Friday, March 24, 2023

ad

Homeവിശകലനംമതനിരപേക്ഷത സംരക്ഷിക്കപ്പെടണം

മതനിരപേക്ഷത സംരക്ഷിക്കപ്പെടണം

സി പി നാരായണന്‍

യിടെ നടന്ന മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാം ബിജെപി വിജയിച്ചു, സര്‍ക്കാര്‍ രൂപീകരിച്ചു എന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. ത്രിപുരയില്‍ ആ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മേഘാലയയില്‍ 60ല്‍ രണ്ടുസീറ്റു മാത്രമാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരത്തണലില്‍ ത്രിപുര ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളെ സമ്മര്‍ദ്ദം ചെലുത്തിയാണ് ബിജെപി പങ്കാളിയായ സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടത്. ഇതാണ് വസ്തുത.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെയും അതിന്‍റെ പൂര്‍വരൂപമായ ജനസംഘത്തിന്‍റെയും അവയുടെയെല്ലാം പ്രത്യയശാസ്ത്ര നേതൃത്വവും മാര്‍ഗദര്‍ശനവും വഹിക്കുന്ന ആര്‍എസ്എസിന്‍റെയും ലക്ഷ്യം. അതാണ് അവ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, മതനിരപേക്ഷമായിട്ടാണ് സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും ഇന്ത്യയെ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘവും മുസ്ലീംലീഗും ഒഴിച്ചുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം വിഭാവനം ചെയ്തതും നിലനിര്‍ത്തിയതും.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു മുതലായ നേതാക്കളുടെയും കോണ്‍ഗ്രസ്, ഇടതുപക്ഷം മുതലായ മതനിരപേക്ഷ പാര്‍ട്ടികളുടെയും നിലപാടാണ് അത്. ബിജെപി നിലവില്‍ വന്നിട്ട് നാലു പതിറ്റാണ്ടേ ആയുള്ളൂ. അതിനുമുമ്പ്, അത് ജനസംഘമായിരുന്നു. അതിന്‍റെ പ്രത്യയശാസ്ത്ര നേതൃത്വം വഹിക്കുന്ന ആര്‍എസ്എസ് രൂപംകൊണ്ടിട്ട് 98 വര്‍ഷമായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരുടെ സംഘമാണത്. മതനിരപേക്ഷത ഇന്ത്യയുടെ സവിശേഷതയാക്കുന്നതിനെ ആദ്യം മുതല്‍ക്കേ എതിര്‍ത്തുവരുന്ന ഏകവിഭാഗമാണത്. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്നാണ് ആര്‍എസ്എസ്/ബിജെപി വാദിച്ചുവരുന്നത്.

ഹിന്ദുസമൂഹത്തില്‍ ഏറ്റവും പിന്നണിയില്‍ കിടക്കുന്നവരെ ഭരണഘടന വര്‍ഗീകരിച്ചത് പട്ടികവിഭാഗങ്ങള്‍ എന്ന ഓമനപ്പേരിട്ടാണ്. 15 ശതമാനം വരുന്ന പട്ടികജാതിക്കാരും 7.5 ശതമാനം വരുന്ന പട്ടികവര്‍ഗക്കാരും. നൂറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തല്‍ മൂലം അവര്‍ സാമ്പത്തികമായും സാമൂഹ്യമായും മറ്റെല്ലാത്തരത്തിലും പിന്നണിയിലാണ്. എം പിമാര്‍ക്ക് അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ വികസനത്തിനായി പ്രതിവര്‍ഷം 5 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ അതില്‍ 15 ശതമാനം (75 ലക്ഷം) പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം (37.5 ലക്ഷം) പട്ടികവര്‍ഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി വകയിരുത്തി. ഈ വിഭാഗങ്ങളെ പിന്നാക്കാവസ്ഥയില്‍ നിന്നു കരകയറ്റാന്‍ പാര്‍ലമെന്‍റ് 1993 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് അത്. പട്ടികവിഭാഗങ്ങള്‍ക്കായി മേല്‍പറഞ്ഞ തോതില്‍ തുക ചെലവഴിക്കണം എന്നുണ്ടായിരുന്ന നിബന്ധന നിര്‍ബന്ധമല്ലാതാക്കിത്തീര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് ഇടതുപക്ഷ എംപിമാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മോദി സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. സമൂഹത്തിന്‍റെ പിന്നണിയില്‍ കിടക്കുന്നവരോടുള്ള ഈ സമീപനം ആ പാര്‍ട്ടിയുടെ പൊതുബോധത്തിന്‍റെ പ്രതീകമാണ്.

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഒഴിവുവന്ന 9.79 ലക്ഷം തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ ഒഴിവുകളില്‍ പകുതി പട്ടികവിഭാഗങ്ങള്‍; മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. അതായത്, ഏതാണ്ട് 4.9 ലക്ഷത്തോളം ഒഴിവുകള്‍. പിന്നാക്ക വിഭാഗക്കാരോടുള്ള മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും സമീപനം എത്ര ശത്രുതാപരമാണ് എന്നതിന്‍റെ തെളിവാണ് അവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന ഈ തീരുമാനം. അതേ സമയം അദാനി, അംബാനി തുടങ്ങിയ വന്‍കുത്തകകള്‍ക്ക് വഴിവിട്ടു സഹായം ചെയ്യുന്നതിനു എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും മോദി സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നു.

മോദി സര്‍ക്കാര്‍ ജനങ്ങളെ ജനങ്ങളായല്ല വീക്ഷിക്കുന്നതും സമീപിക്കുന്നതും. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ആദിയായ മതവിഭാഗങ്ങളായാണ്. മതം എന്നത് വ്യക്തിഗതമായ വിശ്വാസമാണെന്നു കണ്ടുകൊണ്ട് ജനങ്ങളോട് മതനിരപേക്ഷമായി പെരുമാറുകയാണ് ഭരണഘടന ഇതേവരെ പിന്തുടര്‍ന്നു വരുന്ന മതനിരപേക്ഷ നിലപാടിന്‍റെ അടിത്തറ. ബിജെപി പാര്‍ട്ടി എന്ന നിലയിലും സര്‍ക്കാര്‍ എന്ന നിലയിലും മതാടിസ്ഥാനത്തിലാണ് ജനങ്ങളെ വീക്ഷിക്കുന്നതും അവരോട് പെരുമാറുന്നതും. ഇത് ജനങ്ങളെ പല തട്ടുകളിലായി വിഭജിക്കുന്നു. ജനങ്ങളില്‍ ഏതാണ്ട് 80 ശതമാനത്തോളം ഹിന്ദുക്കളാണ് ഇന്ത്യയില്‍. അവരില്‍ വലിയൊരു വിഭാഗം പട്ടികവിഭാഗങ്ങള്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിവയില്‍ പെടുന്നവരാണ്. ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത് ഈ വിവിധ വിഭാഗങ്ങളോടെല്ലാം ഏകോദര സഹോദരങ്ങളോടെന്നപോലെ പെരുമാറുകയും അത്തരത്തില്‍ പരസ്പരം പെരുമാറാന്‍ പ്രേരിപ്പിക്കുകയുമാണ്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ അവരെ മത-ജാത അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണുകയും ഭിന്നിപ്പിച്ചു ഭരിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഒരു തരത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം പിന്തുടര്‍ന്ന രീതിയാണ്.
ഈ സമീപനത്തിന്‍റെ ആത്യന്തികഫലം ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അവര്‍ ഒന്നിച്ചുനിന്നു രാജ്യത്തിന്‍റെ പുരോഗമനത്തിനും അഭിവൃദ്ധിയ്ക്കുമായി പ്രവര്‍ത്തിക്കുന്ന അന്തരീക്ഷമല്ല ഇതുമൂലം സൃഷ്ടിക്കപ്പെടുന്നത്. അവരെ തമ്മില്‍ അകറ്റി ഭാവിയില്‍ തമ്മില്‍ വേറിട്ടുപോകാന്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഊട്ടിയുണ്ടാക്കപ്പെട്ട നാമെല്ലാം ഒരമ്മപെറ്റ മക്കള്‍, ഇന്ത്യക്കാര്‍ എന്ന ബോധം ഇല്ലാതാക്കപ്പെടുന്നു. ദേശീയ ഐക്യവും ബഹുജനഐക്യവും ശിഥിലീകരിക്കപ്പെടുന്നു. ഇതല്ല ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണകൂടവും ഭരണകക്ഷിയും ചെയ്യേണ്ട കടമ.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി ആസ്ട്രേലിയയില്‍ അമ്പലങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്നു ആവലാതിപ്പെട്ടല്ലൊ. ആരും അങ്ങനെ ചെയ്യരുത് എന്നു നമുക്കെല്ലാം ആവശ്യപ്പെടാം. പക്ഷേ, സ്വന്തം രാജ്യത്ത് അന്യമതക്കാരുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നില്ല എന്നു ഉറപ്പുവരുത്തുന്ന ഒരു പ്രധാനമന്ത്രിക്കേ, ഭരണാധികാരിക്കേ ഇങ്ങനെ പരാതിപ്പെടാന്‍ അവകാശമുള്ളൂ. മോദിക്കും കൂട്ടര്‍ക്കും അങ്ങനെയൊരു ചിന്താഗതിയോ സമീപനമോ ഇല്ല എന്നാണ് ഇതുവരെയുള്ള അനുഭവം. മറ്റുള്ളവര്‍ നിര്‍ദേശിച്ചാലും അത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മോദി പ്രഭൃതികള്‍ തയ്യാറല്ല. അവര്‍ നിലകൊള്ളുന്നത് ഒന്നുകില്‍ അവരെപ്പോലെയുള്ള സംഘപരിവാരങ്ങള്‍ക്കുവേണ്ടി. അല്ലെങ്കില്‍ അവരെ പല തരത്തില്‍ പോഷിപ്പിക്കുകയും തോഷിപ്പിക്കുകയും ചെയ്യുന്ന അദാനിമാര്‍ക്കു വേണ്ടി. അതുതന്നെയാണ് ബിജെപിയുടെയും അതിന്‍റെ സര്‍ക്കാരിന്‍റെയും നിലപാടും പ്രവൃത്തികളും.

മോദിയും ബിജെപിയും പരിവാരങ്ങളും ചേര്‍ന്നാല്‍ പോലും ഇന്ത്യയിലെ ജനസാമാന്യത്തിന്‍റെ ഒരു ചെറിയ ശതമാനം മാത്രമേ വരു. പക്ഷേ, മറ്റു വിഭാഗങ്ങളെ ഒറ്റക്കൊറ്റയ്ക്കു എടുത്താല്‍ അവരേക്കാള്‍ അല്‍പ്പം കൂടുതലോ അവര്‍ക്കു തുല്യമോ ആണ്. മോദി പ്രഭൃതികള്‍ അജയ്യരായി ഇന്നു ഭാവിക്കുന്നതും വിലസുന്നതും ആ പ്രതിപക്ഷത്തെ ഐക്യമില്ലായ്മ കൊണ്ടാണ്. പ്രതിപക്ഷത്തെ ഓരോ പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും എഎപിക്കും ഇടതുപക്ഷത്തിനും എന്‍സിപിക്കും എസ്പി, ബിഎസ്പി മുതലായവയ്ക്കും ഓരോ സംസ്ഥാനത്തു മാത്രമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്കും- വ്യത്യസ്തമായ കാഴ്ചപ്പാടുകളും അജന്‍ഡകളുമാണ് ഉള്ളത്. ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മൊത്തത്തില്‍ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഉയര്‍ത്തുന്ന വെല്ലുവിളിയുടെയും ആപത്തിന്‍റെയും ആഴവും പരപ്പും വേണ്ടവിധം പ്രതിപക്ഷപ്പാര്‍ട്ടികള്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയിരുന്നെങ്കില്‍ അതിനെതിരെ വിപുലമായ മതനിരപേക്ഷ-ജനാധിപത്യ ഐക്യം അവയെല്ലാം ചേര്‍ന്നു കെട്ടിപ്പടുക്കുമായിരുന്നു.

ജനാധിപത്യവ്യവസ്ഥ നിലവില്‍ വരുന്നതിനുമുമ്പുണ്ടായിരുന്ന മതം, ജാതി ആദിയായ സങ്കുചിതബോധത്തിന് മുമ്പ് വിധേയരായിരുന്നവര്‍ സമൂഹതലത്തില്‍ ജാതി മതനിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വ്യാപനത്തിനും അതിപ്രധാനമാണ് എന്നു ഭരണഘടന നടപ്പാക്കി 73 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചറിയുന്നില്ല. പുതിയ തലമുറകളെ ജാതിമതനിരപേക്ഷമായി ചിന്തിക്കാനും വളരാനും പ്രവര്‍ത്തിക്കാനും പ്രചോദിപ്പിക്കേണ്ട കടമ സമൂഹത്തിനുണ്ട്. ചില വിഭാഗങ്ങള്‍ ബിജെപിയുടെയും അതിന്‍റെ കൂട്ടുകാരുടെയും മേല്‍വിലാസത്തില്‍ ജാതിമതാദി വിഭാഗീയചിന്തകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. മതത്തിന്‍റെയും ജാതിയുടെയും മറ്റും പേരില്‍ ഈ വിഭാഗം ജനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ ആഹ്വാനം ചെയ്യുകയും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രചരണങ്ങളും ഈ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനവും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയെയും അതിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെയും അവയിലെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

രാജ്യത്തെ ജനങ്ങളും പ്രതിപക്ഷപ്പാര്‍ട്ടികളും ഇത് മനസ്സിലാക്കി ബിജെപിക്കും വര്‍ഗീയശക്തികള്‍ക്കുമെതിരായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + four =

Most Popular