Friday, March 24, 2023

ad

Homeവിശകലനംആഗോളവല്‍ക്കരണവും ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണവും വളമിട്ട് വളര്‍ത്തിയ അദാനി സാമ്രാജ്യം

ആഗോളവല്‍ക്കരണവും ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണവും വളമിട്ട് വളര്‍ത്തിയ അദാനി സാമ്രാജ്യം

പി എസ് പ്രശാന്ത്

ചുരുങ്ങിയ കാലംകൊണ്ട് കുതിച്ചുയര്‍ന്ന അദാനി സാമ്രാജ്യത്തില്‍ അവിശ്വാസം പുകച്ചുകൊണ്ട് അമേരിക്കന്‍ നിക്ഷേപക നിരീക്ഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഏഴ് കമ്പനികളുടെ ഓഹരി മൂല്യം പെരിപ്പിച്ചുകാട്ടി ഈടുനല്‍കി വമ്പന്‍ വായ്പകള്‍ തട്ടിയെടുത്തു എന്നാണ് റിപ്പോര്‍ട്ട് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശതകോടീശ്വരന്‍റെ ബിസിനസ്സ് സാമ്രാജ്യത്തെ രണ്ട് വര്‍ഷത്തോളം സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തതിനുശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഇതോടെ ഫോബ്സ് പുറത്തിറക്കിയ ആഗോള ശതകോടീശ്വരപട്ടികയില്‍ അദാനി മൂന്നില്‍ നിന്ന് പതിനാറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഏഷ്യയിലേയും ഇന്ത്യയിലേയും ഒന്നാം സ്ഥാനവും നഷ്ടടപ്പെട്ടു. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ എന്നീ രാജ്യങ്ങളില്‍ തുടങ്ങുന്ന കടലാസു കമ്പനികള്‍ വഴിയാണ് അദാനി സാമ്രാജ്യം തിരിമറികള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

മോദി സര്‍ക്കാരും അദാനിയും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ബന്ധം ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ട് കൃത്യമായി വ്യക്തമാക്കുന്നു. ഊര്‍ജം, പ്രതിരോധം, വിമാനത്താവളം തുടങ്ങിയ മേഖലകളില്‍ എങ്ങനെയാണ് സര്‍ക്കാര്‍ സഹായത്തോടെ അദാനി സ്വാധീനം ഉറപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളുടെ നിര്‍മ്മാണച്ചുമതലകള്‍ ഏറ്റെടുക്കുവാനുള്ള ഭരണകൂട സഹായം ഗൗതം അദാനിക്ക് യഥേഷ്ടം ലഭ്യമാകുന്നു; രാജ്യത്തെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ കൈക്കലാക്കാന്‍ കഴിയുന്നു. എല്‍ഐസിയുടെ 76,000 കോടി രൂപയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ് ബി ഐയുടെ 80,000 കോടി രൂപയുടെ നിക്ഷേപവും അദാനിയുടെ സാമ്രാജ്യത്തിലേക്ക് എത്തിയത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. നിക്ഷേപത്തിന്‍റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിക്ക് ഒരാഴ്ചകൊണ്ട് നഷ്ടമായത് 42,759 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓസ്ട്രേലിയയില്‍ പുതുതായി വാങ്ങിയ കാര്‍മൈക്കല്‍ ഖനികളിലുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ യഥേഷ്ടം നിക്ഷേപിക്കാന്‍ മോദി സര്‍ക്കാര്‍ തന്നെ ശുപാര്‍ശ ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ശ്രീലങ്കയുടെ വടക്കന്‍ തീരത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി അദാനിക്ക് നല്‍കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടതായി സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനന്‍ഡോ വെളിപ്പെടുത്തിയിരുന്നു. മോദി സര്‍ക്കാരിന്‍റെ ഭരണകൂട ലാളനകള്‍ ഏറ്റുവാങ്ങി അദാനിയെന്ന ശിങ്കിടി മുതലാളിയുടെ സാമ്പാദ്യം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കൊടുങ്കാറ്റുപോലെയാണ് കുതിക്കുന്നത്.

2006ല്‍ പുറത്തിറക്കിയ ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം 30,150 കോടി രൂപയുടെ സ്വത്തുമായി ഇന്ത്യയില്‍ പതിമൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനിയുടെ സ്വത്ത് 2014ല്‍ മോദി പ്രധാനമന്ത്രിയായി മാറുമ്പോള്‍ 50,000 കോടി രൂപ മാത്രമാണ്. എന്നാല്‍ 2019 ആകുമ്പോഴേക്കും അത് ഒരു ലക്ഷത്തില്‍പരം കോടിരൂപയായും, 2022ല്‍ 11.5 ലക്ഷം കോടി രൂപയായും കുതിച്ചുയര്‍ന്നു. ഏറ്റവും ഒടുവില്‍ സെപ്തംബറില്‍ പുറത്തുവിട്ട ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗൗതം അദാനിയുടെ സമ്പത്ത് 15550 കോടി ഡോളര്‍ (12.70ലക്ഷം കോടിരൂപ) ആയി റോക്കറ്റുപോലെ കുതിച്ച് ലോകത്ത് മൂന്നാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും എത്തിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്.

2020ല്‍ കോവിഡിന് മുമ്പ് ഒരു ലക്ഷം കോടി രൂപയായിരുന്ന അദാനിയുടെ സ്വത്ത് രണ്ട് വര്‍ഷം കൊണ്ട് 11 ഇരട്ടിയായി കുതിച്ചുയര്‍ന്നത് മഹാമാരിക്കാലത്ത് ലോകം അതിദാരിദ്ര്യത്തിലേയ്ക്ക് താഴ്ന്നുപോയപ്പോഴാണ് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

മൂന്ന് പതിറ്റാണ്ടായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണ നയവും, വിവിധ കേന്ദ്രസര്‍ക്കാരുകളുടെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിന്‍റെയും ഭാഗമായി ശതകോടീശ്വരന്‍മാരുടെ സമ്പത്തും എണ്ണവും വര്‍ദ്ധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.

എങ്കിലും ചുരുങ്ങിയ കാലയളവില്‍ ഏഷ്യയിലെ ഒന്നാമത്തേയും ലോകത്തെ മൂന്നാമത്തേയും സാമ്പത്തിക ശക്തിയായി ഗൗതം അദാനിയെന്ന ഗുജറാത്തുകാരന്‍ കുതിച്ചുയര്‍ന്നു വന്നതിന്‍റെ പിന്നാമ്പുറ കഥകള്‍ പരിശോധിക്കപ്പെടേണ്ടതാണ്.

മൂലധനം പാരമ്പര്യമായി കിട്ടിയ വ്യപാര (കു) ബുദ്ധി മാത്രം
ബിരുദപഠനം പോലും പൂര്‍ത്തിയാക്കാതെ പാരമ്പര്യമായി കിട്ടിയ വ്യാപാര ബുദ്ധിയുമായി മാത്രം എണ്‍പതുകളുടെ അവസാനം മഹാനഗരമായ മുംബൈയിലേക്ക് കുടിയേറിയ ഗൗതം അദാനി ഒരു സ്വകാര്യ രത്നവ്യാപാര കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തമായി ഡയമണ്ട് ബ്രോക്കിംഗ് സ്ഥാപനം തുടങ്ങുന്നു. ഒരു വര്‍ഷം കൊണ്ട് തന്നെ 10 ലക്ഷം രൂപ കോടി സമ്പാദിക്കുകയും ചെയ്യുന്നു. പിന്നീട് .ജ്യേഷ്ഠസഹോദരന്‍റെ നിര്‍ബന്ധം കാരണം അദ്ദേഹത്തിന്‍റെ പ്ലാസ്റ്റിക് ഫാക്ടറി ഏറ്റെടുത്ത് നടത്തുവാന്‍ അദാനി ഗുജറാത്തിലേക്ക് തിരിച്ചെത്തുന്നു. പ്ലാസ്റ്റിക് ഫാക്ടറിയുമായി പോയപ്പോള്‍ ഉണ്ടായ സിന്തെറ്റിക് പോളിമര്‍ പ്രതിസന്ധി മറികടക്കാനായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചിമന്‍ബായ് പട്ടേല്‍ സര്‍ക്കാരിന്‍റെ വഴിവിട്ട സഹായത്തോടെ 1988ല്‍ ‘ഇംപോര്‍ട്ട് എക്സ്പോര്‍ട്ട്’ ലൈസന്‍സ് സമ്പാദിക്കുന്നു. അങ്ങനെ ‘അദാനി എക്സ്പോര്‍ട്ട്സ്’ എന്ന പേരില്‍ ഒരു സിന്തെറ്റിക് പോളിമര്‍ ഇറക്കുമതി കമ്പനി ആരംഭിച്ചു.1988ല്‍ തുടങ്ങിയ ഈ കമ്പനി 1992 എത്തുമ്പോഴേക്കും അധികൃതവും അനധികൃതവുമായ ഇടപാടുകളിലൂടെ 100 മെട്രിക് ടണ്ണില്‍ നിന്നും 40,000 മെട്രിക് ടണ്‍ ഉത്പാദനം ക്ലിയര്‍ ചെയ്യുന്ന തരത്തിലേക്ക് വളരാന്‍ അദാനിക്ക് അധിക സമയം വേണ്ടിവന്നില്ല.

1991ലാണ് അദാനിയെന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയുടെ വഴിത്തിരിവായ ‘മുന്ദ്രാ തുറമുഖ’ത്തിന് നാന്ദികുറിക്കുന്നത്. ചിമന്‍ബായ് പട്ടേലിനുശേഷം ഗുജറാത്തില്‍ അധികാരത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള കേശുഭായ് പട്ടേല്‍ സര്‍ക്കാര്‍ വന്നതോടെ അദാനിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നു.യാതൊരു മുന്‍ പരിചയമില്ലാതിരുന്നിട്ടും തുറമുഖത്തിനാവശ്യമായ എല്ലാ ലൈസന്‍സുകളും രേഖകളും അദാനി ഒപ്പിച്ചെടുക്കുന്നു. മാത്രമല്ല കേശുഭായി പട്ടേലിന്‍റെ സര്‍ക്കാരില്‍ നിന്നും തുറമുഖത്തിനായി മുന്ദ്രയില്‍ 3000 ഏക്കര്‍ തീരദേശ ഭൂമി അനുവദിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു സ്വകാര്യ വാണിജ്യ തുറമുഖം സ്വന്തം പേരില്‍ അദാനി പടുത്തുയര്‍ത്തുകയും ചെയ്തു.

മുന്ദ്രാ തുറമുഖം നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ‘കണ്ട്ല’ തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നിഷേധിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ മുന്ദ്രാ തുറമുഖത്തിന് എങ്ങനെ അനുമതി നല്‍കി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

1991 മുതല്‍ ഗുജറാത്തിലെ സര്‍ക്കാരുകളില്‍ നിന്നും സ്വധീനം ഉപയോഗിച്ച് സ്ക്വയര്‍ മീറ്ററിന് ഒരു രൂപയ്ക്ക് മുതല്‍ 15 രൂപയ്ക്ക് വരെ അനധികൃതമായി അദാനി ഭൂമി വാങ്ങി കൂട്ടുകയുണ്ടായി.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സാക്ഷാല്‍ നരേന്ദ്ര മോദി എത്തുന്നതോടെ ഗൗതം അദാനിയെന്ന ബിസ്സിനസ്സ് മാഗ്നെറ്റിന്‍റെ ജൈത്രയാത്ര ആരംഭിക്കുകയായി.
ചങ്ങാത്ത മുതലാളിത്തത്തിന്‍റെ സാധ്യതകള്‍ ആവോളം അസ്വദിച്ചുകൊണ്ട് അദാനിയെന്ന സാമ്രാജ്യത്വ ശക്തി അങ്ങനെ രാജ്യം മുഴുവന്‍ തഴച്ചു വളരുവാന്‍ തുടങ്ങി.

അതിനുശേഷം കല്‍ക്കരി വ്യാപാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അദാനി, വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയും പെട്രോളിയം കെമിക്കല്‍ ഉല്‍പ്പന്നങ്ങളും രാജ്യത്തെങ്ങും വിതരണം ചെയ്യുന്നതിനുള്ള പെട്രോ കെമിക്കല്‍ കമ്പനിക്ക് രൂപം നല്‍കുന്നു.അതിനായി തന്‍റെ തുറമുഖമായ മുന്ദ്രാ തുറമുഖത്ത് നിന്നും 65 കിലോമീറ്റര്‍ ദൂരയുള്ള ആദിപ്പൂര്‍ ജംഗ്ഷന്‍ വരെ ദേശീയ റയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് സ്വകാര്യ തീവണ്ടി പാതയും ഏതാനും ചരക്ക് ട്രയിനുകളും സ്വന്തമാക്കുന്നു.

2008 ആയപ്പോഴേക്കും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ യു പി എ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ‘സ്പെഷ്യല്‍ എക്കോണമിക് സോണ്‍ പദ്ധതി’ നിലവില്‍ വരുന്നു. ഈ പദ്ധതിക്കായി അന്ന് ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ വച്ച് 15,546 ഏക്കര്‍ ഭൂമി സ്പെഷ്യല്‍ എക്കോണമിക് സോണ്‍ തുടങ്ങാന്‍ അദാനിക്ക് പതിച്ച് നല്‍കുന്നു. അങ്ങനെയാണ് ‘അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്കോണമിക് സോണ്‍’ (APSEZ) എന്ന സ്വതന്ത്രവ്യാപാര മേഖല, അദാനിയെന്ന ശതകോടീശ്വരന്‍റെ ഇന്ത്യയിലെ ഹെഡ് കോര്‍ട്ടേഴ്സ് മുന്ദ്രയില്‍ നങ്കൂരമുറപ്പിക്കുന്നത്.

അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍ കഴിയാത്ത അദാനി മാജിക്..!
രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അദാനിക്ക് കിട്ടിയ സഹായങ്ങളും ഇടപാടുകളും പലപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടാക്കി. ഈ വിവാദങ്ങള്‍ അദാനിയെ വിടാതെ പിന്‍തുടര്‍ന്നിട്ടും അദാനിയുടെ സാമ്രാജ്യത്വ വളര്‍ച്ചയ്ക്ക് വിഘ്നം വരുത്തുവാന്‍ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല.നാഷണല്‍ ആഡിറ്റിംഗ് ഏജന്‍സിയായ സി എ ജിയുടെ കണ്ടെത്തലുകള്‍ വളരെ ഗുരുതരമായിരുന്നുവെന്ന് 2013 ല്‍ പ്രസിദ്ധീകരിച്ച എക്കണോമിക് ടൈംസിലും മറ്റ് ഗുജറാത്ത് മാധ്യമങ്ങളിലും വലിയ വാര്‍ത്തകള്‍ ആയിരുന്നു.

ഒരു സംരംഭകന്‍ എന്ന നിലയില്‍ തന്‍റെ വളര്‍ച്ച ആരംഭിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെന്നാണ് ഗൗതം അദാനി അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇറക്കുമതി കയറ്റുമതി നയങ്ങള്‍ ഉദാരമാക്കുകയും, ഓപ്പണ്‍ ജനറല്‍ ലൈസന്‍സില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത രാജീവ് ഗാന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഞാനൊരു സംരഭകനേ ആകില്ലായിരുന്നു എന്നാണ് അദാനി തുറന്നുപറഞ്ഞത്. നരസിംഹറാവുവും മന്‍മോഹന്‍ സിംഗങ്ങും പൂര്‍ണ്ണമായും നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദാനി പറയുന്നു. എങ്കിലും തന്‍റെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടം ആരംഭിക്കുന്നത് 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷമാണെന്നും അത് തന്‍റെ വളര്‍ച്ചയുടെ നാലാം ഘട്ടമാണെന്നും അദാനി അഭിമുഖത്തില്‍ കൃത്യമായി പറയുന്നുണ്ട്.

2014ല്‍ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി മാറിയതോടെ രാജ്യത്തിന്‍റെ ബജറ്റിനെത്തന്നെ മാറ്റിമറിക്കുവാന്‍ കഴിയുന്ന ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ആധികാരിക ശക്തിയായി അദാനി മാറി. ഒരുകാലത്ത് ഗുജറാത്തിലെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന അമിത്ഷാ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിയായി എത്തിയതോടെ അദാനിയും ഭരണകൂടവും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തം അതിന്‍റെ ഉച്ചസ്ഥായിയിലായി. ഡല്‍ഹിയിലെ അധികാരത്തിന്‍റെ ഇടനാഴികള്‍ അദാനിയുടെ മുന്നില്‍ മുട്ടാതെ തന്നെ തുറക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും അദാനിയുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധത്തെപ്പറ്റി 2020ല്‍ ഫിനാന്‍ഷ്യല്‍ ടൈംസില്‍ സ്റ്റെഫാനി ഫിന്‍ഡ്ലയും, ഹട്സന്‍ ലോക്കറ്റും ചേര്‍ന്നെഴുതിയ ‘മോഡീസ് റോക്ക്ഫെല്ലര്‍ ഗൗതം അദാനി ആന്‍റ് ദി കോണ്‍സന്‍ട്രേഷന്‍ ഓഫ് പവര്‍ ഇന്ത്യ.(‘Modi’s Rockefeller’: Gautam Adani and the concetnration of power in India..) എന്ന ലേഖനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതില്‍ പറയുന്ന പരാമര്‍ശം 2014ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി നരേന്ദ്ര മോദി ദില്ലിയിലേക്ക് പറന്നത് ഗൗതം അദാനിയുടെ പ്രൈവറ്റ് ജെറ്റില്‍ അമിത്ഷായ്ക്കും അദാനിക്കും ഒപ്പം ആയിരുന്നുവെന്നാണ്. ആ ഊഷ്മള ബന്ധത്തിന്‍റെ മാസ്മരികതയില്‍ അസാമാന്യമായ കുബുദ്ധിയോടെ അദാനി മാജിക്കില്‍ കെട്ടിപ്പൊക്കിയ ബിസിനസ്സ് സാമ്രാജ്യത്തിന്‍റെ വിശ്വാസ്യതയാണ് ഹിന്‍ഡന്‍ല്‍ബര്‍ഗിന്‍റെ അന്വോഷാണാത്മക റിപ്പോര്‍ട്ടിലൂടെ തകര്‍ന്നു തരിപ്പണമായത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + twenty =

Most Popular