Friday, March 24, 2023

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാനയിലും നിലതെറ്റി കിറ്റക്സ്

തെലങ്കാനയിലും നിലതെറ്റി കിറ്റക്സ്

സഹാന പ്രദീപ്

കേരളം വ്യവസായ സൗഹൃദമല്ലെന്നും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാരിന്‍റെ മനോഭാവം എന്നും പഴിചാരി തെലങ്കാനയിലേക്ക് ചേക്കേറാന്‍ ശ്രമിച്ച സാബു എം ജേക്കബിന്‍റെ കിറ്റെക്സ് ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണ് വാറംഗലില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വാറംഗല്‍ ജില്ലയില്‍ തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാക്കാത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിന്‍റെ രണ്ടു യൂണിറ്റുകളില്‍ ഒന്നാണ് കിറ്റെക്സ് ഗ്രൂപ്പിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഗേസുകൊണ്ട, സംഗം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1200 ഏക്കര്‍ ഭൂമിയില്‍ 187 ഏക്കറാണ് നിര്‍മാണ ശാലക്കുവേണ്ടി ആദ്യം വകയിരുത്തിയിരുന്നത്. എന്നാല്‍ വാസ്തുപരമായ കാരണങ്ങള്‍ കാണിച്ച്, ചുറ്റുമതില്‍ പണിയുന്നത്തിനായി 13, 29 ഏക്കര്‍ കൂടി കിറ്റെക്സ് കമ്പനി അധികം ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ചുറ്റുമതിലിന്‍റെ വിന്യാസം കര്‍ഷകരുടെ പാട്ടഭൂമിയെ ഭേദിച്ചുകൊണ്ടാണ് കടന്നുപോകുക.

കിറ്റെക്സിന്‍റെ കരാര്‍ കമ്പനിയുടെ ആവശ്യത്തെ തുടര്‍ന്ന് സര്‍വേ എടുക്കുന്നതിനായി എത്തിയ റവന്യു ഉദ്യോഗസ്ഥരെ നേരിട്ടത് കര്‍ഷകരുടെ വലിയ പ്രതിഷേധമാണ്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ സി ആര്‍ ഗവണ്‍മെന്‍റ് അഞ്ച് വര്‍ഷങ്ങള്‍ക്കു കര്‍ഷകരുമായുണ്ടാക്കിയ വഞ്ചനാപരമായിരുന്നു. കരാര്‍ പ്രകാരം കര്‍ഷകര്‍ക്ക് വീടുവെച്ച് നല്‍കാമെന്നും ഓരോ കുടുംബത്തിനും ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ജോലി ഉറപ്പാക്കാമെന്നുമുള്ള വാഗ്ദങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ നീതി പുലര്‍ത്തിയിട്ടില്ല എന്നു മാത്രമല്ല, ഭൂമിയുടെ നിലവിലെ കമ്പോള വിലയുടെ അഞ്ചിലൊന്ന് മാത്രം നല്‍കിക്കൊണ്ട് കര്‍ഷകരെ ചതിക്കുകയായിരുന്നു. ഏക്കറിന് 50 ലക്ഷം രൂപ വിലയുള്ള ഭൂമി സര്‍ക്കാര്‍ വെറും 10 ലക്ഷം രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്തത്.. ജലസേചന സൗകര്യമുള്ളതും ഫലഭൂയിഷ്ഠവുമായ ഭൂമി ചുളുവിലയ്ക്ക് കയ്യടക്കുകയും ന്യായമായ പരിഹാരത്തുക പോലും നല്‍കാതെ കര്‍ഷകരെ ജീവല്‍പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് തെലങ്കാന സര്‍ക്കാര്‍ ചെയ്യുന്നത്. അന്യായമായ ഈ ഭൂമി കയ്യേറ്റത്തിനെതിരെ വാറംഗലിലെ ശ്യാം പേട്ട് ഹവേലിയില്‍ കര്‍ഷകര്‍ ദിവസങ്ങളായി കടുത്ത സമരത്തിലാണ്.

കിറ്റെക്സ് ഗ്രൂപ് ആവശ്യപ്പെട്ട അധിക ഭൂമിയായ 13.29 ഏക്കര്‍ ഉടന്‍ ഒഴിഞ്ഞു കൊടുക്കാന്‍ സര്‍ക്കാര്‍ പാട്ട ഭൂമി കര്‍ഷകര്‍ക്ക് ആറുമാസം മുമ്പേ നോട്ടീസ് അയച്ചിരുന്നെങ്കിലും രൂക്ഷമായ സമരം കാരണം അളവെടുക്കാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങിപ്പോകേണ്ടി വരികയായിരുന്നു. വലിയ പ്രക്ഷോഭം പ്രതീക്ഷിച്ച ഗവണ്‍മെന്‍റ് വന്‍ പോലീസ് സന്നാഹത്തോടെയാണ് മാര്‍ച്ച് നാലിന് സര്‍വേ എടുക്കാന്‍ വന്നത്. വിളവ് പാട്ട ഭൂമി വിട്ടു നല്‍കിയാല്‍ മറ്റു ജീവനോപാധികളൊന്നുമില്ലാതെയാകുന്ന കര്‍ഷകരെ തുടര്‍ച്ചയായി വഞ്ചിക്കുകയും ഇപ്പോള്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് കെ സി ആര്‍. ഭൂമി നഷ്ടപ്പെട്ടാല്‍ പിന്നെ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നതാണ് കര്‍ഷകരുടെ അവസ്ഥ.

മണ്ണില്‍ പണിയെടുക്കുന്നവരുടെ ജീവനെടുത്തതും കോര്‍പറേറ്റുകള്‍ക്ക് വിരുന്നൊരുക്കുന്ന കെ സി ആര്‍ ഗവണ്മെന്‍റിന്‍റെ നയങ്ങളാണ് കിറ്റെക്സിന്‍റെ ആകര്‍ഷണം. അന്യായമായ ഭൂമി കയ്യേറലും തൊഴിലാളികളെ ചൂഷണം ചെയ്യലും അനുവദിച്ചു കൊടുക്കാത്ത കേരള സര്‍ക്കാര്‍ കിറ്റെക്സിന് വ്യവസായ വിരോധിയും വികസന വിരോധിയുമാവുന്നത് സ്വാഭാവികം. എന്നാല്‍ അവര്‍ ഇപ്പോള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വാറംഗലിലെ പോലെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതയെ മുതലെടുത്തതുകൊണ്ടാണ്. തെലങ്കാനയില്‍ കിറ്റെക്സ് പ്രഖ്യാപിച്ച 3500 കോടിയുടെ നിക്ഷേപത്തില്‍ വാറംഗലിലെ വസ്ത്ര കമ്പനി 2023 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന മോഹത്തിലായിരുന്നു കമ്പനി. ആ പ്രതീക്ഷയില്‍ വാറങ്കലിനു പുറമെ രംഗറെഡ്ഡി ജില്ലയിലും കമ്പനി സ്ഥലം സ്വന്തമാക്കിയിരുന്നു. കൂടാതെ മൂന്നാമത്തെ നിര്‍മാണ കമ്പനിക്കായി സ്ഥലം അന്വേഷിക്കുകയുമായിരുന്നു. ആ ഘട്ടത്തിലാണ് വാറംഗലിലെ ആദ്യ യൂണിറ്റിന് തന്നെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമരം ശക്തിപ്പെട്ടത്. കേരളത്തെ ശാപവാക്കുകള്‍ കൊണ്ട് മൂടി, തെലങ്കാനയില്‍ കോടികളുടെ നിക്ഷേപം ഉണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാബു ജേക്കബിന് തെലങ്കാനയിലെ കര്‍ഷകരുടെ പോരാട്ടങ്ങളെക്കുറിച്ച് മതിയായ ചരിത്രാവബോധമില്ല.

കെ സി ആറിന്‍റെ കൊടിയ വഞ്ചനയ്ക്കും അന്യായമായ ഭൂമി കയ്യേറ്റത്തിനും കോര്‍പ്പറേറ്റുവല്‍ക്കരണത്തിനുമെതിരെ കര്‍ഷക സമരം കനക്കുകയാണ്. തെലങ്കാനയിലെ കിറ്റക്സ് അതിമോഹത്തിനു മങ്ങലേല്‍ക്കുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular