കുടിയേറ്റത്തൊഴിലാളികളോടുള്ള  കേന്ദ്ര സമീപന

കെ എ വേണുഗോപാലന്‍

ഔറംഗാബാദില്‍ വെച്ച് മധ്യപ്രദേശു കാരായ 16 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി കൊല്ലപ്പെട്ടു. അവര്‍ നാട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ഇത്രയും വലിയ അപകടം ഉണ്ടായിട്ടും അവരുടെ പേരോ പടമോ പത്രങ്ങളില്‍ വന്നില്ല. മറിച്ച് ഒരു വിമാനാപകടത്തില്‍ ആണ് ഇവര്‍ മരിച്ചിരുന്നെങ്കില്‍ അവരുടെയൊക്കെ  പടവും പേരും മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നാംപേജില്‍ തന്നെ സ്ഥാനം പിടിക്കുമായിരുന്നു. ഇത് മാധ്യമങ്ങളുടെ വര്‍ഗ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. അവരില്‍ എട്ടുപേര്‍ ആദിവാസികള്‍ ആയിരുന്നു.റെയില്‍വേ ട്രാക്ക് ആണ് തങ്ങളെ കൃത്യമായി നാട്ടില്‍ എത്തിക്കുക  എന്ന വിശ്വാസത്തോടെ അവര്‍ നടക്കുകയായിരുന്നു. അതുവഴി ഗുഡ്സ് ട്രെയിന്‍ കടന്നു വരുമെന്ന് അവര്‍ കരുതിയിരുന്നില്ല.
എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ നടക്കേണ്ടി വന്നത്? ഇന്ത്യയിലെ  130 കോടി ജനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് പോയത് വെറും നാല് മണിക്കൂര്‍ മുമ്പ് പ്രധാനമന്ത്രി നടത്തിയ ഒരു പ്രഖ്യാപനത്തിന്‍റെ അനന്തര ഫലമായിട്ടായിരുന്നു. പട്ടാളക്കാര്‍ക്കുപോലും യുദ്ധ ഭൂമിയിലേക്ക് പോകുന്നതിനു 4 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു.എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായില്ല. ഇതാണ് ജനങ്ങളെയാകെ പരിഭ്രാന്തിയിലാഴ്ത്തിയത്. ജനലക്ഷങ്ങള്‍ തെരുവില്‍ ആയി. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ നടക്കേണ്ടി വന്നത്.


അതിനുശേഷം അവരില്‍നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ഈടാക്കിക്കൊണ്ട് ട്രെയിന്‍ ഏര്‍പ്പാടാക്കി. ഇപ്പോഴിതാ എസി ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.ചാര്‍ജ് സമയാസമയം മാറിക്കൊണ്ടിരിക്കുന്നു.മാത്രമല്ല ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓണ്‍ലൈന്‍ ആയിട്ടാണ്. കുടിയേറ്റ തൊഴിലാളികളുടെ ഒക്കെ കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ട് എന്നാണ് കേന്ദ്ര ഭരണാധികാരികള്‍ കണക്കുകൂട്ടുന്നത്.അവരില്‍ ചിലരൊക്കെ ടിക്കറ്റ് സംഘടിപ്പിച്ചു എന്നത് ശരിയാണ്.എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി അവര്‍ക്ക് അനുവദിച്ചുകിട്ടിയ ട്രെയിന്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തി.അടിമകള്‍ രക്ഷപ്പെടുന്നു എന്നായിരുന്നു ബിജെപി നേതാവുകൂടിയായ അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.


നമുക്ക് എല്ലായ്പ്പോഴും നിയമങ്ങള്‍ രണ്ടു തരമാണ്. ഒന്ന് സമ്പന്നനും മറ്റൊന്ന് ദരിദ്രനും. പകര്‍ച്ചവ്യാധി കാലത്ത് അവശ്യ സേവനം നിര്‍ണയിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആണ് മുന്‍ഗണന. അത് ശരിയുമാണ്. പക്ഷേ ശുചീകരണ തൊഴിലാളികള്‍, ആശാവര്‍ക്കേഴ്സ്, അംഗന്‍വാടി വര്‍ക്കേഴ്സ്, വൈദ്യുതി ജീവനക്കാര്‍, വ്യവസായ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ ഇല്ലായിരുന്നുവെങ്കില്‍  നമ്മുടെ അവശ്യ സേവനങ്ങള്‍ എങ്ങനെ നടക്കുമായിരുന്നു എന്നത് ആലോചിക്കണം. അപ്പോഴാണ് നമ്മുടെ ജീവിതത്തില്‍ കുലീന കുബേര വിഭാഗങ്ങള്‍ അനാവശ്യ വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന് നമുക്ക് ബോധ്യപ്പെടുക.


ഇത് കുടിയേറ്റക്കാര്‍ക്കും ബാധകമാണ്.അവരിലും രണ്ടുമൂന്ന് ഇനങ്ങളുണ്ട്. ഐഎഎസും ഐപിഎസും കിട്ടി ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. അവരൊന്നും ഒരിക്കലും കുടിയേറ്റക്കാരായി അധിക്ഷേപിക്കപ്പെടാറില്ല.അതുപോലെ തന്നെയാണ് വന്‍കിട ബിസിനസുകാരും. എന്നാല്‍ ഒരു വിഭാഗം ഇടത്തരം ജീവനക്കാരും ഇത്തരത്തില്‍ കുടിയേറ്റക്കാരായി ഉണ്ട്. അവരും പ്രായേണ അധിക്ഷേപത്തിന് ഇരയാവാറില്ല. എന്നാല്‍ കായികാധ്വാനം ചെയ്യുന്നവരാണ് എങ്കില്‍ അവരെ എല്ലായ്പ്പോഴും നാം രണ്ടാം തരക്കാരായാണ് കാണുക. കള്ളന്മാരും കൊലപാതകികളും മയക്കുമരുന്ന് വില്‍പനക്കാരും ഒക്കെയായി അവര്‍ മുദ്രകുത്തപ്പെടുകയും ചെയ്യും. ആ വിഭാഗമാണ്  ഇപ്പോള്‍ റെയില്‍വേ ട്രാക്കിലൂടെ സ്വന്തം നാട്ടിലേക്ക് നടന്നുപോകാന്‍ വിധിക്കപ്പെട്ടത്.


ഇവരെ കൂടാതെ കാര്‍ഷികരംഗത്ത്  നിശ്ചിതമായ ഏതാനും മാസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി കാര്‍ഷികവൃത്തി നടത്തുകയും തിരിച്ചു പോവുകയും ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുമുണ്ട്. അവരും രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുന്നവര്‍ തന്നെ.
കുടിയേറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നതാണ്. എന്നാല്‍ അതൊരു സാര്‍വത്രിക പ്രതിഭാസമായി മാറിയത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ്. 2011ലെ കാനേഷുമാരി കണക്കുകള്‍ വ്യക്തമാക്കുന്നത് 2001 നും 2011 നും ഇടയിലുള്ള 10 വര്‍ഷക്കാലത്ത് വന്‍തോതില്‍ കുടിയേറ്റം ഉണ്ടായി എന്നാണ്. അതിനുശേഷവും ആ പ്രവണത തുടരുകയാണ്. 1921 ന് ശേഷമുള്ള  കാലയളവില്‍ നഗര ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായതും  ഈ കാലയളവിലാണ്.അതും കുടിയേറ്റക്കാരുടെ നഗരവാസംകൊണ്ട് ഉണ്ടായതാണ്.


കാര്‍ഷികരംഗത്ത് നവലിബറല്‍ നയങ്ങളുടെ ഫലമായി ഉണ്ടായ തകര്‍ച്ചയാണ് വന്‍തോതിലുള്ള ഈ കുടിയേറ്റത്തിനു കാരണമായത്. നമ്മള്‍ ഗ്രാമീണ രംഗത്തെ കൃഷി മാത്രമല്ല തകര്‍ത്തത്.മത്സ്യത്തൊഴിലാളികള്‍,ചെത്തു തൊഴിലാളികള്‍,നെയ്ത്തുകാര്‍തുടങ്ങി ഗ്രാമീണമേഖലയിലെ കൈത്തൊഴിലുകാര്‍ ആകെ തകര്‍ന്നു തരിപ്പണമായി.അവരാണ് കുടിയേറ്റക്കാരായി മാറിയത്. ഇരുപതു ലക്ഷം കോടിയുടെ രണ്ടാം പാക്കേജില്‍ ഇവര്‍ക്കായി മാറ്റിവെക്കപ്പെട്ടത് പ്രതിമാസം അഞ്ചു കിലോ അരി മാത്രമായി ചുരുങ്ങിയത് മറ്റൊന്നും കൊണ്ടല്ല;കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വര്‍ഗനയം ഒന്നുകൊണ്ടു മാത്രമാണ്.


എന്താണ് ഇനി ഇവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് എന്നത് തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിലൂടെ വ്യക്തമാവുന്നുണ്ട്. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന തൊഴിലാളി വര്‍ഗ്ഗം പോരാടി നേടിയെടുത്ത തൊഴില്‍ അവകാശം ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. പണിമുടക്കാന്‍ ഉള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു.സംഘടിക്കാന്‍ പോലും അവകാശമില്ലാത്ത ഒരു അവസ്ഥയാണ് മുന്നിലുള്ളത്.പകര്‍ച്ചവ്യാധി യെ മുതലാളിത്തത്തിന് അനുകൂലമായി ഉപയോഗിക്കാനാണ് ഭരണാധികാരി വര്‍ഗം ശ്രമിക്കുന്നത്. ഇതിനു തക്ക മറുപടി നല്‍കാന്‍ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു കഴിയും എന്നതില്‍ സംശയമില്ല.