വേണം കാര്‍ഷിക സഹകരണ നിയമം 

പി കൃഷ്ണപ്രസാദ്

ലോക മുതലാളിത്ത രാജ്യങ്ങളാകെ അഗാധമായ വ്യവസ്ഥാ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കൊറോണ മഹാമാരിയുടെ കടന്നാക്രമണം. ലോക മുതലാളിത്ത രാജ്യങ്ങളുടെ തലവനായ അമേരിക്ക കോവിഡ് പ്രതിരോധത്തില്‍ കാലിടറി കനത്ത വില കൊടുക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും ദൗര്‍ഭാഗ്യവശാല്‍ അമേരിക്കയിലാണ്. സ്വകാര്യലാഭത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത സമൂഹത്തില്‍ സാമൂഹ്യസുരക്ഷിതത്വം എത്രമാത്രം ദുര്‍ബലമാണ് എന്ന് തുറന്നു കാണിക്കുകയാണ് കൊറോണ എന്ന രോഗവിഷാണൂ. കൊറോണയ്ക്കുശേഷം ലോകത്തെവിടെയും മുതലാളിത്ത രാജ്യങ്ങള്‍ക്ക് പഴയതുപോലെ തുടരാനാവില്ല എന്നു വ്യക്തം. 


മറുഭാഗത്ത് ചൈനയും ക്യൂബയും ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ്  രാഷ്ട്രങ്ങളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറും ജനങ്ങള്‍ക്ക് ജീവസംരക്ഷണം നല്‍കുന്നതില്‍ വിജയിക്കുന്നു. മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യത്തില്‍ പ്രധാനമാണ് ജനങ്ങളുടെ ആരോഗ്യ, ഭക്ഷ്യ, സാമ്പത്തിക സുരക്ഷാനയങ്ങള്‍ ആവിഷ്കരിച്ച് ബഹുജനപങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ദീര്‍ഘദൃഷ്ടിയോടെയുള്ള സമീപനം. നയപരമായ ഈ സവിശേഷതയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ കേരള മാതൃക ഇന്ത്യയിലും ലോകത്താകെയും അംഗീകാരം പിടിച്ചുവാങ്ങാന്‍ കാരണം. 


ഭക്ഷ്യസുരക്ഷ തകര്‍ക്കുന്ന 
കേന്ദ്ര സര്‍ക്കാര്‍


ദൗര്‍ഭാഗ്യവശാല്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിസന്ധിയുടെ മറവില്‍ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. 'ഒരു രാജ്യം ഒരു വിപണി' മുദ്രാവാക്യത്തിലൂടെ 1955 ലെ അവശ്യ സാധന നിയമം (ഋലൈിശേമഹ ഇീാാീറശശേലെ അരേ 1955) ഭേദഗതി ചെയ്ത്  യാതൊരു തടസ്സവുമില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അന്തര്‍ സംസ്ഥാന വ്യാപാരം നടത്താന്‍ അഗ്രി ബിസിനിസ് കുത്തക കമ്പനികളെ മോഡി സര്‍ക്കാര്‍ അനുവദിക്കുന്നു; അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് ആക്റ്റ് ഇല്ലാതാക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണിവ. എന്നാല്‍ വിളകള്‍ക്ക് മിനിമം വിലയായി ഉത്പാദന ചെലവും അതിന്‍റെ 50% വും ഉറപ്പുവരുത്തി സംഭരിക്കാനുള്ള നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. രാജ്യത്തെവിടെ നിന്നും കര്‍ഷകരില്‍ നിന്നും ഉള്ളിയും ഉരുളക്കിഴങ്ങും അരിയും ഗോതമ്പും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കാനും യാതൊരു നിയന്ത്രണ പരിധിയുമില്ലാതെ കരിഞ്ചന്തയില്‍ കൂട്ടിവെക്കാനും യാതൊരു വില നിയന്ത്രണവും ബാധകമാകാതെ വിറ്റ് ലാഭമുണ്ടാക്കാനും വന്‍കിട കമ്പനികള്‍ക്ക് അനുവാദം നല്‍കി. അഗ്രി ബിസിനിസ് മേഖലയില്‍ കോള്‍ഡ് ചെയിന്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ജനദ്രോഹമാണ്  മോഡി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആര്‍എസ്എസ് നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം വിളവെടുക്കാന്‍ പോലും കഴിയാതെപോയ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കാനോ നികുതി അടയ്ക്കാനുള്ള പരിധിക്കു താഴെയുള്ള 23 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നല്‍കാനോ സര്‍ക്കാര്‍ തയ്യാറല്ല. 


130 വര്‍ഷം മുമ്പ് ചിക്കാഗോയില്‍ സ്വന്തം  ചോര ചിന്തി സമരം ചെയ്തു ലോക തൊഴിലാളി വര്‍ഗം നേടിയെടുത്ത 8 മണിക്കൂര്‍ ജോലി എന്ന അവകാശം 12 മണിക്കൂര്‍ വരെ പണിയെടുപ്പിക്കാനുള്ള നിയമ ഭേദഗതിയിലൂടെ ബിജെപിയും കോണ്‍ഗ്രസ്സും നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നഗ്നമായി അപഹരിക്കുകയാണ്. കര്‍ഷകന് മിനിമം വിലയും തൊഴിലാളിക്ക് മിനിമം വേതനവും നിഷേധിച്ച് രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ തകര്‍ത്ത് വ്യവസ്ഥാ പ്രതിസന്ധി നേരിടുന്ന ലോക മുതലാളിത്തത്തെ താങ്ങി നിര്‍ത്താം എന്ന വ്യമോഹത്തിലാണ് മോഡി സര്‍ക്കാര്‍. 


കൊറോണക്കാലത്ത് പാഠം പഠിച്ച സ്പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവ ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ ആരോഗ്യം, റെയില്‍വേ, ഗതാഗതം എന്നീ മേഖലകളെ സാമൂഹ്യവല്‍ക്കരിക്കുകയാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യരക്ഷാ വകുപ്പു പോലും സ്വകാര്യവല്‍ക്കരിച്ച് പരിഹാസ്യരാകുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ബാങ്ക് ദേശസാല്‍ക്കരണം അടക്കം കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള നയങ്ങളാണ് കോണ്‍ഗ്രസ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്വീകരിച്ചത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓര്‍ക്കുന്നത് നല്ലതാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ക്രയശേഷി വര്‍ദ്ധിപ്പിച്ചു വിപണിയെ മാന്ദ്യത്തില്‍ നിന്നു കരകയറ്റുകയാണ് വ്യാവസായിക - വ്യാപാര മേഖലകളെ സഹായിക്കാന്‍ സ്വീകരിക്കേണ്ട നയം. അതിനു കടക വിരുദ്ധമായ, ഉള്ള ജനപിന്തുണ നഷ്ടപ്പെടുത്തുന്ന നയം സ്വീകരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി നിര്‍ബന്ധിതനാകാന്‍ കാരണം കോര്‍പറേറ്റ് കമ്പനികളോട് ആര്‍എസ്എസിനും ബിജെപിക്കുമുള്ള ദാസ്യമാണ്. 


കേരളത്തിന്‍റെ 
വ്യവസായവല്‍ക്കരണ ഘട്ടം 


മുതലാളിത്തത്തെ മറികടക്കാനുള്ള തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രയോഗത്തിന്‍റെ ഭാഗമാണ് ഭക്ഷ്യ സുരക്ഷ. ഭക്ഷ്യ സ്വയം പര്യാപ്തത ഇല്ലാത്ത ഒരു സമൂഹത്തിന് അതിന്‍റെ രാഷ്ട്രീയ അടിത്തറ സംരക്ഷിക്കാനാവില്ല. മേല്‍ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കേരളത്തിലെ തൊഴിലാളി - കര്‍ഷക വര്‍ഗങ്ങളെ പ്രാപ്തരാക്കുകയെന്ന ഏറ്റവും കാലികമായ രാഷ്ട്രീയ ചുമതലയാണ് സുഭിക്ഷ കേരളം പദ്ധതി നിര്‍വഹിക്കുന്നത്.


 കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ധനിക കര്‍ഷകരും കര്‍ഷക മുതലാളിത്തവും ഒരു ഭാഗത്തും കര്‍ഷകത്തൊഴിലാളികളും ദരിദ്ര ഇടത്തരം കര്‍ഷക വര്‍ഗങ്ങളും മറുഭാഗത്തും അണിനിരക്കുന്ന പോരാട്ടമാണ് നടക്കുന്നത്. ഭൂപരിഷ്കരണത്തിനു ശേഷം എണ്‍പതുകളുടെ ആദ്യ പകുതിയോടെ കേരളം ഏറ്റെടുക്കേണ്ടിയിരുന്ന കടമയാണ് കാര്‍ഷിക വിളകള്‍ സംസ്കരിച്ചു മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആധുനിക കാര്‍ഷിക സംസ്കരണ വ്യവസായങ്ങളും ആധുനിക ശീതീകരണ സംഭരണ സംവിധാനങ്ങളും വ്യാപാര വിപണന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന നിയമനിര്‍മ്മാണം. കാര്‍ഷിക വിപ്ലവത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്  ആഭ്യന്തര വ്യവസായവല്‍ക്കരണ ഘട്ടം മുന്നേറാനും രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനമായി ഉയരാനും കേരളത്തെ സജ്ജമാക്കുന്നതിലൂടെ തൊഴിലാളി വര്‍ഗ ത്തിന്‍റെ രാഷ്ട്രീയ മേല്‍ക്കൈ കേരളത്തിലും രാജ്യത്താകെയും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. കോര്‍പ്പറേറ്റ് കൃഷിക്കെതിരെ കോഓപ്പറേറ്റീവ് കൃഷി എന്ന ബദല്‍ കാര്‍ഷിക നയം രാജ്യത്തിന് മാതൃകയാവുന്ന വിധം വികസിപ്പിക്കാനാവും. 


വിള അടിസ്ഥാനത്തില്‍ കര്‍ഷക ഫെഡറേഷനുകള്‍ രൂപികരിക്കുക എന്നത് മേല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണ്ണായകമാണ്. 2019 ജൂലൈ മാസം അഖിലേന്ത്യാ കിസാന്‍ സഭയുടെ ഹൈദരാബാദ് കൗണ്‍സില്‍ യോഗത്തിന്‍റെ മുഖ്യ തീരുമാനമാണത്. വന്‍കിട കാര്‍ഷിക വ്യവസായ കമ്പനികളുടെയും അവയുടെ ഇടത്തട്ടുകാരുടെയും ചൂഷണം ഒഴിവാക്കാന്‍ വിള അടിസ്ഥാനത്തില്‍ കര്‍ഷക ഫെഡറേഷനുകളെ പ്രോത്സാഹിപ്പിക്കുകയും അവയുടെ നേതൃത്വത്തില്‍ ആധുനിക കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ നേരിട്ട് സ്ഥാപിക്കുകയോ സംസ്കരണ സംരംഭങ്ങളുമായി  സഹകരിക്കുകയോ ചെയ്യാവുന്നതാണ്.


കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഓരോ വിളയും അടിസ്ഥാനമാക്കി കര്‍ഷകരുടേയും തൊഴിലാളികളുടെയും കൂട്ടായ ഉടമസ്ഥതയില്‍ ആധുനിക കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സുഭിക്ഷ കേരളം പദ്ധതി മുന്‍ഗണന നല്‍കുന്നുണ്ട്. അതിലൂടെ ദരിദ്ര ചെറുകിട ഇടത്തരം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സഹകരണ കൃഷിയില്‍ അണിനിരത്തണം. അതിനു കര്‍ഷക -കര്‍ഷകത്തൊഴിലാളി, ആദിവാസി പ്രസ്ഥാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. 


കാര്‍ഷിക മേഖല സമഗ്രമായി പുന;സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കാനും മൂലധനം ലഭ്യമാക്കാനും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കുശേഷിയുണ്ട്. നബാര്‍ഡിന്‍റെ മാതൃകയില്‍ കേരള ബാങ്കിന് കീഴില്‍ കാര്‍ഷിക - കാര്‍ഷിക വ്യവസായ ڊഗ്രാമീണ വികസന ബാങ്ക് സ്ഥാപിച്ചു കാര്‍ഷിക വ്യവസായങ്ങളുടെ വികസനത്തിന് മൂലധന പിന്തുണ ഉറപ്പുവരുത്തണം. മലബാര്‍ മീറ്റ് പദ്ധതി, കേരള ചിക്കന്‍ പദ്ധതി, വയനാട് കോഫി പദ്ധതി എന്നിവയുടെ മാതൃകയില്‍ നാളികേരം, റബ്ബര്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ചക്ക, മത്സ്യം തുടങ്ങി എല്ലാ വിളകളും അടിസ്ഥാനമാക്കി വിവിധ ജില്ലകളിലെ സവിശേഷ സാധ്യതകള്‍ അടിസ്ഥാനമാക്കി നൂറുകണക്കിന് സംസ്കരണ വ്യവസായങ്ങള്‍ കേരളത്തിലാകെ ആരംഭിക്കാവുന്നതാണ്. അതതു ജില്ലകളിലെ കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതൃത്വം പദ്ധതിയുടെ വിജയം ഉറപ്പുവരുത്താന്‍ സഹായകരമാകും.


കാര്‍ഷിക വിപ്ലവത്തിലേക്ക് 
മുന്നേറ്റം


ജനകീയ ജനാധിപത്യ വിപ്ലവത്തിന്‍റെ ഹൃദയം കാര്‍ഷിക വിപ്ലവമാണ്. അതിനു രണ്ടു ഘട്ടങ്ങളുണ്ട്. കൃഷി ഭൂമിയിലെ ജന്മിത്വ ഉടമസ്ഥത ഇല്ലാതാക്കുന്ന ഭൂ പരിഷ്കരണ ഘട്ടം. രണ്ടാമത്തേത് കാര്‍ഷിക ഉത്പന്നങ്ങളെ സംസ്കരിച്ചു മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്കും വ്യാപാരത്തിലേക്കും  മുന്നേറുന്ന വ്യവസായവല്‍ക്കരണ ഘട്ടം. ഈ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും നയിക്കുന്ന മുതലാളിത്ത സര്‍ക്കാരുകള്‍ കര്‍ഷകരെ പാപ്പരീകരിച്ചു സ്വകാര്യ അഗ്രി ബിസിനിസ് കമ്പനികള്‍ക്ക് കുത്തകകളായി വളരാന്‍ സഹായകരമായ നയം ആണ്  പൊതുവേ സ്വീകരിക്കുക. എന്നാല്‍ തൊഴിലാളി വര്‍ഗം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരുകള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ ഉടമസ്ഥതയില്‍ ആധുനിക വ്യവസായങ്ങള്‍ സ്ഥാപിക്കുന്ന സഹകരണ കൃഷി നയമാണ് ഈ ഘട്ടത്തില്‍ മുന്നോട്ടുവെക്കുക. കര്‍ഷകരുടെയും തൊഴിലാളികളുടെയും അദ്ധ്വാന ഫലമായി ഉത്പാദിപ്പിക്കുന്ന മിച്ചം അധിക വിലയും അധിക വേതനവും ആയി വിതരണം ചെയ്യാന്‍ സഹകരണ കൃഷി സഹായകരമാണ്. 
കേരള കാര്‍ഷിക പരിഷ്കരണ (കാര്‍ഷികോല്‍പാദന സംസ്കരണ വ്യവസായ വിപണന) സഹകരണ നിയമം നിര്‍മ്മിക്കാന്‍ കേരളത്തിലെ എല്‍ ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കണം. 1957 ലെ ഇ എം എസ് സര്‍ക്കാര്‍ നിര്‍മ്മിച്ച കേരള ഭൂപരിഷ്കരണ നിയമത്തിനു തുടര്‍ച്ചയായി കൃഷിയെ ആധുനികവല്‍ക്കരിച്ചു വ്യവസയവല്‍ക്കരണത്തിലേക്ക് മുന്നേറാനുള്ള വിപ്ലവകരമായ നടപടിയാകുമത്. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കുകൂടി ബദല്‍ മാര്‍ഗം എന്താണെന്നു ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ നീക്കമായി ഭാവിയില്‍ അത് വിലയിരുത്തപ്പെടും; രാജ്യത്താകെയുള്ള കര്‍ഷക പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരും. 


ഭൂപരിഷ്കരണത്തിനു ശേഷം നടക്കേണ്ട വിള അടിസ്ഥാനത്തില്‍ കര്‍ഷക ഫെഡറേഷനുകള്‍ രൂപികരിച്ചു സഹകരണ കൃഷി പ്രോത്സാഹിപ്പിച്ച് സംസ്കരണ വ്യവസായങ്ങളും ഓണ്‍ലൈന്‍ വ്യപാരമടക്കം സംഭരണവിപണന സംവിധാനങ്ങളുമായി ഏകോപനത്തിലൂടെ ആധുനിക വ്യവസായവല്‍ക്കൃത സമൂഹത്തിലേക്കു മുന്നേറുക എന്ന ശരിയായ പാതയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ മാറ്റാനുതകുന്ന ചരിത്രപരമായ ചുമതലയാണ് സഹകരണ കൃഷിയിലൂടെ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നത്.

അതിലൂടെ ഇന്ന് തങ്ങള്‍ക്കൊപ്പം ഇല്ലാത്ത ഇടത്തരം ധനിക കര്‍ഷകരും വ്യവസായികളും വ്യാപാരികളും അടക്കം കുത്തക മുതലാളിത്ത ചൂഷണം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും രാഷ്ട്രീയമായി അണിനിരത്താന്‍ ഇടതുപക്ഷം ശക്തിനേടും.  കോര്‍പറേറ്റ് കാര്‍ഷിക കമ്പനികള്‍ക്കെതിരെ രാജ്യത്താകെ കര്‍ഷകര്‍ അണിനിരക്കുന്ന പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി കേരളത്തിലെ കര്‍ഷകപ്രസ്ഥാനം ശക്തിയാര്‍ജ്ജിക്കും. മിനിമം വിലയും മിനിമം വേതനവും മുന്‍ നിര്‍ത്തി രാജ്യത്താകെ തൊഴിലാളി - കര്‍ഷക ഐക്യം വളര്‍ത്തിയെടുക്കാന്‍ കേരള മാതൃക ആവേശം പകരും.
(അവസാനിച്ചു)