Friday, March 24, 2023

ad

Homeപുസ്തക പരിചയംഒരു പോരാളിയുടെ ജീവിതകഥ

ഒരു പോരാളിയുടെ ജീവിതകഥ

ശ്രീജിത്ത് ശിവരാമന്‍

ന്ത്യന്‍ സാഹചര്യത്തിലെ ചൂഷണത്തിന്‍റെ പ്രധാന രൂപങ്ങളില്‍ ഒന്നാണ് ജാതി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജാതിയെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം ലിബറല്‍ സ്വത്വരാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും സ്ഥിരമായി ഉയരാറുള്ളതാണ്. എന്നാല്‍ രൂപീകരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ജാതി പ്രശ്നം കൈകാര്യം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിയുകയും അതിനെ പ്രശ്നവത്കരിക്കാന്‍ ശ്രമിക്കുകയും ജാതിവിരുദ്ധ പോരാട്ടങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. ഹിന്ദുത്വ രാഷ്ട്രീയം അക്രമോത്സുകമായവിധം വളര്‍ച്ച നേടിയ സമകാലീക ഇന്ത്യയില്‍ ദളിത് രാഷ്ട്രീയവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും ചെറുത്തുനില്‍പ്പിന്‍റെ പൊതുവേദികള്‍ രൂപപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. പരസ്പരമുള്ള ആശയപരമായ വ്യതിരിക്തതകള്‍ക്കപ്പുറം ഒരു പൊതുശത്രുവിനെതിരായ ഐക്യത്തിന്‍റെ ശ്രമം എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്.  ദളിത് രാഷ്ട്രീയത്തിന്‍റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെയും ശക്തികേന്ദ്രമായിരുന്ന മഹാരാഷ്ട്രയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് നേടാന്‍ കഴിഞ്ഞ വളര്‍ച്ചയുടെ ചരിത്രപാഠങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണ്. ബാബാസാഹേബ് അംബേദ്കറിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പിന്നീട് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സജീവ നേതൃത്വത്തിലെത്തുകയും ചെയ്ത രാമചന്ദ്ര ബാബാജി മോറെയുടെ ആത്മകഥയും ജീവചരിത്രവും ചേര്‍ന്ന പുസ്തകമാണ് ‘മെമ്മയിര്‍സ് ഓഫ് എ ദളിത് കമ്മ്യുണിസ്റ്റ്  ദി മെനി വേള്‍ഡ്സ് ഓഫ് ആര്‍ ബി മോറെ’ എന്ന പുസ്തകം. കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറും ജാതിയെ അടിസ്ഥാനമാക്കിയ നിരവധി പഠനങ്ങളുടെ കര്‍ത്താവുമായ അനുപമ റാവുവാണ് പുസ്തകത്തിന്‍റെ എഡിറ്റിങ്ങും പഠനവും നിര്‍വഹിച്ചിരിക്കുന്നത്. 2003 ല്‍ മറാത്തിയില്‍ പ്രസിദ്ധീകരിച്ച  പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് പ്രൊഫ. വന്ദന സൊണാല്‍കര്‍ ആണ്.

തന്‍റെ കുട്ടിക്കാലം മുതല്‍ 1927 ലെ മഹദ് സത്യാഗ്രഹം വരെയുള്ള ആത്മകഥയാണ് ആര്‍ ബി മോറെ ആദ്യഘട്ടത്തില്‍ എഴുതുന്നത്. തുടര്‍ന്നുള്ള അനുഭവങ്ങള്‍ എഴുതുന്നതിനു മുന്‍പേ അദ്ദേഹം മരണപ്പെട്ടു. 1927 മുതല്‍ 1972 ല്‍ അദ്ദേഹത്തിന്‍റെ മരണം വരെയുള്ള ജീവചരിത്രം പൂര്‍ത്തിയാക്കുന്നത് അദ്ദേഹത്തിന്‍റെ മകനും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ സത്യേന്ദ്രനാഥ് മോറെയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും റായ്ഗഡ് മേഖലയിലെ ആദിവാസി സംഘാടകനും ആയിരുന്ന സത്യേന്ദ്രനാഥ് മോറെ 1978 ല്‍ ധാരാവിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആര്‍ ബി മോറെയുടെ ജീവചരിത്രക്കുറിപ്പുകള്‍ പ്രസാധനം ചെയ്യുന്നത് കാണാന്‍ സത്യേന്ദ്രനാഥിനും കഴിഞ്ഞില്ല 2003 ല്‍ അദ്ദേഹവും മരണപ്പെട്ടു. തുടര്‍ന്ന് സത്യേന്ദ്രനാഥിന്‍റെ മകന്‍ സുബോധ് മോറെയാണ് ഈ കുറിപ്പുകള്‍ ശേഖരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. മഹാരാഷ്ട്രയിലെ സിപിഐ എമ്മിന്‍റെ സാംസ്കാരിക പ്രചാരണ സംഘത്തിലെ കലാകാരനും പാര്‍ട്ടി പ്രവര്‍ത്തകനുമാണ് സുബോധ്. അങ്ങനെ ഒരര്‍ത്ഥത്തില്‍ മൂന്ന് തലമുറകളുടെ ശ്രമഫലമായാണ് ഈ പുസ്തകം വായനക്കാരിലെത്തുന്നത്.

ആര്‍ ബി മോറെയുടെ ഓര്‍മകള്‍ തുടങ്ങുന്നത് ചതിയില്‍ സ്വത്തുക്കളെല്ലാം നഷ്ടപ്പെടുന്ന അച്ഛനെക്കുറിച്ചുള്ള ഓര്‍മകളിലാണ്. പിന്നീട് അക്കാലത്തെ മിക്ക കീഴാള ജീവിതത്തെയും പോലെ വിദ്യാഭ്യാസം നേടാനുള്ള കഠിനയാതനകളാണ് മോറെ വിവരിക്കുന്നത്. ചിത്പവന്‍ ബ്രാഹ്മണര്‍ക്ക് അതീവ മേധാവിത്വമുണ്ടായിരുന്ന കൊങ്കണ്‍ ഭാഗത്തെ റായ്ഗഢിലെ ദളിത് ജീവിതം മോറെ ഇവിടെ വരച്ചുകാട്ടുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളത്തില്‍ ജോലിചെയ്തിരുന്ന ദളിതരാണ് പിന്നീട് ആ സമൂഹത്തില്‍ വലിയ മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. ബ്രിട്ടീഷ് സൈന്യത്തിലെ ജോലി ദളിതര്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസരങ്ങള്‍ തുറന്നുകൊടുത്തു .ഇങ്ങനെ ബ്രിട്ടീഷ് ജീവനക്കാരായിരുന്ന ദളിതര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ദാസ്ഗാവോണ്‍ എന്ന പ്രദേശത്താണ് മോറെ വിദ്യാഭ്യാസം ചെയ്യുന്നത്.   എന്നാല്‍ ആയോധന ജാതികള്‍ എന്ന മിത്തിന്‍റെ വരവോടെ ആ സാധ്യതയും ദളിത് ജീവിതത്തിനു മുന്നില്‍ ഇല്ലാതാക്കുകയാണ്. തന്‍റെ പതിനൊന്നാം വയസ്സില്‍തന്നെ റായ്ഗഢിലെ സ്കൂളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ച് പത്രത്തില്‍ കത്തെഴുതുകയും സ്കൂളിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റ് അവസാനിപ്പിക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ട് മോറെ; തുടര്‍ന്നാണ് മോറെക്ക് അവിടെ പ്രവേശനം അനുവദിക്കപ്പെടുന്നത്. ‘എനിക്ക് ജീവനുള്ളിടത്തോളം കാലം നിന്നെ ഞാന്‍ തൊടില്ല’ എന്നാക്രോശിക്കുന്ന സ്കൂളിലെ ഒരധ്യാപകനെക്കുറിച്ച് മോറെ പരാമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാനായി വരുന്ന മോറെ താന്‍മാത്രം ഹാളിനു പുറത്തിരുന്നു പരീക്ഷ എഴുതേണ്ടിവന്നതും അദ്ധ്യാപകന്‍ ചോദ്യപേപ്പര്‍ തനിക്ക് എറിഞ്ഞു തന്നതും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അതേ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായി വിജയിക്കുകയാണ് മോറെ. എന്നിട്ടും ജീവിതത്തിന്‍റെ ഓരോ വളവിലും തിരവിലും ജാതീയമായി നേരിട്ട അനീതികള്‍ മോറെയെ ഒരു പ്രക്ഷോഭകാരിയാക്കുകയാണ്.

ആദ്യം ജോതിബ ഫുലെയുടെയും തുടര്‍ന്ന് അംബേദ്കറുടെയും രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ദളിത് രാഷ്ട്രീയത്തില്‍ സജീവമാകുന്ന മോറെ 1927 ലെ വിഖ്യാതമായ മഹദ് സത്യാഗ്രഹത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. ചാവ്ദാര്‍ തടാകത്തില്‍നിന്നും വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടന്ന ഐതിഹാസിക സമരമായിരുന്നു മഹദ്സത്യാഗ്രഹം. അംബേദ്കറെ ഈ സത്യാഗ്രഹത്തിലേക്ക് കൊണ്ടുവരുന്നതില്‍ തന്‍റെ പങ്ക് മോറെ വിശദീകരിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് കൊങ്കണിലെയും ബോംബെയിലെയും ദളിത് രാഷ്ട്രീയമുന്നേറ്റങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി മോറെ പ്രവര്‍ത്തിക്കുന്നു.

1930 ല്‍ മോറെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നു. മുപ്പതുകളില്‍ ബോംബെയില്‍ ഉയര്‍ന്ന തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ ഒരു വലിയ വിഭാഗം ദളിതരായിരുന്നു. ബോംബെയിലെ തൊഴിലാളിവര്‍ഗ രൂപീകരണത്തില്‍ ജാതി പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് വിശദമാക്കുന്ന നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട് . രാജ് നാരായണ്‍ ചന്ദവര്‍ക്കറിന്‍റെ പഠനങ്ങള്‍ ഈ മേഖലയിലെ ഏറ്റവും മികച്ച പഠനങ്ങളാണ്. ലിബറല്‍ ആഖ്യാനങ്ങളില്‍ നിന്ന് വിഭിന്നമായി ബോംബെയിലെ തൊഴിലാളികള്‍ നേരിട്ട ജാതീയമായ മര്‍ദ്ദനങ്ങളെ നേരിടാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നു. ഈ സാമൂഹിക സാഹചര്യത്തില്‍ കൂടിയാണ് മോറെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജാതിവിരുദ്ധ പോരാട്ടങ്ങളോട് വിമര്‍ശനാത്മകമായ ഐക്യപ്പെടലാണ് മോറെ നടത്തിയത്. 1953 ലും തുടര്‍ന്ന് 1957 ലും ജാതി പ്രശ്നത്തെക്കുറിച്ചുള്ള നോട്ടുകള്‍ അദ്ദേഹം പാര്‍ടി കേന്ദ്രകമ്മിറ്റിക്ക് ചര്‍ച്ചക്കായി അയച്ചു കൊടുത്തു. യാന്ത്രികമായ വര്‍ഗ നിലപാടുകളോടുള്ള കടുത്ത വിമര്‍ശമടങ്ങിയതായിരുന്നു ആ കുറിപ്പുകള്‍. അംബേദ്കര്‍ രാഷ്ട്രീയത്തോട് വിമര്‍ശനാത്മകമായ അകലം സൂക്ഷിച്ചപ്പോഴും അംബേദ്കറോട് അങ്ങേയറ്റം അടുപ്പം സൂക്ഷിക്കാന്‍ മോറെ ശ്രമിച്ചിരുന്നു.

ജാതിയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വിശകലനത്തിലെ ഒരു സൈദ്ധാന്തിക സംഭാവന എന്ന നിലയ്ക്കല്ല, മറിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയിലും ദളിത് രാഷ്ട്രീയത്തിലും സജീവമായിരുന്ന , വ്യക്തിപരമായും ജാതി വിവേചനാനുഭവങ്ങള്‍ ഏറെയുള്ള ഒരു പോരാളിയുടെ ഊഷ്മളമായ രാഷ്ട്രീയ അന്വേഷണങ്ങള്‍ എന്ന നിലയ്ക്കാണ് നാം ഈ പുസ്തകത്തെ സമീപിക്കേണ്ടത്. ദളിത്-മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ഇരുകരയിലുമുള്ളവര്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിശ്ചയമായും നിശിതമായ വായനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ് ആര്‍ ബി മൊറേയുടെ പോരാട്ട ജീവിതം വരച്ചുകാണിക്കുന്ന ഈ പുസ്തകം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 2 =

Most Popular