ഇതാണ് ജീവിതം, അത്ഭുതകരമായ ജീവിതം

പി എസ് പൂഴനാട്

ഒന്ന്


ദക്ഷിണാഫ്രിക്കയില്‍ അരങ്ങു വാണിരുന്ന അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള തീപാറുന്ന പോരാട്ടങ്ങള്‍ക്കിടയില്‍  തുടര്‍ച്ചയായി ഇരുപത്തിരണ്ടു വര്‍ഷക്കാലം ജയിലഴികള്‍ക്കുള്ളില്‍ തീതിന്നു ജീവിച്ച കമ്യൂണിസ്റ്റ് പോരാളിയായിരുന്നു ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ്. വര്‍ണവിവേചനത്തിനും വംശീയതയ്ക്കും എതിരെ ജീവിതാന്ത്യംവരെ ഒരു തളര്‍ച്ചയുംകൂടാതെ ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ് എന്ന മഹാമനുഷ്യന്‍ പൊരുതി നില്‍ക്കുകയായിരുന്നു. രാജ്യദോഹക്കുറ്റം ചുമത്തിക്കൊണ്ടുള്ള അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ വിധിന്യായം കേട്ട് ഞെട്ടുകയല്ല; മറിച്ച് ജീവിതത്തിന്‍റെ അത്ഭുതകരമായ നിമിഷങ്ങളായി അതിനെ വാരിപ്പുണരുകയാണ് ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ് ചെയ്തത്. 'ഇതാണ് ജീവിതം! അത്ഭുതകരമായ ജീവിതം' എന്നായിരുന്നു അദ്ദേഹം വിധിന്യായത്തോട് പ്രതികരിച്ചത്. 


ആഫ്രിക്കന്‍ വിമോചന പോരാളികളായ നെല്‍സണ്‍ മണ്ടേലയ്ക്കും വാള്‍ട്ടര്‍ സിസിലുവിനുമൊപ്പം ജയിലറകള്‍ക്കുള്ളിലേക്ക് പറഞ്ഞയക്കപ്പെട്ട കമ്യൂണിസ്റ്റ് പോരാളിയായിരുന്നു ഡെന്നിസ്. മുപ്പത്തിയൊന്ന് വയസുമാത്രമായിരുന്നു അപ്പോള്‍ ഡെന്നിസിനുണ്ടായിരുന്നത്. പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങളായിരുന്നു പുറംലോകം കാണാതെ ആ മനുഷ്യന്‍ ജയിലഴികള്‍ക്കുള്ളില്‍ തള്ളിനീക്കിയത്. അതിനിടയില്‍ കമ്യൂണിസ്റ്റുകാരായ അച്ഛനും അമ്മയും മരണത്തിനു കീഴടങ്ങിയിരുന്നു. അവരെ ഒരു നോക്കു കാണാന്‍ ഡെന്നീസിനായില്ല. ഭാര്യയാകട്ടെ രാഷ്ട്രീയ ആക്ടിവിസത്തിന്‍റെപേരില്‍ വീട്ടുതടങ്കലിലുമായിരുന്നു. ഹൃദയം പൊട്ടുന്ന വേദനകള്‍ക്കിടയിലും രോഗങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും പതര്‍ച്ചകള്‍ക്കിടയിലും ജീവിതത്തെ വെറുക്കാന്‍ ആ പോരാളി ഒരുക്കമല്ലായിരുന്നു. 


ഒടുവില്‍ ജയില്‍മോചിതനായതിനെത്തുടര്‍ന്ന് ഭാര്യയും മക്കളുമായി ലണ്ടനില്‍  കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു തന്‍റെ അപ്പാര്‍ത്തീഡ് വിരുദ്ധ പോരാട്ടത്തെ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള അസുഖത്തെത്തുടര്‍ന്ന് മകള്‍ മരണത്തിന് കീഴടങ്ങി. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഭാര്യയും മരണത്തിലേക്ക് തളര്‍ന്നുവീണു. എന്നാല്‍ വ്യത്യസ്തങ്ങളായ വിമോചന പ്രവര്‍ത്തനങ്ങളുമായി ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ് സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 2002ല്‍ അദ്ദേഹം സ്വന്തം രാജ്യത്തിലേക്ക് തിരിച്ചെത്തി. അരികുവല്‍ക്കരിക്കപ്പെട്ടവരും പീഡിതരുമായ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി വിവിധതരത്തിലുള്ള ഫണ്ട് സ്വരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ വംശീയ സ്വഭാവത്തെയും കടന്നുകയറ്റങ്ങളെയും നിരന്തരം എതിര്‍ത്തുകൊണ്ടിരുന്നു. പലസ്തീന്‍ ജനതയെ അദ്ദേഹം മാറോട് ചേര്‍ത്തുപിടിച്ചു. 
ഇങ്ങനെ തന്‍റെ 87 വര്‍ഷത്തെ ജീവിതകാലത്തിനിടയില്‍ എല്ലാ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു ഡെന്നിസ് ഗോള്‍ഡ്ബര്‍ഗ് ജീവിച്ചുകൊണ്ടിരുന്നത്. രണ്ടാമത്തെ ഭാര്യയും ക്യാന്‍സര്‍ ബാധിതയായി മരണത്തിന് കീഴടങ്ങിയിരുന്നു. ജീവിതത്തിന്‍റെ അവസാനത്തെ രണ്ടു വര്‍ഷങ്ങളില്‍ ഡെന്നിസ് ഗോള്‍ഡ്ബര്‍ഗും ശ്വാസകോശാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു. ഒടുവില്‍, കൊറോണയെന്ന മഹാമാരി ലോകത്തെയാകമാനം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ 2020 ഏപ്രില്‍ 29ന്, ആ പോരാളിയും അന്ത്യശ്വാസം വലിച്ചു.


രണ്ട്


ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ 1933 ഏപ്രില്‍ 11നായിരുന്നു ഡെന്നിസ് തിയോഡോര്‍ ഗോള്‍ഡ് ബര്‍ഗ് ജനിക്കുന്നത്. ഡെന്നിസ് ഗോള്‍ഡ് ബര്‍ഗിന്‍റെ മാതാപിതാക്കള്‍ ജനിച്ചതാകട്ടെ ലണ്ടനിലായിരുന്നു. സെമിറ്റിക് വിരുദ്ധതയില്‍നിന്നും രക്ഷനേടാന്‍ ബ്രിട്ടണിലേക്ക് കുടിയേറിപ്പാര്‍ത്ത ലിത്വാനിയന്‍ ജൂതവംശത്തില്‍പെട്ട കുടുംബമായിരുന്നു അത്. ഗോള്‍ഡ്ബര്‍ഗിന്‍റെ മാതാപിതാക്കള്‍ ലണ്ടനില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ലണ്ടനില്‍നിന്നുമാണ് പിന്നീടവര്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുന്നത്. ദക്ഷിണാഫ്രിക്കയില്‍ എത്തിയതിനുശേഷവും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി സജീവബന്ധം അവര്‍ പുലര്‍ത്തിപ്പോന്നിരുന്നു. 


അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പൊട്ടിത്തെറിക്കുന്ന മനസ്സുമായിട്ടായിരുന്നു ഡെന്നിസും സഹോദരനും വളര്‍ന്നുവന്നത്. എല്ലാ വംശീയവിഭാഗങ്ങളും ഇഴചേര്‍ന്ന് താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അവരുടെ വീട്. ചെറിയതരം ബിസിനസുകളുമായി മല്ലിട്ടുകൊണ്ട് തന്‍റെ കുടുംബത്തെ മുന്നോട്ടുനീക്കാന്‍ ഗോള്‍ഡ്ബര്‍ഗിന്‍റെ അച്ഛന്‍ വിയര്‍പ്പൊഴുക്കി. നന്നായി പഠിച്ച് നല്ലൊരു എന്‍ജിനീയറാകണമെന്നും മനുഷ്യരാശിക്ക് ഏറ്റവും പ്രയോജനപ്പെടുന്ന വലിയൊരു നിര്‍മാണ സമുച്ചയം പടുത്തുയര്‍ത്തണമെന്നുമായിരുന്നു ഗോള്‍ഡ് ബര്‍ഗ് ബാല്യകാലങ്ങളില്‍ സ്വപ്നം കണ്ടിരുന്നത്. 
ദക്ഷിണാഫ്രിക്കയില്‍ ഭീമാകാരമായി അടിവേരുകള്‍ വളര്‍ന്ന് പടര്‍ന്നുപന്തലിച്ചു നിന്നിരുന്ന വംശീയതയോടും വിവേചനങ്ങളോടും അടങ്ങാത്ത അമര്‍ഷവും എതിര്‍പ്പും ആ കമ്യൂണിസ്റ്റ് കുട്ടിയില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരുന്നു. തന്‍റെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും വംശീയതയോടും വിവേചനങ്ങളോടുമുള്ള ആളിപ്പടരുന്ന എതിര്‍പ്പ് ഡെന്നിസ് ഗോള്‍ഡ്ബര്‍ഗില്‍ എക്കാലവും അമര്‍ന്നുനിന്നിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലഘട്ടങ്ങളില്‍ സെമിറ്റ് വിരുദ്ധതയുടെ കൊടിയ അധിക്ഷേപങ്ങള്‍ക്ക് വെള്ളക്കാരനായ ആ കുട്ടിയും വിധേയനായിരുന്നു. കറുത്തവര്‍ഗക്കാരോടും സെമിറ്റ് ജനവിഭാഗങ്ങളോടും അപ്പാര്‍ത്തീഡ് വര്‍ണവെറിയന്‍ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഒന്നുതന്നെയായിരുന്നു. വെള്ളക്കാരില്‍ മഹാഭൂരിപക്ഷവും വര്‍ണവിവേചനത്തിന്‍റെയും വംശീയവിദ്വേഷത്തിന്‍റെയും വിഷബീജങ്ങളെ ഉള്ളില്‍ ആവാഹിച്ചവരായിരുന്നു. അതില്‍നിന്നും വ്യത്യസ്തമായി വര്‍ണവിവേചനത്തിനെതിരെയുള്ള ഉശിരാര്‍ന്ന സ്വപ്നങ്ങള്‍ ഡെന്നീസില്‍ പിറക്കുകയായിരുന്നു. ഒരുഘട്ടത്തിലും വിശ്വാസി അല്ലായിരുന്നെങ്കിലും "നിന്നോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുവോ ആവിധം നീ മറ്റുള്ളവരോട് പെരുമാറണമെന്ന് "കുട്ടിക്കാലത്ത് അമ്മ പറഞ്ഞുകൊടുത്ത വാക്യങ്ങള്‍ ഒരു നിത്യസാന്നിധ്യമായി ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗില്‍ നിറഞ്ഞുനിന്നിരുന്നു. 
ഇസ്രായേല്‍ സയണിസത്തിന്‍റെ അതിശക്തനായ എതിരാളികൂടിയായിരുന്നു ഡെന്നിസ്.  ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ പലസ്തീന്‍ ജനതയോടുള്ള കൊളോണിയന്‍ വംശീയതയെയും ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ കറുത്തവംശജരോടുള്ള വര്‍ണവെറിയന്‍ നിലപാടിന്‍റെയും സമാനതകളെക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.


 ദക്ഷിണാഫ്രിക്കയിലെ വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ ഒത്തൊരുമിച്ചുചേര്‍ന്നിരുന്ന പുരോമനാത്മകമായ ഒരു സംവാദവേദിയായിരുന്നു മോഡേണ്‍ യൂത്ത് സൊസൈറ്റി. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രമായിരുന്ന ഗാര്‍ഡിയന്‍റെ വില്‍പനയെ സഹായിച്ചിരുന്ന ഒരു ഗ്രൂപ്പുകൂടിയായിരുന്നു ഇത്. 1953ല്‍ ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ഈ സൊസൈറ്റിയില്‍ അംഗമായി ചേര്‍ന്നു. ഇവിടെവെച്ചായിരുന്നു തന്‍റെ പ്രാണസഖിയും ജീവത സഖാവുമായിത്തീര്‍ന്ന എസ്മെ ബോഡെന്‍സ്റ്റീനിനെ ഡെന്നിസ് കണ്ടുമുട്ടുന്നത്. ഏറെ താമസിയാതെതന്നെ അവര്‍ വിവാഹിതരാവുകയും ചെയ്തു. 


തന്‍റെ കുടുംബത്തില്‍നിന്നും യൂണിവേഴ്സിറ്റി പഠനത്തിനായി പ്രവേശിച്ച ആദ്യത്തെ ആളായിരുന്നു ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ്.  അങ്ങനെ പതിനാറാമത്തെ വയസില്‍ യൂണിവേഴ്സിറ്റിയില്‍ എന്‍റോള്‍ചെയ്തു. 1955-ല്‍ കേപ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കരസ്ഥമാക്കി. അതോടൊപ്പം അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള തീപാറുന്ന പോരാട്ടങ്ങളുടെ ഭാഗമായും ഡെന്നിസ് മാറിക്കൊണ്ടിരിക്കുകയായിരുന്നു. ക്രമേണ കോണ്‍ഗ്രസ് ഓഫ് ഡെമോക്രാറ്റ്സ്  എന്ന സംഘടനയുടെ അംഗമായിത്തീര്‍ന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസുമായും സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസുമായും  ചേര്‍ന്നുനിന്നുകൊണ്ട് അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെ പടപൊരുതിക്കൊണ്ടിരുന്ന വെള്ളക്കാരുടെ സംഘടനയായിരുന്നു കോണ്‍ഗ്രസ് ഓഫ് ഡെമോക്രാറ്റ്സ്. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് ഭരണകൂടവുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന ബന്ധ പരിസരങ്ങള്‍ക്കെതിരെകൂടി പോരടിച്ചുകൊണ്ടിരുന്ന സംഘടനയായിരുന്ന സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്.


1955 ജൂണില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസ് ഓഫ് ഡെമോക്രാറ്റ്സിന്‍റെയും മറ്റ് സംഘടനകളുടെയും സംയുക്ത സഖ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ കേപ്ടൗണില്‍വെച്ച് ഒരു ജനകീയ സമ്മേളനം വിളിച്ചുചേര്‍ക്കപ്പെട്ടു. അവിടെവെച്ചായിരുന്നു സ്വാതന്ത്ര്യ പ്രഖ്യാപനരേഖ ഒപ്പുവെയ്ക്കപ്പട്ടത്. മൂവായിരത്തോളം പോരാളികള്‍ അവിടെ ഒത്തുചേര്‍ന്നിരുന്നു. അപ്പാര്‍ത്തീഡ് ഭരണകൂടത്തില്‍നിന്നുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാ ദക്ഷിണാഫ്രിക്കന്‍ പൗരര്‍ക്കും തുല്യ അവകാശങ്ങളും നീതിയും ആ സ്വാതന്ത്ര്യ പ്രഖ്യാപനരേഖയിലൂടെ മുന്നോട്ടുവെയ്ക്കപ്പെട്ടു. ഈ ജനകീയ സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകരിലൊരാളായി പ്രവര്‍ത്തിച്ചിരുന്നത് ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗായിരുന്നു (1959). 1855 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി ദക്ഷിണാഫ്രിക്കയില്‍ നിരോധിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനുള്ള നിയമങ്ങള്‍ രാജ്യത്താകമാനം പടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റുപാര്‍ടി ഒളിത്താവളങ്ങളിലിരുന്നുകൊണ്ടായിരുന്നു അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള അതിന്‍റെ ചോരവാര്‍ന്നൊഴുകുന്ന പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്. 


1957ലായിരുന്നു നിരോധിത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഗോള്‍ഡ്ബര്‍ഗ് അംഗമായി ചോരുന്നത്. അതിനെതുടര്‍ന്ന് പാര്‍ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി അദ്ദേഹം സ്വയം സമര്‍പ്പിക്കുകയായിരുന്നു.


മൂന്ന്


1959-ല്‍ കറുത്തവംശജരായ ചില യുവ പോരാളികള്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍നിന്നും അടര്‍ന്നുമാറുകയും പാന്‍-ആഫ്രിക്കന്‍ കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. കറുത്ത ദേശീയതയുടെ (ആഹമരസ ചമശേീിമഹശാെ) അതി തീവ്ര മുദ്രാവാക്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ബഹുവംശാധിഷ്ഠിത കാഴ്ചപ്പാടിനെ അവര്‍ തള്ളിക്കളഞ്ഞു. ഈ പുതിയ സംഘടനയുടെ ഒരു ബഹുജന സമ്മേളനം 1960ല്‍ ദക്ഷിണാഫ്രിക്കയിലെ ഷാര്‍പെവില്ലി എന്ന സ്ഥലത്ത് അരങ്ങേറി. ഈ സമ്മേളനത്തിലേക്ക് അപ്പാര്‍ത്തീഡ് ഭരണകൂടം വെടിയുണ്ടകള്‍ പായിച്ചു. അറുപത്തിയേഴ് പോരാളികള്‍ വെടിയേറ്റ് പിടഞ്ഞുവീണു. നൂറുകണക്കിനാളുകള്‍ക്ക് മുറിവേറ്റു. ഇതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കൂട്ട അറസ്റ്റുകളും നടന്നു. ഇതിനെ തുടര്‍ന്ന് നാലു മാസക്കാലം ഡെന്നിസ്  ഗോള്‍ഡ് ബര്‍ഗും ജയിലില്‍ അടയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളും നിരോധിക്കപ്പെട്ടു. അങ്ങനെയാണ് ഒളിത്താവളങ്ങളിലേക്ക് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിപ്പണിയപ്പെട്ടത്.


നേരത്തെതന്നെ നിരോധിക്കപ്പെട്ടിരുന്ന  കമ്യൂണിസ്റ്റ് പാര്‍ടിയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും കൂടുതല്‍ അടുത്ത ബന്ധങ്ങളിലേക്ക് ഈ സന്ദര്‍ഭത്തില്‍ എത്തപ്പെട്ടിരുന്നു. സായുധ പോരാട്ടങ്ങളിലൂടെ മാത്രമേ അപ്പാര്‍ത്തീഡ് ഭരണകൂടത്തെ അട്ടിമറിക്കാനാവൂ എന്ന പുതിയൊരു അവസ്ഥാതലം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിട്ടായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും സംയുക്തമായി 1961ല്‍ ഒരു സായുധ സൈനിക ഗ്രൂപ്പിന് രൂപം നല്‍കുന്നത്. ഈ സായുധ സൈനിക സംഘത്തിലായിരുന്നു ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് മുഖ്യമായും പ്രവര്‍ത്തിച്ചത്. റെയില്‍വെ ലൈനുകളും വൈദ്യുത ശൃംഖലകളും ടെലഫോണ്‍ ബന്ധങ്ങളും തകര്‍ക്കുക എന്നതായിരുന്നു ഡെന്നിസില്‍ നിക്ഷിപ്തമായിരുന്ന ചുമതല.  അങ്ങനെ വിവിധതലങ്ങളില്‍ അപ്പാര്‍ത്തീഡ് വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെയുള്ള സായുധ പോരാട്ടം കടുക്കുകയായിരുന്നു.


അപ്പാര്‍ത്തീഡ് ഭരണകൂടം അതിന്‍റെ വേട്ടയെ തീവ്രമാക്കിക്കൊണ്ടിരുന്നു. അങ്ങനെ 1963 ജൂലൈ 11ന് റിവോനിയ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒളിത്താവളങ്ങളിലേക്ക് പൊലീസ് ഇരച്ചുകയറി. നെല്‍സണ്‍ മണ്ടേല, വാള്‍ട്ടര്‍ സിസിലു എന്നിവര്‍ ക്കൊപ്പം ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അറസ്റ്റ്ചെയ്യപ്പെട്ടു. അന്ന് ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗിന് മുപ്പതുവയസ്സായിരുന്നു പ്രായം. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനെതുടര്‍ന്ന് ഇരുപത്തിരണ്ട് വര്‍ഷക്കാലമായിരുന്നു അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ ജലിയറകള്‍ക്കുള്ളില്‍ അതികഠിനമായ പീഡനങ്ങള്‍ എറ്റുവാങ്ങി ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ജീവിച്ചത്.  നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം ജയിലറയ്ക്കുള്ളിലേക്ക് അയക്കപ്പെട്ട ഒരേയൊരു വെള്ളക്കാരനായിരുന്നു ഡെന്നിസ്. വെള്ളക്കാരനായതുകൊണ്ടുതന്നെ ഡെന്നീസിനെ പ്രിട്ടോറിയയിലെ ഒരു പ്രത്യേക ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. നെല്‍സണ്‍ മണ്ടേലയും കൂട്ടരും റോബിന്‍ ദ്വീപിലായിരുന്നു. ആര്‍ക്കും പരസ്പരം കാണാനോ സംസാരിക്കാനോ ഒരു സാഹചര്യവും ഇല്ലായിരുന്നു. പുറത്തുനടക്കുന്ന ഒരു വാര്‍ത്തയും ജയിലറകള്‍ക്കുള്ളില്‍ എത്തിയിരുന്നില്ല. കത്തുകളെല്ലാം നിരവധി സെന്‍സറിങ്ങുകള്‍ക്ക് വിധേയമാക്കിയതിനുശേഷമായിരുന്നു നല്‍കിയിരുന്നത്. പത്രങ്ങള്‍പോലും തടവുകാര്‍ക്ക് അന്യമായിരുന്നു. അവസാനഘട്ടങ്ങളിലായിരുന്നു പത്രവായനപോലും അനുവദിച്ചത്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ഭാര്യയെ ആദ്യമായി കണ്ടത്. അടുത്ത കാഴ്ചയ്ക്ക് വീണ്ടും എട്ടുവര്‍ഷങ്ങള്‍ കാത്തിരിക്കണം. മക്കളെപ്പോലും കാണാന്‍ അനുവദിച്ചിരുന്നില്ല. രോഗങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും അതിഭീകരാവസ്ഥകളിലൂടെയായിരുന്നു അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ ഇരുപത്തിരണ്ട് വര്‍ഷക്കാലം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ആ കമ്യൂണിസ്റ്റ് പോരാളി പുതിയൊരു ദക്ഷിണാഫ്രിക്കയെ സ്വപ്നം കണ്ടുകൊണ്ട് ആ ജയിലറയ്ക്കുള്ളില്‍ കഴിഞ്ഞുകൂടി. 


1973-ല്‍ ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനില്‍ കറുത്തവംശജരായ തൊഴിലാളികളുടെ ഒരു പൊതു പണിമുടക്ക് അരങ്ങേറി. അതുവരെ നിലനിന്നിരുന്ന ശാന്തതയെ തകര്‍ത്തുകൊണ്ടായിരുന്നു ആ പണിമുടക്ക് അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ കണ്ണുകളില്‍ പതിച്ചത്. വര്‍ഗാവബോധമുള്ള പുതിയൊരു തൊഴിലാളിവിഭാഗത്തിന്‍റെ ആവിര്‍ഭാവത്തിനായിരുന്നു ആ പണിമുടക്ക് തുടക്കമിട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ പണിമുടക്കുകളുടെ വേലിയേറ്റങ്ങളുടേതായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണപ്പാടങ്ങളിലേക്കും ആ പണിമുടക്കുകളുടെ അലയൊലികള്‍ മുഴങ്ങിക്കേട്ടു. ഇത് തൊഴിലാളികളുടെ കൂലി വര്‍ധനവിലേയ്ക്കും തുടര്‍പ്രക്ഷോഭങ്ങളിലേക്കും വഴിമരുന്നിട്ടു. അങ്ങനെ 1982-ല്‍ ഖനിത്തൊഴിലാളികളുടെ യൂണിയന്‍ പ്രര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടു. 60 ശതമാനത്തിലധികം തൊഴിലാളികളും യൂണിയനില്‍ അംഗമായി ചേര്‍ന്നു. അങ്ങനെ 1985-ഓടെ ഒരു ദേശീയ യൂണിയന്‍ പ്രസ്ഥാനം ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ രൂപംകൊണ്ടു. ആ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ [The Congress of South African Trade Unions (COSATU)] പ്രവര്‍ത്തകരാകട്ടെ ഒളിത്താവളങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുമായും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസുമായും സജീവമായ ബന്ധം പുലര്‍ത്തിനിന്നു. ട്രേഡ്യൂണിയന്‍ പ്രക്ഷോഭങ്ങളും സാര്‍വദേശീയ സമ്മര്‍ദങ്ങളും അപ്പാര്‍ത്തീഡ് ഭരണകൂടത്തിനുമേല്‍ കടുത്തുകൊണ്ടിരുന്നു. ഈയൊരു സന്ദര്‍ഭത്തിലായിരുന്നു ഡെന്നിസ്  ഗോള്‍ഡ് ബര്‍ഗിനെ ജയില്‍ മോചിതനാക്കാന്‍ അപ്പാര്‍ത്തീഡ് ഭരണകൂടം നിര്‍ബന്ധിതമായിത്തീര്‍ന്നത്. അങ്ങനെ 1985 ഫെബ്രുവരി 28-ാം തീയതി ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ജയില്‍ മോചിതനായി. സായുധസമരം ഉപേക്ഷിക്കണമെന്ന നിബന്ധന അപ്പാര്‍ത്തീഡ് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. അത് ഡെന്നിസ്  അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ വിഷയം നെല്‍സണ്‍ മണ്ടേല ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍  ഡെന്നിസിനെ അപ്പാര്‍ത്തീഡ് ഭരണകൂടം അനുവദിച്ചിരുന്നില്ല. എന്നാല്‍ നിബന്ധന അംഗീകരിക്കുമ്പോള്‍പോലും സായുധ സമരത്തിന്‍റെ സാധുതയെ അദ്ദേഹം മാനസികമായി തള്ളിക്കളഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ നെല്‍സണ്‍ മണ്ടേലയും മറ്റ് സഖാക്കളും അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ നിബന്ധനകളെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ജയിലഴികള്‍ക്കുള്ളില്‍തന്നെ വീണ്ടും തുടരേണ്ടിവന്നു. 1990-ല്‍ ആയിരുന്നു അവര്‍ ജയില്‍ മോചിതരാകുന്നത്. 


 ജയില്‍ മോചിതനായശേഷം  ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ലണ്ടനിലേക്കായിരുന്നു യാത്രയായത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലണ്ടനിലെ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം പിന്നീട് പ്രവര്‍ത്തിച്ചത്. 1994ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പോടെ അപ്പാര്‍ത്തീഡ് ഭരണകൂടം അവസാനിച്ചെങ്കിലും ഡെന്നിസ്  ഗോള്‍ഡ്ബര്‍ഗ് ലണ്ടനില്‍നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തുന്നത് 2002-ലായിരുന്നു. ജനജീവിതത്തെ കുറച്ചുകൂടി മികച്ചതാക്കാനായിരുന്നു പിന്നീട് മരണംവരെ വ്യത്യസ്ത നിലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിറഞ്ഞുനിന്നത്. അതോടൊപ്പം പലസ്തീന്‍ വിമോചനത്തിനുവേണ്ടിയും അദ്ദേഹം തളരാതെ ശബ്ദിച്ചുകൊണ്ടിരുന്നു.