കൊറോണയും നവലിബറല്‍ കാലത്തെ ബദല്‍ രാഷ്ട്രീയവും

ജി വിജയകുമാര്‍

രോഗാണുവിനും ധനിക-ദരിദ്ര ഭേദമുണ്ടോ? കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള എന്തെങ്കിലും നിറഭേദമുണ്ടോ? ഉണ്ടാകാന്‍ ഇടയില്ല; ഉണ്ടാകില്ല എന്നുതന്നെയാണ് ആരോഗ്യശാസ്ത്രം പറയുന്നത്. അതാണ് പൊതുബോധവും.


ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഏറ്റവുമധികം ആളുകള്‍ മരിച്ചുവീഴുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമൊ (കൂട്ടത്തില്‍ പറയട്ടെ, ന്യൂയോര്‍ക്ക് നഗരത്തിലെ യഥാര്‍ഥ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യുന്നതിനെക്കാള്‍ അയ്യായിരമെങ്കിലും അധികമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം) മാര്‍ച്ച് അവസാനവാരം നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതും ഈ പൊതുബോധത്തിന് അനുസരിച്ചാണ്-അതായത് എല്ലാവരെയും ഒരേപോലെ ബാധിക്കുന്ന ചെറുപ്പക്കാരെയും വൃദ്ധരെയും, ധനികരെയും ദരിദ്രരെയും ഒരേ പോലെ ബാധിക്കുന്ന വലിയൊരു തുല്യതപ്പെടുത്തലുകാരനാണ്, തുല്യനീതി നല്‍കുന്നതാണ് കൊറോണ വൈറസ് എന്നാണ് ഡമോക്രാറ്റിക് പാര്‍ടിക്കാരനായ-അതായത് ട്രംപിന്‍റെ എതിര്‍ചേരിയിലെ പ്രമാണിമാരിലൊരാളായ ആന്‍ഡ്രു ക്വാമൊയുടെ അഭിപ്രായം.


എന്നാല്‍ അപ്സ്റ്റേറ്റിലെ കൊട്ടാരസദൃശ്യമായ മണിമന്ദിരങ്ങളില്‍ കഴിയുന്നവരെയും ബ്രൂക്ക്ലിനിലെ ഇടുങ്ങിയ ഇടങ്ങളിലെ ജീര്‍ണിച്ച കെട്ടിടങ്ങളില്‍ മനുഷ്യപ്പുഴുക്കളെപ്പോലെ കഴിഞ്ഞു കൂടുന്നവരെയും ഒരേപോലെയാണോ കൊറോണ ബാധിച്ചിട്ടുള്ളത് എന്ന് ചോദിച്ചാല്‍ ക്വാമൊ എന്നല്ല അമേരിക്കയിലെ ബൂര്‍ഷ്വാ ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉത്തരമുണ്ടാവില്ല. ന്യൂയോര്‍ക്കില്‍ ഔദ്യോഗിക കണക്കില്‍പെടാതെ പോലും മനുഷ്യര്‍ ചത്തൊടുങ്ങുന്നത് ബ്രൂക്ക്ലിനെപോലുള്ള പരമദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണെന്നതാണ് വാസ്തവം. അവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതുകൊണ്ടോ ഉള്ളവര്‍ക്ക് പോലും ചെറിയ തുകയ്ക്ക് മാത്രമേ കവറേജ് ഉള്ളൂവെന്നതുകൊണ്ടോ ശരിയായ പരിചരണമോ ചികിത്സയോ കിട്ടാതെ, പലപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെപോലും രോഗബാധയാല്‍ മരിച്ചുവീഴുന്നുവെന്നതാണ് മുതലാളിത്തത്തിന്‍റെ സ്വര്‍ഗരാജ്യത്തിലെ അവസ്ഥ. ഇത് ഒറ്റപ്പെട്ട കാര്യമല്ല ആദ്യത്തേതുമല്ല. ആദ്യ സംഭവവുമല്ല. 2005ല്‍ അമേരിക്കയില്‍ കത്രീന ചുഴലികൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ ആഫ്രോ അമേരിക്കന്‍ വംശജരെയും ദരിദ്രരെയുമാണ് അത് ഏറ്റവുമധികം ബാധിച്ചത്. സമാനമായ ഉദാഹരണങ്ങള്‍ അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ നിരവധിയുണ്ട്. മുതലാളിത്ത രാജ്യങ്ങളിലെയെല്ലാം പൊതുസ്ഥിതിയുമാണിത്.


മെയ് 11ന് പ്രസിദ്ധീകരിച്ച ബ്രിട്ടന്‍റെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ടുപ്രകാരം അവിദഗ്ധ തൊഴിലുകള്‍ ചെയ്യുന്ന, അസംഘടിത മേഖലയിലെ ദരിദ്രരായ മനുഷ്യരാണ് കോവിഡ് മൂലം മരിക്കുന്നതില്‍ ഏറെപ്പേരും. ഏപ്രില്‍ 20 വരെ ബ്രിട്ടനില്‍ കോവിഡ് മൂലം മരണപ്പെട്ട 2500 പേരുടെ കാര്യം വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.


നൈജീരിയന്‍ സാഹിത്യകാരനായ ബെന്‍ ഓക്രിയുടെ വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്: "ചെലവു ചുരുക്കലിന്‍റെ ഈ കാലത്ത് ദരിദ്രര്‍ മറ്റുള്ളവര്‍ക്കായി മരിക്കുന്നു". ആഫ്രിക്കയിലെ ദരിദ്രജനതയുടെ ജീവിതകഥകള്‍ നോവലുകളിലൂടെയും കവിതകളിലൂടെയും ലോകസാഹിത്യത്തിനു സംഭാവന ചെയ്ത ബെന്‍ ഓക്രിയുടെ വാക്കുകളുടെ അര്‍ഥം നവലിബറല്‍ നയങ്ങളുടെ ഭാഗമായി നടപ്പാക്കപ്പെടുന്ന ചെലവുചുരുക്കല്‍ പരിപാടികള്‍ സമ്പന്നരുടെ സുഖസൗകര്യങ്ങള്‍ക്ക്, ധനമൂലധനത്തിന്‍റെ കൊള്ളലാഭമടിക്കലിനു വേണ്ടിയാണെന്നും അത് ദരിദ്രനെ പട്ടിണിമരണത്തിലേക്കും രോഗങ്ങള്‍ വന്നാല്‍ ചികിത്സ കിട്ടാതെയുള്ള മരണത്തിലേക്കും തള്ളിനീക്കുന്നുവെന്നുമാണ്.


കോവിഡ് 19 ആഗോള ആരോഗ്യപ്രതിസന്ധിക്കും ആസന്നമായ ആഗോള സാമ്പത്തികതകര്‍ച്ചയ്ക്കും മാത്രമല്ല, മനുഷ്യമഹാദുരന്തത്തിനും നിദാനമാവുകയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യപരിപാടി (ഡബ്യുഎഫ്പി) രാജ്യങ്ങള്‍ക്ക് നല്‍കുന്ന താക്കീത്. "സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കഴിയുന്ന ദശലക്ഷക്കണക്കായ മനുഷ്യര്‍, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും, കൊടും പട്ടിണിയിലേക്ക് തള്ളിനീക്കപ്പെടുകയാണ്; ക്ഷാമം എന്ന കൊടുംഭീകരന്‍റെ പിടിയില്‍ അകപ്പെടുകയെന്ന യഥാര്‍ഥവും അപകടകരവുമായ സാധ്യതയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്". കൊറോണ വൈറസ് നേരിട്ടു സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ വിപത്ത് അതിന്‍റെ അനന്തരഫലമായി ഉണ്ടാകുന്ന പട്ടിണിയില്‍ നിന്നായിരിക്കുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നു. 25 കോടി ആളുകളെയെങ്കിലും ഇത് കടുത്ത പട്ടിണിയില്‍ അകപ്പെടുത്തുമെന്നും ഇപ്പോള്‍ തന്നെ ക്ഷാമവും ദാരിദ്ര്യവും നേരിടുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്കൊപ്പം ഇത് കൂടിചേരുമ്പോള്‍ ആഹാരമില്ലാതെ അന്തിയുറങ്ങേണ്ടിവരുന്ന മനുഷ്യരുടെ എണ്ണം ലോകമാകെ 100 കോടിയോളമാകുമെന്നുമാണ് ഡബ്ല്യുഎഫ്പിയുടെ ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച ആഗോളറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പട്ടിണിയുടെ മഹാമാരിയാണ് ലോകത്തെ തുറിച്ചുനോക്കുന്നതെന്നും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഈ സംവിധാനം ലോകത്തെ ഓര്‍മപ്പെടുത്തുകയാണ്.


1930കളിലെ മഹാമാന്ദ്യത്തിന്‍റെ കാലത്തെയും 2008ലെ ആഗോള ധനപ്രതിസന്ധിയുടെ കാലത്തെയും കടത്തിവെട്ടുന്നതാകും ആസന്നമായ സാമ്പത്തികപ്രതിസന്ധിയെന്ന് താക്കീത് നല്‍കുന്നത് അന്താരാഷ്ട്രനാണയ നിധിയുടെ (ഐഎംഎഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജ്യോര്‍ജിയേവയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍പോലും മാനവരാശി അനുഭവിച്ചിട്ടില്ലാത്ത വറുതിയുടെയും ദുരിതത്തിന്‍റെയും കാലമാണ് നമ്മെ തുറിച്ചുനോക്കുന്നത് എന്നാണ് ക്രിസ്റ്റലിന ഓര്‍മിപ്പിക്കുന്നത്. ധനപ്രതിസന്ധിയായാലും സാമ്പത്തികതകര്‍ച്ചയോ മാന്ദ്യമോ എന്തായാലും അതിന്‍റെ ഭാരമാകെ വന്നുപതിക്കുന്നത് കോടിക്കണക്കായ ദരിദ്രരുടെ, തൊഴിലാളികളുടെയും കൃഷിക്കാരുടെയും ജീവിതത്തിനുമേലാണ് എന്ന് പറയാതെ പറയുകയുമാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെ കാവലാളായ ഐഎംഎഫ് മേധാവി.


കൊറോണ ഷോക്ക് എന്നാണ് ഈ അവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ ആരോഗ്യപ്രതിസന്ധി ആയാലും സാമ്പത്തികപ്രതിസന്ധി ആയാലും ഐക്യരാഷ്ട്രസഭ പറയുന്ന പട്ടിണിയെന്ന മഹാമാരി ആയാലും അതിനെല്ലാം മൂലകാരണം കൊറോണ വൈറസ് എന്ന സൂക്ഷമാണു അല്ല മറിച്ച് മുതലാളിത്തമാണ്, പ്രത്യേകിച്ച് അതിന്‍റെ നവലിബറല്‍ ചൂഷണമാണ് എന്നതാണ് വസ്തുത. 14-ാം നൂറ്റാണ്ടിലെ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച പ്ലേഗിനെയും 1832ലെ കോളറയെയും 1918ലെ ഇന്‍ഫ്ളൂവന്‍സയെയും 21-ാം നൂറ്റാണ്ടിന്‍റെ ഒടുവിലും 21-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും പടര്‍ന്നുപിടിച്ച പക്ഷിപ്പനിയെയും സാര്‍സിനെയും എബോളയെയുമെല്ലാം പോലെയുള്ളതോ അവയെക്കാളെല്ലാം ഭീകരമോ ആയ മഹാമാരികള്‍ ഇനിയും മനുഷ്യരാശിക്ക് നേരിടേണ്ടതായി വരാം. എന്നാല്‍ കൊള്ളലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മുതലാളിത്തത്തിന് അതിനെയൊന്നും നേരിടാനുള്ള കെല്‍പ്പില്ല. മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനതയെ രോഗം ബാധിച്ച് ചത്തൊടുങ്ങാന്‍ വിട്ടുകൊടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നതിന് നാമിന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണല്ലോ. സാമ്പത്തികതകര്‍ച്ചയും കോവിഡ് മഹാമാരിയെ നേരിടാന്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണും മൂലം ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നതിനെക്കാള്‍ മൂലധന ശക്തികളെ ആകുലപ്പെടുത്തുന്നത് ഓഹരി വിപണിയില്‍ ഉണ്ടാകുന്ന വിലയിടിവാണ്, ഓഹരി വിലയിലെ നഷ്ടമാണ്.


ഫോര്‍ബ്സ് മാഗസിന്‍ പകര്‍ച്ചവ്യാധികളെയും ആരോഗ്യപ്രതിസന്ധികളെയും നേരിടാന്‍ സുസജ്ജമായ രാജ്യങ്ങളുടെയും അതിനു കെല്‍പ്പില്ലാത്ത രാജ്യങ്ങളുടെയും പട്ടിക അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഏറ്റവും മികച്ചതായതായി അടയാളപ്പെടുത്തപ്പെട്ട രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടനും. ഇന്ന് നാം കണ്‍മുന്നില്‍ കാണുന്നതോ? ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം, കാട്ടുതീയെക്കാള്‍ വേഗതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഏറ്റവുമധികം ആളുകള്‍ ശരിയായ ചികിത്സപോലും കിട്ടാതെ മരിക്കുന്നതും ഈ രണ്ട് ഭീമന്‍ മുതലാളിത്ത സമ്പദ്ഘടനകള്‍ക്കുള്ളിലാണ്.


എന്തുകൊണ്ടാണിത്? മനുഷ്യജീവനെക്കാള്‍ മുതലാളിമാരുടെ ലാഭത്തിനു പ്രഥമ പരിഗണന നല്‍കുന്നതാണ് ഇവിടങ്ങളിലെ സംവിധാനം എന്നതാണതിനുകാരണം. രോഗപ്രതിരോധത്തെക്കാള്‍ ചികിത്സയ്ക്കു മുന്‍ഗണന നല്‍കുന്നതും പകര്‍ച്ചവ്യാധികളെക്കാള്‍ ജീവിതശൈലി രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുന്നതുമായ സ്വകാര്യവല്‍കൃത ആരോഗ്യസംവിധാനമാണ് ആ രാജ്യങ്ങളിലേത് എന്നതുകൊണ്ടാണ് ഇപ്പോള്‍ ആഗോള മഹാമാരിക്കുമുന്നില്‍ ഈ വികസിത രാജ്യങ്ങള്‍ക്ക് സ്തംഭിച്ച് നില്‍ക്കേണ്ടതായി വരുന്നത്. ഇതില്‍ നെടുനായകത്വം വഹിക്കുന്നതാകട്ടെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് ചികിത്സ ലഭിക്കുന്നതിനുള്ള മാനദണ്ഡം അയാളുടെ ഇന്‍ഷുറന്‍സ് കവറേജിന്‍റെ വലിപ്പമായിമാറുന്നു. മറ്റൊരു ഘടകം സ്വകാര്യ ഔഷധനിര്‍മാണ കുത്തകകളാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നു നിര്‍മാണത്തില്‍ വലിയ താല്‍പ്പര്യമുണ്ടാകാറില്ല. കാരണം ഇത്തരം രോഗങ്ങള്‍ ഏറെയും ബാധിക്കുന്നത് ദരിദ്രരാജ്യങ്ങളെയും ദരിദ്രജനവിഭാഗങ്ങളെയുമാണ്. അതുപോലെ തന്നെ രോഗം വേഗത്തില്‍ ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകളുടെ നിര്‍മാണത്തിലും ഈ ബഹുരാഷ്ട്രകുത്തകകള്‍ പൊതുവില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. നീണ്ടകാല ചികിത്സ, കൂടുതല്‍ മരുന്നുകളുടെ ഉപയോഗം എന്നിവയാണ് സ്വകാര്യമരുന്നുകമ്പനികളുടെ എന്നപോലെ സ്വകാര്യചികിത്സാ കേന്ദ്രങ്ങളുടെയും ലക്ഷ്യം. മറ്റൊന്ന് രോഗപ്രതിരോധത്തിലും മനുഷ്യന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഊന്നിയുള്ളതല്ല സ്വകാര്യചികിത്സാസംവിധാനം. രോഗാതുരമായ സമൂഹവും രോഗപ്രതിരോധശേഷി കുറഞ്ഞ മനുഷ്യശരീരങ്ങളുമാണ് ലാഭക്കണ്ണോടുകൂടിയുള്ള സ്വകാര്യചികിത്സാ സംവിധാനം ആഗ്രഹിക്കുന്നത്.


ഇന്‍റര്‍ഫെറോന്‍ 2 ബി പോലുള്ള ശരീരത്തിന്‍റെ വൈറസുകളെ ചെറുക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്ന ക്യൂബന്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഈ സ്വകാര്യചികിത്സാ സംവിധാനത്തിന് അശേഷം താല്‍പ്പര്യമുണ്ടാവില്ല. അത്തരം മരുന്നുകള്‍ക്കൊപ്പം തദ്ദേശീയ ചികിത്സാ രീതികളിലെ ഘടകങ്ങളും ഉള്‍പ്പെടുത്തുകയും ജനകീയമായ രോഗപ്രതിരോധ സംവിധാനം വികസിപ്പിച്ചും ലാഭത്തിനുപരി മനുഷ്യന്,മനുഷ്യജീവന് പ്രാധാന്യം നല്‍കുന്ന മികച്ച പൊതുജനാരോഗ്യസംവിധാനമാണ് കോവിഡിന്‍റെ ആദ്യ പ്രഭവകേന്ദ്രമായ ചൈനയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയത്; ക്യൂബയിലും വിയത്നാമിലും രോഗം വന്‍തോതില്‍ പടരാതെ നിയന്ത്രിക്കാനായത്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളം ലോകത്തിന്‍റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചതും വികേന്ദ്രീകൃതവും സര്‍ക്കാര്‍ നിയന്ത്രിതവുമായ പൊതുജനാരോഗ്യസംവിധാനവും ജനകീയ ഇടപെടല്‍ സംവിധാനവുമാണ്. തികച്ചും സൗജന്യമായ ചികിത്സ, (സ്വകാര്യസ്ഥാപനങ്ങളില്‍ ടെസ്റ്റിങ് നടത്തേണ്ടിവരുമ്പോള്‍ പോലും ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നു), ഒരാള്‍പോലും (രോഗികള്‍ മാത്രമല്ല) പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തല്‍ എന്നിവയും ഇന്ത്യയില്‍ കേരളത്തിന്‍റേതായ സവിശേഷതയാണ്. അതാണ് ഇക്കണോമിസ്റ്റ് പോലെയുള്ള അന്താരാഷ്ട്ര പ്രശസ്തമായ ഒരു വാരികയ്ക്ക് പോലും കേരളത്തെയും വിയറ്റ്നാമിനെയും ശ്ലാഘിക്കേണ്ടതായി വന്നത്.


അമേരിക്കയില്‍ എത്രയും വേഗം രോഗവ്യാപനം തടയുകയും മനുഷ്യജീവന്‍ രക്ഷിക്കുകയുമെന്നതിലല്ല രോഗം അനിയന്ത്രിതമായി തുടരുമ്പോഴും ലോക്ഡൗണ്‍ അവസാനിപ്പിച്ച് സമ്പദ്ഘടന തുറക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് ഭരണകൂടത്തിന് താല്‍പ്പര്യം. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ മുതലാളിത്ത ഭരണകൂടങ്ങളുടെ വ്യഗ്രതയും അതുതന്നെ. എന്നാല്‍ അത് സാധാരണക്കാരുടെ ജീവനും ഉപജീവനോപാധികളും സംരക്ഷിക്കുന്നതിനല്ല മറിച്ച് കോര്‍പറേറ്റ് മൂലധനത്തിന്‍റെ ലാഭം പെരുപ്പിക്കുന്നതിലാണ് ശ്രദ്ധ ഊന്നുന്നത്.


കൊറോണയെ നേരിടുന്നതിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മാത്രം 2.5 കോടി ആളുകള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നും ഈ വര്‍ഷം അവസാനത്തോടുകൂടി തൊഴിലാളികളുടെ വരുമാനത്തില്‍ 3.4 ലക്ഷം കോടി ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്നും കണക്കാക്കിയിരിക്കുന്നത് അന്താരാഷ്ട്ര തൊഴില്‍ സംഘടനയാണ് (ഐഎല്‍ഒ). കോവിഡിന്‍റെ മറവില്‍ കോര്‍പറേറ്റുകള്‍ കുറച്ച് തൊഴിലാളികളെ ഉപയോഗിച്ച് 'കാര്യക്ഷമത' വര്‍ധിപ്പിക്കുന്നതിനായി വ്യവസായങ്ങള്‍ പുനഃസംഘടിപ്പിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മയും തൊഴിലാളികളുടെ വരുമാന നഷ്ടവും ഇതിലും കൂടുമെന്നും ഐഎല്‍ഒ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും തൊഴില്‍ സമയം 4 മണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം പുനഃസംഘടനയുടെ ഉദാഹരണങ്ങളില്‍ ഒന്നാണ്.


ഇപ്പോഴത്തെ ഈ പ്രതിസന്ധി നേരിടാന്‍ ലോകത്തെ പല ഗവണ്‍മെന്‍റുകളും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളും ശതകോടിക്കണക്കിന് ഡോളര്‍ പണലഭ്യത ഉറപ്പാക്കാനായി നീക്കിവയ്ക്കുകയാണ്. അതില്‍ ഏറ്റവും വലിയ തുക നീക്കിവച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നായി ഐഎംഎഫ് (ഒരു ലക്ഷം കോടി ഡോളര്‍) ആ ഫണ്ടില്‍ നിന്ന് തുക ആവശ്യപ്പെടുന്ന, ധനപരമായ ഞെരുക്കമുള്ള രാജ്യങ്ങള്‍ക്ക് വായ്പ നല്‍കണമെങ്കില്‍ അമേരിക്കയുടെ തീട്ടൂരം വേണമെന്നതാണവസ്ഥ. വെനസ്വേലയ്ക്ക് ഐഎംഎഫ് വായ്പ നിഷേധിച്ചത് അമേരിക്കയുടെ എതിര്‍പ്പുമൂലമാണ്. ഏറ്റവും വലിയ തുക നീക്കിവച്ച രാജ്യമെന്ന നിലയില്‍ അമേരിക്ക (2.2 ലക്ഷം കോടി ഡോളര്‍) സാധാരണ മനുഷ്യരുടെ കൈവശം പണ ലഭ്യത ഉറപ്പാക്കാനല്ല, മറിച്ച് കോര്‍പറേറ്റുകളുടെ കീശ നിറയ്ക്കാനാണ് അതില്‍ വലിയ പങ്കും നീക്കിവയ്ക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ ലോകം നേരിടുന്നത് 2008-09ലെ പോലെ ധനവിപണിയിലെ പണ ലഭ്യത ഇല്ലാതായ ഒന്നല്ല. അതിലുപരി ഒട്ടേറെ സംഭവങ്ങളുടെയും പ്രശ്നങ്ങളുടെയും പരിണതിയാണ് ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധി-അതില്‍ കൊറോണ വൈറസ് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും അതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ സംജാതമായ എണ്ണവിലയിലെ കുത്തനെയുള്ള ഇടിവും (അതുതന്നെ പല ഘടകങ്ങളുടെയും പരിണതിയാണ്). ദീര്‍ഘകാലമായി ഉരുണ്ടുകൂടി വരുകയായിരുന്ന സാമ്പത്തികതളര്‍ച്ചയും അതോടനുബന്ധിച്ചുള്ള തൊഴിലില്ലായ്മയുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. പണലഭ്യത കൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്നങ്ങള്‍.


എന്നാല്‍ കോവിഡ് 19നെ നേരിടുന്നതിനായിട്ടാണ് ഇങ്ങനെ അന്താരാഷ്ട്ര ഏജന്‍സികളും രാജ്യങ്ങളും പണം നീക്കിവച്ചതെന്നാണെങ്കില്‍ അതിന് സാധാരണ ജനങ്ങളുടെ കൈവശം പണമെത്തിക്കുകയാണ് വേണ്ടത്; അവര്‍ക്ക് ഭക്ഷണവും ഉപജീവനമാര്‍ഗങ്ങളും ഒരുക്കുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നതാകട്ടെ അതിസമ്പന്നര്‍ക്കും ബാങ്കുകള്‍ക്കും മറ്റ് കോര്‍പറേറ്റുകള്‍ക്കും പണമെത്തിക്കുകയാണ്. സാര്‍വത്രികമായ അടിസ്ഥാനവരുമാനം ഉറപ്പാക്കുകയാണ് യഥാര്‍ഥത്തില്‍ ഗവണ്‍മെന്‍റുകള്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും മാത്രമല്ല മുതലാളിത്ത സാമ്പത്തിക വിദഗ്ധര്‍പോലും ഇന്ത്യാ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നത് പ്രതിമാസം ഒരു കുടുംബത്തിന് 7500 രൂപയെങ്കിലും വരുമാനം ഉറപ്പാക്കണമെന്നാണ്. അതിന് ഇന്ത്യയോ ലോകമാകെയുള്ള മറ്റ് വലതുപക്ഷ ഗവണ്‍മെന്‍റുകളോ തയ്യാറാകുന്നില്ല. അതുകൊണ്ട് ഈ കൊറോണ കാലത്ത് സാര്‍വത്രികമായ വരുമാന ലഭ്യത ഉറപ്പാക്കല്‍ അവകാശമായി നേടുകയെന്നത് ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനതയുടെ മുദ്രാവാക്യമായി മാറ്റപ്പെടേണ്ടതുണ്ട്.


അമേരിക്കയിലെ ചരിത്ര പണ്ഡിതന്മാരായ മിഗ്വേല്‍ ടിങ്കര്‍ സലാസും വിക്ടര്‍ സില്‍വര്‍മാനും സമീപകാലത്ത് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചത് വൈറസ് പ്രകൃതിയുടെ ഉല്‍പ്പന്നമാണ്; എന്നാല്‍ പ്രതിസന്ധിയാകട്ടെ നവലിബറലിസത്തിന്‍റെ ഉല്‍പ്പന്നവും. നവലിബറലിസം മുന്നോട്ടുവയ്ക്കുന്നത് സാമ്പത്തികകാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നതിനെ പൂര്‍ണമായും എതിര്‍ക്കുന്ന സമീപനമാണ്. പക്ഷേ 2007-08 കാലത്തെ ധന പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് ഇതേ നവലിബറലിസത്തിന്‍റെ വക്താക്കള്‍ തന്നെ സാമ്പത്തികകാര്യങ്ങളില്‍ ഭരണകൂടത്തിന്‍റെ ഇടപെടലിനായി മുറവിളികൂട്ടിയെന്നു മാത്രമല്ല അമേരിക്കയില്‍ ഉള്‍പ്പെടെ അത് നടപ്പാക്കുകയും ചെയ്തിരുന്നു. തകര്‍ച്ചയെ നേരിട്ടിരുന്ന ബാങ്കുകളെ താല്‍ക്കാലികമായിട്ടാണെങ്കിലും ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ഖജനാവിലെ പണം ഉപയോഗിക്കുകയുണ്ടായി. ജനറല്‍ മോട്ടോഴ്സിന്‍റെ കാര്യത്തിലും അന്നുണ്ടായത് ഫലത്തിലൊരു ദേശസാല്‍ക്കരണമായിരുന്നു. ഇപ്പോള്‍ ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ വീണ്ടും വാദിക്കപ്പെടുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭരണകൂട ഇടപെടലുകളുടെ വിവിധ രൂപങ്ങളാണ്. പരോക്ഷമായെങ്കിലും സോഷ്യലിസത്തിന്‍റെ സാമൂഹ്യവൈരുധ്യങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയെകുറിച്ച് അതിന്‍റെ എതിരാളികള്‍ക്കുപോലും സമ്മതിക്കേണ്ടതായി വരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വശത്ത് എംഗലമെര്‍ക്കലിനെയും ഇമ്മാനുവല്‍ മക്രോണിനെയും പോലുള്ള നവലിബറല്‍ ഭരണാധികാരികള്‍ കെയീനിഷ്യനിസത്തിലേക്ക് (അതായത് സാമ്പത്തികകാര്യങ്ങളില്‍ ഭരണകൂട ഇടപെടല്‍-കെയിന്‍സ് സോഷ്യലിസ്റ്റ് ആസൂത്രണത്തില്‍നിന്നുള്‍ക്കൊണ്ട ആശയം) തിരിഞ്ഞ് സ്വകാര്യമേഖലയിലേക്ക് ഖജനാവിലെ പണം ഒഴുക്കുന്നത് കാണാം. മറുവശത്ത് അപകടകരമായ ഒരു പ്രവണതയും കാണുന്നു. തീവ്ര വലതുപക്ഷ മുദ്രാവാക്യങ്ങള്‍ക്കൊപ്പം അമേരിക്കയില്‍ സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ച ബേണിസാന്‍ഡേഴ്സ് പിന്തള്ളപ്പെട്ടെങ്കിലും അദ്ദേഹം ഉയര്‍ത്തിയ പല മുദ്രാവാക്യങ്ങളെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്‍റ് ട്രംപ് ഏറ്റെടുക്കുകയെന്ന സാധ്യതയാണത്. 2016ല്‍ ഇത് സംഭവിച്ചതുമാണ്. ഇപ്പോള്‍ ട്രംപ് വംശീയതക്കൊപ്പം ദേശീയ സോഷ്യലിസത്തെക്കുറിച്ച് വാചാലനാകാനുള്ള സാധ്യതയിലേക്ക് പല രാഷ്ട്രീയ നിരീക്ഷകരും വിരല്‍ചൂണ്ടുന്നുമുണ്ട്. ട്രംപിന്‍റെ ചൈനയ്ക്കെതിരായ വിദ്വേഷ പ്രചരണവും ട്രംപ് പക്ഷത്തുനിന്ന് ഇസ്ലാം വിരുദ്ധതയും ചൈനാവിരുദ്ധതയും തീവ്രദേശീയതയും പ്രചരിപ്പിക്കുന്നതും ഈ അപകടസൂചനയാണ് നല്‍കുന്നത്.


അമേരിക്കയില്‍ ട്രംപ് എന്ന പോലെ ബ്രസീലില്‍ ജയര്‍ ബൊള്‍സനാരൊയും ഇന്ത്യയില്‍ നരേന്ദ്ര മോഡിയും തുര്‍ക്കിയില്‍ യെര്‍ദൊഗാനും ഹങ്കറിയില്‍ വിക്ടര്‍ ഓര്‍ബാനും സമാനമായി വംശീയതയുടെയും മതവിദ്വേഷത്തിന്‍റെയും തീവ്രദേശീയതയുടെയും രാഷ്ട്രീയം കൊണ്ട് സാമ്പത്തികപ്രതിസന്ധിയുടെ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ശ്രമിക്കുന്നു. മഹാമാരിക്ക് നിദാനമായ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന പ്രചരണത്തിലൂടെ വംശീയവിദ്വേഷം ട്രംപ് പ്രചരിപ്പിക്കുമ്പോള്‍ ബൊള്‍സനാരൊ അത് പരസ്യമായി ഏറ്റുപിടിക്കുന്നു. മോഡി തന്‍റെ വാചാടോപങ്ങളില്‍ നേരിട്ട് അത് പ്രയോഗിക്കുന്നില്ലെങ്കിലും തീവ്ര ഹിന്ദുത്വവാദികളില്‍ പലരും മന്ത്രിമാര്‍ ഉള്‍പ്പെടെ ചൈനാ വൈറസ് എന്നും മനുഷ്യ നിര്‍മിത വൈറസ് എന്നുമുള്ള പദപ്രയോഗങ്ങള്‍ നടത്തുന്നത് ചൈനാ വിരുദ്ധ വംശീയതയുടെ അന്തരീക്ഷം സൃഷ്ടിക്കലാണ്. ഇന്ത്യയില്‍ പക്ഷേ, അതിലുപരി സംഘപരിവാറിന്‍റെ മുസ്ലീം വിരുദ്ധവും ദളിത് വിരുദ്ധവുമായ അജന്‍ഡ കോവിഡിനോടനുബന്ധിച്ചുള്ള ലോക്ഡൗണിന്‍റെ മറവില്‍ തീവ്രമായി നടപ്പാക്കപ്പെടുന്നതും സമാനമായ പ്രത്യയശാസ്ത്രനിലപാടിന്‍റെ ഭാഗമാണ്.


1970കളുടെ തുടക്കംമുതല്‍ തന്നെ, പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്‍റെയും സോഷ്യലിസ്റ്റ് ചേരിയുടെയും പതനത്തിനുശേഷം, നവലിബറലിസം പിന്തുടരുന്ന മനുഷ്യവിദ്വേഷത്തിന്‍റെ തീവ്രമായ അവസ്ഥയാണ് പല രൂപങ്ങളില്‍ ഇന്ന് വികസിതമുതലാളിത്ത ലോകത്താകെ-ഒപ്പം ഇന്ത്യയെപോലെ വികസ്വര രാജ്യങ്ങളിലും- കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടമാടുന്നത്. ഒരു കാര്യം ഉറപ്പാണ്; മഹാമാരിയെക്കാള്‍ ഏറെ വിനാശകരമാണ് നവലിബറലിസവും അതിന്‍റെ ഇന്നത്തെ തീവ്രവലതുപക്ഷ മുഖവും. അതുകൊണ്ടുതന്നെയാണ് കോവിഡനന്തരലോകം ഇന്നത്തേതില്‍ നിന്ന് വേറിട്ട ഒന്നാകുമെന്ന ചര്‍ച്ച ലോകമെങ്ങും നടക്കുന്നത്.


ചൈന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ വിജയം വരിച്ചതും ക്യൂബയും ചൈനയും കൊറോണ ബാധിച്ച് ദുരിതത്തില്‍പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കാകെ (അതില്‍ ജി 7 രാജ്യങ്ങളിലൊന്നായ ഇറ്റലിയും ഉള്‍പ്പെടുന്നുവെന്നതാണ് വിരോധാഭാസം) സഹായമെത്തിക്കുന്നതും കോവിഡാനന്തര ലോകരാഷ്ട്രീയത്തിന്‍റെ ദിശ സൂചിപ്പിക്കുന്നതാണ്. വിയറ്റ്നാമും വെനസ്വേലയും നിക്കരാഗ്വയും കൊറോണ കെടുതിയില്‍നിന്ന് കരകയറിയത് ഈ ദിശയിലൂടെയാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഒരു ബദല്‍ ദിശ നല്‍കുന്നത് ഈ പശ്ചാത്തലത്തിലാണ്. മോഡി ഗവണ്‍മെന്‍റ് പിന്തുടരുന്ന നവലിബറലിസത്തിനും വര്‍ഗീയ ഫാസിസത്തിനും സങ്കുചിത ദേശീയതയ്ക്കും എതിരായ ഇന്ത്യയിലെ ഏകബദല്‍. അതുതന്നെയാണ് മൂലധനശക്തികളെയും അതിന്‍റെ പെട്ടിപ്പാട്ടുകാരായ വലതുപക്ഷ രാഷ്ട്രീയ-മാധ്യമകൂട്ടുകെട്ടിനെയും കേരളം കൊറോണയെ ചെറുക്കുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ അങ്കലാപ്പിലാക്കുന്നത്.