സമരവേലിയേറ്റം അനിവാര്യമായ ഘട്ടം

ഴിഞ്ഞ ഞായറാഴ്ച യുപിയിലെ മുസഫര്‍ നഗറിലും ചൊവ്വാഴ്ച ഹരിയാനയിലെ കര്‍ണാലിലും നടന്ന കര്‍ഷക മഹാപഞ്ചായത്തുകള്‍ ബിജെപി നയിക്കുന്ന മോഡി സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ്.  ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപയും കൃഷിക്കാര്‍ക്ക് ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി ഉല്‍പ്പന്നവിലയും വാഗ്ദാനം ചെയ്തായിരുന്നു മോഡിയും കൂട്ടരും വോട്ട് പിടിച്ച് അധികാരത്തില്‍ എത്തിയത്. പാലം കടന്നപ്പോള്‍ കൂരായണ എന്നമട്ടില്‍ അധികാരത്തിലെത്തിയ മോഡി പ്രഭൃതികള്‍ വാഗ്ദാനമെല്ലാം അവഗണിച്ചെന്നു മാത്രമല്ല, പ്രയോഗത്തില്‍ നേര്‍വിപരീതം വരുത്തുകയും ചെയ്തു. അതിനു തെളിവാണ് ഒരാലോചനയും കൂടാതെ പാസാക്കിയ കര്‍ഷകരുടെ നടുവൊടിക്കുന്ന മൂന്നു കാര്‍ഷികനിയമങ്ങള്‍. ഇതിനെതിരായി ധനിക കര്‍ഷകര്‍ നേതൃത്വം നല്‍കി ആരംഭിച്ച സമരം പത്തുമാസമായി ഒട്ടും തളര്‍ച്ചയില്ലാതെ തുടരുകയാണ്. മാത്രമല്ല, അത് ഡല്‍ഹിയില്‍ നിന്നു ഹരിയാനയിലേക്കും യുപിയിലേക്കും വ്യാപിക്കുകയും ചെയ്തു.

ധനിക കൃഷിക്കാരെയും ഇടത്തരം-ദരിദ്ര കൃഷിക്കാരെയും തമ്മിലടിപ്പിക്കുന്ന തരത്തിലാണ് മോഡി സര്‍ക്കാരിന്‍റെ വാഗ്ദാനങ്ങള്‍. ധനികകൃഷിക്കാര്‍ക്ക് മിനിമം വില ലഭിക്കുന്ന വിപണി നിഷേധിച്ച് അവരെ കമ്പോളത്തിന്‍റെ ഗതിവിഗതികള്‍ക്ക് ഇരയാക്കുന്ന നയമാണ് മൂന്നു നിയമംവഴി കൊണ്ടുവന്നിരിക്കുന്നത്. ലോകമെങ്ങും കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞ് മുതലാളിത്ത സര്‍ക്കാരുകള്‍ തടിച്ചുകൊഴുക്കാന്‍ വന്‍കിട വ്യാപാരികളെ സഹായിക്കുന്നു. അതാണ് മൂന്നു പുതിയ നിയമങ്ങളുടെയും ലക്ഷ്യം. അതേ സമയം എണ്ണത്തില്‍ വളരെ കൂടുതലായ ഇടത്തരം ദരിദ്ര കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വില വാഗ്ദാനം ചെയ്യുന്നുമുണ്ട്. അങ്ങനെ കര്‍ഷക ഐക്യത്തെ അപ്പാടെ തകര്‍ക്കാനാണ് മോഡി സര്‍ക്കാരും ബിജെപിയും ലക്ഷ്യമിടുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ ലൈന്‍ തന്നെയാണ് മോഡി സര്‍ക്കാരും പിന്തുടരുന്നത്.

എന്നാല്‍, മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയ കര്‍ഷകര്‍ അതിനെ ഹിന്ദു-മുസ്ലീം മൈത്രിയുടെ മഹാപഞ്ചായത്താക്കി മാറ്റി. 2013ല്‍ ഇതേ സ്ഥലത്ത് ഹിന്ദു-മുസ്ലീം ഏറ്റുമുട്ടല്‍ വലിയ തോതില്‍ സൃഷ്ടിച്ചാണ് ജാട്ടുകളുടെയും മറ്റ് ഹിന്ദുവിഭാഗങ്ങളുടെയും വിശാല ഐക്യം ബിജെപി കെട്ടിപ്പടുത്തത്. ഇപ്പോള്‍ അവിടെ ഹിന്ദു-മുസ്ലീം ഐക്യം  ബിജെപിക്കെതിരെ രൂപപ്പെട്ടിരിക്കുന്നു.
കൃഷിക്കാരുടെ സമരത്തിനൊപ്പം തൊഴിലാളികളും അണിനിരന്നിട്ടുണ്ട്. കൃഷിക്കാരുടെ എന്നപോലെ തൊഴിലാളികളുടെയും നടുവൊടിക്കുന്നതാണ് മോഡി സര്‍ക്കാരിന്‍റെ നടപടികള്‍. തൊഴിലാളികള്‍ ദീര്‍ഘനാള്‍ സമരം ചെയ്ത് പല കാലങ്ങളിലായി നേടിയെടുത്ത കൂലി-സേവന അവകാശങ്ങള്‍ മിക്കതും ഏകപക്ഷീയമായി നിഷേധിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനെതിരെ രാഷ്ട്രീയഭേദമെന്യെ എല്ലാ തൊഴിലാളി സംഘടനകളും-ബിഎംഎസ് ഒഴികെ-അണിനിരന്നിരിക്കുന്നു. ബിഎംഎസ് പോലും അതിന്‍റേതായ രീതിയില്‍ മോഡി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരരംഗത്താണ്. അങ്ങനെ ഫലത്തില്‍ കൃഷിക്കാരെയും തൊഴിലാളികളെയും ഒന്നിപ്പിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍! തൊഴിലാളി സംഘടനകളും രാഷ്ട്രീയപാര്‍ടികളും കൃഷിക്കാരെക്കൂടി അണിനിരത്തുന്നതില്‍ പൊതുവില്‍ പരാജയപ്പെട്ടിരിക്കെയാണ് കൃഷിക്കാരെ സമരത്തിലേക്ക് മോഡി സര്‍ക്കാര്‍ തള്ളിവിട്ടത്.

കൃഷിക്കാര്‍, തൊഴിലാളികള്‍ എന്നീ അധ്വാനിക്കുന്ന വിഭാഗങ്ങള്‍ മാത്രമല്ല മോഡി സര്‍ക്കാരിനെതിരെ അണിനിരക്കുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍പെടുന്ന ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ശേഷിക്കുറവുള്ളവര്‍ എന്നീ വിഭാഗങ്ങളുടെ നേരെയും മോഡി സര്‍ക്കാരും അതിന്‍റെ പിന്‍ബലമായ സംഘപരിവാരവും നിയമപരമായും ശാരീരികമായും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. സര്‍ക്കാരിനോടും സമൂഹത്തോടും ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും പോകാത്തവരോടാണ് മോഡി സര്‍ക്കാരിന്‍റെ ഉറഞ്ഞുതുള്ളല്‍ മുഴുവന്‍. ഇത് ജനസാമാന്യത്തിന്‍റെ സ്വൈരജീവിതം രാജ്യത്ത് ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു.

കോവിഡ് മഹാമാരി മാനവരാശിക്കാകെ അഭൂതപൂര്‍വമായ ഒരു അനുഭവമാണ്. വികസിത-വികസ്വര രാജ്യങ്ങള്‍ മുഴുവന്‍ അവയുടെ കമ്പോളവും തൊഴില്‍ശാലകളുമെല്ലാം അടച്ചിടാന്‍ നിര്‍ബന്ധിതരായി. അതു സൃഷ്ടിച്ച നിസ്സഹായാവസ്ഥയെ നേരിടാന്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍പോലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും അധ്വാനിച്ചു ജീവിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസേവനങ്ങളുടെയും രൂപത്തില്‍ സൗജന്യ സഹായം നല്‍കുകയുണ്ടായി. ആ ലക്ഷ്യത്തോടെ വിപുലമായ പാക്കേജുകള്‍ അവ പ്രഖ്യാപിച്ചു. മോഡി സര്‍ക്കാരും പാക്കേജ് പ്രഖ്യാപിച്ചെങ്കിലും, അവയുടെ പ്രയോജനം ലഭിച്ചത് മുഖ്യമായും വന്‍കിട വ്യവസായി-വ്യാപാരികള്‍ക്കാണ്. ഏറ്റവും ദരിദ്രര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഇത് ആപല്‍ക്കരമാണെന്നും തിരുത്തണമെന്നും സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികളും മറ്റും ഉപദേശിച്ചിട്ടും, മിക്ക രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടും, നയവും നടപടികളും തിരുത്താതെ ലക്ഷക്കണക്കിനു ആളുകളെ പട്ടിണി മരണങ്ങള്‍ക്കും മറ്റു തരത്തിലുള്ള ദുരന്തങ്ങള്‍ക്കും ഇരയാക്കിക്കൊണ്ടിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ജനങ്ങളെ സംബന്ധിച്ചിടത്തോളം അസഹനീയമായി തീര്‍ന്നിരിക്കുന്നു മോഡി വാഴ്ചയും സംഘപരിവാരത്തിന്‍റെ വിളയാട്ടങ്ങളും.

ഈ പശ്ചാത്തലത്തിലാണ് കര്‍ഷകരും തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും എല്ലാം ചേര്‍ന്ന് സെപ്തംബര്‍ 27നു ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. മുസഫര്‍ നഗറില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്താണ് ബന്ദ് പ്രഖ്യാപിച്ചത്.മുമ്പു പറഞ്ഞതുപോലെ അത് യുപിയിലെ 20 ശതമാനം വരുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ബിജെപിക്കെതിരെ അണിനിരക്കുന്ന സമരമാക്കി മാറ്റുന്നതില്‍ ആദ്യഘട്ടത്തിലെങ്കിലും കര്‍ഷകര്‍ വിജയിച്ചിരിക്കുകയാണ്. ധനികരായാലും ദരിദ്രരായാലും, കര്‍ഷകരുടെ ഇന്നത്തെ പ്രധാന പ്രശ്നം നിലനില്‍പ്പിന്‍റേതാണ്. തങ്ങളെ അപ്പാടെ അടിച്ചോടിച്ച് കൃഷി ഭൂമി മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് മുതലാളിത്ത ഫാമിങ് നടത്താന്‍ ഏല്‍പ്പിച്ചുകൊടുക്കാനാണ് മോഡി സര്‍ക്കാരിന്‍റെ നീക്കം. അതുപോലെ തൊഴിലാളികളെ മുഴുവന്‍ അടിമ സമാന സ്ഥിതിയിലേക്ക് ചവിട്ടിത്താഴ്ത്തി കുത്തകമുതലാളിമാര്‍ക്ക് ലാഭം കുന്നുകൂട്ടാനും വഴിയൊരുക്കുന്നു. ഈ കര്‍ഷക-വ്യവസായ മുതലാളിമാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകള്‍ വാങ്ങി ഉപയോഗിക്കാന്‍ ആരുണ്ടാകുമെന്ന് തങ്ങളുടെ സര്‍വതും അംബാനി-അദാനി പ്രഭൃതികള്‍ക്ക് അടിയറവച്ച മോഡിയും കൂട്ടരും ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല.

ഇവരുടെ ഈ പോക്ക് രാജ്യത്തെ അപ്പാടെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞാണ് എല്ലാ വിഭാഗം കൃഷിക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി മോഡി സര്‍ക്കാരിനെതിരെ അണിനിരക്കുന്നത്. മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ഷകവിരുദ്ധ-തൊഴിലാളി വിരുദ്ധ കരിനിയമങ്ങളെയാകെ പരാജയപ്പെടുത്തണം. തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റ് അധ്വാനിക്കുന്നവര്‍ക്കും ജീവിക്കാനും വളരാനും മതനിരപേക്ഷ ജനാധിപത്യവാഴ്ച ഇവിടെ ഉറപ്പാക്കാനുമാണ് ഈ സമരം. അതിന്‍റെ അടുത്ത പടി സെപ്തംബര്‍ 27ന്‍റെ ഭാരത് ബന്ദാണ്. അതു വിജയിപ്പിക്കേണ്ടത് തൊഴിലാളി-കര്‍ഷകാദി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയെല്ലാം ആവശ്യമാണ്; വര്‍ഗീയതയെയും അമിതാധികാര പ്രവണതയെയും അടിച്ചമര്‍ത്തേണ്ടതും.•