Friday, March 24, 2023

ad

Homeമുഖപ്രസംഗംഎരിതീയില്‍ എണ്ണയൊഴിക്കരുത്

എരിതീയില്‍ എണ്ണയൊഴിക്കരുത്

ബ്രഹ്മപുരത്ത് ഈയിടെ ഉണ്ടായ തീപിടുത്തവും തുടര്‍ന്നു കൊച്ചി നഗരത്തിന്‍റെയും അയല്‍പ്രദേശങ്ങളുടെയും അന്തരീക്ഷത്തില്‍ ഏതാനും ദിവസം പുകപടലം നിറഞ്ഞുനിന്നതും അതെല്ലാംമൂലം പ്രദേശവാസികള്‍ക്കുണ്ടായ പ്രയാസങ്ങളും ഒഴിവാക്കാമായിരുന്ന ദുരന്തമാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്തതല്ല പ്രശ്നം. അവ പാലിക്കേണ്ട പൗരസമൂഹവും ഉദ്യോഗസ്ഥാനുദ്യോഗസ്ഥ വൃന്ദവും അവ കര്‍ശനമായി പാലിക്കാത്തതാണ് പ്രശ്നം എന്നും ആമുഖമായി പറയേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മാലിന്യസംസ്കരണത്തിന് വിളപ്പില്‍ശാല, ബ്രഹ്മപുരം, ഞെളിയന്‍പറമ്പ് എന്നീ സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യത്തിനു ഭൂമി വിലയ്ക്ക് വാങ്ങി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അതത് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം നടപടി കൈക്കൊണ്ടിരുന്നു. ഉറവിട മാലിന്യ സംസ്കരണനയമാണ് ഇവിടെ പിന്തുടരുന്നത്. വീടും (പൊതു-സ്വകാര്യ) സ്ഥാപനങ്ങളും പൊതു ഇടങ്ങളും ആണ് മാലിന്യ ഉറവിട കേന്ദ്രങ്ങള്‍. ജൈവ മാലിന്യങ്ങള്‍ പലതും അതുണ്ടാകുന്ന വീടുകളിലും സ്ഥാപനങ്ങളിലുംതന്നെ ഒരു പരിധിയോളം സംസ്കരിക്കാന്‍ കഴിയും. എന്നാല്‍, നമ്മുടെ പൗരബോധം ആ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല ഇപ്പോഴും. അതുകൊണ്ടാണ് അവയില്‍ ഏറിയ പങ്കും പൊതു ഇടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടുമുമ്പ് കേരളത്തില്‍ മാലിന്യസംസ്കരണം തദ്ദേശഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്നതിനു തീരുമാനിച്ചപ്പോള്‍, ഓരോ വീട്ടുകാരും ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് തദ്ദേശ ശുചീകരണപ്രവര്‍ത്തകരെ ഏല്‍പ്പിക്കുന്നതിന് പ്രത്യേകം പ്രത്യേകം ബക്കറ്റുകള്‍ നല്‍കപ്പെട്ടിരിക്കുന്നു. പിന്നീട് യുഡിഎഫ് ഭരണാധികാരികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും അതിലേറെ മാലിന്യസംസ്കരണരംഗത്തേക്ക് കടന്നുവന്ന സ്വകാര്യകരാറുകാരും മാലിന്യം ജൈവ-അജൈവ തരംതിരിവു കൂടാതെ വീട്ടുകാര്‍ നല്‍കിയാല്‍ മതി എന്ന് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് വിളപ്പില്‍ശാലയിലും ബ്രഹ്മപുരത്തും ഞെളിയന്‍പറമ്പിലും പ്ലാസ്റ്റിക് ബാഗുകളില്‍ അടക്കം ചെയ്ത ജൈവ മാലിന്യമെത്തിയതും അവിടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം ചുറ്റുമുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചതും.

ഓരോ ദിവസത്തെയും ജൈവ മാലിന്യങ്ങള്‍ അതിവേഗം വിഘടിക്കുന്നതിനു സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തളിച്ച് ഇട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കകം വിഘടിച്ച് ജൈവവളമായി മാറും. അജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് പോലുള്ളവ, പ്രത്യേകം തരംതിരിച്ച് റീസൈക്ലീങ്ങിനു നല്‍കാന്‍ കഴിയും. പക്ഷേ, പ്ലാസ്റ്റിക് വൃത്തിയാക്കി വേണം നല്‍കാന്‍. അവയില്‍ ഒരു തരത്തിലുള്ള ജൈവപദാര്‍ത്ഥങ്ങളും അടക്കം ചെയ്തുകൂട. പ്ലാസ്റ്റിക്കല്ലാത്ത അജൈവ മാലിന്യങ്ങളില്‍ ലോഹ പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് റീസൈക്ലിങ്ങിനു നല്‍കാന്‍ കഴിയും. ചെടി, മരം തുടങ്ങിയവയുടെ കൊമ്പ് മുതലായ വസ്തുക്കളും മറ്റും സംസ്കരിക്കുന്നതും കൈകാര്യം ചെയ്യുന്നതും വേറെ രീതികളിലാണ്. അതിനാല്‍ മാലിന്യങ്ങളെ ജൈവ-അജൈവ അടിസ്ഥാനത്തിലും അജൈവമായവയെ അവയ്ക്കൊത്ത വിധവും വര്‍ഗീകരിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ മാലിന്യ സംസ്കരണം പ്രതികൂല പ്രശ്നങ്ങളൊന്നും ഉയര്‍ത്താതെ കൈകാര്യം ചെയ്യാന്‍ നഗരസഭകള്‍ക്കും അവയ്ക്കുവേണ്ട സഹായം നല്‍കാന്‍ സര്‍ക്കാരിനും കഴിയും.

ഇത്തരത്തില്‍ വിശദമായി തയ്യാറാക്കപ്പെട്ട നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി മാലിന്യങ്ങളെ തരംതിരിക്കാതെ സംസ്കരണകേന്ദ്രത്തില്‍ കുന്നുകൂട്ടിയതാണ് ഇപ്പോള്‍ ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടാകാനും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കും കാരണം. 2010-20 കാലത്ത് രണ്ടു തവണകളായി 10 വര്‍ഷം യുഡിഎഫ് നേതൃത്വത്തിലായിരുന്നു ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്രവര്‍ത്തനം കൊച്ചി കോര്‍പറേഷന്‍ കൈകാര്യം ചെയ്തത്. അതിനുമുമ്പുണ്ടായിരുന്നതില്‍ എല്‍ഡിഎഫ് കൗണ്‍സിലുകളുടെ കാലത്താണ് ബ്രഹ്മപുരത്തെ സംസ്കരണപ്രശ്നം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി കൂടുതല്‍ ഭൂമി വാങ്ങുന്നതിനു സര്‍ക്കാരില്‍നിന്നും പണം അനുവദിപ്പിച്ചതും സ്ഥലം വാങ്ങി അവിടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു പ്രാരംഭപ്രവര്‍ത്തനം നടന്നതും. മാലിന്യങ്ങള്‍ തരംതിരിവില്ലാതെ ലഭിച്ചാലും മതി എന്ന നിലപാട് കോര്‍പറേഷന്‍ സ്വീകരിച്ചത് യുഡിഎഫ് കാലത്താണ്. പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങള്‍, ജൈവ മാലിന്യം എന്നിങ്ങനെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള തരംതിരിവ് കാര്യക്ഷമമാക്കിയിരുന്നെങ്കില്‍, പ്ലാസ്റ്റിക് മാലിന്യം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ എത്തുന്നതുതന്നെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി വന്നതിനെതുടര്‍ന്നാണ് ഇതാകെ അലങ്കോലമാക്കപ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിലെതന്നെ മേയര്‍ സ്ഥാനത്തെത്തിയ സൗമിനി ജെയിനിന്‍റെ കാലത്ത് ഇത് കൂടുതല്‍ വഷളായി. 2020ല്‍ എല്‍ഡിഎഫ് കോര്‍പറേഷനില്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഈ തീപിടുത്തമുണ്ടായത്.

ശാസ്ത്രീയമായും ചിട്ടയായും കാര്യക്ഷമമായും പ്രവര്‍ത്തനം നടത്തുന്ന പക്ഷം, അതില്‍ ജനസാമാന്യം വഹിക്കേണ്ട പങ്ക് അവര്‍ സമയബന്ധിതമായി നിറവേറ്റുന്ന പക്ഷം, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ബ്രഹ്മപുരം പോലുള്ള സംഭവങ്ങള്‍ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഇത് നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് കോര്‍പറേഷനും ജനങ്ങളും ഒരുപോലെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇരുകൂട്ടരും അവരവരുടെ ഉത്തരവാദിത്വവും അധികാരവും സമയബന്ധിതമായി വിനിയോഗിക്കണം.

ബ്രഹ്മപുരത്ത് നിയന്ത്രണാതീതമാംവിധം തീ ആളിപ്പടര്‍ന്നപ്പോള്‍ ഒട്ടും അമാന്തിക്കാതെ സര്‍ക്കാര്‍ സാധ്യമായ എല്ലാ സംവിധാനവും ഉപയോഗിച്ച് തീകെടുത്താനാണ് ശ്രമിച്ചത്; ഒപ്പം ജനങ്ങളുടെ ഉത്കണ്ഠ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു; പന്ത്രണ്ട് ദിവസംകൊണ്ട് തീയണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ് അവസരം മുതലെടുത്തുകൊണ്ട്, പ്രാദേശികമായിപ്പോലും ഒരിടപെടലും നടത്താതെ കോണ്‍ഗ്രസും യുഡിഎഫും സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. രണ്ടു വര്‍ഷം മുമ്പുവരെ കോര്‍പറേഷന്‍ തങ്ങളാണ് ഭരിച്ചിരുന്നത് കാര്യം മറന്നാണ് പ്രതിപക്ഷം ഈ അഴിഞ്ഞാട്ടം നടത്തിയത്. ആടിനെ പട്ടിയാക്കുന്ന ഈ സമീപനം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. എന്തുതന്നെയായാലും ബ്രഹ്മപുരം സംഭവം ആവര്‍ത്തിച്ചുകൂടാ. മാലിന്യസംസ്കരണത്തില്‍ സമൂഹവും സര്‍ക്കാരും നാമോരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ബ്രഹ്മപുരം നമ്മെ ഓര്‍മിപ്പിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − one =

Most Popular