തൊഴിലാളിവര്‍ഗ  മുന്നേറ്റം-1946

പീപ്പിള്‍സ് ഡെമോക്രസി

രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിലെ വ്യാവസായിക തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിലും അല്‍പ്പം കൂടി വര്‍ധിച്ചു. യുദ്ധം അവസാനിച്ചശേഷം (1945), തങ്ങളുടെ സ്ഥിതി മെച്ചപ്പെടുമെന്ന് തൊഴിലാളികള്‍ പ്രതീക്ഷിച്ചു. നേരെമറിച്ച് അവരുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്. ഒട്ടേറെ യൂണിയനുകള്‍ക്കും അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിനും (എഐടിയുസി) നേതൃത്വം നല്‍കിയിരുന്ന കമ്യൂണിസ്റ്റുകാര്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന്‍റെയും വമ്പിച്ച സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെയും മുന്‍നിരയിലുണ്ടായിരുന്നു.


യുദ്ധം അവസാനിച്ചതിനെതുടര്‍ന്ന് തൊഴിലാളിവര്‍ഗം രണ്ട് പ്രധാന പ്രശ്നങ്ങള്‍ നേരിട്ടു- യുദ്ധകാലത്ത് റിക്രൂട്ട് ചെയ്തവരുടെ കൂട്ടപ്പിരിച്ചുവിടലും കൂലി വെട്ടിക്കുറയ്ക്കലും. ലണ്ടനിലെ ദ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു കണക്കുപ്രകാരം വിവിധ ട്രേഡുകളില്‍, പ്രൊഫഷനുകളില്‍, തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന 50 ലക്ഷംമുതല്‍ 70 ലക്ഷം വരെ തൊഴിലാളികള്‍ വ്യവസായ തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും സൈനികരുംവരെ-യുദ്ധാനന്തരം പിരിച്ചുവിടപ്പെട്ടു. ഇതിനെല്ലാമുപരിയായി 1946 ജനുവരിക്കും സെപ്തംബറിനുമിടയ്ക്ക് ജീവിതച്ചെലവ് സൂചികയില്‍ 15 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. യുദ്ധകാലത്ത് തൊഴിലാളിവര്‍ഗം നേടിയെടുത്ത ജീവിതച്ചെലവ് നേരിടാനുള്ള ബോണസ്, വിലക്കയറ്റം നേരിടാന്‍ പര്യാപ്തമാകാതെ വന്നു. സര്‍വോപരി, രാജ്യത്ത് ഭക്ഷ്യധാന്യക്ഷാമവുമുണ്ടായി; റേഷന്‍ സാധനങ്ങളുടെ ലഭ്യതയില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയതിലൂടെ ഇതിന്‍റെ ഭാരമാകെ അധ്വാനിക്കുന്ന ജനങ്ങളുടെ ചുമലില്‍തന്നെ വന്നുപതിച്ചു. രാജ്യത്തുടനീളം വമ്പിച്ച സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടാണ് തൊഴിലാളിവര്‍ഗം ഈ കടന്നാക്രമണത്തെ നേരിട്ടത്. 1946ല്‍ പണിമുടക്കുകളുടെ എണ്ണത്തിലുണ്ടായ അസാധാരണമായ വര്‍ധനവ് തൊഴിലാളിവര്‍ഗം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പിന്‍റെ സൂചനയാണ്. ആ ഒരു വര്‍ഷം മാത്രം 1629 പണിമുടക്കെങ്കിലും നടന്നിട്ടുണ്ട്. അവയില്‍ 19,61,948 തൊഴിലാളികള്‍ പങ്കെടുത്തു. 1945ല്‍ നടന്ന പണിമുടക്കുകളുടെ എണ്ണത്തിന്‍റെ ഏകദേശം ഇരട്ടിയാണിത്; ആ പണിമുടക്കുകളില്‍ പങ്കെടുത്ത തൊഴിലാളികളുടെ എണ്ണമാകട്ടെ രണ്ടര ഇരട്ടി അധികമായിരുന്നു.


ദേശീയവും സാമ്രാജ്യത്വ വിരുദ്ധവുമായ ഓരോ പ്രശ്നത്തോടുമുള്ള അവരുടെ പ്രതികരണമുണ്ടായപ്പോഴെല്ലാം പണിമുടക്കുന്ന തൊഴിലാളികളുടെ ശക്തമായ സമരാവേശം പ്രകടമായി. റെയില്‍വേയില്‍ പണിമുടക്ക് ബാലറ്റ് എടുത്തപ്പോള്‍ 100 ശതമാനം തൊഴിലാളികളും പണിമുടക്കിനനുകൂലമായി തന്നെ വോട്ട് ചെയ്തു. മിക്കവാറും എല്ലാ വിഭാഗം ജീവനക്കാരും- ബാങ്ക് ക്ലര്‍ക്കുമാരും പ്യൂണ്‍മാരും പ്രൈമറി അധ്യാപകരും ഗവണ്‍മെന്‍റ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. യുദ്ധാന്തരവര്‍ഷങ്ങളില്‍ നടന്ന പണിമുടക്ക് പരമ്പരകളുടെ ശ്രദ്ധേയമായ ഒരു സവിശേഷത ഗവണ്‍മെന്‍റ് ജീവനക്കാരുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ഇടത്തരംവര്‍ഗക്കാരായ ജീവനക്കാര്‍ പണിമുടക്ക് പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്നതാണ്. ഗവണ്‍മെന്‍റ് ജീവനക്കാരുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും സംഘടിത തൊഴിലാളിവര്‍ഗത്തിന്‍റെ സമരങ്ങളുമായും പ്രക്ഷോഭങ്ങളുമായും ബന്ധപ്പെടുത്താന്‍ സാധ്യമാണെന്ന് ട്രേഡ് യൂണിയന്‍ തൊഴിലാളികളോ ഗവണ്‍മെന്‍റ് ജീവനക്കാരോ ഒരിക്കലും ചിന്തിച്ചിരുന്നില്ല.


തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന അസംതൃപ്തിക്കും അമര്‍ഷത്തിനും സംഘടിതരൂപം നല്‍കാന്‍ എഐടിയുസിയിലെ കമ്യൂണിസ്റ്റ് നേതൃത്വം സജീവമായ പങ്ക് വഹിച്ചു. പിരിച്ചുവിടലുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കുന്നതും മിനിമംകൂലിയും എട്ടുമണിക്കൂര്‍ പ്രവൃത്തിസമയവും ആരോഗ്യഇന്‍ഷുറന്‍സും വാര്‍ധക്യകാലപെന്‍ഷനും തൊഴിലില്ലായ്മ അലവന്‍സും മറ്റു നിരവധി സാമൂഹിക സുരക്ഷാ അലവന്‍സുകളും മറ്റും സംബന്ധിച്ച ഡിമാന്‍ഡുകള്‍ അവര്‍ ഉന്നയിച്ചു.


ബംഗാള്‍, ബിഹാര്‍, ഒറിസ, പഞ്ചാബ്, ബോംബെ, മദ്രാസ്, യുണൈറ്റഡ് പ്രൊവിന്‍സ് തുടങ്ങിയവയിലെ വ്യത്യസ്ത വ്യവസായകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ പണിമുടക്ക് സമരങ്ങളുടെ ഒരു പരമ്പരയില്‍തന്നെ ഏര്‍പ്പെട്ടു. പാറ്റ്ന, ബഗുസരായ് പോലെയുള്ള ചില സ്ഥലങ്ങളില്‍ പൊലീസുകാര്‍ പോലും തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങ ള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തി.


ഈ ഉശിരന്‍ തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് പൊലീസ് വെടിവയ്പിനെയും മറ്റു കടുത്ത മര്‍ദന നടപടികളെയുമാണ് ഗവണ്‍മെന്‍റ് ആശ്രയിച്ചത്. ഒട്ടേറെ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു; നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു; നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ ആവേശകരമായ തൊഴിലാളി വര്‍ഗസമരങ്ങള്‍ ബഹുജനങ്ങള്‍ക്കിടയില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു പ്രചോദനമായി.


ഈ കാലഘട്ടത്തില്‍ രാജ്യത്തെയാകെ ഇളക്കിമറിക്കുകയും വ്യാപകമായ ഐക്യദാര്‍ഢ്യത്തിനിടയാക്കുകയും ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സമരം പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും പണിമുടക്കായിരുന്നു. കമ്പി-തപാല്‍ തൊഴിലാളികളുടെ സമരം തങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുനേരെയുള്ള ബഹുമുഖമായ ആക്രമണത്തിനെതിരെ തൊഴിലാളിവര്‍ഗം നടത്തിയ ദൃഢനിശ്ചയത്തോടുകൂടിയ ചെറുത്തുനില്‍പ്പിന്‍റെ ഭാഗമായിരുന്നു. അപര്യാപ്തമായ വേതനഘടനയും തൃപ്തികരമല്ലാത്ത തൊഴില്‍ സാഹചര്യവും തപാല്‍ തൊഴിലാളികളെ പണിമുടക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. അവര്‍ ഒരു 16 ഇന അവകാശപത്രിക ഗവണ്‍മെന്‍റിനുമുന്നില്‍ അവതരിപ്പിച്ചു; മറ്റു പല ആവശ്യങ്ങളുടെയും കൂട്ടത്തില്‍ ശമ്പളവര്‍ധനവ് എന്ന ആവശ്യവും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഗവണ്‍മെന്‍റ് വിസമ്മതിച്ചു; പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു; പോസ്റ്റല്‍ യൂണിയനിലെ താഴ്ന്ന ഗ്രേഡിലുള്ള ജീവനക്കാര്‍ അചഞ്ചലരായി പണിമുടക്കുമായി മുന്നോട്ടുപോയി. അതിനുസമാന്തരമായി അഖിലേന്ത്യ ടെലഗ്രാഫ് യൂണിയനും പണിമുടക്കിന് ആഹ്വാനം നല്‍കി. ആര്‍എംഎസ് തൊഴിലാളികളും പണിമുടക്ക് ആഹ്വാനത്തില്‍ അണിചേരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റിലെ ലോവര്‍ ഗ്രേഡ് ജീവനക്കാര്‍ നല്‍കിയ പണിമുടക്ക് ആഹ്വാനം പെട്ടെന്നുതന്നെ കമ്പി-തപാല്‍ വകുപ്പിനെയാകെ ഗ്രസിച്ചു; രാജ്യത്തുടനീളം അത് പടര്‍ന്നുപിടിച്ചു.


ബംഗാള്‍, ആസ്സാം, ബോംബെ, മദ്രാസ്, ഡല്‍ഹി, രജപുത്താന, സെന്‍ട്രല്‍ പ്രൊവിന്‍സ്, ബെറാര്‍, സിദ്ധ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് പ്രത്യേകിച്ചും വിജയമായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ കടുത്ത തൊഴിലാളി വിരുദ്ധസമീപനത്തിനെതിരായി അഴിച്ചുവിടപ്പെട്ട കരുത്തുറ്റ പ്രതിഷേധങ്ങളുടെ ഭാഗമായാണ് പണിമുടക്കിയ തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭത്തെ കണ്ടത്. തൊഴിലാളിവര്‍ഗവും പൊരുതുന്ന ബഹുജനങ്ങളും ഈ സമരത്തെ സാമ്രാജ്യത്വ വിരുദ്ധ ജനകീയ മുന്നേറ്റത്തിന്‍റെ അവിഭാജ്യഭാഗമായാണ് പരിഗണിച്ചത്; തൊഴിലാളിവര്‍ഗത്തിന്‍റെയും ജനസാമാന്യത്തിന്‍റെയാകെയും സജീവമായ പിന്തുണ ലഭിച്ചതോടെ ഈ സാമ്പത്തിക സമരം സാമ്രാജ്യത്വവിരുദ്ധ ദേശീയ സമരത്തിന്‍റെ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 


കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്‍റെ നേതാക്കളും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റിലെ പണിമുടക്കില്‍ സജീവ പങ്കുവഹിക്കുക മാത്രമല്ല ചെയ്തത് മറിച്ച് പണിമുടക്കുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. കമ്യൂണിസ്റ്റുകാര്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന വിദ്യാര്‍ഥി സംഘടനകളും മറ്റു ബഹുജനസംഘടനകളും ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളില്‍ അണിനിരന്നു. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും പണിമുടക്കിന് പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസ് ഈ സമരത്തിന് പിന്തുണ പ്രകടിപ്പിച്ചില്ല. സര്‍വോപരി, പണിമുടക്ക് പൊതുജനങ്ങള്‍ക്ക് അസൗകര്യത്തിനിടയാക്കുമെന്നും അത് 'ദേശീയ താല്‍പര്യ'ത്തിനു ഹാനികരമാണെന്നുമുള്ള കാരണങ്ങളാല്‍ പണിമുടക്ക് പിന്‍വലിക്കാന്‍ നെഹ്റു തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. 


പണിമുടക്കിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് വിസമ്മതമുണ്ടായിട്ടും പണിമുടക്കിനുണ്ടായ അളവറ്റ ജനപിന്തുണയ്ക്ക് വഴങ്ങി പണിമുടക്കുന്ന തൊഴിലാളികളുടെ ഡിമാന്‍ഡുകള്‍ പരിഗണിക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. തൊഴിലാളികളുടെ 12 ആവശ്യങ്ങള്‍ അവര്‍ അംഗീകരിക്കുകയും കമ്പി-തപാല്‍ തൊഴിലാളികള്‍ക്ക് 'നല്ല പെരുമാറ്റ ശമ്പളം' എന്ന നിലയില്‍ ഒരു കോടി രൂപ ചെലവഴിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ആത്യന്തികമായി 1946 ആഗസ്തില്‍ പണിമുടക്ക് പിന്‍വലിക്കപ്പെട്ടു.


രാജ്യത്തെയാകെ പിടിച്ചുലച്ച മറ്റൊരു പ്രധാന തൊഴിലാളിവര്‍ഗ പ്രക്ഷോഭം റയില്‍വെ തൊഴിലാളികളുടെ പണിമുടക്കായിരുന്നു. 1946 ആഗസ്ത് - സെപ്തംബര്‍ കാലത്ത് സൗത്ത് ഇന്ത്യന്‍ റയില്‍വെയിലെ തൊഴിലാളികള്‍ പണിമുടക്ക് നടത്തി. പണിമുടക്കിയ റയില്‍വെ തൊഴിലാളികള്‍ക്കെതിരെ അധികൃതര്‍ അതിനിഷ്ഠുരമായ മര്‍ദന നടപടികള്‍ കൈക്കൊണ്ടു. തല്‍ഫലമായി, പൊലീസ് വെടിവയ്പില്‍ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 400-ലേറെ തൊഴിലാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. പണിമുടക്കുന്ന റയില്‍വെ തൊഴിലാളികളോടുള്ള ഐക്യദാര്‍ഢ്യദിനമായി സെപ്തംബര്‍ 18 ആചരിക്കാന്‍ എഐടിയുസി ആഹ്വാനം നല്‍കി. അതിനോടുള്ള പ്രതികരണമായി രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ റാലികളും പ്രകടനങ്ങളും നടത്തുകയുണ്ടായി; പണിമുടക്കിലുള്ള തൊഴിലാളികളെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കുകയും ചെയ്തു. ഈ പണിമുടക്ക് ഒരു മാസത്തോളം നീണ്ടുനിന്നു; ഇടക്കാല ഗവണ്‍മെന്‍റില്‍ റയില്‍വെ മന്ത്രിയായിരുന്ന അസഫ്അലി തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് അവസാനിച്ചത്. 


ഇതേ കാലഘട്ടത്തില്‍തന്നെ വടക്കുകിഴക്കന്‍ റയില്‍വെയിലെ തൊഴിലാളികളും പണിമുടക്ക് ആരംഭിച്ചു. ഈ പണിമുടക്കിലും കമ്യൂണിസ്റ്റുകാരും എഐടിയുസിയും മുന്‍നിരയില്‍തന്നെ നിന്നിരുന്നു. ഈ നാനാ സമരങ്ങളില്‍ വഹിച്ച പ്രതിബദ്ധതയോടെയുള്ള പങ്കുമൂലം തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു.  വടക്കുപടിഞ്ഞാറന്‍ റയില്‍വെയിലെ മുസ്ലീംലീഗ് നേതൃത്വത്തിലുണ്ടായിരുന്ന യൂണിയന്‍ ഉള്‍പ്പെടെ മറ്റെല്ലാ യൂണിയനുകളെയും തള്ളിമാറ്റി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വിഭജനത്തിന്‍റെകാലത്ത് വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ധീരോദാത്തമായി പൊരുതി.
ശ്രദ്ധേയമായ മറ്റു തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ നടന്നത് ബോംബെ, കാണ്‍പൂര്‍, ധാക്ക, നാഗ്പൂര്‍ എന്നിവിടങ്ങളിലെ തുണിമില്ലുകളിലും ബിഹാറിലെ ഗിരിധിയിലെ കല്‍ക്കരിഖനികളിലും മൈസൂറിലെ കോളാര്‍ സ്വര്‍ണ ഖനികളിലും കല്‍ക്കത്തയിലെ തുറമുഖത്തിലുമായിരുന്നു. ഇതിനെല്ലാം പുറമെ നാട്ടുരാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ പ്രക്ഷോഭങ്ങളുടെ കുതിച്ചുകയറ്റം മുന്‍പെന്നത്തെയുംകാള്‍ വ്യാപകമായിരുന്നു. തിരുവിതാംകൂര്‍, ഹൈദരാബാദ്, മൈസൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും മറ്റു നാട്ടുരാജ്യങ്ങളിലും പണിമുടക്കുകള്‍ തുടങ്ങിയിരുന്നു. ഈ നാട്ടുരാജ്യങ്ങളില്‍ നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി അവ കണ്ണിചേര്‍ക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെയും ഹൈദരാബാദിലെയും തൊഴിലാളി വര്‍ഗസമരങ്ങള്‍ യഥാക്രമം പുന്നപ്ര വയലാര്‍ സമരത്തിലും തെലങ്കാന സമരത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. 


ഈ കാലഘട്ടത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളും കോണ്‍ഗ്രസിതര ഗവണ്‍മെന്‍റുകളും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ക്കുപകരം ആ പ്രക്ഷോഭങ്ങളെ എതിര്‍ത്ത് അവയെ സങ്കീര്‍ണമാക്കുകയാണുണ്ടായത്. പണിമുടക്കുകളില്‍ ഏര്‍പ്പെടരുതെന്ന് അവര്‍ തൊഴിലാളികളെ ഉപദേശിച്ചു. കോണ്‍ഗ്രസിന്‍റെയും മുസ്ലീംലീഗിന്‍റെയും ബൂര്‍ഷ്വാ നേതൃത്വത്തിന്‍റെ മൊത്തത്തിലുള്ള സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ബോംബെയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ഒരുപടി മുന്നോട്ടു കടന്ന് വ്യവസായ ബന്ധനിയമം - 1946ന് രൂപംനല്‍കി; ഇത് പൂര്‍ണമായും ജനാധിപത്യവിരുദ്ധവും തൊഴിലാളിവര്‍ഗ വിരുദ്ധവുമായിരുന്നു. സ്വാഭാവികമായും ട്രേഡ്യൂണിയനുകള്‍ ഈ നീക്കത്തോട് വിമുഖത പ്രകടിപ്പിക്കുകയും തങ്ങളുടെ എതിര്‍പ്പ് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തു.


തൊഴിലാളിവര്‍ഗത്തിനിടയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന രാഷ്ട്രീയബോധം കോണ്‍ഗ്രസിന്‍റെ ബൂര്‍ഷ്വാ നേതൃത്വത്തെ ഭയപ്പെടുത്തി; തങ്ങളുടെ വര്‍ഗ താല്‍പര്യം സംരക്ഷിക്കുന്നതിനായി അവര്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തെ പിളര്‍ക്കാനുള്ള നീക്കമാരംഭിച്ചു. ആദ്യ നടപടിയെന്ന നിലയില്‍ 1946 ഡിസംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളില്‍നിന്നും എല്ലാ കമ്യൂണിസ്റ്റുകാരെയും നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കി. ഈ പ്രകിയയുടെ മൂര്‍ധന്യാവസ്ഥയിലായിരുന്നു എഐടിയുസി പിളര്‍ന്ന് ഐഎന്‍ടിയുസി രൂപീകരിച്ചത്. 


ഈ നീക്കങ്ങളെല്ലാമുണ്ടായിട്ടും 1956ല്‍ നടന്ന പ്രവിശ്യാ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൊഴിലാളികളുടെ 3,21,607 വോട്ട് ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് 1,12,376 വോട്ട് നേടാന്‍ കഴിഞ്ഞു. തൊഴിലാളിവര്‍ഗത്തിനിടയില്‍ തങ്ങളുടേതായ ഒരു പാര്‍ടിയായി കമ്യൂണിസ്റ്റുപാര്‍ടി ഉയര്‍ന്നുവരാന്‍ തുടങ്ങി.