ചരിത്രം മറക്കുന്ന ആന്‍റണി

ജി വിജയകുമാര്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പൊതുസ്വീകാര്യതയുള്ളയാളാണ് എ കെ ആന്‍റണി. അപ്പോള്‍ ആന്‍റണി പറഞ്ഞാല്‍ അതല്‍പം കഴമ്പുള്ളതാണെന്ന പൊതുബോധം അനായാസം സൃഷ്ടിക്കാനാകും; പോരെങ്കില്‍ അദ്ദേഹം ദേശീയ നേതൃത്വത്തിന്‍റെ ഭാഗമെന്ന നിലയില്‍ ആ പറയുന്നത് ദേശീയ നയവും കൂടിയായിരിക്കുമല്ലോ. അതാണ് കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനത്തിന് തിരുവിതാംകൂര്‍ രാജകുടുംബത്തോട് നാടു കടപ്പെട്ടിരിക്കുന്നുവെന്ന ആന്‍റണിയുടെ പ്രസ്താവനയെ ശ്രദ്ധേയമാക്കുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ കേരളത്തിന്‍റെ മികവ് ലോകശ്രദ്ധ ആകര്‍ഷിച്ചതോടെ വെകിളിപിടിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി നേതൃത്വവും പറഞ്ഞുകൊണ്ടിരുന്നതാണ് ഒടുവില്‍ ആന്‍റണിയും ഏറ്റുപാടിയത്. ആന്‍റണിയുടെ അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധ മുഖമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്.


പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനുശേഷം കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് രൂപപ്പെട്ടത് മാത്രമാണ് കേരളത്തിലെ മികച്ച ആരോഗ്യസംവിധാനം എന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാല്‍ 1957 മുതലുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകളുടെ ഇക്കാര്യത്തിലുള്ള പങ്കും അംഗീകരിക്കാന്‍ ആന്‍റണിയുടെയും കൂട്ടരുടെയും കമ്യൂണിസ്റ്റു വിരോധം അവരെ അനുവദിക്കുന്നുമുണ്ടാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും അതൊരു യാഥാര്‍ഥ്യമാണെന്നത് ലോകം അംഗീകരിച്ചതാണ്; കക്ഷി രാഷ്ട്രീയത്തിനതീതമായി ലോകമെങ്ങുമുള്ള പണ്ഡിത സമൂഹം നിരവധി പഠനങ്ങളിലൂടെ അംഗീകരിച്ച സത്യവുമാണത്. എന്നാല്‍ ഈ സത്യം നിക്ഷേധിക്കാന്‍ ആന്‍റണിയും കൂട്ടരും രാജവാഴ്ചയുടെ സ്തുതിപാഠകരായിരിക്കുകയാണ്.


ഇന്ത്യയില്‍ പാശ്ചാത്യചികില്‍സാ സമ്പ്രദായം 16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ എത്തിയെന്നതാണ് ചരിത്രം. അതായത് 19-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ ആശുപത്രിയും വാക്സിനേഷനുമെല്ലാം ആരംഭിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുന്‍പ്. പോര്‍ച്ചുഗീസുകാര്‍ ഗോവ കയ്യടക്കി അവരുടെ ഭരണം സ്ഥാപിച്ച 1510ല്‍ തന്നെ റോയല്‍ ഹോസ്പിറ്റല്‍ അവിടെ സ്ഥാപിക്കുകയുണ്ടായി, പ്രധാനമായും പോര്‍ച്ചുഗീസുകാരുടെയും അവരോടൊട്ടിനിന്ന് ഭരണം കയ്യാളിയിരുന്ന തദ്ദേശീയരുടെയും ആരോഗ്യപരിചരണം ലക്ഷ്യമിട്ടാണ് അത് സ്ഥാപിച്ചതെങ്കിലും.


ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ വ്യാപകമായി പാശ്ചാത്യ ചികില്‍സാ സമ്പ്രദായം നടപ്പാക്കിയത്. 1757ലെ പ്ലാസി യുദ്ധത്തില്‍ വിജയിച്ച് ഇന്ത്യയില്‍ ആദ്യമായി ബംഗാളില്‍ അധികാരം സ്ഥാപിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1764ല്‍ ബംഗാളില്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്സ്ഥാപിച്ചു. 1785 ആയപ്പോള്‍ ബംഗാള്‍, മദ്രാസ്, ബോംബെ പ്രസിഡന്‍സികളില്‍ യൂറോപ്യന്‍ രീതിയിലുള്ള ആശുപത്രികള്‍ സ്ഥാപിതമായി. 1796ല്‍ തന്നെ കല്‍ക്കത്തയില്‍ പൊതുജനങ്ങള്‍ക്കായി ജനറല്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 1800നും 1820നും ഇടയ്ക്ക് മദ്രാസില്‍ പൊതുജനങ്ങള്‍ക്കായി 4 ആശുപത്രികള്‍ ആരംഭിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ഭരണം ഈസ്റ്റി ഇന്‍ഡ്യാ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തതിനെത്തുടര്‍ന്ന് 1869ല്‍ പൊതുജനാരോഗ്യ കമ്മിഷന്‍ രൂപീകൃതമാവുകയും 1896 ആയപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് ആരംഭിക്കുകയുമുണ്ടായി. ഇതിനുംമുന്‍പ് 1835 ഫെബ്രുവരിയില്‍ തന്നെ കല്‍ക്കത്തയില്‍ ആദ്യത്തെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1902 ആയപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ 330 ചതുരശ്ര മൈലിനുള്ളില്‍ ഒരാശുപത്രി നിലവില്‍ വന്നു എന്നാണ് ചരിത്രം. 1880ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ആശുപത്രികളില്‍ 74 ലക്ഷം പേര്‍ ചികിത്സ തേടി എത്തിയത് 1902 ആയപ്പോള്‍ 220 ലക്ഷമായി വര്‍ധിച്ചു. 1802ല്‍ തന്നെ ഇന്ത്യയില്‍ വാക്സിനേഷന്‍ എത്തിച്ചിരുന്നു. ബോംബെയിലാണ് അതാരംഭിച്ചത്.
ഇത് വ്യക്തമാക്കുന്നത് ഇന്ത്യയില്‍ കൊളോണിയല്‍ വാഴ്ചയുടെ ഭാഗമായാണ് ആധുനിക അലോപ്പതി ചികിത്സാ സമ്പ്രദായവും ആശുപത്രികളുമെല്ലാം ആരംഭിച്ചതെന്നാണ്. സ്വാഭാവികമായും ഇതിനനുബന്ധമായി തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളിലും ക്രമേണ ആധുനിക ചികിത്സാ സമ്പ്രദായം എത്തിയിരുന്നു.


കൊളോണിയല്‍ ഭരണാധികാരികള്‍ അവര്‍ അധികാരമുറപ്പിച്ച സ്ഥലങ്ങളില്‍ വൈകാതെ ആശുപത്രികള്‍ സ്ഥാപിച്ചത് യൂറോപ്യന്‍മാരായ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അവരുടെയെല്ലാം കുടുംബാംഗങ്ങളുടെയും ആരോഗ്യപരിചരണം ലക്ഷ്യമിട്ടായിരുന്നു. പിന്നീട് ഇന്ത്യക്കാരടക്കമുള്ള പൊതുജനങ്ങള്‍ക്കാകെയുള്ള ആശുപത്രികള്‍ സ്ഥാപിക്കുന്നതിനിടയാക്കിയത് ചാരിറ്റി പ്രവര്‍ത്തനമായല്ല, മറിച്ച് നാട്ടുകാരായ സാധാരണക്കാരില്‍നിന്ന് രോഗങ്ങള്‍ പകര്‍ന്ന് തങ്ങളുടെ ഉദ്യോഗസ്ഥ സംവിധാനത്തെയും തകരാറിലാക്കുമെന്നതിനാലാണ്. മറ്റു ചില കാരണങ്ങള്‍കൂടി കാണാനാവും. ഇവിടെ അധികാരം ഉറപ്പിക്കുന്നതിനു തങ്ങള്‍ മേന്മയേറിയ, വികസിത സമൂഹമാണെന്ന് തദ്ദേശീയരില്‍ പ്രതീതി സൃഷ്ടിക്കേണ്ടതുമുണ്ടായിരുന്നു. അതിനുമപ്പുറം വെള്ളക്കാര്‍ക്കും അവരുടെ ആശ്രിതരായിനിന്നിരുന്ന പ്രമാണിമാര്‍ക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിലൂടെ സമൂഹത്തിലുണ്ടാകുന്ന അസംതൃപ്തി തങ്ങളുടെ ആധിപത്യത്തിന് ഇളക്കം തട്ടിക്കുമെന്നും അവര്‍ കണ്ടിരുന്നു; ആരോഗ്യ സംവിധാനം വ്യാപിപ്പിക്കണമെന്ന ആവശ്യം തദ്ദേശീയരില്‍ വിദ്യാഭ്യാസം നേടിയവരില്‍നിന്ന് ഉയര്‍ന്നുവന്നതിനനുസരിച്ചുമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയില്‍ പാശ്ചാത്യ ചികിത്സാ സമ്പ്രദായം വ്യാപകമായതെന്നു കാണാം.


ഇതുതന്നെയാണ് തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളിലെയും അവസ്ഥ. 1818ല്‍ തൈക്കാട് ആശുപത്രി സ്ഥാപിക്കുന്നത് ഗൗരി പാര്‍വതി ഭായി റീജന്‍റായി ഭരണം നടത്തിയിരുന്നപ്പോഴാണ്. അന്ന് ഭരണം ശരിക്കും നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷ് റസിഡന്‍റായിരുന്നു. കൊട്ടാരത്തിലുള്ളവരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ചികിത്സയ്ക്കായി തുടങ്ങിയ ആശുപത്രിയാണ് തിരുവിതാംകൂറിലെ ആധുനിക ചികിത്സാ സംവിധാനത്തിന് തുടക്കംകുറിച്ചത്. പിന്നീട് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ചലനങ്ങളുടെ സ്വാധീനമാണ്, പ്രത്യേകിച്ചും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്‍റെ വിവിധ ധാരകളുടെയും സ്വാധീനത്താലാണ് ആധുനിക ആരോഗ്യ പരിചരണ സംവിധാനം വികസിപ്പിക്കപ്പെട്ടത്. തിരുവിതാംകൂറിനെ പോലെയുള്ള നാട്ടുരാജ്യങ്ങളിലെന്നപോലെ ബ്രിട്ടീഷ് ഇന്ത്യയിലും ആശുപത്രി സംവിധാനം വികസിതമായി വന്നതിനുപിന്നിലും നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമാണ് പ്രധാന പങ്കു വഹിച്ചത് എന്നുകാണാം.


കേരളത്തിലെ ആരോഗ്യരംഗത്തിന്‍റെ വികാസത്തിലും മേന്മയിലും കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷ ഗവണ്‍മെന്‍റുകള്‍ക്കുമുള്ള പങ്ക് മറച്ചുപിടിക്കാന്‍ രാജവാഴ്ചയോടാണ് നാം ഇന്നത്തെ നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് എന്ന് വാദിക്കുന്ന ആന്‍റണി സ്വാതന്ത്ര്യാനന്തരം നെഹ്റുവിനു കീഴിലുണ്ടായ സാമൂഹ്യപുരോഗതിയുടെയാകെ മേന്മ ബ്രിട്ടീഷുകാരുടേതാണെന്ന് പറയുമോ എന്നാണ് അദ്ദേഹം മറുപടി പറയേണ്ടത്. മറ്റൊരു കാര്യം തിരുവിതാംകൂറിനും ഏറെ മുന്‍പു തന്നെ ആധുനിക ആരോഗ്യ പരിചരണ സംവിധാനം എത്തിയ ബോംബെയിലും മദ്രാസിലും (ചെന്നൈ) കല്‍ക്കത്തയിലും കോവിഡ് അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇക്കാര്യത്തിലുണ്ടാകുന്ന നേട്ടം രാജവാഴ്ചയ്ക്ക് ചാര്‍ത്തിക്കൊടുക്കുന്നതിലെ യുക്തി കൂടി ആന്‍റണിയും കോണ്‍ഗ്രസുകാരും ഉള്‍പ്പെടെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.
മാത്രമല്ല, കേരളമെന്നാല്‍ തിരുവിതാംകൂര്‍ മാത്രമല്ല, തിരുവിതാംകൂറിനും കൊച്ചിക്കും ഒപ്പം മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയും ചേര്‍ന്നതാണ്. മലബാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ആരോഗ്യസംവിധാനത്തിനും അതിനു ചുക്കാന്‍ പിടിക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റിനുമാണ് ഇന്നത്തെ നേട്ടത്തിന്‍റെ ക്രെഡിറ്റ് നല്‍കേണ്ടത്. കേരളത്തില്‍ ഈ നേട്ടങ്ങള്‍ക്ക്, വിപുലമായ ആരോഗ്യമേഖല സ്ഥാപിച്ചതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മാത്രമാണോ നിദാനമായിട്ടുള്ളത്? അവയ്ക്ക് നിര്‍ണായകമായ പങ്കുള്ളതുപോലെ തന്നെ അവയെ തുടര്‍ന്നുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ ജനകീയ മുന്നേറ്റങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ടെന്നതാണ് കേരളത്തിന്‍റെ അനുഭവം വെളിപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലുമെല്ലാം ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ അതിന്‍റെ തുടര്‍ച്ചയായി തൊഴിലാളി - കര്‍ഷക പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചയുണ്ടായതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
പ്രൊഫ. അമര്‍ത്യസെന്നും ഴാങ്ദ്രേസും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച "ഇന്ത്യന്‍ വികസനം : തിരഞ്ഞെടുത്ത മേഖലാ പരിപ്രേക്ഷ്യങ്ങള്‍" എന്ന കൃതിയില്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: "1930കളുടെ അന്ത്യം മുതലുള്ള കാലം പരിശോധിച്ചാല്‍, തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വനിതകള്‍ തുടങ്ങിയവര്‍ക്കിടയില്‍ ശക്തമായ ബഹുജനസംഘടനകളുള്ള കമ്യൂണിസ്റ്റ് പാര്‍ടിയാണ് കേരളത്തിലെ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുഖ്യ സംഘാടകര്‍ എന്ന് കാണാന്‍ കഴിയും". തുടര്‍ന്ന് 1957-59, 1967-69, 1980-81, 1987-91 തുടങ്ങിയ വര്‍ഷങ്ങളില്‍ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകള്‍ പൊതുജനാരോഗ്യരംഗം ഉള്‍പ്പെടെ കേരളത്തിലെ സാമൂഹ്യവികാസത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് 1990കളുടെ പകുതിയോടെ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ തുടരുന്നു: "കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്‍റെ സഖ്യകക്ഷികളും കുറഞ്ഞ കാലയളവില്‍ മാത്രമേ ഭരണത്തിലുണ്ടായിരുന്നുള്ളൂവെങ്കിലും കേരളത്തിലെ സാമൂഹിക - രാഷ്ട്രീയ ജീവിതത്തിലും സര്‍ക്കാര്‍ നയരൂപീകരണത്തിലും നിയമനിര്‍മാണരംഗത്തും ഐക്യകേരളത്തിന്‍റെ പിറവിക്കുശേഷം കമ്യൂണിസ്റ്റു പാര്‍ടിയും ഇടതുപക്ഷവും അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്". 


കേരളത്തിന്‍റെ മറ്റൊരു സവിശേഷത കൂടി ഈ ഗ്രന്ഥം എടുത്തു പറയുന്നു: "സാക്ഷരത, രാഷ്ട്രീയ അവബോധം, രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനം, ബഹുജന സംഘടനകള്‍ എന്നിവ ജനങ്ങളെ അവകാശബോധമുള്ളവരാക്കുന്നതിനാല്‍ മെച്ചപ്പെട്ട ആരോഗ്യാവസ്ഥ ലഭ്യമാക്കുന്നതില്‍ അത് നിര്‍ണായക പങ്കുവഹിച്ചു. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വിഭിന്നമായി കൂടുതല്‍ ആരോഗ്യസേവനങ്ങള്‍ ആവശ്യപ്പെടുകയും അവ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു". കേരളത്തിലെ ഏതെങ്കിലും പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജീവനക്കാരുടെയോ മരുന്നുകളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ കുറവുണ്ടായാല്‍ ശക്തമായ ജനകീയ ഇടപെടലും പ്രക്ഷോഭവും ഉയര്‍ന്നുവരുന്നത് കേരളത്തിന്‍റെ പ്രത്യേകതയാണെന്നും ഇതിനു പര്യാപ്തമായവിധം ജനങ്ങളുടെ രാഷ്ട്രീയ അവബോധം ഉയര്‍ത്തുന്നതിലുള്ള കമ്യൂണിസ്റ്റുപാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും പങ്കിലേക്കും ഈ ഗ്രന്ഥം വിരല്‍ചൂണ്ടുന്നുണ്ട്.


1957ലെ ഒന്നാം ഇ എം എസ് ഗവണ്‍മെന്‍റ് അധികാരത്തിലെത്തുന്നതിനുമുമ്പ് 1956ല്‍ തൃശ്ശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റു പാര്‍ടി പ്രത്യേക സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന രേഖയില്‍ ആരോഗ്യമേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചിരുന്നു. ആ കാഴ്ചപ്പാടാണ് 1957ലെ മന്ത്രിസഭ പ്രയോഗവല്‍ക്കരിച്ചത്. വിദ്യാഭ്യാസം, ഭക്ഷ്യപൊതുവിതരണം എന്നിവയിലെന്നപോലെ ആരോഗ്യമേഖലയിലും വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഈ കാലഘട്ടം (1957-1959) സാക്ഷ്യം വഹിച്ചത്. ഇ എം എസ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി ഡോ. എ ആര്‍ മേനോന്‍റെ അനുഭവസമ്പത്തും കമ്യൂണിസ്റ്റു പാര്‍ടി മുന്നോട്ടുവച്ച വ്യക്തമായ കാഴ്ചപ്പാടുമാണ് ഈ നേട്ടത്തിനു വഴിയൊരുക്കിയത്.
വിദ്യാഭ്യാസമേഖലയില്‍, ഭൂപരിഷ്കരണത്തില്‍, പൊതുവിതരണത്തില്‍ എന്നിങ്ങനെ സാമൂഹിക പുരോഗതിയുടെ സമസ്ത മേഖലകളിലും 1957ലെ ഇ എം എസ് ഗവണ്‍മെന്‍റ് വരുത്തിയ വിപ്ലവകരമായ പരിഷ്കരണങ്ങളുടെകൂടി പരിണതിയാണ് കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യസംവിധാനം. 1967ലെ ഐക്യമുന്നണി ഗവണ്‍മെന്‍റാണ് പിന്നീട് ഇത് പിന്തുടര്‍ന്നത്. 1980ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി തുടക്കംകുറിച്ച സാമൂഹിക ക്ഷേമപെന്‍ഷനുകള്‍, 1957 മുതല്‍ ആരംഭിച്ച ഭക്ഷ്യധാന്യങ്ങളുടെ സാര്‍വത്രിക പൊതുവിതരണവും 1980ലെ ഗവണ്‍മെന്‍റ് നടപ്പാക്കിത്തുടങ്ങിയ കമ്പോള ഇടപെടല്‍ സംവിധാനം, 1987-91ലെ സാക്ഷരതാ പ്രസ്ഥാനവും അധികാര വികേന്ദ്രീകരണ നടപടിയും 1996-2001ലെ ജനകീയാസൂത്രണവുമെല്ലാം കേരളത്തിലെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സഹായകമായിട്ടുണ്ട്. ഈ പരിപാടികള്‍ എല്ലാം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും ഇടതു സര്‍ക്കാരുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമുള്ള പങ്ക് ആര്‍ക്കും അവഗണിക്കാനാവില്ലല്ലോ.


കോവിഡ് രോഗബാധയെ നിയന്ത്രിക്കുന്നതില്‍ കേരളം ലോകത്തിനു മാതൃകയാകുമ്പോള്‍ അതിനു കടപ്പെട്ടിരിക്കുന്നത് രാജഭരണത്തോടാണെന്ന് പറയുന്നവര്‍ അടുത്ത ശ്വാസത്തില്‍ പറയും സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന ഗവണ്‍മെന്‍റുകള്‍ക്കെല്ലാം അതിന്‍റെ നേട്ടം അവകാശപ്പെടാമെന്ന്. അതും വസ്തുതാവിരുദ്ധമാണ്. പ്രത്യേകിച്ചും 2001-06 കാലത്തെ യുഡിഎഫ് ഗവണ്‍മെന്‍റ് - ആദ്യം ആന്‍റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കിയ ഗവണ്‍മെന്‍റ് - നടപ്പാക്കിയ പരിഷ്കരണ പരിപാടികള്‍ ആരോഗ്യമേഖലയെ പാടെ തകര്‍ക്കുന്നതായിരുന്നല്ലോ. 2002 ജനുവരി 8ന് യോഗം ചേര്‍ന്ന ഉമ്മന്‍ചാണ്ടി കണ്‍വീനറായ യുഡിഎഫ് ഏകോപന സമിതിയുടെ തീരുമാനപ്രകാരം ജനുവരി 10ന് ആന്‍റണി ഗവണ്‍മെന്‍റ് നടപ്പാക്കിയ ചെലവുചുരുക്കല്‍ പരിപാടിയില്‍ ആരോഗ്യമേഖലയിലെ തസ്തികകള്‍ ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായിരുന്നത് ആന്‍റണിയും ഉമ്മന്‍ചാണ്ടിയും മറന്നാലും ഈ നാടിനു മറക്കാനാവില്ലല്ലോ. അതിനുമുന്‍പ് 1991-96ലെ യുഡിഎഫ് ഗവണ്‍മെന്‍റും ആരോഗ്യമേഖലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട തസ്തികകള്‍ പലതും അനാവശ്യമെന്ന് പറഞ്ഞ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതും മറക്കാനാവില്ലല്ലോ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകള്‍ ആരോഗ്യമേഖലയെ പിന്നോട്ടുപിടിക്കാനും സ്വകാര്യ ആരോഗ്യ കച്ചവടക്കാര്‍ക്ക് തീറെഴുതാനും നടത്തിയ നീക്കങ്ങളെയെല്ലാം ചെറുത്തുതോല്‍പിച്ചത് ജീവനക്കാരടക്കമുള്ളവര്‍ അണിനിരന്ന ജനകീയ പോരാട്ടങ്ങളിലൂടെയാണ്. ഒപ്പം ഇടയ്ക്ക് അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ കൈക്കൊണ്ട നടപടികളും വിസ്മരിക്കാനാവില്ല.


2006-11ലെ വി എസ് ഗവണ്‍മെന്‍റും ഇപ്പോള്‍ അധികാരത്തിലുള്ള പിണറായി ഗവണ്‍മെന്‍റും ആരോഗ്യമേഖലയില്‍ ഏറ്റവും അടിത്തട്ടുവരെ നടപ്പാക്കിയ ശാക്തീകരണം - ജീവനക്കാരെ കൂടുതല്‍ നിയമിച്ചതും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചതും മരുന്നുകളും പരിശോധനാ സൗകര്യങ്ങളും കൂടുതല്‍ ലഭ്യമാക്കിയതും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയുമെല്ലാം ചെയ്തത് 2006-11ലെയും ഇപ്പോഴത്തെയും ഇടതുപക്ഷ സര്‍ക്കാരുകളാണെന്നതില്‍ ആന്‍റണിക്കുപോലും തര്‍ക്കിക്കാനാവില്ല. 2006-11ലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന ആരോഗ്യ വകുപ്പിലെ തസ്തികകളിലേക്ക് നിയമനം നടത്തുകയും പുതുതായി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് വലിയ വികസനത്തിനാണ് അടിത്തറ പാകിയത്. മെഡിക്കല്‍ കോളേജുകളുടെയും ജില്ലാ - താലൂക്ക് ആശുപത്രികളുടെയും വികസനത്തിലും മുന്‍കാലങ്ങളിലൊന്നും ഉണ്ടാകാത്തത്ര മുന്‍ഗണനയാണ് അന്നു നല്‍കിയത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 1998ല്‍ ഇടതുപക്ഷ ഗവണ്‍മെന്‍റ് കൊണ്ടുവന്ന കുടുംബശ്രീ കൊറേണ പ്രതിരോധ നടപടികളില്‍ വഹിക്കുന്ന പങ്കും എടുത്തുപറയേണ്ടതാണ്. 


ഇപ്പോള്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുജനാരോഗ്യ മേഖലയില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് വരുത്തിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഉള്‍പ്പെടെ 6700 ല്‍ അധികം തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഗവണ്‍മെന്‍റ് സൃഷ്ടിച്ചത്. 5 വര്‍ഷമായി നിയമനം നടത്താതെ ഒഴിച്ചിട്ടിരുന്ന തസ്തികകളില്‍ നിയമനം നടത്തിയതിനു പുറമെയാണിത്. ഇതില്‍ അയ്യായിരത്തോളം തസ്തികകള്‍ ഈ കൊറോണ കാലത്ത് സൃഷ്ടിക്കപ്പെട്ടതാണ്.


ജില്ലാശുപത്രികളുടെ നടയില്‍ മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് വെച്ച് നടത്തിയതുപോലുള്ള  പ്രഹസനമായിരുന്നില്ല കഴിഞ്ഞ നാലു വര്‍ഷക്കാലം സംസ്ഥാനത്ത് നടപ്പാക്കപ്പെട്ടത്. 2013ല്‍ തീരുമാനിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജിന്‍റെ തറക്കല്ലിടലല്ലാതെ അതിനുമേല്‍ ഒരു കല്ലുപോലും വയ്ക്കാതെ ഒഴിഞ്ഞുപോവുകയായിരുന്നല്ലോ ഉമ്മന്‍ചാണ്ടി. 2016ല്‍ പിണറായി സര്‍ക്കാരായിരുന്നല്ലോ അതിന്‍റെ പണി തുടങ്ങിയതും ഇപ്പോള്‍ താല്‍ക്കാലികമായി കൊറോണ ആശുപത്രി ആ കെട്ടിടത്തില്‍ തുടങ്ങിയതും.


കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃകയായി കേരളം മാറിയത് ആരോഗ്യ സംവിധാനം കൊണ്ടു മാത്രമല്ല, ത്രിതല പഞ്ചായത്ത് സംവിധാനവും ജനകീയ ഇടപെടലും വഹിക്കുന്ന സുപ്രധാന പങ്കും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലെ പൊലീസ് സംവിധാനം എഹിച്ച പങ്കും അനിഷേധ്യമാണ്. ഇതും രാജവാഴ്ചക്കാലത്തിന്‍റെ മേന്മയായും തങ്ങളുടെ സര്‍ക്കാരുകളുടെകൂടി മേന്മയായും ആന്‍റണിയും ശിഷ്യഗണങ്ങളും പറയുമോ? കാര്യനിര്‍വഹണത്തിലെ വേഗതയും കൃത്യതയും വിവിധ വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിലെ മുഖ്യമന്ത്രിയുടെ നേതൃപാടവവും ഇപ്പോള്‍ ലോകം ആദരിക്കുന്ന കൊറോണക്കലത്തെ കേരള മാതൃകയുടെ സവിശേഷതയാണ്. ലോക്ഡൗണ്‍ കാലത്ത് ഒരാളും കേരളത്തില്‍ പട്ടിണി കിടക്കേണ്ടതായി വരില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തൊട്ടടുത്ത ദിവസം മുതല്‍ സംസ്ഥാനമാകെ സമൂഹ അടുക്കളകള്‍ നിലവില്‍ വന്നതും കേരളത്തിന്‍റേതു മാത്രമായ സവിശേഷതയാണ്. ഇതൊന്നും കാണാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ അന്ധത ബാധിച്ച ആന്‍റണിക്കും കൂട്ടര്‍ക്കും കഴിയില്ല.