Friday, March 24, 2023

ad

Homeകവര്‍സ്റ്റോറിഅയ്യാ വൈകുണ്ഠര്‍ നവോത്ഥാനത്തിന് വെളിച്ചം പകര്‍ന്ന വിളക്ക്

അയ്യാ വൈകുണ്ഠര്‍ നവോത്ഥാനത്തിന് വെളിച്ചം പകര്‍ന്ന വിളക്ക്

സ്റ്റാലിന്‍ കുന്നത്ത്

ത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളെ ചലനാത്മകമാക്കിയ നവോത്ഥാന പ്രസ്ഥാനങ്ങളും മഹദ് വ്യക്തികളും ഇന്നും അനീതികള്‍ക്കെതിരായ പോരാട്ടത്തിന്‍റെ ചാലക ശക്തികളാണ്. ബ്രാഹ്മണാധിപത്യത്തിലൂന്നിയ ജാതിവ്യവസ്ഥയും ഭരണരംഗത്തെ ഫ്യൂഡലിസവും രാജവാഴ്ചയും നമ്മുടെ ചരിത്രത്തിലെ ഭീതിതമായ യാഥാര്‍ത്ഥ്യങ്ങളാണ്. സവര്‍ണ്ണാധിപത്യ ആശയങ്ങള്‍ ഈ ജനാധിപത്യകാലത്തും സമൂഹത്തില്‍ പ്രതിലോമകരമായ സ്വാധീനശക്തിയായി തുടരുന്നു. ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയെ അടിച്ചമര്‍ത്തി എകമതവാദത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജ്യത്തിന്‍റെ ഭരണകര്‍ത്താക്കള്‍ നിലപാടുകളിലൂടെയും നയങ്ങളിലൂടെയും അടിവരയിട്ട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ഭരണകൂടം അനീതിയുടെ മറുപേരായി മാറുമ്പോള്‍ പൂര്‍വ്വികര്‍ നീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ സചേതനമായ ഓര്‍മ്മകള്‍ നമുക്ക് കരുത്ത് പകരും.

ദുഷിച്ച സാമൂഹികവ്യവസ്ഥയെ ചോദ്യം ചെയ്യാനും ഭരണകൂടത്തെ അട്ടിമറിക്കാനും ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ ചരിത്രസംഭവങ്ങളിലൊന്ന് 1789 ലെ ഫ്രഞ്ച് വിപ്ലവമാണ്. ഫ്രഞ്ച് വിപ്ലവം പോലെ ലോകത്തെയാകെ സ്വാധീനിച്ച നിരവധി മുന്നേറ്റങ്ങള്‍ ലേകത്തിന്‍റെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്.കേരളത്തിലെ ഫ്യൂഡല്‍ ഭരണക്രമവും ജാതിമേല്‍ക്കോയ്മയും മാറ്റിമറിച്ചതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് അവിസ്മരണീയമാണ്. തൈക്കാട് അയ്യാഗുരു (1814-1909) ചട്ടമ്പിസ്വാമികള്‍ (1853-1924) ശ്രീനാരായണ ഗുരു(1856-1928) അയ്യങ്കാളി (1863-1941) എന്നിവര്‍ കേരളീയ നവോത്ഥാനപ്രസ്ഥാനത്തിലെ ആദ്യപഥികരാണ്. ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനശക്തിയായത് അവരുടെ മുന്‍ഗാമിയായിരുന്ന അയ്യാ വൈകുണ്ഠരുടെ (1809-1851) ഉജ്ജ്വലമായ ജീവിതമാണ്. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ വൈകുണ്ഠരുടെ ജീവിതകാലം അവസാനിച്ചിരുന്നു. ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗമായിട്ടുള്ള കന്യാകുമാരി ജില്ലയിലാണ് വൈകുണ്ഠര്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ സ്വാധീനമുണ്ട്. അയ്യങ്കാളിക്കും ഗുരുവിനും മാതൃകയാക്കാന്‍ അയ്യാവൈകുണ്ഠരുണ്ടായിരുന്നു. എന്നാല്‍ വൈകുണ്ഠര്‍ക്ക് മാതൃകയാക്കാന്‍ ഒരു പൂര്‍വഗാമിയില്ലായിരുന്നു. വൈകുണ്ഠര്‍ കൊളുത്തിയ പോരാട്ടത്തിന്‍റെ ജ്വാല ഇനിയുമേറെക്കാലം തെളിഞ്ഞുനില്‍ക്കും.

നവോത്ഥാന ആത്മീയതയും വൈകുണ്ഠര്‍ മുന്നോട്ടുവച്ച ആത്മീയതയും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളും പരസ്പരബന്ധിതമാണ്. പൊന്നുമാടന്‍ നാടാരുടേയും വെയ്ലാളിന്‍റെയും മകനായി ജനിച്ച കുട്ടിക്ക് അവര്‍ മുടിചൂടുംപെരുമാള്‍ എന്ന പേര് നല്‍കിയെങ്കിലും സവര്‍ണ്ണരുടെ ഭീഷണിയെത്തുടര്‍ന്ന് ആ പേര് മാറ്റി പകരം മുത്തുക്കുട്ടി എന്ന് പേരിടേണ്ടിവന്നു.

അനീതികളോടുള്ള സന്ധിയില്ലാത്ത സമരജീവിതമാണ് മുത്തുക്കുട്ടിയെ അയ്യാവൈകുണ്ഠരാക്കിയത്. കൗമാരകാലത്തു തന്നെ മുത്തുക്കുട്ടിയെ വിഷംകൊടുത്തുകൊല്ലാന്‍ സവര്‍ണ്ണ മാടമ്പികള്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി മുത്തുക്കുട്ടി രക്ഷപ്പെട്ടു. രോഗശാന്തിക്കായി തിരുചെന്തൂര്‍ കടലില്‍ കുളിക്കാന്‍ പോയ മുത്തുക്കുട്ടി കടലില്‍ വീണു മരിച്ചെന്ന് എല്ലാവരും കരുതിയെങ്കിലും നാലാംനാള്‍ തിരിച്ചെത്തിയ മുത്തുക്കുട്ടി താന്‍ വിഷ്ണുവിന്‍റെ അവതാരമായ വൈകുണ്ഠരാണ് എന്ന് സ്വയം പ്രഖ്യാപിക്കുകയാണുണ്ടായത്. കടലില്‍ വെച്ച് താന്‍ ദൈവത്തെ കണ്ടതായും പരമജ്ഞാനിയായി വാഴുന്നതിന് അംഗീകാരം ലഭിച്ചതായും വൈകുണ്ഠരുടെ സന്ദേശങ്ങളടങ്ങിയ അരുള്‍നൂലിന്‍റെ ഭാഗമായ ചാട്ടുനീട്ടോലയില്‍ പറയുന്നു.

‘വൈകുണ്ട പതിയിലേ കൈകണ്ട വേതാവൈപ്പോല്‍
വാഴവും പാവിത്തായേ ശിവനേ അയ്യ!’.
(വേലായുധന്‍ വിരാലി , 2022:27)

തന്നില്‍ ദൈവികതയുണ്ടെന്ന് ബ്രാഹ്മണരല്ലാത്ത ആരെങ്കിലും അവകാശപ്പെട്ടാല്‍ അതംഗീകരിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന കാലത്താണ് വൈകുണ്ഠര്‍ ദൈവികത്വം അവകാശപ്പെട്ടത്. 1888 ല്‍ അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തി “ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്” എന്ന് പ്രഖ്യാപിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് വൈകുണ്ഠരുടെ പ്രഖ്യാപനം. മുടിചൂടും പെരുമാള്‍ എന്ന പേരുപോലും അനുവദിക്കപ്പെടാതിരുന്ന കാലത്ത് താന്‍ ദൈവത്തിന്‍റെ അംശമാണ് എന്ന് അവകാശപ്പെട്ടത് സാഹസികമായ പ്രവര്‍ത്തനമായിരുന്നെന്ന് കാലത്തിന്‍റെ ഉരകല്ലില്‍ വെച്ച് പരിശോധിച്ചാല്‍ ബോധ്യപ്പെടും. വേദം പഠിക്കാനും ആരാധനയ്ക്കും ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനും വരെ അവര്‍ണ്ണര്‍ക്ക് വിലക്കുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് സവര്‍ണ്ണരേയും രാജവാഴ്ചയേയും അങ്ങേയറ്റം പ്രകോപിപ്പിച്ചു. ജ്ഞാനോദയത്തിനുശേഷം തന്‍റെ ധര്‍മ്മം എന്താണെന്ന് വൈകുണ്ഠര്‍ ചാട്ടുനീട്ടോലയില്‍ ഇപ്രകാരം വ്യക്തമാക്കുന്നു.

‘മെയയൈ നിലൈ നിറുത്തി പൊയ് യൈ
അടിയഴിക്ക വിടൈ
തന്തനുപ്പിനായേ ശിവനേ അയ്യാ
(വേലായുധന്‍ വിരാലി, പേജ് 97)

സത്യധര്‍മ്മാദികളെ നിലനിര്‍ത്തി നുണയെ അഥവാ അധര്‍മ്മത്തെ നശിപ്പിക്കലാണ് തന്‍റെ ധര്‍മ്മം എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ ജീവജാലങ്ങളും ഒരേ ഒരീശ്വരന്‍റെ സൃഷ്ടിയാണ്. ജാതിഭേദമില്ലാതെ മനുഷ്യരെല്ലാം തുല്യരായി ജീവിക്കണം എന്നാണ് ധര്‍മ്മസാരം. ബൈബിളിന്‍റെയും ഖുറാന്‍റെയും സത്ത ഉള്‍ക്കൊണ്ട വൈകുണ്ഠരുടെ കൃതിയായ അരുള്‍നൂലില്‍ അള്ളാഹുവിനെക്കുറിച്ചും പരാമര്‍ശമുണ്ട്. യേശുവും അള്ളാഹുവും ഈശ്വരനും ഒന്നു തന്നെ എന്ന് വൈകുണ്ഠമതം. ജാതിഭേദമില്ലാതെ മനുഷ്യരെല്ലാം തുല്യരായി ജീവിക്കണമെന്നാണ് വൈകുണ്ഠധര്‍മ്മത്തിന്‍റെ പൊരുള്‍. ദുര്‍ഭരണവും ജാതിമേല്‍ക്കോയ്മയും തകര്‍ക്കണമെന്ന ആഹ്വാനമാണ് വൈകുണ്ഠരുടെ ആത്മീയതയെ ബ്രാഹ്മണിസത്തിനെതിരായ പ്രവര്‍ത്തനമാക്കി മാറ്റുന്നത്. സ്ത്രീകള്‍ പതിവ്രതകളായിരിക്കണമെന്നും അവരില്‍ നിക്ഷിപ്തമായിട്ടുള്ള കടമകള്‍ ഗാര്‍ഹിക ചുമതലകളാണ് എന്നെല്ലാമുള്ള ചില കാഴ്ചപ്പാടുകള്‍ വിമര്‍ശനാത്മകമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. കാലത്തിന്‍റെ പരിമിതികള്‍ ചിലഘട്ടത്തില്‍ വൈകുണ്ഠരിലും പ്രതിഫലിക്കുന്നുണ്ട്.

വൈകുണ്ഠരുടെ ജീവിതത്തിന്‍റെ ആകത്തുക അദ്ദേഹത്തിന്‍റെ വീക്ഷണത്തിലും പ്രവര്‍ത്തനത്തിലുമുള്ള വിപ്ലവകരമായ ഗുണങ്ങളാണ്. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ പ്രതിഫലിക്കുന്ന ചില പരിമിതികളെ അപ്രസക്തമാക്കാന്‍ പോന്നതാണ് അദ്ദേഹത്തിന്‍റെ ത്യാഗഭരിതമായ ജീവിതം. പൗരോഹിത്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് സാമിത്തോപ്പില്‍ അദ്ദേഹം ആരാധനയ്ക്കായി കണ്ണാടി പ്രതിഷ്ഠിച്ചത്. മാറുമറയ്ക്കാന്‍ സ്ത്രീകള്‍ക്കും മുട്ടിനുതാഴെവരെയെത്തുന്ന വസ്ത്രം ധരിക്കാന്‍ പുരുഷന്‍മാര്‍ക്കും വിലക്കുണ്ടായിരുന്ന കാലത്ത് അതിന് വിപരീതമായി കുളിച്ചു വൃത്തിയായി നല്ല വസ്ത്രം ധരിച്ച് തലപ്പാവണിഞ്ഞ് കണ്ണാടിയില്‍ തെളിയുന്ന സ്വന്തം രൂപംനോക്കി വണങ്ങണം എന്ന് വൈകുണ്ഠര്‍ പറയുമ്പോള്‍ ആത്മാഭിമാനമെന്താണെന്നറിയാതെ കുനിഞ്ഞു നിന്നിരുന്ന മനുഷ്യര്‍ അവകാശബോധത്തോടെ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി. തൊട്ടുകൂടായ്മ നിയമമായിരുന്ന ദേശത്ത് ഭക്തരുടെ നെറ്റിയില്‍ നാമം (കുറി) തൊട്ട് അവരെ ആരാധനാലയങ്ങളിലേക്ക് സ്വീകരിച്ചത് വലിയൊരുമാറ്റം തന്നെയായിരുന്നു.

‘ഒന്‍റേ ജാതി, ഒന്‍റേ മതം,
ഒന്‍റേ ദൈവം, ഒന്‍റേ ഉലകം,
ഒന്‍റേ അരശ്, ഒന്‍റേ നീതി’
(ഡാര്‍വിന്‍ ജെ, പേജ് 102.)

വിവിധ മതങ്ങളിലും നിരവധി ജാതികളിലുമായി പരസ്പരം അകന്നു കഴിഞ്ഞിരുന്ന മനുഷ്യരോട് എല്ലാവരും സമന്‍മാരാണെന്ന് ദീര്‍ഘവീക്ഷണത്തോടെ വൈകുണ്ഠര്‍ സധൈര്യം പറയുകയാണ്. പണം ചെലവഴിച്ചും മൃഗബലി നടത്തിയും തുടരുന്ന ആരാധനാരീതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് പറഞ്ഞ വൈകുണ്ഠര്‍ ആരാധനാകേന്ദ്രങ്ങളായ പതികളില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിനെ ശക്തമായെതിര്‍ത്തു. പതികളില്‍ യാതൊരു തരത്തിലുമുള്ള വിവേചനും പാടില്ല എന്നും പറഞ്ഞു. വൈകുണ്ഠരുടെ സന്ന്യാസം ബ്രാഹ്മണാധിപത്യത്തിനെതിരായ കലാപമായിരുന്നുവെന്ന് മുകളില്‍ പറഞ്ഞ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്. ദൈവത്തിന്‍റെ പ്രതിപുരുഷന്‍മാരായി ദൈവനീതി നടപ്പിലാക്കാന്‍ പുരോഹിതരും രാജാവും ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് അനീതിക്കെതിരെയുള്ള ധര്‍മ്മയുദ്ധമാണ് ആത്മീയതയെന്ന പ്രഖ്യാപനവുമായി വൈകുണ്ഠര്‍ വരുന്നത്. മനുഷ്യരുടെ ജീവിതത്തെപ്പറ്റി സംസാരിച്ച് ഊഴിയിലെ ചെറിയ മനുഷ്യരുടെ പ്രതിനിധിയായാണ് വൈകുണ്ഠര്‍ ആത്മീയതയെ വികസിപ്പിച്ചത്.

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍
ജട വളര്‍ത്തിയതുകൊണ്ടോ മരവുരിയുടുത്തതുകൊണ്ടോ തലമുണ്ഡനം ചെയ്തതു കൊണ്ടോ ഒരാളും സന്ന്യാസിയാകുന്നില്ല എന്ന പ്രഖ്യാപനത്തില്‍ സന്ന്യാസത്തെ സംബന്ധിച്ച വൈകുണ്ഠരുടെ വീക്ഷണം പ്രതിഫലിക്കുന്നു. കാട്ടിലോ ഗുഹയിലോ ഏകനായിരുന്ന് ദൈവത്തെ തേടുന്ന സന്ന്യാസത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ധര്‍മ്മയുഗം സ്ഥാപിക്കലാണ് തന്‍റെ ലക്ഷ്യമെന്ന പ്രഖ്യാപനം വാക്കുകളിലൊതുങ്ങിയില്ല. ബ്രാഹ്മണ പൗരോഹിത്യ നീതികള്‍ക്കെതിരായ ആത്മീയത പ്രചരിപ്പിച്ചുകൊണ്ടു തന്നെ സാമൂഹിക തിന്‍മകള്‍ക്കെതിരായ പ്രത്യക്ഷ പോരാട്ടത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

മരുത്വാമലയിലെ തപസിനു ശേഷം മനുഷ്യരെല്ലാവരും തുല്യരാണെന്ന സന്ദേശവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ വൈകുണ്ഠര്‍ക്ക് ഭരണകൂടത്തിന്‍റെ ക്രൂരമായ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. ജോലിചെയ്തുകൊണ്ടും കുടുംബത്തെ ഉപേക്ഷിക്കാതെയും തപസനുഷ്ഠിക്കണം എന്നതായിരുന്നു വൈകുണ്ഠരുടെ ആശയം. സമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന തുരുത്തുകളാകാതെ സമൂഹത്തിലിടപഴകി നാട് നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ആരാധനാലയങ്ങളായ പതികളില്‍ ജാതിവിവേചനം പാടില്ലെന്ന നിലപാടിനൊപ്പം ജാതിയുടെ അതിരുകള്‍ ലംഘിക്കുന്ന ചില മുന്നേറ്റങ്ങളും നടത്തുകയുണ്ടായി.

വൈകുണ്ഠര്‍ ഒന്നാമതായി സ്ഥാപിച്ച സാമിത്തോപ്പ് പതിയിലാണ് മുത്തിരിക്കിണറുള്ളത്. ഒരേ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് അയിത്തവും വിലക്കുമുണ്ടായിരുന്ന കാലത്താണ് ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ കഴിയുന്ന മുത്തിരിക്കിണര്‍ യാഥാര്‍ത്ഥ്യമായത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ടവര്‍ ഒരു കിണറിനു ചുറ്റും നിന്ന് വെള്ളം കോരുകയും അത് കുടിക്കുകയും ദേഹശുദ്ധിവരുത്തുകയും ചെയ്തത് അയിത്തത്തിനെതിരായ സമരകാഹളമായിരുന്നു.

വൈകുണ്ഠരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും രൂപീകരിച്ച കൂട്ടായ്മയാണ് സമത്വസമാജം. സോഷ്യലിസം എന്ന ആശയം നമ്മള്‍ പരിചയപ്പെടുന്നതിനും എത്രയോ മുന്‍പ് സമത്വം എന്ന ആശയം വൈകുണ്ഠര്‍ അവതരിപ്പിച്ചു. 1836 ല്‍ വൈകുണ്ഠര്‍ സ്ഥാപിച്ച സമത്വസമാജം ദക്ഷിണേന്ത്യയിലെ തന്നെ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ആദ്യരൂപങ്ങളിലൊന്നായി കണക്കാക്കാം. വൈകുണ്ഠരുടെ പ്രവര്‍ത്തനങ്ങളും അക്കാലത്തെ മിഷണറി പ്രവര്‍ത്തനങ്ങളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. പാശ്ചാത്യ ശക്തികളുടെ ഭരണസ്വാധീനവും സാമ്പത്തിക ശേഷിയും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല ഘടകമായിരുന്നു. മാറുമറയ്ക്കാനും മുണ്ടുടുക്കാനും അവര്‍ണ്ണര്‍ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ച അവര്‍ണ്ണര്‍ക്ക് വസ്ത്രധാരണത്തിനും വീട് ഓട്മേയാനും അനുമതി ലഭിച്ചു. ജാതീയമായ വിവേചനങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയ്ക്കാണ് പലരും മതംമാറ്റത്തെ സ്വീകരിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്‍റെ ഒത്താശയോടെ നടന്നുവന്ന ക്രിസ്തുമതപ്രചാരണത്തെ വൈകുണ്ഠര്‍ ശക്തമായെതിര്‍ത്തു. മറ്റൊരു മതം സ്വീകരിക്കുകയല്ല വിവേചനങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത് എന്നായിരുന്നു വൈകുണ്ഠരുടെ നിലപാട്. 1864 ലെ എല്‍.എം.എസ് ശാന്തപുരം മിഷന്‍ ഡിസ്ട്രിക്ടിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വൈകുണ്ഠര്‍ക്കെതിരായ പരാമര്‍ശമുണ്ട്.

‘Some years ago a Palmyra climber named muthukkutty claimed to be an incarnation of Vishnu… This imposer is one of the chief obstacle to the speared of the gospel in these parts’
(വേലായുധന്‍ വിരാലി, 2022:339.)

അക്കാലത്ത് സമൂഹത്തിലെ നിര്‍ണ്ണായക സ്വാധീനശക്തിയായിരുന്നു മിഷണറി പ്രവര്‍ത്തകര്‍. ഇന്ത്യയിലെ രാജാധികാരത്തെ വരെ നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷ് അധികാരത്തിന്‍റെ പ്രതിനിധികളായ മിഷണറിമാരുമായുള്ള ഏറ്റുമുട്ടല്‍ വൈകുണ്ഠരെ അധിനിവേശ ശക്തികളുടെയും കണ്ണിലെ കരടാക്കിമാറ്റി. മിഷണറി പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചതിനു സമാനമായി പതികളോട് ചേര്‍ന്ന് തിണ്ണപ്പള്ളിക്കൂടങ്ങള്‍ ആരംഭിച്ച് സാധാരണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും വൈകുണ്ഠര്‍ ശ്രമിച്ചു. നവോത്ഥാന മുന്നേറ്റത്തിലെ മറ്റൊരു നാഴികക്കല്ലാണ് വൈകുണ്ഠര്‍ നടത്തിയ സമപന്തിഭോജനം. ജാതിയുടെ അടിസ്ഥാനത്തില്‍ പരസ്പരം അകന്നുകഴിഞ്ഞിരുന്ന മനുഷ്യരെ ഒരുമിച്ചിരുത്തി ഒരേ പാത്രത്തില്‍ പാചകം ചെയ്ത ഭക്ഷണം പങ്കിട്ടുകഴിച്ച് സാഹോദര്യത്തിന്‍റെ പുതിയൊരു പാഠം ജനങ്ങള്‍ക്ക് നല്‍കി. വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന മാറുമറയ്ക്കല്‍ കലാപം ദീര്‍ഘകാലം നീണ്ടുനിന്ന സമരമാണ്. ക്രിസ്ത്യന്‍ മതം സ്വീകരിച്ചവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും മാറുമറയ്ക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു വൈകുണ്ഠരുടെ അഭിപ്രായം.

അവര്‍ണ്ണരെ ആക്രമിക്കാന്‍ ഒരുമ്പെട്ട സവര്‍ണ്ണ മാടമ്പിമാരുടെ ആക്രമണത്തെ കായികമായിത്തന്നെ പ്രതിരോധിക്കാന്‍ അനുയായികള്‍ക്ക് വൈകുണ്ഠര്‍ നിര്‍ദ്ദേശം നല്‍കി. അന്തസോടെ ജീവിക്കാന്‍ എത്ര രൂക്ഷമായ സമരത്തിനും അദ്ദേഹം തയ്യാറായിരുന്നു. ശമ്പളമില്ലാതെ പൊതു ആവശ്യങ്ങള്‍ക്കെന്ന നിലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ‘ഊഴിയംവേല’ നിര്‍ത്തലാക്കണമെന്ന് വൈകുണ്ഠരും അനുയായികളും ആവശ്യപ്പെട്ടു. നിലക്കരം, വൃക്ഷക്കരം, മുലക്കരം, മീശക്കരം, തലക്കരം എന്നിങ്ങനെ 317 ഇനം അന്യായനികുതികളുടെ ഭാരം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന്‍റെ കടുത്ത അനീതികള്‍ക്കെതിരെ അഗസ്തീശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് ജനങ്ങളെ സംഘടിപ്പിച്ച് വൈകുണ്ഠര്‍ പ്രക്ഷോഭജാഥ സംഘടിപ്പിച്ചു. സ്വാതിതിരുനാളിന്‍റെ ഭരണത്തെ അനന്തപുരത്ത് നീചന്‍റെ ഭരണം എന്നും ബ്രിട്ടീഷുകാരെ വെണ്‍നീചര്‍ എന്നും അദ്ദേഹം വിളിച്ചു. ഭരണകൂടവുമായുള്ള പ്രത്യക്ഷ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് വൈകുണ്ഠരെ അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ചു. 112 ദിവസത്തെ ജയില്‍വാസത്തിനിടയില്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ വൈകുണ്ഠര്‍ അരുള്‍ നൂലില്‍ വിവരിച്ചിട്ടുണ്ട്. ജയിലിനു പുറത്ത് വൈകുണ്ഠരുടെ മോചനത്തിനായി ജനങ്ങള്‍ നടത്തിയ ശ്രമങ്ങളും തൈക്കാട് അയ്യാ ഗുരു രാജാവിനോട് നയത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതും വൈകുണ്ഠരുടെ ജയില്‍ മോചനത്തിന് വഴിതെളിച്ചു. 42 വയസുവരെ മാത്രം ജീവിച്ച പ്രക്ഷോഭകാരിയായ വൈകുണ്ഠരുടെ ജീവിതം എല്ലാ കാലത്തും പാഠപുസ്തകമാണ്.

അയ്യാവഴി എന്ന പേരില്‍ പ്രചരിക്കുകയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തിയായിത്തീരുകയും ചെയ്ത വൈകുണ്ഠരുടെ പിന്‍മുറക്കാര്‍ക്ക് അയ്യാ തുറന്നിട്ട വഴി എത്രമാത്രം പിന്തുടരാനായി എന്ന പരിശോധനയും അനിവാര്യമാണ്. നാരായണ ഗുരുവും അയ്യങ്കാളിയും ആരാധനാവിഗ്രഹങ്ങളായതു പോലെ വിഗ്രഹാരാധനയെ എതിര്‍ത്ത വൈകുണ്ഠരും വിഗ്രഹവല്‍ക്കരിക്കപ്പെട്ടു എന്നത് ഖേദകരമാണ്. നവോത്ഥാന നായകരുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന പല സംഘടനകളും പ്രത്യേക വിഭാഗത്തിന്‍റെ മാത്രം സംഘടനകളായി ചുരുങ്ങിയിരിക്കുന്നു.

സാമൂഹിക മാറ്റത്തിനുള്ള മുന്നേറ്റങ്ങള്‍ക്കു പകരം ഭരണകൂടവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും വിലപേശുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് അവര്‍ പരിമിതപ്പെട്ടു. നിഷ്കാമകര്‍മിയായ ഒരു യോഗിവര്യനായിരുന്നില്ല വൈകുണ്ഠര്‍. താന്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കും പ്രതിഫലമുണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ‘കണ്ണിന്‍റെ കണ്ണായ മക്കളേ’ എന്ന് അനുയായികളെ അഭിസംബോധന ചെയ്തിരുന്ന വൈകുണ്ഠരുടെ പ്രവൃത്തികളെല്ലാം സാധാരണമനുഷ്യന്‍റെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു. ചെയ്യുന്ന പണിക്ക് കൃത്യമായി കൂലി ലഭിക്കണമെന്നും അളവു പാത്രത്തിലെ കള്ളത്തരങ്ങള്‍ അംഗീകരിക്കരുതെന്നും ജനങ്ങളെ പഠിപ്പിച്ച വൈകുണ്ഠര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പ്രക്ഷോഭകാരിയാണ്. ജനങ്ങളെ ബോധവല്‍ക്കരിച്ച് അവരെ സ്വധര്‍മ്മത്തിനു കീഴില്‍ സംഘടിപ്പിച്ച് ഭരണകൂടത്തിന്‍റെ ആസ്ഥാനത്തേക്ക് ജാഥ നയിച്ച് ആവശ്യങ്ങള്‍ നേടിയെടുത്ത വൈകുണ്ഠര്‍ക്ക് ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ടായിരുന്നു. ജാതിമത ഭേദമില്ലാതെ മനുഷ്യരൊന്നിച്ച് അധാര്‍മ്മിക ഭരണകൂടത്തെ താഴെയിറക്കി ജനങ്ങളുടെ ഭരണം നിലവില്‍ കൊണ്ടുവരണമെന്ന് അനുയായികളോടു പറഞ്ഞ വൈകുണ്ഠരുടെ ജീവിതം നമ്മുടെ ഭൂതകാലത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വെളിച്ചമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + one =

Most Popular