Friday, March 24, 2023

ad

Homeവിശകലനംഅയ്യാ വൈകുണ്ഠരുടെ സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍

അയ്യാ വൈകുണ്ഠരുടെ സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍

വേലായുധന്‍ വിരാലി

മ്പത്ത്, മുമുക്ഷുത്വം എന്നീ ഗുണങ്ങള്‍ മുന്നറിവായി ആര്‍ജിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്ക് മാത്രമേ വേദപഠനത്തിന് അര്‍ഹയുണ്ടായിരുന്നുള്ളൂ. ഒരു ശൂദ്രന്‍ വേദം പഠിക്കാന്‍ ആഗ്രഹിച്ചാല്‍ അയാളുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന നിയമം നിലനിന്നിരുന്ന കാലത്ത് പിന്നാക്കജാതിയില്‍ വന്നുപിറന്ന അയ്യാവൈകുണ്ഠനാഥര്‍ വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാഴുന്ന കാലം സ്വാമിത്തോപ്പില്‍ ഒരു കിണര്‍ നിര്‍മ്മിച്ചു. ഒരിക്കലും ഉറവ വറ്റാത്ത ശുദ്ധജലം ലഭിക്കുന്ന കിണറിന് സമത്വമുത്തിരിക്കിണര്‍ എന്ന് നാമകരണം ചെയ്തു. ചേരികളിലും ചാളകളിലും വല്ലങ്ങളിലും താമസിച്ച് ചാലുകള്‍, ഓടകള്‍, തോടുകള്‍, വയലുകള്‍, ഉറവകള്‍ എന്നിവിടങ്ങളില്‍നിന്നും ജലം എടുത്ത് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ജനവിഭാഗങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗഭേദമന്യേ സമത്വമുത്തിരിക്കിണറില്‍നിന്നും ലഭിക്കുന്ന ശുദ്ധജലം എടുത്ത് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി. ശുദ്ധജലം ഉപയോഗിക്കുവാനുള്ള സംസ്കാരത്തിലേക്ക് അദ്ദേഹം ഉദ്ധരിച്ചു.

ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ചേരികളിലും ചാളകളിലും വല്ലങ്ങളിലും താമസിക്കുന്ന കീഴാളജനതയ്ക്ക് ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനവിജ്ഞാനം പകര്‍ന്നുനല്‍കുന്ന കണ്ണാടി പ്രതിഷ്ഠയുള്ള സത്സംഗകേന്ദ്രമായ പതിനിര്‍മ്മിച്ച് അറിവിലൂടെ അദ്ദേഹം ഉദ്ധരിച്ചു.

ചേരികളിലും ചാളകളിലും വല്ലങ്ങളിലും താമസിച്ച് നിശ്ചിത അടി ദൂരം അയിത്തം പാലിച്ച് ജീവിച്ചിരുന്നവരെ പതിയിലെ സത്സംഗത്തിലൂടെ അറിവിലേക്ക് ഉയര്‍ത്തി സമത്വസമാജം രൂപീകരിച്ച് തുല്യരാണെന്ന് ബോധ്യപ്പെടുത്തി.

ഗ്രാമവാസികള്‍ തന്നെ കൊണ്ടുവന്ന ധാന്യങ്ങളും കായ്കനികളും ചേര്‍ത്തുണ്ടാക്കിയ ഇമ്പാച്ചോറ് (ദിവ്യമായ ഭക്ഷണം) കൂട്ടായിരുന്ന് ഭക്ഷിച്ച് സമപന്തി ഭോജനം വൈകുണ്ഠന്‍ പ്രാവര്‍ത്തികമാക്കി.

പൊതുനിരത്തില്‍ക്കൂടി നടന്നുവരുമ്പോള്‍ യാദൃച്ഛികമായി ഒരു മേലാളനെ കണ്ടാല്‍ അയിത്ത അടിദൂരം മാറി അരയില്‍ തുണികൊണ്ട് കെട്ടി കുനിഞ്ഞ് ഓച്ഛാനിച്ച് നിന്ന് അഭിമാനക്ഷതം സംഭവിച്ച് ഭയന്നുജീവിച്ചിരുന്ന സമൂഹത്തെ തലക്കെട്ട് ധരിച്ച് ഭയരഹിതരായി നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്നുനിന്ന് പതിയിലെ കണ്ണാടി പ്രതിഷ്ഠയില്‍ നോക്കി അഭിമാനത്തോടുകൂടി തന്‍റെ ശരീരത്തില്‍ വസിക്കുന്ന ഈശ്വരനെ അറിവിലൂടെ കണ്ടെത്തി അന്‍പുമലര്‍കൊണ്ട് പൂജിക്കാന്‍ അദ്ദേഹം പ്രാപ്തരാക്കി.

വിഗ്രഹാരാധനയെയും പൂജാദിഹോമങ്ങളെയും എതിര്‍ത്തു.

പൂര്‍വ്വികരെ അനുകരിച്ച് മേളം, താളം, വായ്ക്കുരവ, അവല്‍, പൊരി, പഴം, മദ്യം എന്നിവ നിവേദ്യമായും ആട്, കിടാ, കോഴി, പന്നി എന്നീ ജീവികളെ വെട്ടി ബലിദാനങ്ങളും നടത്തി ഈശ്വരനെ പ്രീതിപ്പെടുത്തിയിരുന്ന സംസ്കാരത്തില്‍നിന്നും പതിയില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടി പ്രതിഷ്ഠയില്‍ മുഖത്തിന്‍റെ പ്രതിബിംബം ദര്‍ശിച്ച് ഞാനിപ്പോഴും ഞാനില്‍തന്നെയാണോ അതല്ല ഞാനറ്റ് താനായോ എന്ന് സ്വയം വിലയിരുത്താന്‍ പ്രാപ്തനാക്കി.

നാമരൂപാദിപ്രപഞ്ചവും സകലചരാചരങ്ങളെയും പൂര്‍ണ്ണതൃപ്തിയോടുകൂടി സൃഷ്ടിച്ച നാമവും രൂപവുമില്ലാത്ത ഈശ്വരനുവേണ്ടി ആ ഈശ്വരന്‍തന്നെ സൃഷ്ടിച്ച പൂക്കള്‍, ഫലങ്ങള്‍, കായ്കനികള്‍, ധനം, ദ്രവ്യങ്ങള്‍ എന്നിവ ഇടനിലക്കാരായ പുരോഹിതര്‍ മുഖേന സമര്‍പ്പിക്കുന്നത് അനുകരണമാണോ, അന്ധവിശ്വാസമാണോ, ചൂഷണമാണോ? വിവേകബുദ്ധി ഉണരട്ടെ.

സ്വന്തം ശരീരത്തില്‍ വസിക്കുന്ന ഈശ്വരനെ അറിവിലൂടെ കണ്ടെത്താന്‍ അദ്ദേഹം ജനങ്ങളെ പ്രാപ്തരാക്കി.
ഊഴിയം ചെയ്യരുത്. വേല ചെയ്താല്‍ കൂലി ചോദിച്ചു വാങ്ങണം. ഇഷ്ടമുള്ള തൊഴില്‍ ചെയ്യണം. മനുഷ്യരെല്ലാം തുല്യരാണ്. ആരെയും ഭയപ്പെടരുത്.

മേലാളര്‍ പിരിച്ചെടുക്കുന്ന അധിക നികുതികളൊന്നും കൊടുക്കരുത്.

“താഴൈ കിടപ്പാരെ തര്‍ക്കപ്പതേ ധര്‍മ്മം” സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കേണ്ടത് മനുഷ്യന്‍റെ ധര്‍മ്മമാണ് എന്ന ആശയം അയ്യാ വൈകുണ്ഠന്‍ പ്രചരിപ്പിച്ചു.

ഒരു സ്ത്രീക്ക് ഒരു പുരുഷന്‍. ഒരു പുരുഷന് ഒരു സ്ത്രീ. പരസ്ത്രീ പരപുരുഷ ബന്ധം അധര്‍മ്മമാണ് എന്ന തത്ത്വപ്രകാരമുള്ള ഗൃഹസ്ഥാശ്രമധര്‍മ്മം അദ്ദേഹം ഉപദേശിച്ച ഉന്നതമായ ജീവിതമാതൃകയാണ്; കഠിനമായ തപസ്സുമാണ്.

ജാതി ഒന്‍റേ! മതം ഒന്‍റേ! കുലം ഒന്‍റേ! ദൈവം ഒന്‍റേ! മൊഴി ഒന്‍റേ! ഉലകം ഒന്‍റേ! യുഗം ഒന്‍റേ! എന്ന തത്ത്വം പ്രചരിപ്പിച്ചു.

കച്ചവടത്തിനായി വന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് പിന്നാക്കക്കാരെ മതപരിവര്‍ത്തനം നടത്തുകയും രാജാവില്‍നിന്നും കപ്പം വാങ്ങുകയും തന്‍റെ തന്നെ ശരീരത്തില്‍ വസിക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള മാര്‍ഗ്ഗം ഉപദേശിച്ച അയ്യാവൈകുണ്ഠനാഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശീമൈക്കാരെ (ബ്രിട്ടീഷുകാരെ) വെണ്‍നീചന്‍ എന്ന് വൈകുണ്ഠന്‍ വിളിച്ചു.

അധിക നികുതിഭാരത്താല്‍ പിന്നാക്കവിഭാഗങ്ങളെ ദുരിതത്തിലാക്കുകയും കപ്പം നല്‍കി ശീമൈക്കാരെ സഹായിക്കുകയും ചെയ്ത തിരുവിതാംകൂര്‍ മഹാരാജാവിനെ കരിനീചന്‍ എന്നും വിളിച്ചു.

വ്യക്തിസ്വാതന്ത്ര്യവും ശീമൈക്കാരില്‍ (ബ്രിട്ടീഷുകാരില്‍)നിന്നും രാജ്യസ്വാതന്ത്ര്യവും നേടണമെന്ന് ശക്തമായി അദ്ദേഹം ആവശ്യപ്പെട്ടു.

വൈകുണ്ഠരുടെ ജീവിതദര്‍ശനങ്ങള്‍ 1) ഭൗതികനവോത്ഥാനം, 2) ആത്മീകനവോത്ഥാനം, 3) ഗൃഹസ്ഥാശ്രമജീവിതം, 4) വ്യക്തികളും രാജ്യവും സ്വതന്ത്രരായിരിക്കണം. 5) ദീര്‍ഘദര്‍ശനങ്ങള്‍ (പ്രവചനങ്ങള്‍)

പതിയും കണ്ണാടി പ്രതിഷ്ഠയും
സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ രാജ്യമായിരുന്ന തിരുവിതാംകൂറില്‍ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം താലൂക്കില്‍ താമരക്കുളം ഗ്രാമത്തിലെ സ്വാമിത്തോപ്പില്‍ എ.ഡി. 1835-ല്‍ അയ്യാവൈകുണ്ഠനാഥര്‍ “മുതല്‍പ്പതി” നിര്‍മ്മിച്ചു. ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ചേരികളിലും ചാളകളിലും വല്ലങ്ങളിലും താമസിച്ചിരുന്ന അയിത്ത കീഴാളജനതയ്ക്ക് ആത്മാഭിമാനത്തോടുകൂടി ആത്മതത്ത്വജ്ഞാനം (ഈശ്വരനെക്കുറിച്ചുള്ള അറിവ്) പകര്‍ന്നുനല്‍കുന്ന സത്സംഗകേന്ദ്രമാണ് “പതി.” നേപ്പാളിലെ പശുപതിനാഥക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതിക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ പേരുകളിലും “പതി” എന്ന ശബ്ദം കേള്‍ക്കാം. പതി എന്ന ശബ്ദത്തിന് ഭര്‍ത്താവ്, അധികാരമുള്ള രാജാവ്, ഈശ്വരന്‍, രക്ഷകന്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. പല തമിഴ് വിശുദ്ധഗ്രന്ഥങ്ങളിലും പശുപതിപാശം എന്ന പ്രയോഗം കാണുന്നു. പശു എന്ന പദത്തിന് ശിശു (അജ്ഞാനി) എന്നും പതി എന്ന പദത്തിന് ഈശ്വരന്‍ എന്നും പാശം എന്ന പദത്തിന് ഈശ്വരനുമായി ബന്ധിപ്പിക്കുന്ന തത്വം (കയര്‍) എന്നും പറയുന്നു. ആത്മതത്ത്വജ്ഞാന വിശകലനത്തില്‍ മനുഷ്യന്‍റെ ഉപാധി അജ്ഞാനമെന്നും ഈശ്വരന്‍റെ ഉപാധി മായ എന്നും പറയുന്നു. മനുഷ്യന്‍റെ ഉപാധിയായ അജ്ഞാനവും ഈശ്വരന്‍റെ ഉപാധിയായ മായയും നീങ്ങിയാല്‍ മനുഷ്യനും ഈശ്വരനും ഒന്നാണെന്ന അദ്വൈതജ്ഞാനത്തില്‍ തത്ത്വവിചാരത്തിലൂടെ എത്തിച്ചേരാം.

സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വള, തള, മാല, കമ്മല്‍, മോതിരം, കൊലുസ്സ് തുടങ്ങിയ ആഭരണങ്ങളുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ സ്വര്‍ണ്ണം മാത്രം. വെള്ളിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തള, വള, കൊലുസ്സ്, മാല, അരഞ്ഞാണ്‍, നിലവിളക്ക്, പാത്രങ്ങള്‍ എന്നിവയുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ വെള്ളിമാത്രം. ചെമ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന നിലവിളക്ക്, കിണ്ടി, വിവിധ വിഗ്രഹങ്ങള്‍, വിവിധ പാത്രങ്ങള്‍, വിവിധ ട്രോഫികള്‍ എന്നിവയുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ ചെമ്പ് മാത്രം. ഇരുമ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്‍വെട്ടി, പിക്കാസ്, കത്തികള്‍, ആണികള്‍, കമ്പികള്‍ തുടങ്ങിയവയുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ ഇരുമ്പുമാത്രം. മണ്ണില്‍ നിര്‍മ്മിച്ചിരിക്കുന്ന കലം, പാന, ചട്ടി, അടപ്പുചട്ടി, ചെടിച്ചട്ടി, കൂജ എന്നിവയുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ മണ്ണുമാത്രം. തടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആന, കുതിര, നിലവിളക്ക്, കുരങ്ങ് എന്നിവയുടെ നാമവും രൂപവും നഷ്ടപ്പെട്ടാല്‍ തടിമാത്രം. സമുദ്രതീരത്ത് നാം കാണുന്ന തിരയും നുരയും പതയുമെല്ലാം സമുദ്രജലം മാത്രം. നാമവും രൂപവും നഷ്ടപ്പെട്ടാല്‍ അടിസ്ഥാനവസ്തു മാത്രം.

പൊതുനിരത്തില്‍ക്കൂടി നടന്നുവരുമ്പോള്‍ യാദൃച്ഛികമായി ഒരു മേലാളനെ കണ്ടാല്‍ അയിത്ത അടിദൂരം മാറി അരയില്‍ തുണികൊണ്ട് കെട്ടി കുനിഞ്ഞ് ഓച്ഛാനിച്ച് നിന്ന് അഭിമാനക്ഷതം സംഭവിച്ച് ഭയന്ന് ജീവിച്ചിരുന്ന ഗ്രാമവാസികളോട് സമത്വമുത്തിരിക്കിണറില്‍ സ്നാനം ചെയ്ത് ശരീരശുദ്ധി വരുത്തി തുണികൊണ്ട് തലക്കെട്ട് ധരിച്ച് ആത്മവിശ്വാസത്തോടും ധൈര്യത്തോടും പതിയില്‍ പ്രവേശിച്ച് അരുള്‍നൂല്‍ സത്സംഗം ശ്രവിക്കുവാന്‍ ഗുരുനാഥനായ അയ്യാവൈകുണ്ഠനാഥര്‍ നിര്‍ദ്ദേശിച്ചു. തലക്കെട്ട് ധരിച്ചപ്പോള്‍ ആജ്ഞാചക്രത്തിലും സഹസ്രപത്മദളത്തിലും അനുഭവപ്പെട്ട മര്‍ദ്ദം ഒരു രക്ഷാകവചം അണിഞ്ഞതായി അനുഭവപ്പെട്ടു. ഭയം നീങ്ങി ആത്മവിശ്വാസവും ധൈര്യവും വന്നുചേര്‍ന്ന് ശ്രദ്ധയോടുകൂടി ദൃഢമായ ജ്ഞാനവും അനുഭവസമ്പത്തുമുള്ള ബ്രഹ്മവിദ്വരിഷ്ഠന്‍റ വായില്‍നിന്നു വരുന്ന സത്സംഗം ശ്രവിച്ചു. തുടര്‍ന്ന് പതിയിലെ മൂലസ്ഥാനമായ പള്ളിയറയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള രസംപൂശിയ ശുദ്ധമായ കണ്ണാടി നട്ടെല്ലു വളയ്ക്കാതെ നിവര്‍ന്നുനിന്ന് അഭിമാനത്തോടുകൂടി ദര്‍ശിച്ചപ്പോള്‍ കണ്ണാടിക്കുള്ളില്‍ ദര്‍ശിച്ച പ്രതിബിംബത്തില്‍ തന്‍റെ വലതുവശം പ്രതിബിംബത്തിന്‍റെ ഇടതുവശമായും തന്‍റെ ഇടതുവശം പ്രതിബിംബത്തിന്‍റെ വലതുവശമായുമാണ് ദര്‍ശിച്ചത്. മുഖം മനസ്സിന്‍റെ, ഉള്ളത്തിന്‍റെ, ഹൃദയത്തിന്‍റെ കണ്ണാടിയാണല്ലോ? സങ്കല്പങ്ങളും ഹൃദയവികാരങ്ങളും അനുഭവങ്ങളുമാണല്ലോ മനസ്സിലൂടെ പ്രതിബിംബത്തിന്‍റെ മുഖത്ത് പ്രതിബിംബിക്കുന്നത്. അരുള്‍നൂല്‍ ജ്ഞാനത്തിലൂടെ – തത്ത്വവികാരത്തിലൂടെ ബോധ്യമായ അനുഭവസത്യം തന്നെയായിരിക്കുമല്ലോ മുഖത്ത് പ്രതിബിംബിക്കുന്നത്. അയ്യാവൈകുണ്ഠനാഥര്‍ ഉച്ചിപ്പഠിപ്പില്‍ പറയുന്നു.

ശിവ ശിവാ! താനാനോം! താനാനോം! ശിവമേ! താന്‍ അതായി! താന്‍ അതായി!
താനാനോം! താനാനോം! താന്‍ അതായി! താന്‍ അതായി!
പരംപൊരുളേ! താന്‍ തത്പദമായി! താന്‍ തത്പദമായി!
താന്‍ തത്പദമായി! താന്‍ തത്പദമായി!
ശിവ ശിവാ! നാനാനോം! നാനാനോം! ശിവമേ! ഞാന്‍ അതായി! ഞാന്‍ അതായി!
നാനാനോം! നാനാനോം!
ഞാന്‍ അതായി! ഞാന്‍ അതായി!
പരംപൊരുളേ! ഞാന്‍ തത്പദമായി! ഞാന്‍ തത്പദമായി

ഞാന്‍ തത്പദമായി! ഞാന്‍ തത്പദമായി. ഭേദഭാവങ്ങളെല്ലാം നഷ്ടപ്പെട്ട് തത്പദം ദര്‍ശിച്ചു. അഹം ബ്രഹ്മാസ്മി അനുഭവിക്കുന്നു. ദ്വൈതചിന്തയോ ഭേദഭാവമോ ഇല്ലേ ഇല്ല. തന്‍റെ അനുഭവത്തില്‍ വന്നുചേരുന്ന ഏറ്റക്കുറച്ചിലുകളില്‍ വേണ്ട തിരുത്തലുകള്‍ വരുത്തുവാന്‍ നിത്യസത്യശുദ്ധജ്ഞാനം – അരുള്‍നൂല്‍ ജ്ഞാനം പൂശിയ ശുദ്ധമായ കണ്ണാടി പ്രേരകമാകുന്നു.

തുടര്‍ന്ന് പള്ളിയറയില്‍ നിന്നും പുറത്തേക്കുവരുന്ന ഭക്തജനങ്ങള്‍ക്ക് അയ്യാവൈകുണ്ഠനാഥരുടെ പ്രതിപുരുഷനായ പണിവിടൈയാളര്‍ (ധര്‍മ്മകര്‍ത്താവ്) പഞ്ചമഹാഭൂതങ്ങളില്‍ ഒന്നായ ശുദ്ധവെള്ളമണ്ണുപൊടി വലതുകൈവിരലുകള്‍ കൊണ്ടെടുത്ത് ഭക്തരുടെ ഭ്രൂമധ്യത്തില്‍ (ആജ്ഞാചക്രത്തില്‍) നിന്നും സഹസ്രപത്മദളത്തിലേക്ക് പെരുവിരല്‍ കൊണ്ട് ദീപനാളംപോലെ തൊട്ടു നാമം ചാര്‍ത്തിക്കൊടുക്കുന്നു. ഉച്ചനീചസൂചകമായ ഭേദഭാവങ്ങളില്ല. തത്ത്വമസി അനുഭവിച്ചറിഞ്ഞ് അഹം ബ്രഹ്മാസ്മിയിലേക്ക് ഉണര്‍ത്തുന്നു, ഉദ്ധരിക്കുന്നു. ക്ഷേത്രങ്ങളിലേതുപോലെ ദേവനേയോ ദേവിയേയോ പ്രസാദിപ്പിക്കലില്ല. പ്രസാദം എറിഞ്ഞുകൊടുക്കലില്ല. പ്രസാദവിതരണമില്ല. സമപന്തിഭോജനം മാത്രം. തുല്യരാണെന്ന ബോധം ഉറപ്പിക്കാന്‍ തൊട്ടുനാമം ചാര്‍ത്തുന്നു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അയ്യാവൈകുണ്ഠനാഥരുടെ അരുള്‍നൂല്‍ എന്ന തമിഴ് ഗ്രന്ഥത്തിന്‍റെ പഠനം/വ്യാഖ്യാന കര്‍ത്താവാണ് ലേഖകന്‍.
വേലായുധന്‍ വിരാലി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + five =

Most Popular