ആഗോള മുതലാളിത്തവും ആരോഗ്യ മേഖലയും

ഉഷാദേവി പി

ആഗോളവല്‍ക്കരണ നയങ്ങള്‍ ഏറെ പ്രത്യാഘാതം സൃഷ്ടിച്ചത് ആരോഗ്യ മേഖലയിലാണ്. ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്‍റെ സമ്പത്താണെന്ന ബോധ്യം മറച്ചുകൊണ്ട് ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറ്റി, ജനതയുടെ സ്വന്തം ഉത്തരവാദിത്വമായി മാറ്റി മറിച്ചതിന്‍റെ തിരിച്ചടിയാണ് അഗോളവല്‍ക്കരണത്തിന്‍റെ വക്താക്കളായ മുതലാളിത്ത രാജ്യങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
സാമ്രാജ്യത്വം അതിന്‍റെ കരാളഹസ്തങ്ങളിലൂടെ മൂന്നാം ലോകരാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു വൈറസ് മുതലാളിത്ത നയങ്ങളെ വെല്ലുവിളിക്കുന്നത്. പ്ലേഗിനും സ്പാനിഷ് ഫ്ളൂവിനും ശേഷമുള്ള മഹാമാരിയാണിത്. 1930 കളിലെ സാമ്പത്തികമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും  വലിയ മുതലാളിത്ത പ്രതിസന്ധിയും.


യു എന്‍ റിപ്പോര്‍ട്ട് മുതലാളിത്തവ്യവസ്ഥ നവലിബറല്‍ പരിഷ്കാരങ്ങളുടെ ഫലമായി അനുഭവിക്കുന്ന അഗാധമായ പ്രതിസന്ധിയെ അനാവരണം ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്ക് 4% ത്തില്‍ നിന്ന് 2.8% ആയി കുറഞ്ഞിരിക്കുന്നു. ഇതിനു ബദലെന്നോണം ആരോഗ്യ ശിശു സംരക്ഷണ ചെലവും വേതനവും തുടര്‍ച്ചയായി വെട്ടിക്കുറച്ചു കൊണ്ടിരിക്കുന്നു. ഉത്തരവാദിത്വത്തോടെ നയസമീപനങ്ങള്‍ എടുക്കേണ്ട ഈ മേഖലയില്‍ നിന്ന് പരിപൂര്‍ണ്ണമായി പിന്‍മാറിക്കൊണ്ടിരിക്കുന്ന ആഗോളവത്ക്കരണത്തിന്‍റെ വക്താക്കള്‍, പണമുള്ളവന് കൂടുതല്‍ പരിചരണം സാധ്യമാക്കുന്ന രീതിയില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് തഴച്ചുവളരുവാന്‍ വെള്ളവും വളവും നല്‍കുന്നു. കച്ചവട മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. പരിചരണം വിലയ്ക്കു വാങ്ങാന്‍ ജനങ്ങളെ പരിണാമപ്പെടുത്തുന്ന പ്രക്രിയകളാണ് മുതലാളിത്തം പിന്നീട് നടത്തുന്നത്.ഇത് ഇന്നത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.


അമേരിക്കയിലാണ് ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ളത്. എല്ലാ രാഷ്ട്രങ്ങള്‍ക്കും കൈമാറാനുള്ള സാങ്കേതിക വിദ്യ കൈമുതലായിട്ടുള്ളതും അമേരിക്കയ്ക്കു തന്നെ.  ദിനംപ്രതി ആയിരങ്ങള്‍ അമേരിക്കയില്‍ മരിച്ചു വീഴുന്നു. ഇവിടെയാണ് മുതലാളിത്ത നയസമീപനങ്ങള്‍ ജനജീവിതത്തില്‍ വരുത്തിയ നഷ്ടങ്ങള്‍ നമുക്ക് വായിച്ചെടുക്കാന്‍ പറ്റുന്നത്. സേവന മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറ്റം  മൂലം തൊഴിലില്ലാതായവര്‍ ലക്ഷങ്ങളാണ്. പ്രതിദിനം ഏകദേശം 18,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 


അതിജീവനത്തിനു തന്നെ കഷ്ടപ്പെടുന്ന അമേരിക്കയിലെ സാധാരണ ജനത്തിനു ഒരു  കോവിഡ് ടെസ്റ്റിന് 87000  രൂപ മുടക്കാന്‍ സാധിക്കാതെ രോഗനിര്‍ണ്ണയം പോലും അസാധ്യമായി വരുന്നു.  രോഗം ബാധിച്ചവര്‍ക്കാകട്ടെ ഐസിയുവില്‍ പ്രതിദിനം ഇന്ത്യന്‍ രൂപ 2 ലക്ഷം  വേണം. സാധാരണ അമേരിക്കക്കാരനാകട്ടെ ഇത്രയും ഭാരിച്ച ചെലവുള്ള ചികില്‍സ നടത്താന്‍ പറ്റാത്തവരാണ്. വികലമായ ഈ നയങ്ങള്‍ മൂലം തൊഴില്‍ രഹിതരായവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും മരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ല. മറ്റൊന്ന് ഇതുപോലെ ഒരു പകര്‍ച്ചവ്യാധിയോട് മൂഢനായ ഒരു ഭരണാധികാരി കാണിച്ച നിസ്സംഗതയും കൂടിയാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നതിനിടയാക്കിയത്. സ്വന്തം ജനങ്ങളേക്കാള്‍ സമ്പത്തിന് പ്രാധാന്യം നല്‍കുകയും ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയപ്പുപോലും വകവെക്കാതെ സ്വന്തം താത്പര്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് കോവിഡ് 19നെ ചൈനീസ് വൈറസ് എന്ന് കളിയാക്കുകയുംചെയ്ത ട്രംപിന് കളി കൈവിട്ടു പോയി എന്നു മനസ്സിലായത് ലക്ഷക്കണക്കിന് ജീവനുകള്‍ പൊലിയാന്‍ ഇട വരുന്ന സാഹചര്യത്തിലാണ്. 


ഇപ്പോള്‍ നയവൈകല്യം മൂലം മാസ്ക്കും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുകയാണ്. കളിയില്‍ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുട്ടിയുടെ മനോവികാരത്തോടെ ഒരു രാജ്യത്തിലെ ഭരണാധികാരി പെരുമാറുന്നത് കണ്ടപ്പോഴാണ് ഇതുവരെ ആഗോളവല്‍ക്കരണത്തിന്‍റെ സിദ്ധാന്തങ്ങളെ വാഴ്ത്തിപ്പാടിയവര്‍ ഇതാണോ അമേരിക്ക എന്ന ചോദ്യം ഉയര്‍ത്തുന്നത്. ബ്രിട്ടന്‍റെ സ്ഥിതിയും മറിച്ചല്ല.ഇതു പോലെ തന്നെയാണ് ഇറ്റലിയുടെയും സ്പെയിനിന്‍റെയും മറ്റു മുതലാളിത്ത രാജ്യങ്ങളുടെയും സ്ഥിതി.


ഹിപ്പ ആക്ട് എന്ന ഒരു നിയമമാണത്രെ ബ്രിട്ടനില്‍  നിലവിലുള്ളത്. ഈ നിയമം മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ രോഗത്തെ കുറിച്ചോ, ക്വാറന്‍റയിനേ കുറിച്ചോ  വിവരങ്ങള്‍ കൈമാറന്‍ പാടില്ല. അതുകൊണ്ടുതന്നെ രോഗവ്യാപനത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. മാസ്ക്കും കയ്യുറയുമൊക്കെ ധരിച്ചാല്‍ മറ്റു രോഗികള്‍ അവരുടെ ആശുപത്രിയില്‍ വരാതെ ലാഭം  നിലയ്ക്കും എന്നുള്ളതും ഈ നിയമം നടപ്പാക്കാന്‍ കാരണമാവുന്നുണ്ട്. മനുഷ്യനാശവും കച്ചവടമാക്കുന്നു ആഗോളവത്കരണക്കാര്‍. അസുഖം ബാധിച്ചവര്‍ വീടുകളില്‍ കഴിയുക മാത്രമാണ് മുതലാളിത്ത രാജ്യങ്ങളില്‍ നിര്‍ദ്ദേശിക്കുന്നത്. ശ്വാസം കിട്ടാതായാല്‍ ആംബുലന്‍സ് വിളിച്ചാല്‍ മതി 5 മിനിറ്റുകൊണ്ട്  ആശുപത്രിയില്‍ എത്തി ആരോഗ്യമുള്ളവര്‍ രക്ഷപ്പെട്ടു പോരും, മറ്റുള്ളവരുടെ സ്ഥിതി അതല്ല.


ഈ രാജ്യങ്ങളൊക്കെ ആരോഗ്യരംഗത്തും, സങ്കേതിക വിദ്യയിലും മുന്നിട്ടുനില്‍ക്കുമ്പോഴും സാധാരണക്കാര്‍ക്ക് അത് ലഭിക്കാത്തത് അടിത്തട്ടിലേ ആരോഗ്യ പരിപാലനത്തില്‍ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഇടപെടലുകള്‍ മൂലമാണന്ന് തിരിച്ചറിയണം. ഇതിനൊക്കെ ബദലായി സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നിലകൊള്ളുന്നു. ക്യൂബയും വിയറ്റ്നാമും കൊറിയയുമൊക്കെ നമുക്ക് വല്ലാത്ത വെളിച്ചം പകരുന്നുണ്ട്. അമേരിക്കയുടെ മൂക്കിന്‍ തുമ്പത്ത് ഏഴുപതിറ്റാണ്ട് മുതാലാളിത്തത്തിന്‍റെ  ഉപരോധത്തിന് പാത്രമായിട്ടും കീഴടങ്ങാതെ പൊരുതി മുന്നേറുന്ന കൊച്ചു ക്യൂബ ലോകത്തിന് തന്നെ മാതൃകയാണ്. ലോകത്ത് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യപരിപാലനം നിലനില്‍ക്കുന്ന രാജ്യം, ഏറ്റവും വലിയ ആരോഗ്യ സര്‍വകലശാലയുള്ള രാജ്യം, മെഡിക്കല്‍ വിദ്യാഭ്യാസവുംചികില്‍സയം പുര്‍ണമായും സൗജന്യം. ഇതൊക്കെയാണ് ആരോഗ്യ മേഖല ദേശസാല്‍ക്കരിച്ചാല്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍. കോവിഡ് ബാധിച്ച 70 രാജ്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെയും, വികസിപ്പിച്ചെടുത്ത  ആന്‍റി കോറണ മരുന്നായ കിലേൃളലൃീി അഹളമ 2 നല്‍കി വരുന്നു. ഒരു കൊച്ചു രാജ്യത്ത് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുപോലും ആശ്ചര്യകരമാണ്. 100 പേര്‍ക്ക്  ഒരു ഡോക്ടറും, 4 പേര്‍ക്ക് ഒരു നഴ്സും. 4,85,000 ആരോഗ്യ വിദഗ്ധരും. വിപ്ലവ നക്ഷത്രം ഡോക്ടര്‍ ചെഗുവേര മുന്നോട്ടു വെച്ച ആരോഗ്യ മാര്‍ഗ്ഗരേഖകളും, ക്യൂബന്‍  മുന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുടെ ദേശീയ ആരോഗ്യ നയങ്ങളുമാണ് ഈ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ക്യൂബയെ എത്തിച്ചത്. (ഞങ്ങള്‍ക്ക് ആയുധമോ പണമോ ഇല്ല പക്ഷേ ആരോഗ്യ പ്രവര്‍ത്തകരുണ്ട് - കാസ്ട്രോ)
ചൈനയുടെ ആരോഗ്യ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായതു കൊണ്ടു തന്നെ കോവിഡിനെ തുരത്താനും പിടിച്ചു കെട്ടാനും സാധിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായ ആരോഗ്യ അടിയന്തര വസ്തുക്കള്‍ കയറ്റി അയക്കാനും സഹായം എത്തിക്കാനും ഈ സ്വയംപര്യാപ്തത മൂലം സാധിക്കുന്നു. മുതലാളിത്ത രാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധി നേരിടാന്‍  ചൈനയെ ആശ്രയിക്കുകയാണ്. ആരോഗ്യ രംഗത്ത് മുതലാളിത്ത വ്യവസ്ഥകള്‍ നടപ്പാക്കാത്തതാണ് അവരുടെ വിജയത്തിനാധാരം.


ഇന്ത്യയിലെ ആരോഗ്യമേഖല


1990കള്‍ക്കു ശേഷം ഇന്ത്യയുടെ വാതായനങ്ങള്‍ സ്വദേശ-വിദേശ കുത്തകകള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടുവല്ലോ? 
2014ലല്‍ ഭരണമേറ്റ മോഡി തന്‍റെ ആദ്യ അമേരിക്കന്‍ യാത്രയില്‍ തന്നെ ഔഷധ നയവും പേറ്റന്‍ന്‍റ് നിയമവും മുതലാളിത്തത്തിനു വേണ്ടി പൊളിച്ചെഴുതി. ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നു നിര്‍മ്മിച്ച് ലോകത്തിലെ പല രാജ്യങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് നല്‍കിയിരുന്നു. ഇന്ത്യന്‍ ഔഷധ മേഖലയും അതിലൂടെ  ധന്യതയാര്‍ന്നിരുന്നു.


ആഗോളവല്‍ക്കരണം അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മുതലാളിത്തത്തിന് അടിയറവെക്കപ്പെട്ടപ്പോള്‍ ഏറെ പരിതാപകരമായത് ഇന്ത്യന്‍ ആരോഗ്യമേഖലയാണ്. ബജറ്റില്‍ ഒന്നര തൊട്ട് മൂന്ന് ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്ക് നീക്കി വെയ്ക്കുന്നത്. മറ്റു രാജ്യങ്ങള്‍ 6 തൊട്ട് 10% വരെയാണ് നീക്കി വെയ്ക്കുന്നത്. ധര്‍മ്മാശുപത്രികള്‍  ഒരു സങ്കല്പമാക്കി അടിത്തട്ടിലെ ആരോഗ്യപരിപാലനത്തിന്‍റെ നട്ടെല്ലായ പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളായ പിഎച്ച്സിയും സിഎച്ച്സിയും പാട്ടത്തിന് തീറെഴുതാനുള്ള രാഷ്ട്രീയ നയമാണ് രൂപപ്പെട്ടത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യപരിപാലനം സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലാണ്. പൊതു എന്ന വാക്കും പൊതുഇടങ്ങളും പൂര്‍ണ്ണമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് ഭരണാധികാരികളും, കോര്‍പ്പേററ്റുകളും. ഈ സാഹചര്യത്തില്‍ ഉള്‍ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ആപത്കരമായ അവസ്ഥയിലാണ്. കണക്കുകള്‍ പരിശോധിച്ചാല്‍  പല രാജ്യങ്ങളുടെയും പുറകിലാണ് ഇന്ത്യന്‍ ആരോഗ്യ സുചകങ്ങള്‍. ഏറ്റവുമധികം ക്ഷയ രോഗികള്‍ ഇന്ത്യയിലാണ്. അവയൊക്കെ സ്ഥിതി മെച്ചപ്പെടുത്തിയത് കുറഞ്ഞ വിലയുളള ഇന്ത്യന്‍ മരുന്നും കൂടി ഉപയോഗിച്ചുകൊണ്ടാണ്) പോഷകാഹാരക്കുറവുമൂലം രോഗം ബാധിക്കുന്ന കുഞ്ഞുങ്ങള്‍ അധികവും ഇന്ത്യയിലാണ്. ഗര്‍ഭാവസ്ഥയിലെ മരണനിരക്കും അങ്ങനെ തന്നെ. ഏറ്റവും ദു:ഖകരം നവജാത ശിശുക്കളുടെ മരണത്തിലും നമ്മളൊന്നാമതെന്നുള്ളതാണ് (കേരളം വ്യത്യസ്തമാണ്). ജനങ്ങളെ അങ്ങനെ ദൃഢഗാത്രരാക്കുകയെന്ന ലക്ഷ്യം ഇന്ത്യന്‍ ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.


പ്രതിസന്ധികളിലും 
പതറാത്ത കേരള മോഡല്‍


1957ലെ ഗവണ്‍മെന്‍റിന്‍റെ തുടക്കം മുതല്‍ ഇ.എം.എസ് മുന്നോട്ടുവെച്ച വാചകം ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്‍റെ സമ്പത്ത് എന്നാണ്. അതിന്‍റെ ആഴവും പരപ്പും ലോകത്തിനാകമാനം പകര്‍ന്നു നല്‍കാന്‍ നമുക്കിപ്പോള്‍ സാധിച്ചു. 1956-ല്‍ ഭരണത്തിലേറും മുമ്പേ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം, ഗ്രാമങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു. എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടായിരുന്നു അത്. 
കേരളത്തിന്‍റെ ആരോഗ്യസൂചിക ലോക സൂചികയില്‍ ഒന്നാമതെത്തിയത് ഈ മേഖലയില്‍ നടത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടേയും സര്‍ക്കാരിന്‍റെയും നിരന്തരമായ ഇടപെടലുകള്‍ മൂലമാണ്. 1996 ല്‍ നായനാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം ആരോഗ്യ മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്തുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക അടിസ്ഥാനത്തിലുള്ള ഫണ്ടുകളും ചുമതലയും ഈ രംഗത്ത് പുത്തന്‍ ഉണര്‍വേകി. മുതലാളിത്ത നയങ്ങള്‍ പിന്‍തുടരാതെ ധര്‍മ്മാശുപത്രിയെന്ന സങ്കല്‍പ്പത്തെ മുറുകെ പിടിക്കാനും കേരള മോഡല്‍ എന്ന പദത്തിനനുസരിച്ച് നയങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. സംസ്ഥാനത്ത് എകദേശം 3000 ത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. ഇത് പിഎച്ച്സിതൊട്ട് മെഡിക്കല്‍ കോളേജുവരെ ഉണ്ട്. 1957ലെ ഇ എം എസ് സര്‍ക്കാരും ഡോ. എ ആര്‍ മേനോന്‍ എന്ന ആരോഗ്യമന്ത്രിയും തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്നും ആത്യന്തികമായി 5 ജില്ലകളുടെ അഭയകേന്ദ്രമാണ്. നിരന്തരമായി മാറ്റങ്ങള്‍ ഉണ്ടാവുന്ന ഈ മേഖലയില്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി. ചികില്‍സ, പഠനം, ഗവേഷണം എന്നീ ലക്ഷ്യത്തോടെ മെഡിക്കല്‍ കോളേജിനെ ചിട്ടപ്പെടുത്തിക്കൊണ്ടും അടിത്തട്ടിലെ ആരോഗ്യപരിപാലനത്തില്‍  പ്രത്യേക കേഡര്‍ സംവിധാനം നടത്തിയതുകൊണ്ടുമുള്ള മാറ്റങ്ങള്‍ പ്രകടമാണ്.


ആര്‍ദ്രം പദ്ധതിയിലുടെ ചികില്‍സ പടിവാതില്‍ക്കല്‍ എത്തിക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞു.44 ജില്ലാശുപത്രികളില്‍ ഡയാലിസിസ് സൗകര്യം 8 ജില്ലാശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം. അതിനു പുറമേ റേഡിയേഷന്‍ സെന്‍ററുകളും സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗുണനിലവാരമുള്ള മരുന്ന് കേരള മെഡിക്കല്‍ സര്‍വീസസ്കോര്‍പ്പറേഷന്‍ മുഖേന വിതരണം ചെയ്തു കൊണ്ടും, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികില്‍സ സൗജന്യമാക്കിക്കൊണ്ടും നിരവധി വ്യത്യസ്ത ഇനം പദ്ധതിയിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയും ഒരു ജനകീയ സര്‍ക്കാര്‍ എങ്ങനെ വേണമെന്ന് മുതലാളിത്തത്തിന് കാണിച്ചു കൊടുത്തു.


നിപ്പ വന്നാലും എന്തു മഹാമാരി വന്നാലും ചിട്ടയായും കേന്ദ്രീകൃതമായും അതിനെ നേരിടുന്നതിന് വേണ്ടിയുള്ള കൂട്ടായ യജ്ഞങ്ങള്‍ നടത്തുകയും അതിന്‍റെ മുന്നില്‍നിന്ന് സര്‍ക്കാര്‍ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന സുന്ദരമായ ചിത്രം മറ്റെവിടെയും കണ്ടെന്നുവരില്ല.  ശിശുമരണ നിരക്ക് അഞ്ചു ശതമാനം കുറച്ചു കൊണ്ടുവരാനും ഗര്‍ഭാവസ്ഥ തൊട്ട് പ്രസവം വരെയുള്ള സൗജന്യ ചികിത്സയും മരുന്ന് അടക്കമുള്ള സംവിധാനങ്ങളും നല്‍കിക്കൊണ്ട് വാഹനത്തില്‍ അവരെ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിവരെ യാഥാര്‍ത്ഥ്യമാക്കി.


ആരോഗ്യപരിപാലന പ്രവര്‍ത്തകര്‍ക്ക് ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത പരിഗണനയാണ് കേരളം നല്‍കിക്കൊണ്ടിരിക്കുന്നത്. 
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് കേരളം നല്‍കുന്നത്.  മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജാഗരൂകരായി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സധൈര്യം മുന്നോട്ടു പോകാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നത്. ഒപ്പം പൊതു സമൂഹത്തിന്‍റെ പിന്തുണയും.അതുകൊണ്ടുതന്നെയാണ് മറ്റു രാജ്യങ്ങളിലെ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തില്‍ ലഭിക്കുന്ന സംവിധാനങ്ങള്‍ അവര്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതും ലോകംമുഴുവന്‍ കേരളത്തെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്നതും കേരള ആരോഗ്യരംഗം മാതൃകയാവുന്നതും. ഇനി ഒരു രണ്ടാംഘട്ട വ്യാപനം വന്നാല്‍ പോലും തടയാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്‍റും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്നു. വിദേശത്തുനിന്ന് തിരിച്ചു വരുന്നവരെ  സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള സംവിധാനങ്ങള്‍ വിപുലമായിത്തന്നെ നടപ്പാക്കിക്കഴിഞ്ഞു.


ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തില്‍ അല്ല. എന്നിട്ടും കേരളം നമ്പര്‍ വണ്‍ ആകുന്നത് എന്തുകൊണ്ട്?   കേരളത്തെ നമ്പര്‍ വണ്‍ ആക്കുന്നത് സമത്വം എന്ന ആശയം ആണ്.  കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ കേരളത്തില്‍ ഏറ്റവും ദരിദ്രനു പോലും ലഭ്യമാക്കുന്ന ഈ സമത്വം എന്ന ആശയം ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ് കേരളം ഇന്ന് നമ്പര്‍വണ്‍ ആകുന്നത്. കൊറോണയ്ക്ക് മുമ്പും പിന്‍പും എന്ന രീതിയില്‍ ചരിത്രം തിരുത്തി എഴുതപ്പെടുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും സോഷ്യലിസം എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്ന ദേശസാല്‍ക്കരണം അംഗീകരിക്കേണ്ടി വരും


ഉദാരവല്‍ക്കരണകാലത്ത് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കാതെ പരിമിതിയില്‍ നിന്നുകൊണ്ട് ഒരു വ്യത്യസ്തമായ മാതൃക തീര്‍ക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഏറെ അഭിമാനകരം.