Friday, March 24, 2023

ad

Homeകവര്‍സ്റ്റോറിഇ എം എസിന്റെ ഇന്നത്തെ പ്രസക്തി

ഇ എം എസിന്റെ ഇന്നത്തെ പ്രസക്തി

പ്രകാശ് കാരാട്ട്

ന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്‍റെ പ്രയോഗത്തിന് ഇ എം എസ് നമ്പൂതിരിപ്പാട് നല്‍കിയ വിവിധ സംഭാവനകളില്‍ പ്രധാനമാണ് ദേശീയ പ്രശ്നം സംബന്ധിച്ച അദ്ദേഹത്തിന്‍റെ കൃതികള്‍. മാര്‍ക്സിസ്റ്റ് സിദ്ധാന്തപ്രകാരം ദേശീയതയുടെ വികാസവും ദേശരാഷ്ട്രങ്ങളുടെ രൂപീകരണവുമാണ് “ദേശീയ പ്രശ്നം” എന്നറിയപ്പെടുന്നതില്‍ ഉള്‍പ്പെടുന്നത്.

ദേശീയ പ്രസ്ഥാനത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ബൂര്‍ഷ്വാ നേതൃത്വം മുന്നോട്ടുവെച്ച ഒരു രാഷ്ട്രം, ഒരൊറ്റ സംസ്കാരം എന്ന മാതൃകയില്‍നിന്ന് വ്യത്യസ്തമായി കമ്യൂണിസ്റ്റുകാരാണ് ഇന്ത്യയിലെ ഭാഷാ ദേശീയതയുടെ പ്രശ്നത്തെ സംബന്ധിച്ച് ആദ്യം പഠിച്ചത്. ഈ പ്രോജക്ട് ഏറ്റെടുക്കുന്നതിന് പ്രാഥമികമായ പങ്കു വഹിച്ചത് ഇ എം എസ് ആണ്; അദ്ദേഹം മലയാളം സംസാരിക്കുന്ന ജനതയുടെ ഭാഷാ ദേശീയതയുടെ വികാസത്തെ അടയാളപ്പെടുത്തുകയും ഐക്യകേരളത്തിന്‍റെ രൂപീകരണം സംബന്ധിച്ച സൈദ്ധാന്തികമായ അടിത്തറയിടുകയും ചെയ്തു. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന ഒരു ലഘുഗ്രന്ഥം 1945ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു; പിന്നീട് ഇതിനെ അദ്ദേഹം പുതുക്കി എഴുതുകയും 1952ല്‍ കേരളത്തിലെ ദേശീയ പ്രശ്നം എന്ന പേരില്‍ സമ്പൂര്‍ണമായ ഒരു പഠനമായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇന്ത്യയിലെ സവിശേഷമായ ഭാഷാ ദേശീയതയുമായി ബന്ധപ്പെട്ട ദേശീയ പ്രശ്നത്തെക്കുറിച്ച് മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് സമീപനത്തിന്‍റെ മൂര്‍ത്തമായ പ്രയോഗം ആദ്യമായി ചെയ്തത് ഇതിലായിരുന്നു. 1945ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി ആയിരുന്നു പിന്നീടങ്ങോട്ട് സമാനമായ ഗ്രന്ഥരചനകള്‍ക്ക് പ്രചോദനമായത്; പി സുന്ദരയ്യ എഴുതിയ ‘വിശാലാന്ധ്ര’, ഭവാനി സെന്‍ എഴുതിയ ‘നതൂന്‍ ബംഗ്ല’ എന്നീ കൃതികള്‍ എഴുതപ്പെട്ടത് ഇ എം എസിന്‍റെ കൃതിയുടെ പശ്ചാത്തലത്തിലാണ്.

കോളനിവാഴ്ചവരെയുള്ള വിവിധ ദശകളിലൂടെ കേരളത്തിലെ സാമൂഹിക – സാമ്പത്തിക സംവിധാനങ്ങള്‍ വികസിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചരിത്രപരമായ ഉള്‍ക്കാഴ്ച ഉള്ളതാണ് ഇ എം എസിന്‍റെ കൃതി എന്നതാണ് അതിന്‍റെ പ്രാധാന്യം. തിരുവിതാംകൂര്‍ – കൊച്ചി നാട്ടുരാജ്യങ്ങളെയും മലബാറിനെയും ലയിപ്പിച്ച് കേരളത്തെ ഭാഷാ സംസ്ഥാനമാക്കി രൂപപ്പെടുത്തുന്നതിനായി പോരാടാനും ഒപ്പം ഫ്യൂഡലിസത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും നുകത്തില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നേടാന്‍ ആവശ്യമായവിധം പഴഞ്ചന്‍ സാമൂഹിക – സാമ്പത്തിക ബന്ധങ്ങളെ കൈവെടിയാനുംവേണ്ട അടിത്തറ പാകിയത് ഇതാണ്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും മോചനം നേടുന്നതിനുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷാ ദേശീയതകളിലെ ജനങ്ങളെ യോജിപ്പിച്ചണിനിരത്തുന്നതെങ്ങനെ എന്ന ഈ ധാരണയാണ് പുതുതായി സ്വാതന്ത്ര്യം നേടിയ ഇന്ത്യയെന്ന രാഷ്ട്രത്തിന് ഫെഡറല്‍ ഉള്ളടക്കം നല്‍കിയതിനും അടിസ്ഥാനമായത്.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം
സ്വാതന്ത്ര്യാനന്തരം പുതുതായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ് ഭരണാധികാരികള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയെന്ന ആവശ്യം പരിഗണിക്കാന്‍ തയ്യാറായില്ല; 1920കള്‍ മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവച്ചിരുന്ന വാഗ്ദാനമാണ് ഇങ്ങനെ ലംഘിക്കപ്പെട്ടത്. ആന്ധ്രാപ്രദേശ്, ഐക്യകേരളം, സംയുക്ത മഹാരാഷ്ട്ര എന്നിങ്ങനെയുള്ള ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള സമരം 1950കളുടെ പ്രമുഖ സവിശേഷതകളില്‍ ഒന്നായിത്തീര്‍ന്നു. ഒടുവില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ ഈ ആവശ്യത്തിനു വഴങ്ങാന്‍ നിര്‍ബന്ധിതരാവുകയും 1956ല്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു; ഇതാണ് ക്രമേണ ഭാഷാ സംസ്ഥാന രൂപീകരണത്തിനിടയാക്കിയത്.

യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ്
ഇ എം എസും അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കളും ദീര്‍ഘദര്‍ശനം ചെയ്തതുപോലെ, ഭാഷാ സംസ്ഥാനങ്ങളായിരിക്കും നമ്മുടെ ഭരണഘടനയില്‍ നിര്‍വചിച്ചതുപോലെ സംസ്ഥാനങ്ങളുടെ യൂണിയനുവേണ്ടിയുള്ള നിര്‍മിതിയായി രൂപപ്പെടുന്നത്; അങ്ങനെയാണ് ഫെഡറല്‍ തത്വം നടപ്പാക്കപ്പെട്ടത്.

എന്നാല്‍ ഇന്ത്യയുടെ ഭരണഘടന, അത് തയ്യാറാക്കപ്പെട്ടപ്പോള്‍തന്നെ (വിഭജനത്തിന്‍റെ അനുഭവമാകാം കാരണം) സാമ്പത്തികവും ധനപരവും നിയമനിര്‍മാണപരവുമായ കാര്യങ്ങളില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കി. ഭരണഘടനയുടെ 356-ാം വകുപ്പ് പോലെയുള്ള ഒരു പ്രൊവിഷന്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്‍റുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് ഏകപക്ഷീയമായ അധികാരം നല്‍കി.

ഫെഡറലിസത്തിനും അധികാരവികേന്ദ്രീകരണത്തിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ ഇ എം എസിന്‍റെ സംഭാവന ശ്രദ്ധേയമായതാണ്. അദ്ദേഹം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാവും ആദ്യം 1957ലും പിന്നീട് 1967ലും കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നതുകൊണ്ടുമാണിത്. അനാല്‍, ഇ എം എസിന്‍റെ പങ്ക് ഫെഡറലിസം ശക്തിപ്പെടുത്തുന്നതും കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതുന്നതും സംബന്ധിച്ച രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ മാത്രം പരിമിതപ്പെടുന്നില്ല, മറിച്ച് ഈ ആശയങ്ങളില്‍ ചിലത് നിയമനിര്‍മാണങ്ങളിലൂടെയും ഭരണ നടപടികളിലൂടെയും പ്രയോഗത്തില്‍ വരുത്തുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് വളരെ വലുതാണ്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് സഖാവ് ഇ എം എസ് ഊന്നിപ്പറഞ്ഞ വസ്തുത, നിരവധി ഭാഷാ ദേശീയ വിഭാഗങ്ങളോടുകൂടിയ ഇന്ത്യയില്‍ ഇവയിലോരോന്നും ഒരു പ്രത്യേക പ്രദേശത്തോ സംസ്ഥാനത്തോ അധിവസിക്കുന്നവരാകയാല്‍ ഈ സംസ്ഥാനങ്ങളില്‍ ഓരോന്നിലെയും ജനങ്ങളുടെ വിശ്വാസവും പിന്തുണയും വ്യത്യസ്ത പാര്‍ട്ടികളും സംഘടനകളും ഉറപ്പാക്കുന്നത് സ്വാഭാവികമാണെന്നതാണ്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികള്‍ രൂപീകരിക്കുന്ന ഗവണ്‍മെന്‍റുകള്‍ നിലനില്‍ക്കുന്നത് ഒരു വസ്തുതയാണ്; ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ അതിജീവിക്കണമെങ്കില്‍ ആ വസ്തുത അംഗീകരിച്ചേ മതിയാകൂ.

അതുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കാര്യത്തില്‍ ഇടപെടുകയും അവയുടെ അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ അധികാര പ്രയോഗങ്ങളെ ഇ എം എസ് വിട്ടുവീഴ്ച കൂടാതെ എതിര്‍ത്തത്. ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് അനുഛേദം 356 പ്രയോഗിച്ചത് ഈ അധികാരദുരുപയോഗത്തിന്‍റെ ശ്രദ്ധേയമായ ദൃഷ്ടാന്തമായിരുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് രൂപപ്പെടുത്തുന്നതിലും ഇ എം എസ് പങ്കു വഹിച്ചിരുന്നു. അദ്ദേഹം പറഞ്ഞിരുന്നത് കേന്ദ്രം ശക്തമായിരിക്കണമെന്നും പ്രതിരോധം, വിദേശകാര്യം, കറന്‍സി, വാര്‍ത്താവിനിമയം, എല്ലാ സാമ്പത്തിക വികസനത്തിന്‍റെയും പൊതുവായ ഏകോപനം തുടങ്ങിയ ഗവണ്‍മെന്‍റിന്‍റെ നിര്‍ണായകമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും അവശേഷിക്കുന്ന അധികാരങ്ങളെല്ലാം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരിക്കണമെന്നുമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സമ്പൂര്‍ണ സഹകരണത്തിലാണ് ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ഉദ്ഗ്രഥനവും സ്ഥിതി ചെയ്യുന്നത്; കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അതാതിന്‍റെ കടമകള്‍ കൃത്യമായി നിറവേറ്റുന്നതിലാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള ഏതുതരം കൈകടത്തലും സ്വാഭാവികമായും കേന്ദ്ര ഗവണ്‍മെന്‍റിനെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കും.

പില്‍ക്കാലത്ത്, പ്രത്യേകിച്ചും ഇന്ദിരാഗാന്ധി ഗവണ്‍മെന്‍റിനുകീഴില്‍ അധികാരകേന്ദ്രീകരണനീക്കം വര്‍ധിച്ചതോടെ, ഇ എം എസ് അതിനെല്ലാമെതിരെ രംഗത്തിറങ്ങുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് തറപ്പിച്ച് പറയുകയും ചെയ്തു; നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഗൂഢ നീക്കങ്ങളിലൂടെ കവര്‍ന്നെടുത്ത് അവയെ ദുര്‍ബലപ്പെടുത്തുന്നതിനെ എതിര്‍ക്കുകയുമുണ്ടായി. 1989ല്‍ വി പി സിങ് ഗവണ്‍മെന്‍റ് രൂപീകരിക്കപ്പെട്ടപ്പോഴും 1996ല്‍ ദേവഗൗഡയുടെ ഐക്യമുന്നണി ഗവണ്‍മെന്‍റ് രൂപീകരിക്കപ്പെട്ടപ്പോഴും കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ സമ്പൂര്‍ണമായും അഴിച്ചുപണിയണമെന്നും അദ്ദേഹം നിര്‍ബന്ധപൂര്‍വം നിലപാടെടുത്തു; കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സിലും നാഷണല്‍ ഡെവലപ്മെന്‍റ് കൗണ്‍സിലും പോലെയുള്ള വേദികള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണം
ജനാധിപത്യപരമായ അധികാരവികേന്ദ്രീകരണത്തിനുള്ള ആദ്യത്തെ ചുവടുവയ്പ്, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറണമെന്നതായിരിക്കണം എന്ന ദൃഢവിശ്വാസക്കാരനായിരുന്നു ഇ എം എസ്. അതേസമയംതന്നെ, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള അധികാരവികേന്ദ്രീകരണം നടത്തിയും താഴെത്തട്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കൗണ്‍സിലുകളെയും പഞ്ചായത്തുകളെയും ശാക്തീകരിച്ചും ജനാധിപത്യ പ്രക്രിയയെയാകെ കൂടുതല്‍ അഗാധമാക്കണമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞിരുന്നു. പഞ്ചായത്ത്രാജ് സംബന്ധിച്ച അശോക്മേത്ത കമ്മിറ്റി (1978)യിലെ ഭിന്നാഭിപ്രായ കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “കേന്ദ്ര – സംസ്ഥാനതലങ്ങളില്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ സംരക്ഷണവും (ഇത് നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് വെല്ലുവിളി നേരിടുന്നുണ്ട്) ജില്ലാ തലങ്ങളിലേക്കും താഴെതലങ്ങളിലേക്കുമുള്ള അതിന്‍റെ വിപുലീകരണവും, ജനാധിപത്യത്തിന്‍റെ നാല് സ്തംഭങ്ങള്‍ എന്ന സങ്കല്‍പ്പനത്തില്‍ കാണുന്നതുപോലെ, ഇന്ത്യന്‍ സമൂഹത്തിന്‍റെ പുരോഗതിക്ക് അത്യന്തം പ്രധാനപ്പെട്ടതാണ്.

“മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജനാധിപത്യപരമായ അധികാരവികേന്ദ്രീകരണത്തിലുള്ള എന്‍റെ വിശ്വാസം ഉയര്‍ന്നുവരുന്നത്, മര്‍ദകര്‍ക്കും ചൂഷകര്‍ക്കുമെതിരായ അധ്വാനിക്കുന്ന ജനങ്ങളുടെ ദൈനംദിന സമരങ്ങളെ അത് സഹായിക്കും എന്ന വസ്തുതയില്‍നിന്നാണ്”.

ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നാലു തൂണുകള്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍, ജില്ലകള്‍, താഴെ തലത്തിലുള്ള ഭരണസംവിധാനമായ പഞ്ചായത്തുകള്‍ എന്നിവയാണ്.

1957ല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇ എം എസ് സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്തുകള്‍ക്കുമിടയ്ക്ക് ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള ഒരു ബില്ല് കേരള നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ അന്ന് അത് നിയമമായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ല. 1980കളില്‍ മാത്രമാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ഈ പ്രക്രിയ പൂര്‍ത്തിയാക്കി, തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള ബില്ല് നിയമമാക്കിയത്. ഇ എം എസ് ദീര്‍ഘദര്‍ശനം ചെയ്തതുപോലെ തിരഞ്ഞെടുക്കപ്പെട്ട സംവിധാനത്തിന്‍റെ അധികാരപരിധിക്കുകീഴില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥിതി ഉണ്ടാകുന്നു.

ഇന്ത്യയിലെ ദേശീയതയെന്ന പ്രശ്നത്തെ സംബന്ധിച്ചും ദേശീയ ഐക്യത്തിന്‍റെ പ്രശ്നങ്ങളെ സംബന്ധിച്ചും ഫെഡറലും ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ അധികാര സംവിധാനം എങ്ങനെ രൂപപ്പെടുത്താമെന്നത് സംബന്ധിച്ചുമുള്ള ഇ എം എസിന്‍റെ ധാരണയുടെ ആഴവും പരപ്പുമായി ബന്ധപ്പെട്ട ഒരെത്തിനോട്ടം മാത്രമാണ് ഹ്രസ്വമായ ഈ ലേഖനം.

ഈ കാലത്ത്, മോദി ഗവണ്‍മെന്‍റ് സ്വേച്ഛാധിപത്യപരമായ അധികാര കേന്ദ്രീകരണത്തിനായും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ വെറുമൊരു വൈസ്രോയി മാത്രമായി സംസ്ഥാനത്തിന്‍റെ അധികാരങ്ങള്‍ ചുരുക്കുന്നതിനായും സര്‍വവിധ പരിശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ‘ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം’ എന്ന തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ആര്‍എസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ദേശീയപ്രശ്നം സംബന്ധിച്ച ഇ എം എസിന്‍റെ സിദ്ധാന്തവും പ്രയോഗവും സ്വേച്ഛാധിപത്യവാഴ്ചയുടെ ഈ പുതിയ രൂപത്തിനെതിരെ പൊരുതുന്നതിനുള്ള വിലപ്പെട്ട വിഭവങ്ങളാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular