Friday, March 24, 2023

ad

Homeഇവർ നയിച്ചവർകാട്ടായിക്കോണം വി ശ്രീധര്‍ എന്നെന്നും എംഎല്‍എ

കാട്ടായിക്കോണം വി ശ്രീധര്‍ എന്നെന്നും എംഎല്‍എ

ഗിരീഷ് ചേനപ്പാടി

തെക്കന്‍ തിരുവിതാംകൂറില്‍, വിശേഷിച്ച് ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ, ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതില്‍ മികച്ച സംഭാവന ചെയ്ത വ്യക്തിയാണ് കാട്ടായിക്കോണം വി. ശ്രീധര്‍. എം.എല്‍.എ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം ഉജ്വല സംഘാടകനും ഉറച്ച മനസ്സോടെ ഏതു പ്രതിസന്ധി ഘട്ടത്തിലും പോരാടിയ ധീരനുമായിരുന്നു. തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം കാട്ടായിക്കോണത്തെ ഏറെ ജനകീയനുമാക്കി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഐഎമ്മിന്‍റെയും ജില്ലാ സെക്രട്ടറിയായി നാലു പതിറ്റാണ്ടോളം കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനങ്ങളില്‍ അസാമാന്യമായ ആത്മാര്‍ത്ഥത പ്രകടിപ്പിച്ച അദ്ദേഹം, പാര്‍ട്ടി പ്രവര്‍ത്തകരെ അവരവരുടെ കഴിവുകള്‍ മനസ്സിലാക്കി നിയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച പലരും ഓര്‍ക്കുന്നു.

1918 മാര്‍ച്ചില്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം എന്ന ഗ്രാമത്തിലെ കളരിക്കവിള വീട്ടിലാണ് ശ്രീധറിന്‍റെ ജനനം. അച്ഛന്‍: വേലായുധന്‍. അമ്മ: ലക്ഷ്മി.
സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്‍റെ ആവേശം ഇന്ത്യയാകെ പ്രതിഫലിക്കുന്ന വേളയിലാണ് ശ്രീധറിന്‍റെ ബാല്യകൗമാരങ്ങള്‍ കടന്നുപോയത്. 1924 – 25 കാലത്ത് നടന്ന വൈക്കം സത്യാഗ്രഹം ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ചിരുന്നല്ലോ. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് വഴി നടക്കാനുള്ള ആ പ്രക്ഷോഭത്തിനു പിന്തുണയുമായി ഗാന്ധിജിയും ഇ.വി. രാമസ്വാമി നായ്ക്കരും ഉള്‍പ്പെടെയുള്ളവര്‍ എന്നായിരുന്നല്ലോ. വൈക്കം സത്യാഗ്രഹവും നിവര്‍ത്തന പ്രക്ഷോഭവും തിരുവിതാംകൂറില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

1938-ലാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതെങ്കിലും 1920 കളുടെ അവസാനത്തോടെ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. 1931-ല്‍ പൊന്നറ ശ്രീധര്‍, എന്‍.പി. കുരുക്കള്‍ തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് രൂപീകരിക്കപ്പെട്ടു. ഉത്തരവാദ ഭരണം എന്ന ആവശ്യം ഉന്നയിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആവേശഭരിതനായ ശ്രീധര്‍ യൂത്ത് ലീഗിന്‍റെ സജീവ പ്രവര്‍ത്തകനായി മാറി.

1938 ഫെബ്രുവരിയില്‍ സുഭാഷ് ചന്ദ്രബോസിന്‍റെ അദ്ധ്യക്ഷതയില്‍ ഹരിപുരയില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തു. നാട്ടുരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളിലോ പ്രത്യക്ഷ സമരങ്ങളിലോ കോണ്‍ഗ്രസിന്‍റെ പേരില്‍ പങ്കെടുക്കാന്‍ പാടില്ല എന്നതായിരുന്നു അത്. നാട്ടുരാജ്യങ്ങളില്‍ സ്വതന്ത്ര സംഘടനകളുടെ നേതൃത്വത്തിലാവണം പ്രക്ഷോഭങ്ങള്‍ നടത്താനെന്നും സമ്മേളനം അംഗീകരിച്ച ഒരു പ്രമേയം നിര്‍ദ്ദേശിച്ചു. ഉത്തരവാദ ഭരണം നേടിയെടുക്കാനുള്ള വിശാലമായ സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അപ്പോഴേക്കും തിരുവിതാംകൂറില്‍ സജീവമായിരുന്നു. യൂത്ത് ലീഗിന്‍റെ ഈ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ണായകമായി.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ജില്ലാ സെക്രട്ടറിയായി യുവാവായ ശ്രീധര്‍ തെരഞ്ഞെടുക്കപ്പെട്ടു. ദിവാന്‍ ഭരണത്തിന്‍റെ അതിക്രൂരമായ വേട്ടയാടലുകളെയും യാഥാര്‍ത്ഥിതികരുടെ കടുത്ത എതിര്‍പ്പുകളെയും ഭീഷണികളെയും അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്‍റെും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍.

യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് ആശയങ്ങളോട് അഭിമുഖമുള്ളവരായിരുന്നു. കെ.സി.ജോര്‍ജ്ജിനെപ്പോലെയുള്ള നേതാക്കളുമായുള്ള അടുപ്പം ശ്രീധറിനെയും അടിയുറച്ച കമ്യൂണിസ്റ്റ് അനുഭാവിയാക്കി മാറ്റിയിരുന്നു.

പി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് 1941-ല്‍ തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം നല്‍കിയവര്‍ കാട്ടായിക്കോണം വി. ശ്രീധര്‍, ഉള്ളൂർ ഗോപി, മണ്ണന്തല കരുണാകരൻ, തൈക്കാട് ഭാസ്‌കരൻ, പി. ഫകീർഖാൻ തുടങ്ങിയവരായിരുന്നു.

ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും ജന്മിത്തത്തിനെതിരായ സമരങ്ങളും അവകാശങ്ങള്‍ക്കുവണ്ടിയുള്ള തൊഴിലാളികളുടെ പ്രക്ഷോഭങ്ങളും കൊടുമുടിയിലെത്തിയ വേളയായിരുന്നു അത്. പ്രക്ഷോഭങ്ങള്‍ക്ക് ഉജ്വല നേതൃത്വം നല്കിയ ശ്രീധറിന്‍റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ താമസിയാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവാക്കി മാറ്റി.

തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങള്‍ ജില്ലയില്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ നേതൃപാടവം ഏറെ തുണയായി. ഒട്ടനവധി പ്രക്ഷോഭങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയില്‍ ജനകീയാടിത്തറ നേടിക്കൊടുത്തത്. ഒളിവിലും തെളിവിലുമുള്ള ശ്രീധറിന്‍റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ഏറെ ജനസമ്മതി നേടിക്കൊടുത്തു. 1952-ല്‍ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് അതിന്‍റെ തെളിവാണ്. 1954-ലും ഇതേ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചു.

ഒന്നാം കേരള നിയമസഭയില്‍ ഉള്ളൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കാട്ടായിക്കോണം വി. ശ്രീധറായിരുന്നു. ആദ്യ കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യത്തെ ചോദ്യം ഉന്നയിച്ച എം.എല്‍.എ. കാട്ടായിക്കോണമായിരുന്നു.1969-ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോരാടാന്‍ കാട്ടായിക്കോണത്തെയാണ് സി.പി.ഐ.എം നിയോഗിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കി.

എം.എല്‍.എ. എന്ന വിളിപ്പേര്‍ അദ്ദേഹത്തിന്‍റെ ജീവിതാവസാനം വരെ നിലനിന്നു. അദ്ദേഹത്തിന്‍റെ ജനകീയതയുടെയും ജനപ്രീതിയുടെയും സാക്ഷ്യമായി ഇതിനെ അടയാളപ്പെടുത്താം.ത്യാഗോജ്വലമായ ജീവിതം നയിച്ച അദ്ദേഹം ഒമ്പതു വര്‍ഷക്കാലം ജയില്‍ വാസം അനുഷ്ഠിച്ചു; വര്‍ഷങ്ങളോളം ഒളിവില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്കും വര്‍ഗ ബഹുജന സംഘടകള്‍ക്കും നേതൃത്വം നല്‍കിയ അദ്ദേഹം അവിവാഹിതനായിരുന്നു.

1994 മാര്‍ച്ച് 29-ന് അന്തരിച്ച അദ്ദേഹം നാലു പതിറ്റാണ്ടാളം കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജില്ലയിലെ അമരക്കാരനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവ് എന്ന ബഹുമതിയും കാട്ടായിക്കോണത്തിനാണ് ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eleven =

Most Popular