ചൈനയുടെ അഞ്ചു ചോദ്യങ്ങള്‍

അനില്‍കുമാര്‍ എ വി

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ചൈന ഏതുവിധമാണ്  കൊറോണയെ നേരിട്ടതെന്ന് അതിലളിതമായി വിശദീകരിക്കുന്നതാണ് 'ചൈന ആന്‍ഡ് കൊറോണ ഷോക്ക്' എന്ന ലഘു കൈപ്പുസ്തകം.  കൊറോണ പൊട്ടിപ്പുറപ്പെട്ടതു മറയാക്കി ചാനലുകളടക്കമുള്ള വന്‍കിട അമേരിക്കന്‍ മാധ്യമങ്ങള്‍ ചൈനീസ് വിരുദ്ധ കുരിശു യുദ്ധമാണ് നടത്തിവന്നത്. അതിന് ചില സഖ്യശക്തികളെയും കൂട്ടിനു കിട്ടി. അത്തരം അപവാദ വ്യവസായത്തെ നന്നായി പൊളിച്ചടുക്കുകയാണ് 'ചൈന ആന്‍ഡ് കൊറോണ ഷോക്ക്'. 


കമ്യൂണിസ്റ്റ് പാര്‍ടിയുടെ 
നാലിന അജന്‍ഡ


ഷി ജിന്‍ പിങ്ങിന്‍റെ സന്ദേശം മനസ്സിലിരുത്തി പാര്‍ടി തയ്യാറാക്കിയ നാലിന അജണ്ടയും പ്രധാനം. ഒന്ന്, പുതുവര്‍ഷ വേളയായതിനാല്‍  ഏറ്റവുമധികം ആഭ്യന്തര യാത്രകള്‍ക്ക് സാധ്യതയുള്ള സമയമാണ്. അതിനാല്‍  അടച്ചുപൂട്ടലിനൊപ്പം ഗതാഗത നിയന്ത്രണവും പാലിക്കുക. രണ്ട്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കിറ്റുകളും രോഗികള്‍ക്ക് കൂടുതല്‍ ആശുപത്രികളും ഒരുക്കുക .മൂന്ന്, എല്ലാ വീടുകളിലും ഭക്ഷണവും ഇന്ധനവും ലഭ്യമാക്കുക. നാല്, ശാസ്ത്രീയ വിവരങ്ങള്‍  അടിസ്ഥാനമാക്കി കൃത്യമായ വിവരങ്ങള്‍ ജനങ്ങളില്‍ സമയാസമയം എത്തിക്കുക. വുഹാനില്‍ ചൈന എങ്ങനെയാണ് കൊറോണയെ നിയന്ത്രിച്ചതെന്നത് ലോകത്തിന് വിസ്മയകരമായ വലിയ  പാഠമാകേണ്ടതാണ്. വെറുതെ സാങ്കേതികമായ അടച്ചുപൂട്ടല്‍  പ്രഖ്യാപിച്ച് ജനങ്ങളോട് വീടുകളില്‍ ഒതുങ്ങാന്‍ നിര്‍ദേശിക്കുക മാത്രമായിരുന്നില്ല അധികൃതര്‍.  രാജ്യത്തുടനീളം നാല്‍പ്പത്തിരണ്ടായിരം ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള   1800 പകര്‍ച്ചവ്യാധി പ്രതിരോധ സംഘത്തെ  നിയോഗിച്ചു. സന്നദ്ധ സേവകരുടെയും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരുടെയും സഹായങ്ങള്‍ വേറെ. അവര്‍ വീടുകള്‍ സന്ദര്‍ശിച്ച്   വിവര ശേഖരണം നടത്തി.  തുടര്‍ന്ന് ആവശ്യമായ പരിശോധനകള്‍ക്കും മുന്നിട്ടിറങ്ങി. 


വുഹാനിലെ മാംസക്കമ്പോളമാണ് കൊറോണ വ്യാപനത്തിന്‍റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്നത്. രാജ്യത്തെ രോഗികളുടെ 57ശതമാനത്തിനടുത്ത് അവിടെയായിരുന്നു. മരണസംഖ്യയില്‍ 86.5 ശതമാനവും. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം അവിടെ  ഒറ്റരോഗിയും ഇല്ലെന്ന ആശ്വാസകരമായ സ്ഥിതിയാണെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമീഷന്‍ അറിയിച്ചത്. അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയതോടെ പെട്ടെന്ന് പടുത്തുയര്‍ത്തിയ താല്‍ക്കാലിക ആശുപത്രികളെല്ലാം അടച്ചുപൂട്ടി. അവിടെ വിശ്രമരഹിതമായി ചികിത്സക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഡോക്ടര്‍ ജിയാങ് വെന്യാങ് ഒഴിഞ്ഞ കട്ടിലുകളിലൊന്നില്‍ വിശ്രമിക്കുന്ന ചിത്രം 'പീപ്പ്ള്‍സ് ഡെയിലി' പ്രസിദ്ധീകരിച്ചത് ലോക ശ്രദ്ധ നേടുകയുണ്ടായി. 
മൈക് പോംപിയോയുടെ 


ആരോപണങ്ങള്‍


വ്യാപക വിമര്‍ശനമുയര്‍ന്നിട്ടും മഹാമാരിയുടെ മറവില്‍ അമേരിക്ക ചൈനയ്ക്കെതിരെ തുറന്നുവിട്ട പ്രചാരണം തീവ്രമാക്കുകയായിരുന്നു. ചൈനയില്‍ ആദ്യം കണ്ടെത്തിയ രോഗത്തിന് ഉത്തരവാദി അവരാണെന്ന് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കടുത്ത ചൈനാവിരുദ്ധനായ അദ്ദേഹത്തിന്‍റെ പ്രതികരണം. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രീന്‍ എന്‍പിആര്‍ ചാനല്‍ അഭിമുഖത്തിലും ചൈനക്കെതിരെ ചാടിവീണു.കൊറോണ മൂലം കണ്ടെത്തിയ പകര്‍ച്ചവ്യാധി ചൈന ഡബ്ല്യുഎച്ച്ഒയെയും അമേരിക്കയടക്കം മറ്റു രാജ്യങ്ങളെയും അറിയിച്ചിട്ടും ട്രംപ് ഭരണകൂടം നിസ്സാരമായാണ് കണ്ടത്. സ്വന്തം രാജ്യത്ത് പതിനായിരങ്ങള്‍ മരണത്തിന് കീഴടങ്ങിയപ്പോഴാണ്  അതില്‍നിന്നും ശ്രദ്ധമാറ്റാന്‍ ട്രംപ് ഗവണ്‍മെന്‍റും റിപ്പബ്ലിക്കന്‍ പാര്‍ടി നേതാക്കളും ചൈനയെയും ഡബ്ല്യുഎച്ച്ഒയെയും പഴിച്ചുതുടങ്ങിയത്. 


അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ രൂക്ഷവിമര്‍ശനം


മാരകമായ കൊറോണാ വൈറസിന്‍റെ  വിപത്ത് മുന്‍നിര്‍ത്തി ലഭിച്ച എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച് തീര്‍ത്തും നിരുത്തരവാദപരമായി പെരുമാറി, ഒടുവില്‍  ചൈനയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി മുന്‍ ഡയറക്ടറായ ഡോ. റിക്ക് ബ്രൈറ്റ് അടക്കമുള്ള മുതിര്‍ന്ന അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയത്. കൊറോണ വ്യാപനത്തിനെതിരെ ഉചിതസമയത്ത് വ്യക്തമായ നടപടികളെടുക്കാന്‍ ട്രംപ് ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. 2020 ജനുവരി 20 ന് ലോകാരോഗ്യ സംഘടന കോവിഡ് 19 ന്‍റെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അത് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് വകുപ്പിലെ ഉന്നതര്‍ക്കും അറിവുണ്ടായിരുന്നു. പക്ഷേ, ആരും അത്ര ഗൗരവത്തില്‍ പരിഗണിച്ചില്ല. ചൈനയ്ക്കുവേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത ഡബ്ലുഎച്ച്ഒയാണ് കോവിഡ് 19 വ്യാപനത്തിന് പ്രധാന കാരണമെന്ന ആരോപണം ഉന്നയിച്ച ട്രംപ് പോലും മുന്നറിയിപ്പ് ഗൗനിച്ചില്ല.


ഹൈഡ്രോക്സി ക്ലോറോക്വിന്‍ വാങ്ങാനുള്ള രാഷ്ട്രീയ തീരുമാനത്തെ എതിര്‍ത്തതിന്‍റെ പേരില്‍ തന്നെ  പ്രധാന ചുമതലകളില്‍നിന്നും നീക്കിയെന്നും ഡോ. റിക്ക് ബ്രൈറ്റ് പറഞ്ഞു.  മലേറിയയ്ക്ക് ഉപയോഗിക്കുന്ന ആ മരുന്ന് രാജ്യത്തെ ഹോട്ട്സ്പോട്ടുകളില്‍ കൊണ്ടുവന്ന് കുമിഞ്ഞുകൂട്ടി ഒഴുക്കാന്‍ ട്രംപ് ഭരണകൂടം അമിത താല്‍പര്യം കാണിച്ചു. ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലാതെ, ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡിനെ ചെറുക്കുമെന്ന് വിശദീകരിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്തത് തന്നെയും ശാസ്ത്രജ്ഞരായ മറ്റനേകം സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചുവെന്നും തുറന്നടിച്ച അദ്ദേഹം, തന്നില്‍നിന്നും തിടുക്കപ്പെട്ട് പിന്‍വലിച്ച പ്രധാന ചുമതലകള്‍ തിരിച്ചുകിട്ടാനും ക്രമവിരുദ്ധമായ അക്കാര്യങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാനും ആവശ്യപ്പെട്ട് ഓഫീസ് ഓഫ് ദി സ്പെഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയുമുണ്ടായി. 2020 ജനുവരിയില്‍ ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ അമേരിക്കയിലെ മാസ്ക് നിര്‍മാതാക്കളെ ബന്ധപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ ബ്രൈറ്റ്, അന്ന് 350 കോടി മാസ്കുകള്‍ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാണിച്ചതായും വിശദീകരിച്ചു. അക്കാര്യത്തെക്കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. കോവിഡ് 19 അമേരിക്കയെ ബാധിക്കുകയില്ലെന്നായിരുന്നു ട്രംപിനെപ്പോലെ അവരും ആശ്വസിച്ചത്.


ഉത്തരം മുട്ടിയ ട്രംപ്


തുടര്‍ച്ചയായ  നുണ പ്രചാരണങ്ങള്‍ പൊളിച്ചടുക്കിയും ഗുരുതര ആരോപണങ്ങള്‍ വെളിപ്പെടുത്തിയും ചൈന അമേരിക്കയോട് അഞ്ചു ചോദ്യങ്ങള്‍ ഔദ്യോഗികമായി ഉന്നയിക്കുകയുണ്ടായി. അവ ദേശീയ ദിനപത്രമായ 'പീപ്പിള്‍സ് ഡെയ്ലി' പ്രസിദ്ധീകരിക്കുകയും ചെയ്തു. ചൈന തുടക്കംതൊട്ട് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ മറച്ചുവച്ചുവെന്നുമായിരുന്നു അമേരിക്കയുടെ ആരോപണം. 2020 ജനുവരി 21ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തശേഷം അമ്പരപ്പിക്കുന്ന വേഗത്തില്‍ പത്തു ലക്ഷത്തിലധികം കോവിഡ് 19 കേസുകള്‍ അമേരിക്കയില്‍ സ്ഥിരീകരിച്ചു. ലോകത്ത് കൊറോണ വൈറസിന്‍റെ മാരകമായ പ്രഭവകേന്ദ്രമായി ആ രാജ്യം  മാറിയത്  100 ദിവസത്തിനുള്ളിലാണ്. അത് വന്‍തോതിലുള്ള വിമര്‍ശനമുയര്‍ത്തി. അതിന്‍റെ പശ്ചാത്തലത്തിലാണ് ചില രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഈ പ്രവൃത്തികള്‍ ചില സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നുവെന്നും  അമേരിക്കന്‍ ഭരണകൂടം ഉത്തരം പറയേണ്ട ചില സുപ്രധാന ചോദ്യങ്ങളുണ്ടെന്നും ചൈന തിരിച്ചടിച്ചു. 


ചോദ്യം ഒന്ന് : യുഎസ്  വൈറസ് ബാധയുടെ ഉത്ഭവം എവിടെനിന്നാണ്? സെന്‍ന്‍റഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മേരിലാന്‍ഡ് സ്റ്റേറ്റിലെ ജൈവശാസ്ത്ര ഗവേഷണത്തിനുള്ള സൈനിക കേന്ദ്രമായ യുഎസ് ആര്‍മി മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് പൂര്‍ണമായി പുനഃസ്ഥാപിച്ചെന്ന് അമേരിക്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ 2020 മാര്‍ച്ച് അവസാനം റിപ്പോര്‍ട്ട് ചെയ്തു.ബയോളജിക്കല്‍ എജന്‍റ്സും മാരക വിഷ പദാര്‍ത്ഥങ്ങളും കൈകാര്യം ചെയ്യുന്ന ആ ഗവേഷണ സ്ഥാപനം അടച്ചുപൂട്ടാന്‍ സിഡിസി പെട്ടെന്ന്  നിര്‍ദേശം നല്‍കി. ഈ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് ലാബ് പൂട്ടാനുള്ള കാരണം യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ പിന്നീട് വൈറ്റ് ഹൗസ് നിവേദക സൈറ്റില്‍ സമര്‍പ്പിക്കപ്പെട്ടു.എന്തുകൊണ്ടാണ് പ്രധാന ജൈവ ഗവേഷണ ലാബ്  പെട്ടെന്ന് നിര്‍ത്തിയതും പിന്നീട് പുനരാരംഭിച്ചതും എന്നത് ലോകത്തോടും ജനങ്ങളോടും  വ്യക്തമായി വിശദീകരിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറാകണം. സിഡിസി റിപ്പോര്‍ട്ട് പ്രകാരം 2019-20 ഇന്‍ഫ്ളുവന്‍സ പനി സീസണില്‍ രാജ്യത്ത് 3.2 കോടി ഇന്‍ഫ്ളുവന്‍സ രോഗങ്ങളുണ്ടായി. മാര്‍ച്ച് 11 ന് സിഡിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ക്യാപിറ്റല്‍ ഹില്ലില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വ്യക്തമാക്കിയത്, രാജ്യത്തെ ചില കോവിഡ് 19 മരണങ്ങള്‍ അമേരിക്കയില്‍ ഇന്‍ഫ്ളുവന്‍സയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ്. മുമ്പ് ഇന്‍ഫ്ളുവന്‍സ എന്നു കണ്ടെത്തിയ കോവിഡ് കേസുകളുടെ എണ്ണം വാഷിംഗ്ടണ്‍ വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം രാജ്യത്തെ ഇന്‍ഫ്ളുവന്‍സ വൈറസിന്‍റെ സാമ്പിളുകളും ജനിതക ക്രമവും പരസ്യമാക്കുകയും വേണം.


ചോദ്യം രണ്ട്: വൈറസ് വ്യാപനം തുടക്കത്തിലേ മനസ്സിലാക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടോ? ഏപ്രില്‍ അവസാനത്തില്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാര കൗണ്ടിയില്‍ ഫെബ്രുവരി 29 ന്  അമേരിക്കയിലെ ആദ്യത്തെ കോവിഡ് മരണത്തിന് മൂന്നാഴ്ച മുമ്പെങ്കിലും രണ്ട് രോഗികള്‍ക്ക്  കോവിഡ് കാരണം ജീവന്‍ നഷ്ടമായെന്ന് സ്ഥിരീകരിക്കപ്പെട്ടു. സാന്താ ക്ലാര കൗണ്ടി എക്സിക്യൂട്ടീവ് ജെഫ്രി വി സ്മിത്ത്' സിന്‍ഹ്വ'ന്യൂസിനോട് സമ്മതിച്ചത്, സമൂഹ വ്യാപനത്തില്‍നിന്നും രോഗം പിടിപെട്ടിട്ടുണ്ടെന്നാണ്. അതു സൂചിപ്പിച്ചതാകട്ടെ, ജനുവരിയിലോ മുമ്പോ ബേ ഏരിയയില്‍ വൈറസ് പടര്‍ന്നിരുന്നുവെന്നും.പുതിയ കോവിഡ് സ്ഥിരീകരണത്തിനും ആഴ്ചകള്‍ക്ക് മുമ്പേ വൈറസ് പടര്‍ന്നിരിക്കാമെന്ന് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൈസ് സ്കൂള്‍ ഓഫ് പബ്ലിക് പോളിസിയിലെ പ്രൊഫസര്‍  നീരജ് സൂദും നിരീക്ഷിച്ചു.ആദ്യകോവിഡ് മരണം കാണാന്‍ തുടങ്ങുമ്പോള്‍, അമേരിക്കയിലെ കേസുകളുടെ എണ്ണം ഇത്രയായത് അത് വളരെ മുന്‍പ്  സമൂഹത്തില്‍ ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവാണെന്നും സൂദ് വ്യക്തമാക്കി.അപ്പോള്‍ വൈറസിന്‍റെ സമൂഹ വ്യാപനം തക്കസമയത്ത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടോ?


ചോദ്യം മൂന്ന് : മഹാമാരിയോടുള്ള ആദ്യ പ്രതികരണത്തില്‍ അമേരിക്ക മന്ദഗതിയിലായിരുന്നോ?ഏപ്രില്‍ നാലിന്‍റെ 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് പ്രകാരം, സിഡിസി  2019 ഡിസംബര്‍ 31 ന് തന്നെ ചൈനയിലെ  ഒരു കൂട്ടം അസാധാരണ  കേസുകളെക്കുറിച്ച് അറിഞ്ഞു. ചൈനീസ് അധികൃതരില്‍നിന്ന് ജനുവരി മൂന്നിന് ഇതേക്കുറിച്ച് ഫോണ്‍ സന്ദേശം കിട്ടിയിരുന്നെന്നും റിപ്പോര്‍ട്ട് തുടര്‍ന്നു.ജനുവരി എട്ടിന് ചൈനീസ്, അമേരിക്കന്‍ സിഡിസി തലവന്മാര്‍ ഫോണിലൂടെ സാങ്കേതിക കൈമാറ്റവും സഹകരണവും ചര്‍ച്ച ചെയ്തു.കോവിഡിനെക്കുറിച്ചുള്ള ചൈനയുടെ അതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെ വിശദമായ രൂപരേഖ  കൈമാറുകയുമുണ്ടായി.ഫെബ്രുവരി 16 ന് ചൈനീസ് ലോകാരോഗ്യ സംഘടനയുടെ സംയുക്ത വിദഗ്ധ സംഘം ചൈനയില്‍ ഒമ്പതു ദിവസത്തെ ഫീല്‍ഡ് സന്ദര്‍ശനം തുടങ്ങി. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്‍റെ  ഗവേഷകന്‍ ക്ലിഫ് ലെയ്ന്‍ ഉള്‍പ്പെടെ 25 വിദഗ്ധരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നിട്ടും  യുഎസ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയുടെ തീവ്രത ആവര്‍ത്തിച്ചു കുറച്ചു കാണിച്ചു. വൈറസിനെക്കുറിച്ചുള്ള പ്രാഥമിക അറിയിപ്പു മുതല്‍ ഭരണകൂടം രണ്ട് മാസത്തിലധികം കളഞ്ഞുകുളിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി എഴുതി.വൈറസിനെ പ്രതിരോധിക്കാന്‍ ഇത്രയും കാലതാമസമുണ്ടായത്  വാഷിങ്ടണ്‍ വിശദീകരിക്കേണ്ടതുണ്ട്.


ചോദ്യം നാല്: വൈറസ് ലോകമാകെ വ്യാപിക്കാന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാന്‍  യുഎസ് പ്രതികരണങ്ങള്‍ ഹേതുവായോ? യുഎസ് ദേശീയ സുരക്ഷാ സമിതി, യൂറോപ്യന്‍ യൂണിയനിലെയും ഇറ്റലിയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാരെയും നിയന്ത്രിക്കുന്ന യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' പറഞ്ഞു, എന്നാല്‍ ചില പ്രമുഖ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് നേരിടേണ്ടിവന്നുവെന്നും അവസാനം ഒരു മാസത്തിനുശേഷം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍, ആ ഇടവേളയില്‍ ലക്ഷക്കണക്കിനാളുകള്‍ അറ്റ്ലാന്‍റിക്ക് കടന്നിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഏപ്രില്‍ 11ന് 'ന്യൂയോര്‍ക്ക് ടൈംസി'ന്‍റെ വാര്‍ത്തയില്‍ ചില നഗരങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍  പദ്ധതി ആഴ്ചകളോളം വൈകിയതായും വൈറസ് എത്ര വേഗം പടരുന്നുവെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് ഒരു ഉള്‍ക്കാഴ്ചയുമില്ലായിരുന്നുവെന്നും അതിലുണ്ട്. മാര്‍ച്ച് മാസത്തില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തന്‍റെ രാജ്യത്ത് കോവിഡ് കേസുകളില്‍ ഭൂരിഭാഗവും അമേരിക്ക ഉത്ഭവ കേന്ദ്രമായതാണെന്നും വെളിപ്പെടുത്തി. കാലതാമസവും പ്ലാനിങ് നഷ്ടമായതുമായ അമേരിക്കന്‍ പ്രതികരണങ്ങളല്ലേ യഥാര്‍ത്ഥത്തില്‍ ലോകമെമ്പാടുമുള്ള കൂടുതല്‍ ഇടങ്ങളിലേക്ക് വൈറസ് വ്യാപനം ത്വരിമാക്കിയത്?


ചോദ്യം അഞ്ച്: എന്തിന് സ്വന്തം കുഴപ്പം മറ്റുള്ളവരുടെ തലയിലിടുന്നു? കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച് ചൈനയില്‍ നിന്നുള്ള സുതാര്യതയുടെ അഭാവത്തെ യുഎസ് സര്‍ക്കാര്‍ വിമര്‍ശിക്കുകയാണ്. വസ്തുതകള്‍ നേരെ മറിച്ചാണ്. 2019 ഡിസംബര്‍ 31ന് വുഹാനിലെ സമുദ്രോല്‍പ്പന്ന - മൃഗ വിപണനവുമായി ബന്ധപ്പെട്ട വ്യക്തികളില്‍ കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിഡിസി വെബ്സൈറ്റ്  പറയുന്നു. ജനുവരി മൂന്നു തൊട്ട്  രോഗം പൊട്ടിപ്പുറപ്പെടുന്നതിനെപ്പറ്റിയും പ്രതികരണ നടപടികളെക്കുറിച്ചും  ചൈന അമേരിക്കയെ അറിയിക്കാന്‍ തുടങ്ങി. കോവിഡിനോടുള്ള ചൈനീസ് പ്രതികരണത്തിന്‍റെ നാള്‍വഴികള്‍  കാണിച്ചു.വൈറസിനെ പ്രതിരോധിക്കാന്‍ ചൈന അതികഠിനമായി ഉദ്യമിക്കുന്നുണ്ടെന്നും ആ ശ്രമങ്ങളെയും സുതാര്യതയെയും അമേരിക്ക ഏറെ  വിലമതിക്കുന്നുവെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി 24ന് ട്വീറ്റ് ചെയ്തു. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്‍റെ ഡയറക്ടര്‍ ആന്‍റണി ഫൗസി  ജനുവരി അവസാനം,ചൈന വൈറസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ലോകവുമായി തികച്ചും സുതാര്യമായി പങ്കുചേരുന്നുവെന്ന നല്ലവാക്ക് മുന്നോട്ടുവെച്ചു. കാര്യങ്ങള്‍ തലതിരിഞ്ഞത് പൊടുന്നനെയാണ്. ചില യുഎസ് രാഷ്ട്രീയക്കാര്‍ വംശീയ പരാമര്‍ശങ്ങള്‍കൊണ്ട് ചൈനയെ കളങ്കപ്പെടുത്തുകയും വൈറസിനെതിരായ ആഗോള പോരാട്ടത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് നുണകള്‍ കെട്ടിച്ചമയ്ക്കുകയും രോഗം ചെറുക്കുന്നതില്‍ ആഗോള ഐക്യദാര്‍ഢ്യവും സഹകരണവും തകര്‍ക്കുകയുംചെയ്തു.സ്വന്തം നിരുത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ആരോപിക്കാന്‍ എന്തുകൊണ്ട് തയ്യാറായെന്ന് ലോകത്തോടു വ്യക്തമാക്കാന്‍ അമേരിക്കന്‍ ഭരണകുടം തയ്യാറാകണം.