Friday, March 24, 2023

ad

Homeകവര്‍സ്റ്റോറിഇ എം എസും കാര്‍ഷികപ്രശ്നവും

ഇ എം എസും കാര്‍ഷികപ്രശ്നവും

എസ് രാമചന്ദ്രന്‍പിള്ള

ന്ത്യയിലെ എല്ലാ സാമ്പത്തിക, സാമൂഹ്യ-രാഷ്ട്രീയ, സാംസ്കാരിക പ്രശ്നങ്ങളെയും ഇ എം എസ് മാര്‍ക്സിസത്തിന്‍റെ കാഴ്ചപ്പാടനുസരിച്ച് അതിസമര്‍ഥമായി കൈകാര്യം ചെയ്തിരുന്നു. നടത്തിയ ഇടപെടലുകളിലൂടെ ഇ എം എസ് മാര്‍ക്സിസത്തെ വികസിപ്പിക്കുകയും ചെയ്തു. മാര്‍ക്സും എംഗല്‍സും ലെനിനും നല്‍കിയ സംഭാവനകളെപ്പോലെയും അവയുടെ തുടര്‍ച്ചയായും ഇ എം എസ് നല്‍കിയ സംഭാവനകളെ കണക്കാക്കാവുന്നതാണ്. വിവിധ വിഷയങ്ങളില്‍ ഇ എം എസ് നടത്തിയ വിശകലനങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും അതിന്‍റെ സാക്ഷ്യപത്രങ്ങളാണ്. കാര്‍ഷികമേഖലയിലെ ഇ എം എസിന്‍റെ സംഭാവനകള്‍, പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ മുതല്‍ ഇന്ത്യയിലെ കാര്‍ഷിക വ്യവസ്ഥിതിയെ വിലയിരുത്തുന്നതിലും കാര്‍ഷികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും അവ നടപ്പാക്കുന്നതിലും വരെ വ്യാപിച്ചുകിടക്കുന്നു. കാര്‍ഷികപ്രശ്നത്തില്‍ ഇ എം എസ് നല്‍കിയ സംഭാവനകളാകെ ഒരു ലേഖനത്തിന്‍റെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാവാത്തതാണ്. ഇന്ത്യയിലെ കാര്‍ഷികപ്രശ്നങ്ങളെ വിലയിരുത്തുന്നതിലും കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഇ എം എസ് നല്‍കിയ സംഭാവനകളില്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പരിശോധിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

1937 മെയ് 9ന് പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തില്‍ ഇ എം എസ് നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ നിന്ന് നമുക്കാരംഭിക്കാം. അന്ന് ഇ എം എസിന് ഇരുപത്തെട്ട് വയസ്സ് മാത്രമാണ് പ്രായം. ഈ അധ്യക്ഷ പ്രസംഗത്തില്‍ ആരാണ് കൃഷിക്കാര്‍, അവരുടെ താല്‍പ്പര്യങ്ങളും അടിയന്തരാവശ്യങ്ങളും, കൃഷിക്കാരുടെ സംഘടന രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത, സംഘടന ചെയ്യേണ്ട കാര്യങ്ങള്‍, കൃഷിക്കാര്‍ വര്‍ഗ്ഗബോധമുള്ളവരാകേണ്ടതിന്‍റെ ആവശ്യകത, സാമ്രാജ്യവിരുദ്ധ പോരാട്ടത്തില്‍ ഒത്തുചേരേണ്ടതിന്‍റെ പ്രാധാന്യം എന്നിവയെല്ലാം വളരെ ലളിതമായും സംശയത്തിനിടയില്ലാത്ത വിധവും ഇ എം എസ് വിവരിക്കുന്നു. ആ പ്രസംഗത്തില്‍ കൃഷിക്കാരെ ഇ എം എസ് നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ് : “കൃഷിക്കാര്‍ എന്നതിന് പല വ്യാഖ്യാനങ്ങളും നാം കേള്‍ക്കാറുണ്ടെങ്കിലും ലവലേശം വളച്ചുതിരിക്കാത്ത ഒരര്‍ഥം പ്രഥമദൃഷ്ടിയില്‍ തന്നെ നമുക്കുണ്ടാകുന്നുണ്ട്. ഈ വ്യക്തമായ അര്‍ത്ഥത്തെ സൂചിപ്പിക്കാന്‍ വേണ്ടി എന്‍റെ സുഹൃത്ത് ഈയിടെ ‘കൃഷിക്കാര്‍’ എന്ന വാക്കിന്‍റെ സ്ഥാനത്ത് ‘നടത്തുകാര്‍’ എന്ന് ഉപയോഗിക്കുകയുണ്ടായി. അത് ഉചിതമായ ഒരു ശ്രമമാണെന്ന് എനിക്ക് തോന്നുന്നു. ഭൂമി യഥാര്‍ത്ഥത്തില്‍ നടത്തുന്നതാരോ അവരാണ് കൃഷിക്കാര്‍…. എന്ത് കൈവശാവകാശത്തിന്‍മേലായാലും ഭൂമി യഥാര്‍ഥത്തില്‍ കൈവശംവച്ച് സ്വന്തമായി വേലയെടുത്തോ കൂലിക്കാരുടെ സഹായത്തോടു കൂടിയോ, വിളവിറക്കി, കൊയ്തെടുത്ത്, നികുതിക്ക് ഗവണ്‍മെന്‍റിനോടോ പാട്ടത്തിന് ജന്മിയോടോ ഉത്തരവാദപ്പെട്ട് നില്‍ക്കുന്നവരെല്ലാമാണ് കൃഷിക്കാരെന്ന് ചുരുക്കിപ്പറയാം.” (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 2, പേജ് 220)

കൃഷിക്കാരുടെ താല്പര്യങ്ങളെ ഇ എം എസ് വിവരിക്കുന്നത് ഇങ്ങനെയാണ്: “ഇങ്ങനെ കൃഷിക്കാര്‍ ആരെന്ന് വ്യക്തമായാല്‍ അവരുടെ താല്പര്യവും അടിയന്തിരാവശ്യങ്ങളും എന്തെന്നറിയാന്‍ പ്രയാസമില്ല. പലതരക്കാരായ ഈ ബഹുഭൂരിപക്ഷം കൃഷിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാനമായി ജീവിക്കാന്‍ ആവശ്യമായിട്ടുള്ളത് എന്തെല്ലാമാണോ അതെല്ലാമാണ് നമ്മുടെ കര്‍ഷകപ്രസ്ഥാനത്തിന്‍റെ അടിസ്ഥാനം. കടം, പാട്ടം, നികുതി എന്നിവ ചുരുക്കുക, ഇത് പിരിക്കുമ്പോഴുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക, കൃഷി നടക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കുക, കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ട സൗകര്യങ്ങള്‍ നല്‍കുക- ചുരുക്കിപ്പറയുകയാണെങ്കില്‍ സുഖകരവും ആരോഗ്യപ്രദവുമായ ജീവിതം നയിക്കുവാന്‍ കൃഷിക്കാര്‍ക്ക് ഇന്നുള്ള തടസ്സം നീക്കുകയും പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കുകയുമായിരിക്കണം കര്‍ഷകപ്രസ്ഥാനത്തിന്‍റെ ഉദ്ദേശ്യം.” (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 2, പേജ് 221).

സംഘടന ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് ഇ എം എസ് അധ്യക്ഷപ്രസംഗത്തില്‍ വിവരിച്ചിരുന്നു. അത് ഇപ്രകാരമാണ്: “ഈ സംഘങ്ങള്‍ ചെയ്യേണ്ടതെന്തെല്ലാം? ഒന്നാമതായി ചെയ്യാനുള്ളത് അതതിന്‍റെ അതിര്‍ത്തിയുടെ ഏതാണ്ട് മധ്യപ്രദേശമായ ഒരു സ്ഥലത്ത് സംഘം ആഫീസ് തുറക്കുകയും സംഘം സെക്രട്ടറിയോ മറ്റേതെങ്കിലും പ്രവര്‍ത്തകനോ മറ്റോ ദിവസേന ക്ലിപ്ത സമയങ്ങളില്‍ കൃഷിക്കാരെ ആകര്‍ഷിക്കത്തക്ക ഏതെങ്കിലും ഒരു പ്രവൃത്തി തുടങ്ങുകയും വേണം. വര്‍ത്തമാന പത്രങ്ങള്‍ വായിച്ച് സംഗതികള്‍ മനസ്സിലാക്കിക്കൊടുക്കുക, കൃഷി ഡിപ്പാര്‍ട്ട്മെന്‍റുകാര്‍ പ്രസിദ്ധപ്പെടുത്തുന്ന ലഘുലേഖനങ്ങളും രാഷ്ട്രീയപ്രാധാന്യമുള്ള ഗ്രന്ഥങ്ങളും വായിച്ചുകേള്‍പ്പിക്കുക, ഇടയ്ക്കിടയ്ക്ക് മായാദീപ പ്രദര്‍ശനങ്ങള്‍ വയ്ക്കുക മുതലായവയെല്ലാം നന്നായിരിക്കും. ചെറുപ്പക്കാരായ കൃഷിക്കാരെ ആകര്‍ഷിക്കുന്നതിന് വിനോദങ്ങള്‍ക്ക് (കഴിയുന്നത്ര നാടന്‍ വിനോദങ്ങളായിരിക്കണം) ഏര്‍പ്പാട് ചെയ്യുന്നത് നല്ലതായിരിക്കും. ചുരുക്കിപ്പറയുകയാണെങ്കില്‍ കൃഷിക്കാര്‍ ധാരാളം വന്നുചേരാനിടയുള്ള ഒരു കേന്ദ്രമാക്കിത്തീര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യണം” (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 2, പേജ് 223). ഇ എം എസ് അന്ന് വ്യക്തമാക്കിയ എല്ലാ കാര്യങ്ങളും ഇന്നും പ്രസക്തമാണെന്നതില്‍ സംശയമില്ല.

കേരളത്തിലെ കാര്‍ഷികമേഖലയുടെ വിപ്ലവപരമായ പരിവര്‍ത്തനത്തിന് ഇ എം എസ് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ കുടിയായ്മയെപ്പറ്റി പഠിക്കുവാന്‍ 1938ല്‍ മദ്രാസ് ഗവണ്‍മെന്‍റ് കുട്ടികൃഷ്ണമേനോന്‍ അധ്യക്ഷനായി സംഘടിപ്പിച്ച നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ഇ എം എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പായിരുന്നു. ബ്രിട്ടീഷ് ഭരണം വരുന്നതിനുമുമ്പും അതിനു ശേഷവുമുള്ള ജന്മിത്തത്തിന്‍റെ സ്വഭാവം, ബ്രിട്ടീഷ് ആധിപത്യത്തെ തുടര്‍ന്ന് വന്ന മാറ്റങ്ങള്‍, ജന്മിത്തം പ്രതിഫലം കൂടാതെ നിര്‍ത്തലാക്കേണ്ടതിന്‍റെ ആവശ്യകത, പാട്ട വ്യവസ്ഥാ പരിഷ്കരണം തുടങ്ങിയ വിഷയങ്ങള്‍ ഭിന്നാഭിപ്രായക്കുറിപ്പില്‍ ഇ എം എസ് വിവരിക്കുന്നു. മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ വിലയിരുത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട രേഖയായി ഈ ഭിന്നാഭിപ്രായക്കുറിപ്പിനെ കണക്കാക്കാം. ബ്രിട്ടീഷ് ഭരണത്തിനുമുമ്പുള്ള കാലത്തെ ജന്മിത്തത്തിന്‍റെ സ്ഥിതിയും ബ്രിട്ടീഷ് ഭരണത്തില്‍ വന്ന മാറ്റങ്ങളും ഇ എം എസ് ഭിന്നാഭിപ്രായക്കുറിപ്പില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: “പഴയ (അതായത് ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ്) ജന്മി വെറുമൊരു ഭൂപ്രഭു ആയിരുന്നില്ല. പാട്ടം വാങ്ങുക എന്നതു മാത്രമായിരുന്നില്ല അയാളുടെ പ്രത്യേക അവകാശം. സ്വന്തം സാമൂഹ്യപെരുമാറ്റങ്ങളെ വ്യവസ്ഥപ്പെടുത്തുന്നതിനുവേണ്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ ചുറ്റിനിന്നിരുന്ന ഒരു സാമൂഹ്യവ്യവസ്ഥയുടെ കേന്ദ്രമായിരുന്നു അയാള്‍. സമുദായത്തിനൊട്ടാകെ വേണ്ടിയുള്ള ഒരു സാംസ്കാരിക കേന്ദ്രം കരുപ്പിടിപ്പിച്ച് ഒട്ടനവധി പണ്ഡിതന്മാരെ അയാള്‍ തനിക്ക് ചുറ്റും അണിനിരത്തി. ജനങ്ങള്‍ക്ക് നീതി നടത്തിക്കൊടുത്തിരുന്ന സ്ഥലമായും ആ കേന്ദ്രം തന്നെ പ്രവര്‍ത്തിച്ചു. യുദ്ധത്തിന് പട്ടാളത്തെ സ്വരുക്കൂട്ടുന്ന കാര്യത്തില്‍ അയാള്‍ സാമൂതിരി രാജാവിന്‍റെ (അതാരുതന്നെ ആയിരുന്നാലും) ദല്ലാള്‍ കൂടിയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അയാള്‍ പാട്ടം വാങ്ങിയിരുന്ന ഒരു പ്രഭുവായിരുന്നില്ല. മനുഷ്യന്‍റെ സാമ്പത്തികജീവിതം മാത്രമല്ല, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതത്തെക്കൂടി നിയന്ത്രിച്ചിരുന്ന ജന്മിത്ത ബന്ധങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥയുടെ തലവനായിരുന്നു അയാള്‍.” (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 3, പേജ് 301).

സ്വകാര്യസ്വത്തുടമാവകാശത്തിന് വന്ന മാറ്റങ്ങളെയും ഇ എം എസ് വിയോജനക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. “ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ നോക്കുമ്പോള്‍ സ്വകാര്യസ്വത്തുടമാവകാശം ഒരു ആധുനിക സങ്കല്‍പ്പമാണ്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള നിയമപരമായ ബന്ധമല്ല, സാമൂഹ്യഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യബന്ധമാണ് മധ്യകാലഘട്ടങ്ങളില്‍ നിലനിരുന്നത്. ഇതില്‍ നിന്നും സ്വത്തുടമാവകാശം (ജന്മിയുടെയൊ കാണക്കാരുടെയൊ) സമൂഹത്തിന്‍മേലുള്ള ഒരാവകാശമായിരുന്നെന്നും അതിനോടനുബന്ധിച്ച് സമൂഹത്തോടും ഒരു കടപ്പാടുണ്ടായിരുന്നുവെന്നും സിദ്ധിക്കുന്നു. സമൂഹം അവകാശങ്ങളെ സനിഷ്കര്‍ഷം സംരക്ഷിക്കുന്നതോടൊപ്പം കടപ്പാട് ലംഘനങ്ങള്‍ക്കെതിരായി അത് ജാഗരൂകമായി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ആചാരപ്രകാരമുള്ള പാട്ടം ജന്മിക്ക് കൊടുക്കാതിരിക്കുകയോ അയാളോട് ആചാരപ്രകാരമുള്ള കടപ്പാട് കാണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുടിയാനെ എന്നപോലെ തന്നെ പാട്ടക്കാരനെ ഒഴിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ജന്മിയെയും സമുദായം കൈകാര്യം ചെയ്യും”. (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 3, പേജ് 300).

ബ്രിട്ടീഷ് ഭരണത്തെ തുടര്‍ന്ന് ജന്മിമാരെന്നത് ഒരു ഇത്തിള്‍ക്കണ്ണി വിഭാഗം മാത്രമായി മാറി. ബ്രിട്ടീഷ് ഭരണത്തിന് മുമ്പുണ്ടായിരുന്ന ഉത്തരവാദിത്വങ്ങളൊന്നും ജന്മിക്കില്ല. സാമ്പത്തികമായ മിച്ചം തട്ടിയെടുക്കുന്ന വിഭാഗം മാത്രമായി ജന്മിമാര്‍ മാറി. ജന്മിത്തം പ്രതിഫലം കൂടാതെ അവസാനിപ്പിക്കുന്നതിന് മുഖ്യമായ മൂന്ന് കാര്യങ്ങളാണ് ഇ എം എസ് ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള ജന്മിവ്യവസ്ഥ കാരണം ഭൂമിയിലുള്ള നിക്ഷേപം കുറയുന്നു. അതുകൊണ്ട് ഉത്പാദന വളര്‍ച്ച ഉണ്ടാകുന്നില്ല. വ്യാവസായിക വികസനത്തിനുള്ള കമ്പോള വളര്‍ച്ചയെ സഹായിക്കുന്നില്ല. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും കഴിയുന്നില്ല. ഇക്കാരണങ്ങളാല്‍ പ്രതിഫലം കൂടാതെ ജന്മിത്തം അവസാനിപ്പിക്കണമെന്ന് ഇ എം എസ് വിയോജനക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജന്മിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അതിന് അവസരം ലഭിച്ചപ്പോള്‍ നടപടിയെടുക്കാനും ഇ എം എസ് തയ്യാറായി. 1957ല്‍ കേരളത്തില്‍ ഭരണത്തിലെത്തിയ ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഭൂപ്രഭുത്വം അവസാനിപ്പിക്കാനുള്ള നിയമം പാസാക്കിയത്.

“കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ലഘുചരിത്രം” എന്ന ഒരു പുസ്തകം 1943ല്‍ ഇ എം എസ് എഴുതുകയുണ്ടായി. ഈ പുസ്തകം സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 5ല്‍ 25 മുതല്‍ 100 വരെ പേജുകളില്‍ കൊടുത്തിട്ടുണ്ട്. 1839 മുതലുള്ള കേരളത്തിലെ കര്‍ഷക സമരങ്ങളെയും 1920 മുതലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളെയും ഈ പുസ്തകത്തില്‍ ഇ എം എസ് വിലയിരുത്തുന്നു. 1920-21 കാലത്തെ മലബാര്‍ കലാപത്തെയും ഇ എം എസ് ഈ കൃതിയില്‍ വിവരിക്കുന്നു. മലബാര്‍ കലാപത്തിന്‍റെ ഉറവിടവും പ്രാരംഭലക്ഷ്യവും ജന്മിത്തം നിര്‍മ്മാര്‍ജനം ചെയ്യുകയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ തൂത്തെറിയുകയും ചെയ്യുകയായിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ കിരാതമര്‍ദനവും മതപുരോഹിതന്മാരില്‍ ചിലരുടെ ഉപജാപങ്ങളും മൂലം പിന്നീടത് വര്‍ഗീയ വികാരത്തിന് കീഴ്പ്പെട്ടത് എങ്ങനെയെന്ന് വസ്തുതകള്‍ നിരത്തി ഇ എം എസ് വിവരിക്കുന്നു. ഇതേ ആശയങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് മലബാര്‍ കലാപത്തിന്‍റെ ക്രിയാത്മകവും നിഷേധാത്മകവുമായ വശങ്ങളെ വിവരിച്ചുകൊണ്ട് 1946ല്‍ “ആഹ്വാനവും താക്കീതും” എന്ന പേരില്‍ ദേശാഭിമാനിയില്‍ ഇ എം എസ് ലേഖനമെഴുതിയത്. കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്‍റെ 1943 വരെയുള്ള ചരിത്രത്തെ ആഴത്തില്‍ പരിശോധിക്കുന്നതാണ് കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ലഘുചരിത്രം എന്ന കൃതി ഇഎംഎസിന്‍റെ പില്‍ക്കാല കൃതികളിലും, എ കെ ജി, എ കെ പൊതുവാള്‍, കെ കെ എന്‍ കുറുപ്പ്, വിഷ്ണു ഭാരതീയന്‍, കെ എ കേരളീയന്‍, കെ മാധവന്‍ തുടങ്ങിയവരുടെ കൃതികളിലും ആത്മകഥാകഥനങ്ങളിലും ഈ കൃതിക്കു ശേഷമുള്ള കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ചരിത്രം പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഈ ലഘുചരിത്രത്തില്‍ ഇ എം എസ് എഴുതിയ സമ്പ്രദായത്തിലുള്ള ചിട്ടപ്പെടുത്തിയ ചരിത്രപഠനം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നതെന്നാണ് ഈ പുസ്തകത്തെപ്പറ്റി പി ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടത്.

അടുത്തതായി ഇന്ത്യയിലെ കാര്‍ഷിക പ്രശ്നം എന്ന 1952 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഇ എം എസിന്‍റെ രേഖ പരിശോധിക്കാം. ഇന്ത്യയിലെ കാര്‍ഷിക പ്രശ്നത്തെപ്പറ്റി കര്‍ഷക സംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും നടന്നിരുന്ന ചര്‍ച്ചകളെ സഹായിക്കാനായിരുന്നു ഇ എം എസ് ഈ കൃതി രചിച്ചത്. ഈ കൃതിയെപ്പറ്റി ഇ എം എസ് വിവരിക്കുന്നത് നോക്കാം: “അവസാനമായി ഒരു കാര്യം വ്യക്തമാക്കട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും അവരുടെ വീക്ഷണം വ്യക്തമാക്കുന്ന ഒരു കുറിപ്പായിട്ടല്ല, പിന്നെയോ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കാവുന്ന ഒരു രേഖ മാത്രമായിട്ടാണ് ഇതിനെ അംഗീകരിച്ചിട്ടുള്ളത്”. (സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 23, പേജ് 25-96), ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ സാമ്പത്തിക വളര്‍ച്ചയുടെ സ്വഭാവം, ഭരണവര്‍ഗനയങ്ങളുടെ സ്വഭാവം, വര്‍ഗങ്ങളിലും വര്‍ഗബന്ധങ്ങളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, കാര്‍ഷിക പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാനാകും തുടങ്ങിയ വിഷയങ്ങളെപ്പറ്റിയായിരുന്നു പാര്‍ട്ടിക്കുള്ളിലും കര്‍ഷക പ്രസ്ഥാനത്തിനുള്ളിലും ചര്‍ച്ചകള്‍ നടന്നിരുന്നത്. ഈ വിഷയങ്ങളാകെ ഈ കൃതി ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു. അടിയന്തിരമായി ചെയ്യേണ്ട കടമകളും ഈ രേഖയുടെ അവസാനഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ കാര്‍ഷിക പ്രശ്നവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി പഠിക്കാനാഗ്രഹിക്കുന്നവര്‍ ഈ കൃതി വായിച്ചിരിക്കേണ്ടതാണ്. “ഇന്ത്യയിലെ കാര്‍ഷിക പ്രശ്നം” എന്ന ഇ എം എസിന്‍റെ കുറിപ്പ് പാര്‍ട്ടിക്കുള്ളിലും കര്‍ഷക പ്രസ്ഥാനത്തിനുള്ളിലും നടന്നിരുന്ന ചര്‍ച്ചകളെ സഹായിച്ചെങ്കിലും 1954 ഏപ്രിലില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിക്ക് പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റി ഒരു യോജിച്ച ധാരണയിലെത്താന്‍ കഴിഞ്ഞില്ല. കേന്ദ്ര കമ്മിറ്റി ചില അടിയന്തിര പ്രശ്നങ്ങളില്‍ മാത്രമാണ് യോജിച്ച ധാരണയിലെത്തിയത്. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ 1958 ഒക്ടോബര്‍ വരെ തുടര്‍ന്നു. “കാര്‍ഷിക പ്രശ്നത്തിന്‍റെ ചില വശങ്ങള്‍” എന്ന ഒരു രേഖ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗീകരിക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ മുതലാളിത്ത വളര്‍ച്ചയെയും അതിന്‍റെ പ്രത്യേക സ്വഭാവത്തെയും വര്‍ഗങ്ങളിലും വര്‍ഗബന്ധങ്ങളിലും വന്ന മാറ്റങ്ങളെയും പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതാണ്ട് യോജിച്ച ധാരണയിലെത്തി. പാര്‍ട്ടിക്കുള്ളിലും കര്‍ഷക പ്രസ്ഥാനത്തിനുള്ളിലും ഈ വിഷയങ്ങളെപ്പറ്റി സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനും യോജിച്ച ധാരണയിലെത്തിച്ചേരുന്നതിനും ഇ എം എസ് നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു. പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും എത്തിച്ചേര്‍ന്ന ധാരണകളുടെ വിശദാംശങ്ങളിലേക്ക് ഞാനീ ലേഖനത്തില്‍ കടക്കുന്നില്ല.

1964ല്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ന്‍റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പാര്‍ട്ടി പരിപാടി കാര്‍ഷിക മേഖലയെപ്പറ്റി വിശദമായ വിലയിരുത്തല്‍ നടത്തിയിരുന്നു. 1958ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ച ധാരണകളുടെ തുടര്‍ച്ച നമുക്ക് ഈ വിലയിരുത്തലില്‍ കാണാം. ഭരണവര്‍ഗനയങ്ങള്‍ കാര്‍ഷികമേഖലയില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റി 1964ല്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: “ബൂര്‍ഷ്വാ ഭൂപ്രഭു ഗവണ്‍മെന്‍റിന്‍റെ തികഞ്ഞ പരാജയം മറ്റേത് രംഗത്തേക്കാളും കാര്‍ഷിക പ്രശ്നത്തിലാണ് ഏറ്റവും നഗ്നമായി വെളിപ്പെടുന്നത്. നമ്മുടെ കാര്‍ഷിക ബന്ധങ്ങളെ വരിഞ്ഞുകെട്ടിയിരിക്കുന്ന നാടുവാഴിത്ത അര്‍ദ്ധ നാടുവാഴിത്ത വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷക ജനതയെ ചിരകാലാടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയല്ല കോണ്‍ഗ്രസ് ഗവണ്‍മെന്‍റിന്‍റെ കാര്‍ഷിക പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് സുമാര്‍ രണ്ട് ദശാബ്ദകാലത്തെ കോണ്‍ഗ്രസ് ഭരണം സംശയലേശമെന്യെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. നാടുവാഴി ഭൂപ്രഭുക്കളെ മുതലാളി ഭൂപ്രഭുക്കളാക്കി മാറ്റുകയും ധനിക കൃഷിക്കാരുടെ ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കുകയുമാണ് അതിന്‍റെ ലക്ഷ്യം. മുതലാളിത്ത വികസനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി കാര്‍ഷികോല്‍പന്ന മിച്ചം ഉണ്ടാക്കുന്നതിന് അവര്‍ ഭൂപ്രഭുക്കളും ധനിക കൃഷിക്കാരുമടങ്ങുന്ന വിഭാഗത്തെയാണ് ആശ്രയിക്കുന്നത്. ഭരണാധികാരി വര്‍ഗത്തിന്‍റെ നാട്ടിന്‍പുറത്തുള്ള പ്രധാന രാഷ്ട്രീയാടിത്തറയാക്കി ഈ വിഭാഗങ്ങളെ വളര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു” (1964ലെ പാര്‍ട്ടി പരിപാടി, ഖണ്ഡിക 34).

കാര്‍ഷിക മേഖലയില്‍ ഇന്നെന്ത് വേണമെന്നതിനെപ്പറ്റി ഇ എം എസിന് വളരെ വ്യക്തമായ ധാരണകളുണ്ടായിരുന്നു. “ഇന്ത്യന്‍ കര്‍ഷക പ്രസ്ഥാനവും കര്‍ഷക പ്രശ്നം സംബന്ധിച്ച മാര്‍ക്സിയന്‍ സിദ്ധാന്തവും” എന്ന, 1993ല്‍ എഴുതിയ ലഘുഗ്രന്ഥത്തില്‍ ഇ എം എസ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മുതലാളിത്ത തറപ്പാട്ടം എന്ത്, എങ്ങനെ?, ഭൂമിയുടെ വില, ഇടത്തരം ചെറുകിട കൃഷിക്കാര്‍, ജനകീയ ജനാധിപത്യ വിപ്ലവത്തിന്‍റെ കാഴ്ചപ്പാട്, ഉല്‍പ്പാദനമേഖലയിലെ പ്രവര്‍ത്തനം, ഉല്‍പ്പാദന വര്‍ദ്ധനവും വര്‍ഗസമരവും തുടങ്ങിയ ഒട്ടനവധി സൈദ്ധാന്തികവും പ്രായോഗികവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇ എം എസ് വിവരിച്ച എല്ലാ വിഷയങ്ങളും പ്രസക്തവും പ്രധാനവുമാണ്. ഉല്‍പ്പാദന മേഖലയിലെ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ഇ എം എസ് ചൂണ്ടിക്കാണിച്ചത് എടുത്തുപറയാന്‍ മാത്രമാണ് ഞാനിവിടെ ശ്രമിക്കുന്നത്. “കര്‍ഷകസംഘത്തിന്‍റെയും കര്‍ഷകത്തൊഴിലാളി യൂണിയന്‍റെയും മറ്റു വര്‍ഗബഹുജന സംഘടനകളുടെയും ശ്രദ്ധതിരിയേണ്ട ഒരു പ്രധാന മേഖലയാണ് വ്യാവസായികവും കാര്‍ഷികവുമായ രംഗങ്ങളിലെ ഉല്‍പ്പാദന വര്‍ദ്ധന. കേരളത്തെപ്പോലെ വിദ്യാഭ്യാസ വൈദ്യസഹായാദി സാമൂഹ്യ മേഖലകളാണ് വികസന പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമെന്ന അടിസ്ഥാനത്തില്‍ വ്യാവസായികവും കാര്‍ഷികവുമായ ഉല്‍പ്പാദനത്തെ അവഗണിക്കുന്ന സംസ്ഥാനങ്ങളില്‍ വിശേഷിച്ചും കേരളത്തിലെസ്ഥിതി പ്രസക്തമാണ്. ബൂര്‍ഷ്വാ ഭൂപ്രഭു ഭരണവര്‍ഗങ്ങളെ ഭരണകൂടത്തില്‍നിന്നും ഗവണ്‍മെന്‍റില്‍നിന്നും തൂത്തുകളയാനുള്ള ശ്രമത്തിന്‍റെ അഭേദ്യ ഭാഗമാണ് കാര്‍ഷിക വ്യാവസായിക മേഖലകളിലെ ഉല്‍പാദന വര്‍ദ്ധനവിനുള്ള സംഘടിത പ്രവര്‍ത്തനം” (ഇന്ത്യയിലെ കര്‍ഷക പ്രസ്ഥാനവും കര്‍ഷക പ്രശ്നം സംബന്ധിച്ച മാര്‍ക്സിയന്‍ സിദ്ധാന്തവും, പേജ് 14).

അതുമാത്രവുമല്ല, നമ്മുടെ പ്രവര്‍ത്തനം ഫലപ്രദമാകണമെങ്കില്‍ നമ്മുടെ കാഴ്ചപ്പാടില്‍ കാര്യമായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നതായും ഇ എം എസ് അഭിപ്രായപ്പെടുന്നു. കര്‍ഷക സംഘത്തിനും കര്‍ഷകത്തൊഴിലാളി സംഘടനയ്ക്കും ഇത് വിശേഷിച്ചും ബാധകമാണന്നും ഇ എം എസ് അറിയിക്കുന്നു. “കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയിടല്‍, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കല്‍, ജലസേചന സൗകര്യം, വിത്തും വളവും കീടനാശിനികളും ലഭ്യമാക്കല്‍, “കാര്‍ഷികോല്‍പ്പാദനത്തിന്‍റെ സാങ്കേതിക വശം കൂടുതല്‍ കൂടുതല്‍ നവീകരിക്കാനുള്ള പഠന-ഗവേഷണങ്ങള്‍ മുതലായവയ്ക്കുവേണ്ടി കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ച് പോരാടണം”. ഇ എം എസ് പ്രത്യേകമായി ചൂണ്ടിക്കാണിച്ച വിഷയം ശാസ്ത്ര-സാങ്കേതിക രംഗത്ത് കൂടുതല്‍ വികാസം നേടണമെന്നും അവയെ ഉല്‍പാദന വര്‍ദ്ധനവിനുവേണ്ടി പരമാവധി ഉപയോഗിക്കാന്‍ കഴിയണമെന്നുമുള്ള കാര്യമാണ്. ഈ കാര്യത്തിനുവേണ്ടി കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചു പോരാടണമെന്നും ഇ എം എസ് ആഹാനം ചെയ്യുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് ഭരണത്തിലിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇ എം എസിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരമാവധി നടപ്പാക്കാന്‍ കഴിയണം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular