കോവിഡ്കാല കേരളത്തിന്‍റെ സാമ്പത്തിക ഭദ്രത ഒരു സാമൂഹിക അവലോകനം

രഞ്ജിത് സുഭാഷ്

രഞ്ജിത് സുഭാഷ്
(റിസര്‍ച്ച് ഓഫീസര്‍, എസ് സി ആര്‍ ടി, കേരളം)

ഇന്ത്യയുടെ ജനസംഖ്യയില്‍  കേരളത്തിന്‍റെ അനുപാതം 2011 ലെ സെന്‍സസ് പ്രകാരം 2.8% ആണ്. കേരളത്തിലെ ജനങ്ങളുടെ ശരാശരി വയസ്സ് 30.2 (ങലറശൗാ അഴല) ആണ്. എന്നാല്‍ ദേശീയതലത്തില്‍ ശരാശരി പ്രായം 24  മാത്രമാണ്. 2021 ലെ സെന്‍സസ് ആകുമ്പോഴേക്കും ഇത് യഥാക്രമം 34 ഉം 29 ഉം ആകാന്‍ സാധ്യതയുണ്ട്.കേരളത്തിലെ 56.3% ജനങ്ങള്‍ ,പണിയെടുക്കുന്ന, 15 നും 59 നും ഇടയില്‍ പ്രായമുള്ളവരെ ( (Working Age Population)) ആശ്രയിച്ച് കഴിയുന്നു. അതായത് കേരളത്തില്‍ വയോജനങ്ങള്‍ക്ക് വ്യക്തമായ മുന്‍തൂക്കമാണ് ആകെ ജനസംഖ്യയില്‍ ഉള്ളത് എന്നു മനസ്സിലാക്കാം.


ഏതൊരു രാജ്യത്തിന്‍റെയും ജനസംഖ്യയില്‍ വരുമാനം കൊണ്ടുവരുന്ന വിഭാഗം 15 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കും.കേരളത്തില്‍ 2011 ല്‍ 36.7% പേര്‍ 15 വയസ്സിന് താഴെയുള്ളവരായിരുന്നെങ്കില്‍ 2021 ആകുമ്പോള്‍ അത് 26% ആയി കുറയുന്നു.എന്നാല്‍ ദേശീയ ശരാശരി 46.4% ആയിരിക്കും.അതേ സമയം 2011 ല്‍ 19.6% പേരായിരുന്നു 60 മുതല്‍ മുകളിലോട്ട് പ്രായമുള്ളവരെങ്കില്‍  2021 ആകുമ്പോഴേക്കും  ഇത് 25.2% ആയി കുതിച്ചുയരും! പക്ഷേ ദേശീയ ശരാശരി വെറും 15.8% ആയിരിക്കും (അവലംബം സിഡിഎസ് പഠനം). എങ്ങനെ നോക്കിയാലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വയോജനങ്ങളുടെ ആധിക്യമുള്ള ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യയിലുള്ള യുവജനങ്ങളുടെ ഉയര്‍ന്നതോത് കാരണം ജനസംഖ്യാപരമായ ലാഭവിഹിതം നേടാന്‍ കഴിയുമ്പോള്‍ കേരളം ജനസംഖ്യാപരമായ ലാഭരഹിത സോണിലാണുള്ളത്.


സിഡിഎസ്  നടത്തിയ കേരളാ എമിഗ്രേഷന്‍ സര്‍വേ 2018 പ്രകാരം 2013 മുതല്‍ 2018വരെയുള്ള കാലയളവില്‍ പ്രവാസി മലയാളികളുടെ എണ്ണത്തില്‍ 11% കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് ഇനിയും വര്‍ദ്ധിക്കാനേ തരമുള്ളൂ. പ്രതിവര്‍ഷം ഏകദേശം 85,000 കോടി രൂപയാണ് പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്നത്. കേരളത്തിന്‍റെ ജനസംഖ്യ 3.5 കോടിയാണെങ്കില്‍ ഒരു കേരളീയന് 24,285 രൂപ വച്ച് അവര്‍ അയച്ചു തരുന്നു. അതേസമയം തന്നെ ഏകദേശം 32 ലക്ഷത്തോളം അതിഥി സംസ്ഥാന തൊഴിലാളികള്‍ ഏതാണ്ട് 40,000 കോടി രൂപയോളം കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം അയയ്ക്കുന്നുമുണ്ട്. കോവിഡ് 19 മൂലം ഈ  രണ്ടു കാര്യങ്ങളും അനിശ്ചിതാവസ്ഥയിലാണ്.


മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തിനും ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിന് റെവന്യൂ വരുമാനം കൂടിയേ തീരു. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ലോട്ടറി,മദ്യവില്പന, വാഹനനികുതി,ഇന്ധനനികുതി എന്നിവ പൂര്‍ണമായും നിലച്ച മട്ടാണ്. 2020-21 ലെ കേരള സംസ്ഥാന ബജറ്റ് പ്രകാരം സര്‍ക്കാരിന് ഏതൊക്കെ ഇനത്തിലാണ് റവന്യൂ വരുമാനം ഉണ്ടാകുന്നത് (ശതമാനത്തില്‍) എന്ന് നോക്കാം.


1.    ജിഎസ്ടി 48.00 % (32,388.11 കോടി രൂപ) 
2.     കൃഷി  00 % (00.76 കോടി രൂപ ) 
3.     സ്റ്റാമ്പ് & രജിസ്ട്രേഷന്‍  6.39% (4306.24 കോടി രൂപ) 
4.     സംസ്ഥാന എക്സൈസ് ഡ്യൂട്ടി  4.15% (2800.67 കോടി രൂപ) 
5.     വാറ്റ്, വില്‍പന നികുതി   34.5% (23,263.16 കോടി രൂപ) 
6.     വാഹന നികുതി 5.89 %(3968.22  കോടി രൂപ) 
7.     വൈദ്യുതി നികുതി  0.11% (3968.22 കോടി രൂപ)
8.     മററുള്ളവ  0.36% (241.14 കോടി രൂപ) 
    ധആകെ = 67,420.1 കോടി രൂപപ


    മേല്‍സൂചിപ്പിച്ച കണക്കില്‍ നിന്നും താഴെ     പറയുന്ന അനുമാനം നടത്താം. 


1.     ജിഎസ്ടി വരുമാനമാണ് 48 ശതമാനം വരുന്നത്. കേരളത്തില്‍ 2020 മാര്‍ച്ച് 24 മുതല്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വില്‍പനയും തദ്വാര ജിഎസ്ടിയും 75% കണ്ട് കുറവുണ്ടായിക്കാണും  എന്നത് യാഥാര്‍ത്ഥ്യം ആണല്ലോ. 
    2020-21 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 40 ദിവസത്തേക്ക് മേല്‍സൂചിപ്പിച്ച നിരക്കില്‍ 2661 കോടി രൂപ കേരള സര്‍ക്കാരിന് വരുമാന നഷ്ടം ഉണ്ടാകും!
2.     അടുത്ത പ്രധാന ഇനം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി ആണ് . ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ പെട്രോളിനും ഡീസലിനും ഏതാണ്ട് 10 ശതമാനം മാത്രമാണ് ഉപഭോഗം  ഉണ്ടായിട്ടുള്ളത്.  അങ്ങനെയെങ്കില്‍ 2020-21 ലെ കണക്കു പ്രകാരം കേരളത്തിന് 2294 കോടി രൂപ 40 ദിവസത്തേക്ക് മാത്രം വില്പനനികുതിയിനത്തില്‍ വരുമാനനഷ്ടം ഉണ്ട്. 
3.     വാഹനനികുതി സ്റ്റാമ്പ് രജിസ്ട്രേഷന്‍ എക്സൈസ് ഡ്യൂട്ടി  തുടങ്ങിയവയില്‍ നിന്നുമുള്ള വരുമാനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഈ ഇനത്തില്‍ എല്ലാംകൂടി 1240 കോടി രൂപയാണ് 40 ദിവസം കൊണ്ട് സര്‍ക്കാരിനു നഷ്ടമായത്.
4.    മേല്‍സൂചിപ്പിച്ച കണക്കു പ്രകാരം ലോക്ക്ഡൗണ്‍ ആയ 40 ദിവസം കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതത്തില്‍ റവന്യൂ നഷ്ടം മാത്രം 6195 കോടി രൂപയാണ്. ഇനി മെയ് പതിനേഴിനു  തന്നെ ലോക്ക് ഡൗണ്‍ അവസാനിച്ചാലും അടുത്ത 200, 250 ദിവസങ്ങള്‍ എങ്കിലും കൊണ്ടേ 2020 ഫെബ്രുവരിയിലെ അവസ്ഥയിലേക്ക് സംസ്ഥാനത്തിന്‍റെ  വരുമാനം എത്തുകയുള്ളൂ.


അതുവരെയുള്ള നഷ്ടം ഇതിനേക്കാള്‍ ഭയാനകമായിരിക്കും.  അതു കൂടി ചേര്‍ക്കുമ്പോള്‍ ഏകദേശം 25,000 കോടി രൂപയെങ്കിലും ബജറ്റ് എസ്റ്റിമേറ്റില്‍ നിന്നും കുറവ് ഉണ്ടാകും. ഇത് കേരളത്തില്‍ കേവലം 500 ല്‍ താഴെ കോവിഡ് 19 രോഗികള്‍ മാത്രം ഉള്ളപ്പോള്‍ ഉള്ള അവസ്ഥയാണ് എന്നുകൂടി ഓര്‍ക്കണം. 
 ദിവസക്കൂലിക്കാരും അര്‍ദ്ധപട്ടിണിക്കാരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു കുറവും വരുത്താതെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. 


വിദേശ മലയാളികള്‍ ഏകദേശം25 ലക്ഷംവരും. 10 ലക്ഷത്തോളം പേര് മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്.


അവര്‍ക്കെല്ലാം സ്വന്തം നാട്ടിലേക്ക് വരാന്‍ ഒരു അവസരം നല്‍കുകയാണെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏകദേശം 8 ലക്ഷം പേര്‍ വരെ തിരിച്ചെത്തും. കാരണം കേരളത്തിന്‍റെ ആരോഗ്യ, സാമൂഹിക, സേവന മാതൃകകള്‍ ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും മികച്ചതാണല്ലോ. കൂടാതെ പാതാളത്തിലേക്ക് താഴ്ന്ന ക്രൂഡ് ഓയില്‍ വിലയും തൊഴില്‍ രംഗത്തെ മാന്ദ്യവും ഗള്‍ഫ് മലയാളികളെ ആകെ ആശങ്കപ്പെടുത്തുന്നു.  അങ്ങനെ വരുന്ന അഞ്ചു ലക്ഷം പേരെ 28 ദിവസത്തെ ക്വാറന്‍റൈനില്‍ ആക്കുകയും വിവിധ ടെസ്റ്റുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. 


കേരളത്തിലെ 5  വീടുകള്‍ എടുത്താല്‍ അതിലൊന്ന് ഒരു പ്രവാസി കുടുംബത്തിന്‍റേതാകും. പ്രവാസികളാണ് കഴിഞ്ഞ 50 വര്‍ഷമായി കേരളത്തെ താങ്ങിനിര്‍ത്തുന്നത്. അതിനാല്‍ അവര്‍ക്ക് ഒരു വിഷമ ഘട്ടം വരുമ്പോള്‍ അവരെ ഇരു കൈയും നീട്ടി സ്വീകരിക്കേണ്ട ബാധ്യത കേരളീയര്‍ക്കുണ്ട്. അതുതന്നെയാണ് ഇപ്പോള്‍  സര്‍ക്കാര്‍ ചെയ്യുവാന്‍ പോകുന്നതും. അവര്‍ക്ക് ഇവിടെ വന്നു തലയുയര്‍ത്തിത്തന്നെ പറയുവാന്‍ കഴിയണം "എന്‍റെ നാട് എന്നെ കൈവിട്ടില്ല, പകരം നെഞ്ചോടു ചേര്‍ത്താണ് പിടിച്ചിരിക്കുന്നത്" എന്ന്.


പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്കും മറ്റ് അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും ഭീമമായ തൊഴില്‍ നഷ്ടം ഉണ്ടാകും. ഇത് ഒരു പരിധി വരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പുതിയ തൊഴിലുറപ്പ് സംവിധാനങ്ങള്‍ ആവിഷ്കരിക്കേണ്ടിവരും. കൃഷിക്കും  സ്വയം തൊഴിലിനും സാമ്പത്തികവും സാങ്കേതികവുമായ സഹായം സര്‍ക്കാര്‍ ഏജന്‍സികള്‍ ചെയ്തു കൊടുത്തുകൊണ്ട് നവീനമായ ഒരു തൊഴില്‍ സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ട സന്ദര്‍ഭമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഫ്രീലാന്‍സ്  ജോലികള്‍ കൂടുതലായി ചെയ്യുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണം.


കേരളത്തിന്‍റെ തനതു വ്യവസായങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഏകദേശം 25 ലക്ഷം പേരോളം പണിയെടുക്കുന്ന വിനോദ സഞ്ചാര മേഖലയുടെ കാര്യം ആകെ അനിശ്ചിതാവസ്ഥയിലാണ്. വാഹന വിപണനം, സേവനം, വിവര സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള മേഖലകളിലെ തൊഴില്‍ നഷ്ടം നമ്മെ തുറിച്ചുനോക്കുന്നു.


സമ്പദ് വ്യവസ്ഥ ഏറെക്കുറെ നിശ്ചലമായതോടെ  തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും  ശമ്പളം കുറയുന്നവരുടെയും എണ്ണം ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വായ്പകളുടെ മൊറോട്ടോറിയം കുറഞ്ഞത് 2020 ഡിസംബര്‍  വരെയെങ്കിലും നീട്ടുകയും വേണം.കൂടാതെ മൊറൊട്ടോറിയം കാലയളവില്‍ പലിശ മുതലിനോട്  ചേര്‍ക്കുന്ന നിലവിലെ രീതി കടമെടുത്തവര്‍ക്കു താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്താണ്. അതിനാല്‍ മൊറൊട്ടോറിയംകാലത്തെ പലിശ പകുതിയാക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും ഒഴിവാക്കുകയോ വേണ്ടി വരും. അല്ലെങ്കില്‍ ധനകാര്യ സ്ഥാപങ്ങളുടെ കിട്ടാക്കടം (ചജഅ - നോണ്‍ പെര്‍ഫോമിംഗ് അസറ്റ്സ്) വര്‍ധിക്കുവാനും തദ്വാരാ ജനങ്ങളുടെ ഇകആകഘ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ഇന്ത്യ ലിമിറ്റഡ്) സ്കോര്‍ കുറയുവാനും സാധ്യതയുണ്ട്. സിബില്‍ സ്കോര്‍ കുറവായാല്‍ ഭാവിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാനുള്ള അര്‍ഹത കുറയും. ഇനി അഥവാ വായ്പ കിട്ടിയാല്‍ത്തന്നെ ഉയര്‍ന്ന പലിശനിരക്കിലായിരിക്കും ലഭിക്കുക. ഇതെല്ലാം ജനങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ട്.


കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നല്‍കിയ റവന്യൂകമ്മി വിഹിതവും 2019 ലെ പ്രളയ സഹായ ഫണ്ടുമെല്ലാം പഴയകാലത്തെ കുടിശ്ശികകള്‍ മാത്രമാണ്. അന്നവ കിട്ടാതിരുന്നതുകൊണ്ട് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും എട്ടു മുതല്‍ പത്ത് വരെ ശതമാനം പലിശയ്ക്ക് ആണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നിട്ടുള്ളത്. പ്രസ്തുത തുകകളെല്ലാം സമയാസമയം കിട്ടാത്തതിനാല്‍ കേരളം വലിയ പലിശയാണ് വാങ്ങിയ കടത്തിനായി നല്‍കിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ജനസംഖ്യയില്‍ യുവാക്കളെ അപേക്ഷിച്ച് വയോധികരുടെ ഉയര്‍ന്നതോത് ആശങ്കപ്പെടുത്തുന്നതാണ്. കേരളം ജനസംഖ്യാപരമായ ലാഭരഹിത സോണില്‍ ആയതിനാല്‍ നാം ശിശു-വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ജോലി ചെയ്യുവാന്‍ കഴിയുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ കുട്ടികളോ വാര്‍ധക്യ ജീവിതത്തിലേക്ക് കടക്കുന്നവരോ ആണെന്നു സാരം. അതായത്; കുറച്ചുപേരുടെ വരുമാനംകൊണ്ട് കൂടുതല്‍ പേരെ സംരക്ഷിക്കേണ്ട അവസ്ഥയിലാണ് കേരളം.  


കേരളത്തില്‍ ഉല്‍പാദന - സേവനമേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും കൂടുതലായി വേണ്ടിവരും. വീട്ടുവളപ്പില്‍ നമുക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും നട്ടു വളര്‍ത്തുന്നതിലും മറ്റു ചെറുകിട സംരംഭങ്ങള്‍, കുടുംബശ്രീ ഉള്‍പ്പടെയുള്ളവയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളിലാണ് കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനം ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്. കോവിഡാനന്തര കേരളത്തില്‍ നമുക്കാവശ്യമുള്ള പച്ചക്കറിയുടെ പകുതിയോളമെങ്കിലും സ്വയം പര്യാപ്തത നാം കൈവരിക്കണം. നിര്‍ബന്ധമായും ഓരോ വീടിനും ആവശ്യമായ പച്ചക്കറി ഉല്പാദന പദ്ധതി പഞ്ചായത്തു തലത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. തരിശു പ്രദേശങ്ങളില്‍ പച്ചക്കറി കൃഷി നടത്തണം. ഇന്ന് ധാരാളം ഹൈടെക് ഫാര്‍മിങ് രീതികള്‍ ലഭ്യമാണ്. നാട്ടിലുള്ള മികച്ച കര്‍ഷകരുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയും. അങ്ങനെ മികച്ച ഒരു കാര്‍ഷിക സംസ്കാരം നമുക്കു കെട്ടിപ്പടുക്കാം, ഒപ്പം ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കാം.  ഇതിനായി നല്ലൊരു തുക ഗവണ്‍മെന്‍റ് മാറ്റി വെക്കേണ്ടതായും വരും.


ദാരിദ്ര്യം എന്നാല്‍ പണമില്ലാത്ത അവസ്ഥ മാത്രമല്ല , മറിച്ച് ഒരാള്‍ മനുഷ്യനെന്ന നിലയില്‍ തന്‍റെ കഴിവുകള്‍ തിരിച്ചറിയാത്ത അവസ്ഥയെയും അങ്ങനെ വിളിക്കാമെന്ന് നോബല്‍ പ്രൈസ് ജേതാവ് അഭിജിത് വി. ബാനര്‍ജി പറഞ്ഞത് നമുക്ക് പാഠമാകണം. കേരളം കാര്‍ഷിക - വ്യാവസായിക ഉല്പാദനത്തിന്‍റെ പറുദീസയായി മാറണം.അതിനുള്ള തന്ത്രങ്ങള്‍ നാം നടപ്പിലാക്കണം.അല്ലെങ്കില്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന ഒരു ചെറിയ സമ്മര്‍ദം പോലും കേരളത്തിന് ഹൃദയാഘാതമുണ്ടാക്കും.  


കേവലം കോവിഡ് 19 ചികിത്സിക്കുന്നതിനുള്ള ചെലവ് മാത്രമല്ല, അതിന്‍റെ ഫലമായി ഉണ്ടാകുന്ന മറ്റെല്ലാ വരുമാനനഷ്ടങ്ങളും കൂടി കണക്കാക്കുമ്പോള്‍ കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനം വരും മാസങ്ങളില്‍ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരം  നല്‍കുമെന്നത് യഥാര്‍ത്ഥത്തില്‍ ഭീതിപ്പെടുത്തുന്ന ഒരു ചിന്തയായി മാറുന്നുണ്ട്.