2021 സെപ്തംബര്‍ 27ന്‍റെ ഭാരത് ബന്ദ് വിജയിപ്പിക്കുക

വിജൂ കൃഷ്ണന്‍

ര്‍ഷകരുടെ കൂട്ടായ ഒരു സമരത്തിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്; കഴിഞ്ഞ നിരവധി പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്ത് വിവിധയിടങ്ങളില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ സമരമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ഷകവിരുദ്ധമായ മൂന്ന് നിയമങ്ങളിലൂടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൈയടക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കാനുള്ള, നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റിന്‍റെ നീക്കത്തിനെതിരായ ഈ പ്രക്ഷോഭം ഒട്ടേറെ വിഭാഗങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇരുണ്ട കാലത്ത് പ്രതീക്ഷ നല്‍കുന്ന ദീപസ്തംഭമായും ലോകത്തുടനീളമുള്ള സമരങ്ങള്‍ക്ക് ഒരു മാതൃകയായുമാണ് ലോക പ്രശസ്ത പണ്ഡിതനും പ്രക്ഷോഭകാരിയുമായ പ്രൊഫ. നോം ചോംസ്ക്കി ഈ സമരത്തെ വിശേഷിപ്പിച്ചത്. പുരോഗമന സ്വഭാവമുള്ളതും നീണ്ടുനില്‍ക്കുന്നതുമായ ഈ സമരം വിപുലമായ ജനസമ്മതി നേടുകയും ലോകത്താകെ ഇതിനനുകൂലമായി ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. എന്നാല്‍, ഇന്ത്യയിലെ കൃഷിക്കാരുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയാകെയും ചെലവില്‍ കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് അവസരമൊരുക്കുന്ന വീട്ടുവീഴ്ചയില്ലാത്ത കോര്‍പ്പറേറ്റനുകൂല നിലപാടുമായി ബിജെപി ഗവണ്‍മെന്‍റ് മുന്നോട്ടുപോവുകയാണ്.

2020 ജൂണില്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് ഉടന്‍തന്നെ ആരംഭിച്ച, മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരായ കൃഷിക്കാരുടെ സമരം 2020 നവംബറില്‍ ഗുണപരമായ ഒരു മാറ്റത്തിന് വിധേയമായി; നവംബര്‍ 26ന് പൊതുപണിമുടക്ക് നടത്താന്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തതിനു സമാന്തരമായി അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ ഏകോപനസമിതി, നവംബര്‍ 26നും 27നും ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള 'ഡല്‍ഹി ചലോ' പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കുകയുണ്ടായി. തൊഴിലാളിവര്‍ഗത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുപുറമെ കര്‍ഷക ജനസാമാന്യത്തിന്‍റെ ആവശ്യങ്ങളുന്നയിച്ചും നവംബര്‍ 26ന് ഗ്രാമീണ ഭാരത ഹര്‍ത്താല്‍ നടത്താനുള്ള സംയുക്താഹ്വാനവും പുറപ്പെടുവിക്കുകയുണ്ടായി. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കൃഷിക്കാരെ ബിജെപി ഗവണ്‍മെന്‍റ് അതിനിഷ്ഠുരമായാണ് കൈകാര്യം ചെയ്തത്. ദേശീയപാതകളില്‍ ട്രെഞ്ചുകള്‍  കുഴിക്കപ്പെട്ടു. ബാരിക്കേഡുകള്‍ക്കുപുറമെ പടുകൂറ്റന്‍ കപ്പല്‍ കണ്ടെയ്നറുകള്‍ വഴിതടയാന്‍ സ്ഥാപിക്കപ്പെട്ടു. സമാധാനപരമായി നടന്ന ആ മാര്‍ച്ച് ഡല്‍ഹിയില്‍ എത്തുന്നത് തടയുന്നതിനായി ജലപീരങ്കികളും കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജുമെല്ലാം പ്രയോഗിക്കുകയുണ്ടായി. ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കൃഷിക്കാര്‍ കഴിഞ്ഞ 9 മാസമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ഇരിക്കുകയാണ്. കൊടും തണുപ്പും കഠിനമായ ചൂടും മാറിമാറി വന്നതിനെ തുടര്‍ന്ന് 650ലേറെ രക്തസാക്ഷികളാണ് ഈ സമരത്തില്‍ ഉണ്ടായത്. എന്നിട്ടും കൃഷിക്കാരുമായി സംസാരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെയും ബിജെപി ഗവണ്‍മെന്‍റിന്‍റെയും മനസ്സലിഞ്ഞില്ല.

ബിജെപിയും ആര്‍എസ്എസും ബിജെപി ഗവണ്‍മെന്‍റിന്‍റെ പ്രചാരണ സംവിധാനവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചേര്‍ന്ന് കൃഷിക്കാര്‍ക്കെതിരായി പകയോടുകൂടിയ പ്രചാരണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും കൃഷിമന്ത്രി നരേന്ദ്ര തോമാറുമാണ് ഈ പ്രചാരണത്തിന്‍റെ ചുക്കാന്‍പിടിക്കുന്നത്. ഖലിസ്താനികള്‍ പിന്തുണയ്ക്കുന്നതാണെന്നും പാകിസ്താനോ ചൈനയ്ക്കോവേണ്ടിയുള്ളതാണെന്നുമുള്ള നിലയില്‍ സമരത്തെ ചിത്രീകരിക്കുന്ന പച്ചക്കള്ളങ്ങള്‍ക്കെല്ലാം നമ്മുടെ രാജ്യത്തെ ജനങ്ങള്‍ തക്ക തിരിച്ചടി നല്‍കി. ഭീഷണികളും വിരട്ടലുകളും അറസ്റ്റുകളുമൊന്നുംകൊണ്ട് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇന്‍റര്‍നെറ്റും വൈദ്യുതിയും വെള്ളവും കട്ട്ചെയ്തതിനുപുറമെ സംഘി ഗുണ്ടകള്‍ ശാരീരികാക്രമണം നടത്തുകയും കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടിയുയര്‍ത്തി അതിനുമേല്‍ മുള്ളുകമ്പികൊണ്ടുള്ള വേലികെട്ടുകയും സമരസ്ഥലങ്ങള്‍ക്കുചുറ്റും കൂര്‍ത്ത ഇരുമ്പാണികള്‍ സ്ഥാപിക്കുകയും ചെയ്ത് സമരസ്ഥലങ്ങളെ തുറന്ന ജയിലുകളാക്കാനും കര്‍ഷകരെ പിന്തിരിപ്പിക്കാനുമുള്ള നീക്കങ്ങളും പൊളിഞ്ഞു. 

പല സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ "അദാനി-അംബാനിമാരെ ബഹിഷ്കരിക്കുക-കോര്‍പറേറ്റ് ശിങ്കിടികളെ ബഹിഷ്കരിക്കുക" എന്നൊരു പ്രചാരണം നടത്തുകയുണ്ടായി; വാഹനങ്ങളുടെ ടോള്‍ കൊടുക്കാതിരിക്കല്‍ പ്രക്ഷോഭവും ഈ കൂട്ടത്തില്‍ നടത്തി; അങ്ങനെ ഇത് അഖിലേന്ത്യാ പ്രക്ഷോഭമായി മാറി; ശരിക്കുമൊരു ജനകീയ പ്രക്ഷോഭമായി അത് പരിവര്‍ത്തനപ്പെട്ടു. മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയും താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനുവേണ്ടിയും വൈദ്യുതി നിയമ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനുവേണ്ടിയും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ ഏകോപനസമിതിയും (എഐകെഎസ്സിസി) സംയുക്ത കിസാന്‍മോര്‍ച്ചയും നയിച്ച വിഷയാധിഷ്ഠിത പ്രക്ഷോഭം പെട്ടെന്നുതന്നെ, തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക,  മഹാമാരിയുടെ കെടുതിയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുക, വരുമാന പിന്തുണ നല്‍കുക, സാര്‍വത്രികമായ സൗജന്യ വാക്സിനേഷന്‍ ഉറപ്പാക്കുക, വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക തുടങ്ങിയ ജീവത്തായ ഡിമാന്‍ഡുകളുംകൂടി ഏറ്റെടുക്കുകയുണ്ടായി. 

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഗവണ്‍മെന്‍റുകളും മഹാമാരിയുടെയും ലോക്ഡൗണിന്‍റെയും കാലത്ത് ബഹുജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിനീക്കി. ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുകിനടന്നതും ഗംഗാതീരത്ത് ആരുടേതാണെന്ന് അറിയാത്ത ശവശരീരങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിച്ചതും ഓക്സിജന്‍ ക്ഷാമവും ലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടതുമെല്ലാം മനുഷ്യ മഹാദുരന്തത്തിന്‍റെ വൈപുല്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഗുജറാത്തി കവയത്രി പാറുള്‍ ഖാക്കര്‍ 'ശവവാഹിനി ഗംഗ' എന്ന തന്‍റെ കവിതയില്‍ ദുരിതപൂര്‍ണമായ ഈ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയും ഭരണാധികാരികളുടെ വീഴ്ചകള്‍ തുറന്നുകാണിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഇതിനെയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ്; മാത്രമല്ല, ഓക്സിജന്‍ ക്ഷാമംമൂലം ഒരാളും മരിച്ചിട്ടില്ലെന്ന് അവകാശപ്പെടുകയും ഭരണനിര്‍വഹണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുകയും ചെയ്തുകൊണ്ട് അവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയുമാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവവും ഓക്സിജന്‍ ക്ഷാമവും കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളും ഡോക്ടര്‍മാരും മറ്റും ഉള്‍പ്പെടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടതുമൂലവും ദുരിതം അനുഭവിക്കുന്ന ഈ രാജ്യത്തെ കോടിക്കണക്കിനാളുകളെ അവര്‍ അവഹേളിക്കുകയാണ്. 
ഈയടുത്തകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, ധിക്കാരപൂര്‍ണവും കോര്‍പറേറ്റനുകൂലവും കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമായ ബിജെപി നിലപാട് തുറന്നുകാണിക്കണമെന്നും "കര്‍ഷകവിരുദ്ധരായ ബിജെപിക്ക് വോട്ടില്ല" എന്ന പ്രചാരണം നടത്തണമെന്നും സംയുക്ത കിസാന്‍മോര്‍ച്ച നിലപാടെടുത്തു. കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ കയ്യടക്കുന്നതിന് അനുവദിക്കുന്ന നയങ്ങളെ ചെറുക്കാനും കോര്‍പറേറ്റ് കൊള്ളയ്ക്ക് ഒത്താശ നല്‍കുന്ന നയങ്ങളോട് എതിരിടാനും രാഷ്ട്രീയമായ പരാജയം ഏല്‍പിക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഇത്. രാഷ്ട്രീയ സംഘര്‍ഷം ഇളക്കിവിടാനും സമൂഹത്തെ ധ്രുവീകരിക്കാനുമുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഒരു സന്ദേശംകൂടിയായിരുന്നു ഇത്. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത  തിരിച്ചടിയായി. എന്നിട്ടും പ്രധാനമന്ത്രിയും ബിജെപിയും കൃഷിക്കാരോട് അനുതാപമില്ലാത്ത അതേ സമീപനം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഉടന്‍ നടക്കാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതേ ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മെ സംബന്ധിച്ച് പരമപ്രധാനമാണ്.
പൊലീസിനെ ഉപയോഗിച്ച് ബിജെപി  കര്‍ഷകര്‍ക്കുമേല്‍ നഗ്നമായ ബലപ്രയോഗമാണ് നടത്തുന്നത്; കിരാതമായ കടന്നാക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. സൈെമണ്‍ കമ്മിഷനെതിരായി അക്രമരഹിതമായ പ്രതിഷേധം നയിച്ച ലാലാ ലജ്പത്റായിയെ തല്ലിച്ചതയ്ക്കുകയും തുടര്‍ന്ന് അദ്ദേഹം രക്തസാക്ഷിയാവുകയുംചെയ്ത ബ്രിട്ടീഷ്വാഴ്ചക്കാലത്തെ പൊലീസ് നടപടിയെ ഓര്‍മിപ്പിക്കുന്നതാണ്, ബിജെപി ഭരണത്തില്‍ ഹരിയാന പൊലീസ് കൃഷിക്കാരുടെ സമാധാനപരമായ പ്രതിഷേധത്തെ നിഷ്ഠുരമായി ആക്രമിക്കുകയും സുശീല്‍കാജോള്‍ രക്തസാക്ഷിയാവുകയും ചെയ്ത നടപടി. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ പോരാട്ടം ലാലാ ലജ്പത്റായിയുടെ രക്തസാക്ഷിത്വത്തോടെ അവസാനിച്ചില്ല; സമരങ്ങള്‍ ആളിപ്പടരുകയും ഇന്ത്യ സ്വതന്ത്രയാവുകയും ചെയ്തു. അതുപോലെ ഈ സമരത്തിനിടയില്‍ രക്തസാക്ഷികളായ മറ്റ് 650ലേറെ പേര്‍ക്കൊപ്പം സുശീല്‍ കാജോളിന്‍റെ രക്തസാക്ഷിത്വവും ഒരിക്കലും നിഷ്ഫലമാകില്ല. പോരാട്ടം അവസാനിക്കുന്നില്ല; ബിജെപിയുടെ കോര്‍പറേറ്റ് വാഴ്ചയ്ക്ക് അറുതിയാവുന്നതുവരെ അത് അധികമധികം രൂക്ഷമായിക്കൊണ്ടിരിക്കും. കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്തപ്രക്ഷോഭത്തിന്‍റെ ദൃഢനിശ്ചയമാണിത്.

2021 സെപ്തംബര്‍ 5ന് മുസഫര്‍നഗറില്‍ നടന്ന, പത്തുലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പടുകൂറ്റന്‍ കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്, 2021 സെപ്തംബര്‍ 27ന്‍റെ ഭാരത്ബന്ദ് മഹാ വിജയമാക്കിത്തീര്‍ക്കാനും ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ ബിജെപിയെ പരാജയപ്പെടുത്താനായി 'മിഷന്‍ ഉത്തര്‍പ്രദേശും' 'മിഷന്‍ ഉത്തരാഖണ്ഡും' ഏറ്റെടുക്കാനുമുള്ള കാഹളംവിളിയാണ് മുഴക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വര്‍ഗീയ കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച സ്ഥലത്തുനിന്ന് മതസൗഹാര്‍ദത്തിന്‍റെ സുദൃഢമായ സന്ദേശമാണ്  അത് നല്‍കിയത്. അതീവ സൂക്ഷ്മതയോടെയും ബോധപൂര്‍വവും നടത്തിയ ഇടപെടലിന്‍റെ ഫലമാണിത്; വൈവിധ്യമാര്‍ന്ന സംഘടനകളുടെ വിഷയാധിഷ്ഠിതമായ ഐക്യം ഊട്ടിയുറപ്പിക്കുകയും അതിന് ബിജെപി പ്രതിനിധാനംചെയ്യുന്ന കോര്‍പറേറ്റനുകൂല, വര്‍ഗീയ-സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ ദിശ നല്‍കുകയും ചെയ്യുന്ന ഇടപെടലിന്‍റെ ഫലമാണിത്. സംയുക്ത കിസാന്‍മോര്‍ച്ചയുടെയും കേന്ദ്ര ട്രേഡ്യൂണിയനുകളുടെയും ഏകോപിതമായ പരിശ്രമങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെയും കര്‍ഷകരുടെയും സംയുക്ത സമരങ്ങളും ചേര്‍ന്നാണ് ഈയടുത്തകാലത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തീക്ഷ്ണതകൂട്ടിയത്. 

ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റു നിരവധി സംഘടനകള്‍ക്കാപ്പം അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്) ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. കോര്‍പറേറ്റ് കൊള്ളയ്ക്കെതിരെയും നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റിന്‍റെ മനുഷ്യപ്പറ്റില്ലായ്മയ്ക്കെതിരെയും എഐകെഎസും അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയനും (എഐഎഡബ്ല്യുയു) സിഐടിയുവും ചേര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും രണ്ടാഴ്ച നീണ്ടുനിന്ന അതിശക്തമായ പ്രചാരണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്, "കോര്‍പ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്‍റെ വാര്‍ഷികദിനമായ 2021 ആഗസ്ത് 9ന് വമ്പിച്ച പ്രതിഷേധ പ്രക്ഷോഭവും നടത്തി. സെപ്തംബര്‍ 27ന്‍റെ ഭാരത്ബന്ദ് വമ്പിച്ച വിജയമാക്കുന്നതിന് സമാന മനസ്കരായ എല്ലാ സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് എഐകെഎസും എഐഎഡബ്ല്യുയുവും സിഐടിയുവും വര്‍ധിത വീര്യത്തോടെ ശക്തമായ പ്രവര്‍ത്തനം നടത്തും. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തിക്കും. ആ ദിശാബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് എഐകെഎസ് ജനങ്ങളോടാകെ അഭ്യര്‍ഥിക്കുന്നത്. •