കുടിയേറ്റത്തൊഴിലാളികള്‍ക്ക് മരണം വിധിക്കുന്ന മോഡി സര്‍ക്കാര്‍

ഗിരീഷ് ചേനപ്പാടി

മാര്‍ച്ച് 24 മുതല്‍ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമായത് 13 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളാണ്. "നിങ്ങള്‍ എവിടെയാണോ അവിടെ കഴിയുക" എന്നായിരുന്നല്ലോ നിര്‍ദേശിക്കപ്പെട്ടത്. പണമോ ഭക്ഷണമോ മറ്റു പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതിരുന്ന കുടിയേറ്റത്തൊഴിലാളികളെ  സംബന്ധിച്ചിടത്തോളം അത് ജീവന്മരണ പോരാട്ടമായിരുന്നു. 
കുടിയേറ്റത്തൊഴിലാളികളെ അതിഥികളായാണ് കേരളം പരിഗണിച്ചത്. സൗജന്യ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസേവനം എന്നിവയെല്ലാം അവര്‍ക്ക് ലഭ്യമാക്കി. 


എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴിലുടമകള്‍ കുടിയേറ്റ തൊഴിലാളികളെ കൈവിട്ടു. ഭക്ഷണവും പണവും ആവശ്യപ്പെട്ട തൊഴിലാളികളുടെമുമ്പില്‍ അവര്‍ കൈമലര്‍ത്തി. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ സമീപനവും വ്യത്യസ്തമല്ല. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും കുടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടില്ല. അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ സന്നദ്ധ സംഘടനകളോ ഗവണ്‍മെന്‍റിതര സംഘടനകളോ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.


ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ യാതൊന്നും തങ്ങളുടെ മുമ്പിലില്ലെന്ന യാഥാര്‍ഥ്യം വളരെ വേഗം കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. "ആരേയും പിരിച്ചുവിടരുത്, എല്ലാ തൊഴിലാളികള്‍ക്കും കൂലിയും ഭക്ഷണവും ഉറപ്പാക്കണം" എന്ന് മോഡി ഒഴുക്കന്‍മട്ടില്‍ പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. അതോടെ എങ്ങനെയും സ്വന്തം നാടുകളില്‍ എത്തുക എന്ന ചിന്തയാണ് തൊഴിലാളികളെ ഭരിച്ചത്. ട്രെയിനുകളോ ബസുകളോ മറ്റു യാത്രാ സൗകര്യങ്ങളോ അവരുടെമുമ്പില്‍ ഇല്ല. നടക്കുക മാത്രമാണ് ഏക പോംവഴി. അതും നൂറുകണക്കിനും ആയിരക്കണക്കിനും കിലോമീറ്ററുകള്‍ താണ്ടണം. 


പലരും വഴിതെറ്റാതിരിക്കാന്‍ റെയില്‍വെ പാളത്തിലൂടെയും നാഷണല്‍ ഹൈവേകളിലൂടെയും നടന്നു. റെയില്‍വേട്രാക്കിനെ ഇങ്ങനെ ആശ്രയിച്ച 16 കുടിയേറ്റത്തൊഴിലാളികള്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദിനു സമീപം മെയ് 9ന് ഗുഡ്സ് ട്രെയിന്‍ ഇടിച്ച് മരണമടഞ്ഞു. വഴിതെറ്റാതിരിക്കാന്‍ പാളത്തിലൂടെ വിശപ്പും ദാഹവും സഹിച്ചു നടന്നവര്‍ ക്ഷീണംമൂലം തളര്‍ന്നുറങ്ങി. റെയില്‍വെ ലോക്ക്ഡൗണ്‍ ആയതിനാല്‍ പാളത്തിലൂടെ തീവണ്ടി വരുമെന്ന്  അവര്‍ പ്രതീക്ഷിച്ചില്ല. മഹാരാഷ്ട്രയില്‍നിന്ന് ബീഹാറിലെയും യുപിയിലെയും ഉള്‍ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നടന്ന അവര്‍ മരണത്തിലേക്കാണ് നടന്നുനീങ്ങിയത്. 


മെയ് 16ന് ഉത്തര്‍പ്രദേശില്‍നിന്ന് രാജസ്താനിലേക്കു മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് 24 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. 
മെയ് 14ന് മധ്യപ്രദേശിലും ഉത്തര്‍പ്ര

ദേശിലുമായി നടന്ന രണ്ടു വാഹനാപകടങ്ങളിലായി 15 കുടിയേറ്റത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശിലെ ഗുന ജില്ലയില്‍ കുടിയേറ്റത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ച് 9 തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. 50ല്‍ ഏറെപ്പേര്‍ക്ക് പരുക്കേറ്റു. അതില്‍ പലരുടെയും നില ഗുരുതരമാണ്. മഹാരാഷ്ട്രയില്‍നിന്ന് മദ്ധ്യപ്രദേശിലേക്കു മടങ്ങിയവരാണവര്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനുസമീപം നടന്ന വാഹനാപകടത്തില്‍ 6 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു. പഞ്ചാബില്‍നിന്ന് സ്വദേശമായ ബീഹാറിലേക്കു നടന്നുപോകുകയായിരുന്ന തൊഴിലാളികളുടെമേല്‍ നിയന്ത്രണംവിട്ട യുപി സര്‍ക്കാരിന്‍റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ചുകയറുകയായിരുന്നു. 


മെയ് 9ന് മധ്യപ്രദേശിലെ നരസിംഹ്പൂര്‍ ജില്ലയില്‍ 9 തൊഴിലാളികള്‍ ട്രക്കുമറിഞ്ഞ് കൊല്ലപ്പെട്ടു. ചെറിയ ട്രക്കുകളില്‍ നൂറുകണക്കിനാളുകളെ കുത്തിനിറച്ചുകൊണ്ടു പോയതിനാലുണ്ടായ ദുരന്തമാണിത്. 


ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നുവീണ് പലരും മരിക്കുന്നുണ്ട്. മെയ് 15ന് മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വെസ്റ്റേഷനിലെത്താന്‍ 30 കിലോമീറ്റര്‍ നടന്നുവന്ന കുടിയേറ്റത്തൊഴിലാളിയായ രാജസ്താന്‍ സ്വദേശി ഹരീഷ്ചന്ദര്‍ ശങ്കര്‍ലാല്‍ റെയില്‍വെസ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. 


തെലുങ്കാനയിലെ കൃഷിയിടങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ജോലിചെയ്ത 12 വയസ്സുകാരി ജമ്ലമഗ്ദം കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയില്‍നിന്ന് സ്വദേശമായ ഛത്തീസ്ഗഢിലേക്കുള്ള യാത്രാമധ്യേയാണ് അവള്‍ ദാരുണമായി മരിച്ചത്. നൂറുകണക്കിന് കിലോമീറ്റര്‍ കാല്‍നടയായി വന്നതിന്‍റെ ഫലമായുണ്ടായ ദുരന്തം. 


സ്വന്തം നാടുകളിലേക്ക് രാപകല്‍ ഭേദമില്ലാതെ നടന്നു നരകിക്കേണ്ടിവരുന്ന കുടിയേറ്റത്തൊഴിലാളികള്‍ ലക്ഷങ്ങളാണ്. പലര്‍ക്കും അപകടങ്ങളും ക്ഷീണവും വ്യാധികളും മൂലമുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു. 


ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് യാതൊരു മുന്നൊരുക്കവും നടത്താനോ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ മോഡി സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം ക്ഷണിച്ചുവരുത്തിയ ദുരന്തമാണിത്. 2020 ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടതാണ്. ഫെബ്രുവരിയായതോടെ പല സംസ്ഥാനങ്ങളിലും രോഗം വ്യാപകമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടതാണ്. മാര്‍ച്ച് ആദ്യമായപ്പോഴേക്കും പ്രത്യക്ഷ യാഥാര്‍ഥ്യമായി കോവിഡ് 19 മാറി. അപ്പോഴൊന്നും കുടിയേറ്റത്തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നതിനോ, എത്തിക്കാന്‍ കഴിയാതെ അതതിടങ്ങളില്‍ കഴിയുന്നവര്‍ക്കാവശ്യമായ പരിരക്ഷ എങ്ങനെ ഒരുക്കുമെന്നോ കേന്ദ്രസര്‍ക്കാര്‍ ചിന്തിച്ചതേയില്ല. ചത്തുകിടക്കുമ്പോഴും കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടില്‍ എന്നു പറയുന്നതുപോലെ മധ്യപ്രദേശിലെ ഭരണം കുതിരക്കച്ചവടത്തിലൂടെ നേടുന്നതിലായിരുന്നു മോഡിയുടെയും അമിത്ഷായുടെയും മറ്റും ശ്രദ്ധ മുഴുവനും. 


സംസ്ഥാനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനമൂലമാണ് കുടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടി സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തപ്പെട്ടത്. എന്നാല്‍ ആളെ കൊണ്ടുപോകണമെങ്കില്‍ തൊഴിലാളികളോ സംസ്ഥാന സര്‍ക്കാരുകളോ പണം നല്‍കണമെന്ന നിലപാടാണ് റെയില്‍വെയും കേന്ദ്രസര്‍ക്കാരും എടുത്തത്. 


ചുരുക്കത്തില്‍ കുടിയേറ്റത്തൊഴിലാളികളെ സംബന്ധിച്ച ഒരു കാര്യവും തങ്ങളുടെ ചുമതലയിലുള്ളതല്ല എന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ എടുത്തത്. ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജിലും ക്രൂരമായി അവരെ വഞ്ചിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.