ചവ്യാധികളുടെ രോഗനിര്‍ണ്ണയം, അടിസ്ഥാന ഗവേഷണം എന്നിവയ്ക്ക് വലിയൊരളവില്‍ പരിഹാരമാകും എന്ന് പ്രത്യാശിക്കാം. നിപയുടെയും മറ്റു പ്രധാന വൈറല്‍ രോഗങ്ങളുടെയും ക്ലിനിക്കല്‍ സര്‍വെയ്ലന്‍സും ശക്തമായിക്കൊണ്ടിരിക്കുന്നു. മസ്തിഷ്കജ്വരത്തിന്‍റെ ലക്ഷണങ്ങളോടു കൂടിയോ പെട്ടെന്നുണ്ടാകുന്ന ശ്വാസതടസത്തോടെയുള്ള പനിയോടുകൂടിയോ അല്ലെങ്കില്‍ മേല്പറഞ്ഞ രണ്ടുതരം ലക്ഷണങ്ങളും ഒരുമിച്ചോവരുന്ന അവസരങ്ങളില്‍ സംശയിക്കാവുന്ന ഒരു രോഗം നിപയാണെന്ന് നമ്മുടെ നാട്ടിലെ ആരോഗ്യസേവനദാതാക്കള്‍ ഏതാണ്ട് എല്ലാവര്‍ക്കും ഇന്നറിയാം (എങ്കിലും പരിശീലനങ്ങള്‍ തുടരേണ്ടതുണ്ട്). നിപ കണ്ടെത്താനുള്ള സൗകര്യങ്ങള്‍ ഇന്ന് കേരളത്തില്‍ തന്നെയുണ്ട് (സ്ഥിരീകരിക്കേണ്ടത് പുനെയിലാണെങ്കിലും), അത് കൂടുതല്‍ വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജില്ലാ ആശുപത്രി തലം മുതല്‍ മുകളിലേക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വലിയ സ്വകാര്യ ആശുപത്രികളിലും നേരിട്ട് നിപ കണ്ടെത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടാവണം. കോവിഡിന്‍റെ സാഹചര്യത്തില്‍ ധാരാളം PCR സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്നതിനാല്‍ ഇത്തരം ലാബുകള്‍ ക്രമീകരിക്കാന്‍ കുറച്ചുകൂടി എളുപ്പവുമാണ്. രോഗം പടരാതിരിക്കാനുള്ള കരുതലെടുക്കാന്‍ കഴിയുന്ന ശക്തമായ പൊതുജനാരോഗ്യ സംവിധാനം നമുക്ക് ഇപ്പോള്‍ തന്നെയുണ്ട്. എങ്കിലും നിപ ഉള്‍പ്പെടെയുള്ള നമ്മുടെ തനതായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ ആശ വര്‍ക്കര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ശൃംഖലയെ ശാക്തീകരിക്കേണ്ടതുണ്ട്. പക്ഷെ നിപയിലുള്ള നമ്മുടെ ഇടപെടലുകള്‍, രോഗം കണ്ടെത്തലും വ്യാപനം തടയലുമെല്ലാം, പ്രധാനമായും ഒരു മനുഷ്യനെങ്കിലും രോഗം വന്നതിനുശേഷം ചെയ്യാനുള്ളതാണ്. ഈ വൈറസ് മനുഷ്യനിലേക്ക് വരുന്ന വഴി എങ്ങനെ അടയ്ക്കാം എന്നതാണ് ഇനി ചിന്തിക്കേണ്ടത്. ഇതിനായി നമുക്ക് ഒരു കര്‍മ്മപദ്ധതി വേണം. ആരോഗ്യത്തോടൊപ്പം, വനംവന്യജീവി, മൃഗസംരക്ഷണം, ദുരന്തനിവാരണം, കൃഷി, തദ്ദേശസ്വയംഭരണം തുടങ്ങി ഒട്ടേറെ വകുപ്പുകളും പൊതുജനങ്ങളും പലമേഖലകളിലുമുള്ള വിദഗ്ധരും കൈകോര്‍ത്താല്‍ മാത്രമേ ഇത് നടക്കുകയുള്ളൂ •