Friday, March 24, 2023

ad

Homeജൻഡർഫാസിസത്തെ ചെറുക്കാന്‍ രേവതി നീന്തുന്നു; ഒഴുക്കിനെതിരെ

ഫാസിസത്തെ ചെറുക്കാന്‍ രേവതി നീന്തുന്നു; ഒഴുക്കിനെതിരെ

രേവതി ലോള്‍/ആര്‍ പാര്‍വതി ദേവി

ഗുജറാത്ത് വംശഹത്യ ആധുനിക ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു. 2002 ചരിത്രത്തില്‍ രേഖപ്പെടുത്തുക ഇത്തരത്തില്‍ ആയിരിക്കും. ഒരുപക്ഷേ ഇന്ത്യാ വിഭജനത്തിനു ശേഷം ഉണ്ടായ ഒരു വലിയ മുറിവ്. അതില്‍ നിന്നും ഇപ്പോഴും ഇറ്റു വീഴുന്നുണ്ട് ചോരത്തുള്ളികള്‍. ആ മുറിവ് പലര്‍ക്കും പലതരത്തിലാണ് വേദന ഉണ്ടാക്കിയത്. ചിലര്‍ യുദ്ധം ചെയ്തു ഭരണകൂടത്തിനെതിരെ. അതിന്‍റെ ഫലമായി ടീസ്റ്റ സെതല്‍വാദും ആര്‍ ബി ശ്രീകുമാറും ഉള്‍പ്പടെ ഉള്ളവര്‍ തടവിലായി.

എന്നാല്‍ രേവതി ലോള്‍ നടന്നത് ഒരു അസാധാരണ വഴിയിലൂടെയാണ്. മറ്റാരും ഇതുവരെ നടക്കാത്ത ഒരു വഴി രേവതി കണ്ടെത്തുകയായിരുന്നു. ഇപ്പോഴും അതിലൂടെ അവര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഒരു ചോദ്യത്തിന്‍റെ പിന്നാലെയാണ് അന്നു മുതല്‍ രേവതി… എന്തുകൊണ്ട് അതിക്രമം സംഭവിക്കുന്നു ? എന്താണ് അതിക്രമികളെ വെറുപ്പിലേക്ക് നയിക്കുന്നത് ?

തിരുവനന്തപുരത്ത് കേരള നിയമസഭ സംഘടിപ്പിച്ച പുസ്തകോത്സവത്തിന് അതിഥിയായി എത്തിയ രേവതി തന്‍റെ ജീവിതം എങ്ങനെ 2002ന് ശേഷം മാറി മറിഞ്ഞു എന്ന് വിശദീകരിച്ചു. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘വെറുപ്പിന്‍റെ ശരീരശാസ്ത്രം’ എന്ന പുസ്തകം എങ്ങനെ ഉണ്ടായി വന്നു എന്നും അവര്‍ വ്യക്തമാക്കി.

പാര്‍വതി: ഈ പുസ്തകരചനയിലേക്ക് എത്തിയത് എങ്ങനെയാണ്?
രേവതി ലോള്‍: എന്‍ ഡി ടി വിയില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഗുജറാത്തില്‍ വംശഹത്യക്കു ശേഷം പോയത്. 2003ല്‍. ഇരകളായ മുസ്ലിങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കിട്ടുന്നില്ല എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ പോയത്. എന്നാല്‍ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുകയാണ് മിക്കവാറും ഹിന്ദുക്കള്‍ എന്നത് എന്നെ അതിശയിപ്പിച്ചു. എന്തുകൊണ്ടിവര്‍ ഇത്രയേറെ ആക്രമണോത്സുകരായി എന്നത് എന്നെ ചിന്തിപ്പിച്ചു. പിന്നെ ഞാന്‍ ആ വഴിയില്‍ മുന്നോട്ട് പോയപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പുതിയ അറിവായി.

ഇവയില്‍ പ്രധാനം എന്താണ് ?
രേവതി ലോള്‍: ആരും ആക്രമണകാരികള്‍ ആയി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ ആണ് അവരെ അങ്ങനെ ആക്കി തീര്‍ക്കുന്നത്. ഗുജറാത്തില്‍ ഹിന്ദുക്കളെ ഭയപ്പെടുത്തിയാണ് അക്രമത്തിലേക്ക് നയിച്ചത്.

ഒരു സ്വേച്ഛാധിപത്യ ഭരണകൂടം അതിനു കാരണമല്ലേ?
രേവതി ലോള്‍: തീര്‍ച്ചയായും അതെ. സംഘപരിവാര്‍ അവരെ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചതാണ്. ഹിന്ദുക്കള്‍ എന്തോ വലിയ അപകടത്തിലാണെന്നും അതിനു മുസ്ലീങ്ങളാണ് കാരണമെന്നും ഞാന്‍ നേരില്‍ കണ്ട ആക്രമത്തിന് കൂട്ടുനിന്ന എല്ലാ ഹിന്ദുക്കളും കരുതുന്നു എന്നത് എന്നെ അമ്പരപ്പിച്ചു.

പുസ്തകത്തില്‍ മൂന്നു പേരെക്കുറിച്ചാണല്ലോ പ്രധാനമായും പറയുന്നത്. ഇവരുമായി സംസാരിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ശാരീരികാക്രമണങ്ങള്‍ പോലും നേരിട്ടല്ലോ ? എന്നിട്ടും പിന്‍വാങ്ങാതെ മുന്നോട്ടു പോകാന്‍ എവിടെ നിന്നാണ് ഊര്‍ജം കിട്ടിയത്?

രേവതി ലോള്‍: അതെ. മൂന്നു പേരില്‍പെട്ട സുരേഷ് ആണ് ആക്രമിച്ചത്. വല്ലതെ മര്‍ദിക്കുകയും തല ചുവരില്‍ ഇടിക്കുകയും ഒക്കെ ചെയ്തു. അയാള്‍ എന്നെ കൊല്ലും എന്ന് ഞാന്‍ കരുതി. അപ്പോള്‍ ഭയന്നു പോയി എന്നത് സത്യമാണ്. എന്‍റെ അച്ഛന്‍ എന്നെ തിരിച്ചു ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതുമായി ഇനി മുന്നോട്ടു പോകരുത് എന്ന് അച്ഛന്‍ ശാസിച്ചു.

പക്ഷെ എനിക്ക് ഇത് പൂര്‍ത്തിയാക്കിയേ പറ്റൂ. സുരേഷിനെതിരെ കേസ് കൊടുത്തു. പക്ഷെ അയാള്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു. ഒരു കൂസലും ഇല്ലാതെ!

ഈ ഒരു പുസ്തകം തയാറാക്കാന്‍ ഒന്നര പതിറ്റാണ്ട് വേണ്ടി വന്നു, അല്ലെ?

രേവതി ലോള്‍: അതെ. ഒരുപാട് ബുദ്ധിമുട്ടി. നൂറു കണക്കിന് ആളുകളെ കണ്ടു, സംസാരിച്ചു. പക്ഷേ ഞാന്‍ പിന്മാറിയില്ല. അത് തേങ്ങ തിരുമ്മുന്നത് പോലെ ആണ്. ആദ്യം ബുദ്ധിമുട്ടായി തോന്നും, പിന്നെ നമ്മള്‍ തീരുന്നതു വരെ തിരുമ്മി കൊണ്ടേ ഇരിക്കും. അല്ലേ? അതിന്‍റെ ച്ഛക്ക്, ച്ഛക്ക്, ച്ഛക്ക് എന്ന ശബ്ദം ഒരു താളമായി മാറും. നമ്മുടെ ലക്ഷ്യം എത്തുന്നതുവരെ അത് തുടര്‍ന്നേ പറ്റൂ.

രേവതി ലോള്‍: ദീര്‍ഘ കാലം മാധ്യമ പ്രവര്‍ത്തക ആയിരുന്നല്ലോ. ഇപ്പോള്‍ ആ ജോലി പൂര്‍ണമായും ഉപേക്ഷിച്ചോ?

ഒരാള്‍ വെള്ളത്തില്‍ മുങ്ങുന്നത് കാണുമ്പോള്‍ അത് നോക്കി നിന്ന് വാര്‍ത്ത ആക്കുക മാത്രമാണോ ചെയ്യേണ്ടത്? അതോ അതിനെതിരെ പ്രവര്‍ത്തിക്കുകയാണോ വേണ്ടത് എന്ന ചോദ്യം എന്നെ വല്ലതെ മഥിക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്‍റെ പൊതുബോധത്തില്‍ മാറ്റം ഉണ്ടാക്കുക കൂടി വേണം എന്ന് എനിക്ക് ബോധ്യപ്പെട്ടു. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സര്‍ഫറോഷി ഫൗണ്ടേഷന്‍ ആരംഭിച്ചത് ഇതേ ലക്ഷ്യം മുന്നില്‍ കണ്ടാണോ?

രേവതി ലോള്‍: അതെ. തീര്‍ച്ചയായും. വെറുതെ പറഞ്ഞു കൊണ്ടിരുന്നാല്‍ പോരാ, കാണിച്ചു കൊടുക്കണം മാറ്റം സാധ്യമാണ് എന്ന് . അതിന് ഏറ്റവും ആവശ്യം ജാതി മത ലിംഗ വംശ വ്യത്യാസം ഇല്ലാതെ കൂട്ടായി പ്രവര്‍ത്തിക്കുക എന്നതാണ്. യുപിയിലെ ശാമില്‍ എന്ന ഗ്രാമത്തില്‍ ആണ് ഇപ്പോള്‍ എന്‍റെ താമസവും പ്രവര്‍ത്തനവും. ചെറിയ സംഘങ്ങള്‍ ഉണ്ടാക്കി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഹിന്ദുക്കളും മുസ്ലീമുകളും ചേര്‍ന്ന് ഈദും ഹോളിയും ആഘോഷിക്കുന്നു. കൈവേലകള്‍ ചെയ്യുന്നു. 14 ഗ്രാമങ്ങളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അന്യ മതസ്ഥന്‍ എന്നാല്‍ ശത്രു അല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്നുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആരു വിചാരിച്ചാലും ഇവരെ തമ്മില്‍ തല്ലിക്കാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പാണ്.

രാഷ്ട്രീയമായ വിദ്യാഭ്യാസം അല്ലേ കൂടുതല്‍ ആവശ്യം?

രേവതി ലോള്‍: വിശാലമായ അര്‍ത്ഥത്തില്‍ ഇതും ഒരു രാഷ്ട്രീയ വിദ്യാഭ്യാസം തന്നെ ആണ്. ദേശീയത എന്നൊക്കെ പറയുന്നതുതന്നെ പ്രശ്നാധിഷ്ഠിതമാണ്. അധികാര ഘടനയില്‍ മാറ്റം വരണം. സാമ്പത്തികാധികാരവും പ്രശ്നമാണ്. ഭൂമിയുള്ളവര്‍ക്ക് എക്കാലവും ഭൂമി ഇല്ലാത്തവരുടെ മേല്‍ അധികാരം പ്രയോഗിക്കാം. ജാട്ട് വിഭാഗം ഒബിസി ആണ്. പക്ഷേ അവര്‍ക്ക് കശ്യപ് വിഭാഗത്തിനുമേല്‍ അധികാരം ഉണ്ട്. ജാതി വളരെ സങ്കീര്‍ണമാണ്. അത് മറികടക്കണം. അതിന് എല്ലാവരും ഒരുമിച്ചിടപഴകി ജീവിക്കുക എന്നതാണ്. കേരളത്തിലെ സ്ഥിതി അല്ല ഉത്തരേന്ത്യയില്‍ ഇപ്പോഴും. ഓരോ സമുദായവും വേറിട്ട് മാത്രമേ ജീവിക്കൂ. അപ്പോള്‍ അവരെ സംഘര്‍ഷങ്ങളിലേക്ക് നയിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് എളുപ്പത്തില്‍ കഴിയും.

സര്‍ഫറോഷി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ സംഘപരിവാര്‍ എങ്ങനെ കാണുന്നു?

രേവതി ലോള്‍: ഇപ്പോള്‍ ഞങ്ങള്‍ വളരെ ചെറിയ തോതിലല്ലേ പ്രവര്‍ത്തിക്കുന്നുള്ളു.. അതുകൊണ്ട് അവര്‍ ശ്രദ്ധിക്കുന്നില്ല. ഭാവിയിലെ കാര്യം പറയാന്‍ ആവില്ല.

അത്തരം എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നില്ലേ?

രേവതി ലോള്‍: ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. വെറുപ്പിനെതിരായ ഒരു ബദല്‍ ആണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് – ഒഴുക്കിനെതിരെയുള്ള നീക്കം, ഒരു ബദല്‍ സാംസ്കാരിക പ്രവര്‍ത്തനം. ജനങ്ങള്‍ അംഗീകരിച്ചാല്‍ പിന്നെ ഒന്നും പ്രശ്നമല്ല.

രേവതി ലോള്‍ തന്‍റെ ഫാസിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസത്തോടെ, വ്യത്യസ്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. രേവതിയുടെ പുസ്തകത്തിന്‍റെ വിവര്‍ത്തനം 2021 ല്‍ ആദ്യ എഡിഷനും രണ്ടാം എഡിഷന്‍ 2022 ലും ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു. രേവതിയെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ഒരു വാചകത്തോടെ ആണ് ‘വെറുപ്പിന്‍റെ ശരീര ശാസ്ത്രം’ അവസാനിക്കുന്നത് .അതിങ്ങനെയാണ്, 2002 ല്‍ തന്‍റെ കുടുംബത്തിലെ ഒന്‍പതു പേരെ നഷ്ടപെട്ട അബ്ദുല്‍ മജീദിനെ പോലെയുള്ളവര്‍ തളര്‍ന്നിരുന്നു. ഇര എന്ന നിലയിലുള്ള അവരുടെ ജീവിതത്തിന്‍റെ അവസ്ഥകളും അനുഭവങ്ങളും പലകുറി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് അവര്‍ തളര്‍ന്നു. വീണ്ടും ഇതേ കഥകള്‍ അന്വേഷിച്ചു വരുന്നവരോട് അവര്‍ക്ക് ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ‘ഞങ്ങള്‍ക്കു നേരെ നോക്കണ്ട. ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല.അവര്‍ക്ക് നേരെ നോക്കൂ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − fifteen =

Most Popular