തുപ്പി തോല്‍പ്പിക്കാന്‍ നോക്കല്ലേ...

ഗൗരി

പത്രങ്ങള്‍ പറഞ്ഞതും പറയാത്തതും

 

"വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍നിന്നും എത്തുന്നവരെ സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രത്തില്‍ ഏകാന്ത നിരീക്ഷണത്തിലാക്കണമെന്നതാണ് കോവിഡ് പെരുമാറ്റച്ചട്ടം. ഓരോ ദിവസവും അനിയന്ത്രിതമായി ആളുകളെത്തിയാല്‍ ഈ പെരുമാറ്റച്ചട്ടം പൊളിയുകയും രോഗവ്യാപന സാധ്യതയേറുകയുമാവും ഫലം. ഏതാനും ദിവസമായി ഉണ്ടായിരുന്ന ആശ്വാസം വീണ്ടും ആശങ്കയ്ക്ക് വകമാറുന്നുവെന്നാണ് സൂചനകള്‍."


ഇത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുകളല്ല; ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലെയോ ലേഖനങ്ങളിലെയോ പോലുമല്ല. ഇക്കാര്യങ്ങള്‍ നിരന്തരം ജനങ്ങളെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നത്, ദേശാഭിമാനി മുഖപ്രസംഗത്തിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നതും വിസ്മരിച്ചുകൊണ്ടല്ല ഗൗരി ഇത് പറയുന്നത്. മറിച്ച് മുഖ്യധാരയില്‍ നിന്നുള്ള ഒരുദ്ധരണി തന്നെയാകട്ടെ എന്ന ചിന്തയാല്‍ മാത്രമാണ് ഈ വാക്കുകള്‍ ഉദ്ധരിച്ചത്. "അനുമതിയാവാം പക്ഷേ, ജാഗ്രത കൈവെടിയരുത്" എന്ന ശീര്‍ഷകത്തില്‍ മെയ് 11ന് മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലേതാണിത്.


മാതൃഭൂമി മുഖപ്രസംഗം ഇതുമായി ബന്ധപ്പെട്ട് ഇനിയും ചില കാര്യങ്ങള്‍ പറയുന്നുണ്ട്: "ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തല്‍ക്കാലം സ്വീകരിക്കാനാവില്ലെന്ന് അവിടത്തെ സര്‍ക്കാര്‍ ഖണ്ഡിതമായി വിലക്കിയതും ബിഹാര്‍ അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതും......കേരളത്തില്‍ ഒരേ സമയം പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെയും സ്വീകരിക്കേണ്ടി വരുമ്പോള്‍ പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണ്. വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക അഥവാ സ്വീകരിക്കുക, എന്നാല്‍ പ്രായോഗികമായ ക്രമീകരണത്തിന്‍റെ ഭാഗമായി മുന്‍ഗണന നിശ്ചയിച്ച് നടപ്പാക്കുക- ഇതാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്...... പാസ് നല്‍കുന്നത് വെറുതെ ഒരു നമ്പര്‍ നല്‍കലല്ല; രജിസ്റ്റര്‍ ചെയ്തവരുടെ നാട്ടില്‍ ക്വാറന്‍റൈന്‍ സംവിധാനമുണ്ടോ എന്ന് ഉറപ്പാക്കിനല്‍കുന്നതാണ്. അതിന് സ്വാഭാവിക താമസമുണ്ടാകും".
മാതൃഭൂമി മുഖപ്രസംഗം സാമാന്യം ദീര്‍ഘമായി ഉദ്ധരിച്ചത് നാട്ടില്‍ കോങ്കികളും സംഘികളും സുഡാപ്പികളും അവറ്റകള്‍ക്ക് ചേങ്ങില കൊട്ടുന്ന ചില മാധ്യമഗുണ്ടകളും പടച്ചുവിടുന്ന നുണക്കുമിളകള്‍ മുഖ്യധാരയിലെ ഒരു പത്രം തന്നെ പൊട്ടിക്കട്ടെയെന്ന് കരുതിയാണ്. "പത്രം" എന്ന് എടുത്തുപറഞ്ഞത് ഈ പത്രത്തിന്‍റെ തന്നെ ചാനല്‍ റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും ഈ ദിശയിലല്ല എന്നതുകൊണ്ടാണ്. മനോരമാദി പത്രങ്ങളും മനോരമ വെഷം, ഏശ്യാനെറ്റ് ചാനലുകളും കോങ്കി-സംഘി-സുഡാപി സൈബര്‍ ഗുണ്ടകളും കേരളത്തിന്‍റെ ജാഗ്രത എങ്ങനെ പൊളിച്ചടുക്കണമെന്ന ചിന്തയില്‍ ശവംതീനി കഴുകന്മാരെപോലെ പണിപ്പെടുന്നതായാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. അവയോരോന്നായി പരിശോധിക്കുന്നതിനുമുന്നേ മനോരമയുടെ മുഖപ്രസംഗം ഈ വിഷയത്തില്‍ എന്തുപറയുന്നുവെന്നു കൂടി നോക്കാം.


മെയ് 11നു തന്നെ മനോരമയും ഇതു സംബന്ധിച്ച് മുഖപ്രസംഗം എഴുതീറ്റുണ്ട്, "അവരും കേരളത്തില്‍ എത്തണം. രോഗവ്യാപനത്തിനെതിരായ ജാഗ്രതയില്‍ വീഴ്ച പാടില്ല." അതിലെ ഊന്നല്‍ ശീര്‍ഷകത്തില്‍ തന്നെയുണ്ട്. എങ്കിലും വിസ്തരിച്ചൊന്നു നോക്കാം: "വിവിധ സംസ്ഥാനങ്ങളില്‍ ഭക്ഷണവും വസ്ത്രവും പണവുമില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളടക്കമുള്ളവരുടെ ദുരിതം കേരളത്തിന്‍റെയാകെ അസ്വസ്ഥതയാകുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ കടന്നുപോകാന്‍ സ്വന്തം വാഹനമോ ടാക്സിക്കൂലിക്ക് പണമോ ഇല്ലാത്തവരും പാസ് ലഭ്യമാകാത്തവരും ഒട്ടേറെയാണ്. യാത്രാസൗകര്യം പോലും കുറവായ രാജ്യത്തെ വിദൂരമേഖലകളില്‍ കുടുങ്ങി നാട്ടിലേക്ക് വരാന്‍ കൊതിക്കുന്ന മലയാളികളുടെ മനസ്സും നാം കാണേണ്ടതുണ്ട്. ഇതൊരു അടിയന്തരാവശ്യമാണെന്ന് തിരിച്ചറിവുണ്ടാകയാണ് ഏറ്റവും പ്രധാനം". എണ്ണയിട്ട് വാഴേല്‍ കേറുന്നതു പോലുള്ള ഈ വഴുവഴുപ്പന്‍ സാധനത്തെ വേണമെങ്കില്‍ മുഖപ്രസംഗമെന്ന് കരുതാം. പക്ഷേല് കോട്ടയത്തെ ഈ കൊടികെട്ടിയ കമ്യൂണിസ്റ്റ് വിരുദ്ധ വാറോലയുടെ അധിപരോട് ഒന്ന് ചോദിച്ചോട്ടെ, മറുനാട്ടിലെ മലയാളികള്‍ നാട്ടിലെത്തുന്നതിന് ഇവിടെ ആരെങ്കിലും എതിരുപറഞ്ഞോ? എതിരായി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എന്തേലും നടപടിയുണ്ടായോ? ഒന്നുമില്ലല്ലോ? പിന്നെന്തിനാ ഈ ചൊറിച്ചില്?


ഇതിനെടേല് പാസ് ലഭ്യമാകാത്തവരുടെ കാര്യം വളരെ നിഷ്ക്കുവായി മനോരമ പത്രാധിപര്‍ വായനക്കാരുടെ മുഖത്തേക്ക് ചാണ്ടുന്നുണ്ട്? പാസിന് അപേക്ഷിക്കാതെ പാസ് കിട്ടില്ലല്ലോ? പിന്നെ പാസ് എന്നുവച്ചാല്‍ സിനിമ കൊട്ടകേലെ പോലെ ചോദിച്ചാല്‍, പണം കൊടുത്താല്‍ കിട്ടണതാണോ? അതിനുവരുന്ന കാലതാമസത്തിന്‍റെ പ്രശ്നം എന്തെന്ന് മാതൃഭൂമി മുഖപ്രസംഗത്തില് പറയണുണ്ടല്ലോ? മനോരമക്കാര്‍ അതറിയാത്തതാവില്ല. കണ്ണടച്ചിരുട്ടാക്കാനല്ലേ മനോരമേടെ നോട്ടം? പാസ് കൊടുക്കണതിന് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതാണല്ലോ? തിരിക്കുന്നിടത്തുനിന്നും എത്തേണ്ടിടത്തുനിന്നും പാസെടുക്കണമെന്നതും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണല്ലോ. ഇതെല്ലാം ചെയ്യുന്നത് സംസ്ഥാനത്തിനുപുറത്തുള്ളവര്‍ വരാതിരിക്കാനാണെന്നാണോ മനോരമ പറഞ്ഞുവരുന്നത്? അതോ ഇത്തരം ക്രമപ്പെടുത്തലൊന്നും വേണ്ടെന്നാണോ മനോരമയുടെ ഉള്ളിലിരുപ്പ്? അങ്ങനെയുണ്ടേല്‍ അതങ്ങട്തുറന്നുപറയാനുള്ള ആര്‍ജവം കാണിക്കാനെങ്കിലും തയ്യാറാവണം മനോരമ.


എന്നാല്‍ കുറ്റം പറയരുതല്ലോ? മുഖപ്രസംഗം അവസാനിപ്പിക്കുന്നിടത്ത് കാര്യം കൃത്യമായി തന്നെ പറയുന്നുമുണ്ട്. നോക്കൂ: "എല്ലാവര്‍ക്കും ഒരേ സമയം സംസ്ഥാനാതിര്‍ത്തി കടന്നു വരാനാവില്ലെന്നും ആവശ്യമായ രേഖകള്‍ ഈ സങ്കീര്‍ണ സാഹചര്യത്തില്‍ അനിവാര്യമാണെന്നും മടങ്ങിവരുന്നവര്‍ മനസ്സിലാക്കിയേ തീരൂ. കോവിഡിനെതിരെ കേരളം പടത്തുയര്‍ത്തിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളെ മാനിച്ച്, വേണ്ട മുന്‍കരുതലുകളോടെ, നടപടികളോട് സര്‍വാത്മനാ സഹകരിക്കാന്‍ എല്ലാവരും തയാറാകുകയും വേണം." പിന്നെന്താ പ്രശ്നം ഹേ? ഈ ക്രമവും ചിട്ടയും പൊളിക്കാന്‍ നടത്തിയ നീക്കങ്ങളെ സര്‍വാത്മനാ പിന്താങ്ങുകയായിരുന്നല്ലോ മനോരമ പത്രവും ചാനലും. വാളയാറില്‍ നടന്ന തക്കിട തരികിട നാടകമാടലിന് സര്‍വവിധ ഭാവുകങ്ങളും അര്‍പ്പിച്ച് മനോരമ ഒപ്പമുണ്ടായിരുന്നല്ലോ.


പിന്നൊരു കാര്യം. ബസും കാറും മറ്റ് റോഡ് മാര്‍ഗമുള്ള വാഹനങ്ങളും ഉപയോഗിച്ച് പരിഹരിക്കാന്‍ പറ്റുന്നതാണോ രജിസ്റ്റര്‍ ചെയ്ത രണ്ടുലക്ഷത്തോളം വരുന്ന മറുനാടന്‍ മലയാളികളെ നാട്ടിലെത്തിക്കല്‍? അറ്റകൈക്ക് പ്രയോഗിക്കാന്‍ അത്തരം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്നാല്‍ അത് ആദ്യം പ്രയോഗിച്ചൂടെ എന്ന് പറയുന്നതാണോ സാമാന്യവിവരമെങ്കിലുമുള്ളവര്‍ ചെയ്യേണ്ടത്? സര്‍ക്കാര്‍ തുടക്കംമുതലേ ട്രെയിന്‍ കേരളത്തിലേക്ക് വിട്ടുതരണമെന്ന് കേന്ദ്രത്തോടും റെയില്‍വേയോടും ആവശ്യപ്പെടുന്നുണ്ടെന്നതും രഹസ്യമല്ലല്ലോ. എന്നാല്‍ റെയില്‍വേയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് ട്രെയിന്‍ തിരിക്കേണ്ട സ്ഥലത്തെ ഗവണ്‍മെന്‍റ് ആവശ്യപ്പെടുകയും എത്തേണ്ട സ്ഥലത്തെ ഗവണ്‍മെന്‍റ് അനുമതി നല്‍കുകയും വേണമെന്നതും മനോരമയ്ക്ക് അറിയാത്തതാവില്ല. ഇതെല്ലാം ജനങ്ങളെ അറിയിക്കാന്‍, ബോധവല്‍ക്കരിക്കാന്‍ മനോരമ ശ്രമിച്ചിരുന്നെങ്കില്‍ അതിര്‍ത്തി ചെക്പോസ്റ്റുകളിലെ തിക്കും തിരക്കും ഒഴിവാക്കാമായിരുന്നല്ലോ. ചെന്നൈയിലും ബംഗ്ലരുവിലും മുംബൈയിലുമെല്ലാം എഡിഷനുകളുള്ള പത്രമെന്ന നിലയില്‍ ആ സാമൂഹ്യധര്‍മം നിറവേറ്റാന്‍ മനോരമ തയ്യാറായോ? ഇല്ലല്ലോ? അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല തെറ്റിദ്ധാരണ പരത്തി ആളെക്കൂട്ടി ചെക്കുപോസ്റ്റുകളില്‍ സീനുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ നോക്കുന്ന രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് ഒത്താശ ചെയ്ത് ഒപ്പം കൂടുകയല്ലേ മനോരമ ചെയ്തത്? ഇതെന്ത് പത്ര ധര്‍മമാണ് ഹേ! ഇതെന്ത് സാമൂഹ്യധര്‍മമാണു ഹേ?


ഇല്ലെങ്കില്‍ തന്നെ കണ്ടത്തിലുകാര്‍ക്ക് കീശ നിറയ്ക്കാനും കുംഭ നിറയ്ക്കാനും വേണ്ട കാശുണ്ടാക്കാനല്ലാതെ, അതിന് സര്‍വ അവിഹിത വാതിലുകളും തുറന്നു കിട്ടുന്ന രാഷ്ട്രീയ അന്തരീക്ഷം ഉറപ്പാക്കലല്ലാതെ മനോരമയ്ക്കും കണ്ടത്തിലുകാര്‍ക്കും എന്തു സാമൂഹ്യധര്‍മം, എന്ത് മാധ്യമധര്‍മം, എന്തു മനുഷ്യത്വം? അതെല്ലാം വലിച്ചാല്‍ വലിയുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയിലാകുന്നതുമായ റബറുപോലല്ലേ മനോരമയ്ക്ക്! മറുനാട്ടിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമ്പോള്‍ അവിടെ എവിടെയാണ് മനോരമയുടെ സ്ഥാനം? ജനങ്ങളെ രക്ഷിക്കാന്‍ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ കോണ്‍ഗ്രസിനൊപ്പം നിന്ന് പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയായിരുന്നില്ലേ മനോരമയും? കേരളം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍ നേരിടുകയായിരുന്നല്ലോ. നിപ്പയും ഓഖിയും പ്രളയവും കഴിഞ്ഞാണല്ലോ കൊറോണ വന്നത്? ഇവിടെ എവിടെയെങ്കിലും രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ക്കപ്പുറം കേരളത്തിലെ മനുഷ്യരെ സഹായിക്കാന്‍ മനോരമ എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിട്ടുണ്ടോ? സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കൊണ്ടിവയ്ക്കുന്നിടത്താണല്ലോ എന്നും മനോരമേടെ സ്ഥാനം?


പോട്ടെ അതവരുടെ രാഷ്ട്രീയമുഖം; നിലപാട്. മ്മള് നിഷ്പക്ഷരാണേന്ന് പറയാണ്ടിരുന്നാല്‍ മതിയാരുന്നു. എന്നാല്‍ അതിനും തയ്യാറല്ല.
ഈ നിഷ്ക്കു പത്രത്തിന്‍റെ ഈ ദിവസങ്ങളിലെ ചില സ്റ്റോറികളിലേക്ക് നമുക്കൊന്ന് നോക്കാം. അപ്പോള്‍ അതിന്‍റെ മുഖംമൂടി അഴിഞ്ഞുവീഴും. 9-ാം തീയതി മനോരമയുടെ ലീഡ് വാര്‍ത്തയെന്താ? "ചെക്പോസ്റ്റുകളില്‍ വഴിമുട്ടി. അതിര്‍ത്തികളില്‍ പാസില്ലാതെ കുടുങ്ങി മലയാളികള്‍". പാസില്ലാതെ പാസിന് അപേക്ഷിക്കുകപോലും ചെയ്യാതെ, അപേക്ഷിച്ചിട്ട് അത് ലഭിക്കാന്‍ കാത്തിരിക്കാതെ എത്തി ബഹളമുണ്ടാക്കിയവരെ, പേണുന്ന ഒരു ശൈലിയാണല്ലോ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് തുടക്കത്തില്‍ ചോദിച്ചത് പാസില്ലാതെ വരുന്നവരെയെല്ലാം കടത്തിവിടണമെന്നതാണോ മനോരമയുടെ ലൈനെന്ന്! എന്തായാലും വന്നുപോയവരെ വേണ്ട പരിശോധനകളും അന്വേഷണങ്ങളും നടത്തി പാസും നല്‍കി ഒടുവില്‍ കടത്തിവിട്ടല്ലോ. അപ്പോള്‍ ആ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ആളുകളെ ജാഗ്രതപ്പെടുത്തുകയായിരുന്നല്ലോ മാധ്യമധര്‍മം? പൊതുപ്രവര്‍ത്തകരുടെ ധര്‍മവും. എന്നാല്‍ മനോരമ ഉള്‍പ്പെടെയുള്ള ചാനലുകള്‍ അത് ചെയ്യാതെ പരിഭ്രാന്തി പരത്താനും കിംവദന്തികള്‍ക്ക് (പാസ് വിതരണം നിര്‍ത്തിയെന്ന്) പ്രചരണം നല്‍കാനുമല്ലേ ശ്രമിച്ചത്. പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അതു സംബന്ധിച്ച സര്‍വവസ്തുതകളും നല്‍കിയിരുന്നു. എന്നാല്‍ അത് 9-ാം പേജില്‍ ഒതുക്കിയിട്ട് ഒന്നാം പേജില്‍ കണ്ണീര്‍ക്കയം ഒരുക്കാന്‍ ശ്രമിച്ച മനോരമയ്ക്കും അടുത്ത ദിവസം സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടല്ലോ.


10-ാം തീയതി കൂടുതല്‍ സംഭ്രമജനകമായ ശീര്‍ഷകവുമായാണല്ലോ പുറത്തിറങ്ങിയത്. "ദുരിതം, അതിരില്ലാതെ. അതിര്‍ത്തിയില്‍ കുടുങ്ങി നൂറുകണക്കിനു മലയാളികള്‍. വാളയാര്‍ നിയന്ത്രിതമേഖല; ഇന്ന് കോടതി സിറ്റിങ്, മുത്തങ്ങയില്‍ വനത്തിനുള്ളില്‍ കുടുങ്ങി അന്‍പതോളം പേര്‍." അതില്‍ പറയുന്നതുകൂടി നോക്കാം: "പാസ് ലഭിക്കാത്തവര്‍, നോര്‍ക്ക വെബ്സൈറ്റില്‍ അപേക്ഷിച്ചെങ്കിലും അനുമതി സന്ദേശം ലഭിക്കാത്തവര്‍, പാസ് നിര്‍ത്തുന്നതായി കേട്ട് വേഗം നാട്ടിലേക്ക് തിരിച്ചവര്‍ തുടങ്ങിയവരെല്ലാം അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങി." പാസ് ലഭിക്കാത്തവരെന്നാല്‍ അപേക്ഷിച്ചിട്ട് അത് നിഷേധിക്കപ്പെട്ടവരെന്ന് തോന്നലുണ്ടാക്കും വിധമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം റിപ്പോര്‍ട്ടിങ് മൂന്ന് നാല് ദിവസമായി തുടരുന്നതുതന്നെയാണ്, ഹേ അതിരില്ലാതെ ദുരിതം വിതയ്ക്കും വിധം വാളയാറിലും മുത്തങ്ങയിലും ആള്‍ക്കൂട്ടമുണ്ടാക്കിയത്. മറിച്ച് പാസ് ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്താന്‍ ചാനലുകളോ പത്രമോ ശ്രമിച്ചിരുന്നെങ്കില്‍ ഈ തള്ളിക്കയറ്റം ഉണ്ടാകുമായിരുന്നില്ലല്ലോ. തുപ്പിതോല്‍പ്പിക്കാന്‍ പറ്റുമോന്ന് നോക്കുകയാണ് വലതുരാഷ്ട്രീയക്കാര്‍ക്കൊപ്പം ഈ വലതുപത്രവും.


ഇനി 11-ാം തീയതി ആയപ്പോള്‍ മനോരമ ഒന്നു മാറ്റിപ്പിടിക്കാന്‍ തുടങ്ങി. 8-ാംപേജില്‍ സംഭ്രമജനകമായി ഭീതിപരത്തുന്ന സ്റ്റോറി: "അതിര്‍ത്തിയിലെ ആളൊഴുക്ക്. പ്രതിരോധം പാളുന്നോ? പാസില്ലാതെ എത്തുന്നവരില്‍ 60% പേരും റെഡ് സോണുകളില്‍ നിന്ന്". റെഡ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് പാസ് നല്‍കുന്നില്ലെന്നോ നല്‍കാന്‍ പാടില്ലെന്നോ ഉള്ള പ്രതീതി പരത്താനും അത്തരക്കാരെയും കടത്തിവിട്ട് സര്‍ക്കാരിന്‍റെ പ്രതിരോധം പാളിയിരിക്കുന്നുവെന്നുമുള്ള കഥമെനഞ്ഞ് ഭീതി പരത്തിക്കൊണ്ട് മഞ്ഞപത്രങ്ങളെക്കാള്‍ തരം താഴുകയല്ലേ മനോരമ ഇവിടെ ചെയ്യുന്നത്. മനോരമ പത്രവും രണ്ട് മൂന്ന് ചാനലുകളും കോങ്കി-സംഘി-സുഡാപി കൂട്ടുകെട്ടും ഒത്തുപിടിച്ച് നടത്തിയ പൊറാട്ടുനാടകത്തിന്‍റെ പരിണതിയല്ലേ അതിര്‍ത്തികളില്‍ കണ്ടത്. ജനപ്രതിനിധികള്‍ എംപിമാരും എംഎല്‍എമാരും-വാളയാറില്‍ നടത്തിയ ഷോ ബിസിനസ് വൃത്തികേടായിപ്പോയിയെന്നു പറയാന്‍ പോലും ഈ പത്രത്തിന്‍റെ പക്ഷപാതിത്വം അനുവദിച്ചില്ല.


അപ്പോള്‍ 10-ാം തീയതി ഞായറാഴ്ചയായിട്ടും ഹൈക്കോടതി സിറ്റിങ് നടത്തി എന്ത് തീര്‍പ്പുകല്‍പ്പിച്ചെന്ന് അറിയാന്‍ സ്വാഭാവികമായും ആകാംക്ഷ കൂടുമല്ലോ! അപ്പോള്‍ അതിനുവലിയ പ്രാധാന്യവുമുണ്ടാകുമല്ലോ. എന്നാല്‍ മനോരമ പത്രം അത് 4-ാം പേജിലെ വര്‍ത്തമാനത്തിലൊതുക്കി. "അതിര്‍ത്തിയില്‍ പാസ് നിര്‍ബന്ധം; കുടുങ്ങിയവര്‍ക്ക് പ്രവേശിക്കാം; തടയുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി." ഇത് മറിച്ചായിരുന്നെങ്കിലോ. ഒന്നാം പേജിലെ സൂപ്പര്‍ ഡൂപ്പര്‍ ഹെഡ്ലൈനാകുമായിരുന്നല്ലോ. 10-ാം തീയതി കോടതിയില്‍ നിന്നുള്ള ഇന്‍സ്റ്റന്‍റ് റിപ്പോര്‍ട്ടിങ് വേളയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കിയ മനോരമയ്ക്ക് 4-ാംപേജിലൊതുക്കിയെങ്കിലും സത്യം പറയേണ്ടതായി വന്നു. പാസില്ലാതെ വന്നവര്‍ക്ക് പാസ് നല്‍കി കടത്തിവിടാം എന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിരുന്നത് അവഗണിച്ച് "കോടതി നിര്‍ദേശിച്ചു; പാസില്ലാതെ കുടുങ്ങിയവര്‍ വീടുകളിലേക്ക്." എന്ന് ആശ്വാസം കൊള്ളുന്ന കണ്ടത്തിലുകാരുടെ പത്രത്തില് ശേവുകം ചെയ്യുന്ന, പഴയ ബാലജനസഖ്യത്തിന്‍റെ പ്രോഡക്ടായ അവതാരകാതാരം നവമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റിട്ടതില്‍ അത്ഭുതമില്ലല്ലോ.


എങ്കിലും തങ്ങളുടെ നിഷ്പക്ഷതാനാട്യം തുടരുന്നതിനു വേണ്ട ചില വിഭവങ്ങളെങ്കിലും ഈ മഞ്ഞപ്പത്രം വായനക്കാരില്‍ എത്തിക്കുന്നുണ്ടെന്നതും വിസ്മരിക്കുന്നില്ല. നോക്കൂ 10-ാം തീയതിയിലെ 10-ാം പേജ്: "കേരളത്തില്‍ കോവിഡ് പടരാതിരുന്നത് ചികിത്സ ലഭ്യമാക്കിയതിലെ വേഗത." മറ്റു സംസ്ഥാനങ്ങളില്‍ രോഗലക്ഷണം കണ്ട് ശരാശരി 6 ദിവസം പിന്നിടുമ്പോഴാണ് ചികിത്സ ലഭിക്കുന്നതെങ്കില്‍ കേരളത്തില്‍ 2.5 ദിവസത്തിനുള്ളില്‍ ലഭിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വിശകലനം ചെയ്ത് വ്യക്തമാക്കുന്നു ഇവിടെ. തങ്ങള്‍ നടത്തുന്ന വ്യാജന്മാര്‍ക്കും വക്രീകരണങ്ങള്‍ക്കും പ്രചാരണലക്ഷ്യത്തോടെയുള്ള സ്റ്റോറികള്‍ക്കും വിശ്വാസ്യത ചിലരിലെങ്കിലും നിന്നെങ്കിലും കിട്ടാന്‍ ഇമ്മാതിരി കുറെയെങ്കിലും സത്യം പറയാന്‍ നിര്‍ബന്ധിതമാവുകയാണ് നുണരമ. നവമാധ്യമങ്ങളും ബദല്‍ മാധ്യമങ്ങളും ഉള്ളതുകൊണ്ടു കൂടിയാണ് ഇതിന് നിര്‍ബന്ധിതമാകുന്നത്. $