മുതലാളിത്തവും തളരാത്ത മാര്‍ക്സിസവും

പി എസ് പൂഴനാട്

മാര്‍ക്സിസത്തിന്‍റെ സൈദ്ധാന്തിക ശരികളെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തളരാത്ത വിപ്ലവ വീര്യത്തോടെ മാറോട് ചേര്‍ത്തുപിടിക്കുകയും വികസിതമാക്കുകയും ചെയ്ത ബൗദ്ധിക പ്രതിഭയായിരുന്നു, 2016 ജനുവരി 14-ാം തീയതി ക്യാന്‍സറിനോടുള്ള സുദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ എഴുപത്തിമൂന്നാം വയസില്‍ ലോകത്തോട് വിടചൊല്ലിയ, എലന്‍ മീക്സിന്‍സ്വുഡ് (ഋഹഹലി ങലശസശെിെ ണീീറ). എലന്‍ മീക്സിന്‍സ്വുഡിനെപ്പോലെ മാര്‍ക്സിസത്തെ മൗലിക ചിന്തകള്‍കൊണ്ട് സമകാലിക സന്ദര്‍ഭത്തില്‍ സമരോത്സുകമാക്കിയ മറ്റൊരു മാര്‍ക്സിസ്റ്റ് ചിന്തകയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. പുരുഷന്മാരായ ചിന്തകര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മുഖ്യധാരയിലേക്കായിരുന്നു മാര്‍ക്സിസത്തിന്‍റെ വിപ്ലവബോധ്യങ്ങളുമായി അവര്‍ നിലയുറപ്പിച്ചുനിന്നത്. അക്കാദമിക് അകത്തളങ്ങളില്‍ വ്യാപരിച്ചിരുന്ന സ്ത്രീകളാകട്ടെ ഏറിയകൂറും കൈകാര്യം ചെയ്തിരുന്ന വിഷയപരിസരം ഫെമിനിസത്തിന്‍റേതായിരുന്നു. എന്നാല്‍ അര്‍ഥശാസ്ത്ര വിമര്‍ശനത്തിന്‍റെ ബൗദ്ധിക കേന്ദ്രസ്ഥാനത്തേയ്ക്ക് എലന്‍ മീക്സിന്‍സ്വുഡ് കടന്നെത്തിയതുപോലെ മറ്റൊരു വനിതയും സമകാലിക സന്ദര്‍ഭത്തില്‍ എത്തപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ടാണ് പ്രശസ്ത തൊഴിലാളി ചിന്തകയും ആഗോളവത്കരണ സൈദ്ധാന്തികയുമായ ഉര്‍സുലഹ്യൂസ് ഇങ്ങനെ കുറിച്ചത്: "വാസ്തവത്തില്‍ റോസാലക്സംബര്‍ഗിനുശേഷം അക്കാദമിക് ഇടതുപക്ഷത്തിനുള്ളില്‍ ഹെലന്‍ മീക്സിന്‍സ്വുഡ് നേടിയിട്ടുള്ളത്ര ഉന്നതി മറ്റൊരു വനിതയും നേടിയിട്ടുണ്ടാവില്ല. അത്രത്തോളം അതി വിപുലവും അഗാധവുമായിരുന്നു മാര്‍ക്സിസ്റ്റ് അക്കാദമിക് ചിന്തയ്ക്ക് മീക്സിന്‍സ്വുഡ് നല്‍കിയ ബൗദ്ധിക സംഭാവനകള്‍. 


ലാത്വിയയില്‍നിന്നും ഫാസിസത്തെ ഭയന്ന് രാഷ്ട്രീയ അഭയാര്‍ഥികളായി അമേരിക്കയിലേക്ക് കുടിയേറിയ ജൂതവംശത്തില്‍പ്പെട്ട മാതാപിതാക്കളുടെ മകളായി 1942 ഏപ്രില്‍ 12ന് ആയിരുന്നു എലന്‍ മീക്സിന്‍സ്വുഡ് പിറക്കുന്നത്. എലന്‍റെ മാതാപിതാക്കളാകട്ടെ തൊഴിലാളി-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവമായി നിലകൊണ്ടിരുന്നു. 1970ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും രാഷ്ട്രതന്ത്ര ശാസ്ത്രത്തില്‍, ഡോക്ടറേറ്റ് നേടി.

അതിനെതുടര്‍ന്ന് കാനഡയിലെ ഏറെ പ്രശസ്തമായ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി ചേര്‍ന്നു. ഏകദേശം മുപ്പതുവര്‍ഷക്കാലം നീണ്ടുനിന്ന സര്‍വകലാശാലാ ജീവിതത്തിനിടയില്‍ അവിടെ നിലനിന്നിരുന്ന പലവിതാനങ്ങളിലുള്ള മുഖ്യധാരാ പ്രവണതകളോടും നിലപാടുകളോടും സൈദ്ധാന്തികമായും പ്രായോഗികമായും അവര്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള സൈദ്ധാന്തിക-പ്രായോഗിക  പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍വെച്ചായിരുന്നു അറിയപ്പെടുന്ന ഒരു മാര്‍ക്സിസ്റ്റ് ധൈഷണികയായി അവര്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോടുള്ള തന്‍റെ ഒരിക്കലും അടങ്ങാത്ത പ്രതിബദ്ധതയെ എല്ലാ ഘട്ടങ്ങളിലും അവര്‍ ഉശിരോടെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രാചീന ഗ്രീസിനെക്കുറിച്ചും രാഷ്ട്രീയ ചിന്തയുടെ ചരിത്രത്തെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും ആധുനിക മുതലാളിത്തത്തിന്‍റെ ആവിര്‍ഭാവ ഘടനാ പരിണാമങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വളരെ ആധികാരികമായി അവര്‍ എഴുതിക്കൊണ്ടിരുന്നു. 1984 മുതല്‍ 1993 വരെയുള്ള പത്തുവര്‍ഷക്കാലം, ലോകപ്രശസ്ത ഇടതുപക്ഷ പ്രസിദ്ധീകരണമായ ന്യൂ ലെഫ്റ്റ് റിവ്യുവിന്‍റെ എഡിറ്ററായി പ്രവര്‍ത്തിച്ചത് എലന്‍ മീക്സിന്‍സ്വുഡായിരുന്നു. ലോകപ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകരായിരുന്ന ഹാരി മാക്ഡോഫിനും പോള്‍ എം സ്വീസിക്കും ഒപ്പം മന്ത്ലി റിവ്യൂവിന്‍റെ സഹ എഡിറ്ററായി 1997 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചതും മീക്സിന്‍സ്വുഡായിരുന്നു. 


1986-ല്‍ വര്‍ഗ്ഗത്തില്‍നിന്നുള്ള പിന്‍മടക്കം: ഒരു പുതിയ 'യഥാര്‍ത്ഥ' സോഷ്യലിസം എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതോടെയാണ് ബൗദ്ധിക ഇടതുപക്ഷത്തിന്‍റെ അവഗണിക്കാനാവാത്ത സാന്നിധ്യമായി എലന്‍ മീക്സിന്‍സ്വുഡ് ഉയര്‍ന്നുവരുന്നത്. നവ ഇടതുപക്ഷധാരകള്‍ക്കുള്ളില്‍ രൂപംപൂണ്ടു തുടങ്ങിയ പോസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രവണതകള്‍ക്കെതിരെ സൈദ്ധാന്തികമായി ആഞ്ഞടിച്ച പുസ്തകമായിരുന്നു അത്. പോസ്റ്റ്-മാര്‍ക്സിസ്റ്റ് നിലപാടുകള്‍ക്കെതിരെ ചരിത്രപരമായ ഭൗതികവാദത്തിന്‍റെ വിപ്ലവവീര്യത്തെ അത് ഉയര്‍ത്തിവിട്ടു. പോസ്റ്റ് മാര്‍ക്സിസ്റ്റുകളുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ പോരാട്ടങ്ങളോടുള്ള അവജ്ഞയെയും അവഗണനയെയും അതിന്‍റെ അരാഷ്ട്രീയ പരിസരങ്ങളെയും ആ പുസ്തകം കീറിപ്പിളര്‍ന്ന് പുറത്തുകാട്ടിത്തന്നു. വര്‍ഗവിശകലനത്തിന്‍റെ ഏറ്റവും വര്‍ധിതമായ പ്രാധാന്യത്തെ അത് അടിവരയിടുകയും ചെയ്തു. 


1960കളില്‍ കത്തിപ്പടര്‍ന്ന പോരാട്ടകാലങ്ങളില്‍ വീറോടെ മാര്‍ക്സിസ്റ്റ് പക്ഷത്ത് ഉറച്ചുനില്‍ക്കുകയും പിന്നീട് വലതുപക്ഷ ആശയപാളയങ്ങളിലേക്ക് ചുവടുറപ്പിക്കുകയും ചെയ്തു. ഏണസ്റ്റോ ലക്ളൂ, ചാന്‍റല്‍ മൗഫി, ഗെരത്ത് സ്റ്റെഡ്മാന്‍ ജോണ്‍സ് എന്നിവരുടെ മാര്‍ക്സിസ്റ്റാനന്തര (പോസ്റ്റ്-മാര്‍ക്സിസ്റ്റ്) വാദമുഖങ്ങളെയാണ് എലന്‍ മീക്സിന്‍സ്വുഡ് സൂക്ഷ്മമായ വിശകലനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കുന്നത്. സാമൂഹ്യ ഉല്‍പാദനത്തിന്‍റെയും വര്‍ഗ സംഘര്‍ഷങ്ങളുടെയും ഘടനാ സംവിധാനങ്ങള്‍ക്കുള്ളിലല്ല സമൂഹം പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്നത് എന്നതായിരുന്നു പോസ്റ്റ് മാര്‍ക്സിസ്റ്റുകളുടെ മുഖ്യവാദം. മറിച്ച്, വ്യത്യസ്ത വ്യവഹാരങ്ങളുടെയും പ്രയോഗങ്ങളുടെയും പരസ്പര വിഘടിതങ്ങളായ ബഹുരാഷ്ട്രങ്ങള്‍ക്കുള്ളിലാണ് സമൂഹം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് മുതലാളിത്ത വിമര്‍ശനത്തെയും വര്‍ഗവിശകലനത്തെയും സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ട പരിസരങ്ങളെയും മറന്നുകളയണം. അതിനുപകരം നിലനില്‍ക്കുന്ന മുതലാളിത്ത ഘടനയെ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുള്ള സാമുദായിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുകയാണ് അഭികാമ്യം. പോസ്റ്റ്-മാര്‍ക്സിസ്റ്റുകളുടെ ഇത്തരം വാദമുഖങ്ങളെ കേവല അക്കാദമിക് അഭ്യാസങ്ങള്‍ മാത്രമായി എഴുതിത്തള്ളാനാവില്ലെന്ന ഏറ്റവും കൃത്യമായ നിലപാടായിരുന്നു എലന്‍ മീക്സിന്‍സ്വുഡ് മുന്നോട്ടുവെച്ചത്. ബ്രിട്ടണിലെ സംഘടിത തൊഴിലാളിവര്‍ഗത്തിനെതിരെ മാര്‍ഗരറ്റ് താച്ചറുടെ ഭരണകൂടം കെട്ടഴിച്ചുവിട്ട അതിഭീകരമായ ആക്രമണപരമ്പരകളുടെ ഭൗതിക പരിസരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ്-മാര്‍ക്സിസ്റ്റ് വ്യാഖ്യാനങ്ങള്‍ അണപൊട്ടിയൊഴുകുന്നതെന്ന് പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ അലക്സ് കാലിനിക്കോസ് നിരീക്ഷിച്ചിട്ടുള്ളതും ഇവിടെ പ്രസക്തമാണ്. എന്തായാലും പോസ്റ്റ്-മാര്‍ക്സിസ്റ്റുകളുടെ സര്‍വ്വവിധ വാദമുഖങ്ങള്‍ക്കും മാര്‍ക്സിസ്റ്റ്  വിപ്ലവരാഷ്ട്രീയത്തിന്‍റെ സമരതീക്ഷ്ണതയില്‍നിന്നുകൊണ്ട് ഗംഭീരമായി മറുപടി നല്‍കാന്‍ എലന്‍ വുഡിന്  കഴിഞ്ഞു. 


ഏണസ്റ്റോ ലക്ലുവിന്‍റെയും ചാന്‍റല്‍ മൗഫിയുടെയും പോസ്റ്റ്-മാര്‍ക്സിസ്റ്റ്  ആശയാവലികളെ തള്ളിക്കളയുന്നതോടൊപ്പം ലൂയി അല്‍ത്തൂസറിന്‍റെ വിചാരലോകങ്ങളെയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് എലന്‍ വുഡ് വിധേയമാകുന്നുണ്ട്. ഭാഷയെയും സമൂഹത്തെയും സംബന്ധിച്ച് 1960കളില്‍ പാരീസില്‍ ഉദയംകൊണ്ട വ്യത്യസ്തങ്ങളായ തത്ത്വശാസ്ത്ര സമീപനങ്ങളുമായി മാര്‍ക്സിസത്തെ ഇണക്കിച്ചേര്‍ക്കാന്‍ അല്‍ത്തൂസര്‍ കൈക്കൊണ്ട സൈദ്ധാന്തിക നിലപാടുകളില്‍ പോസ്റ്റ്-മാര്‍ക്സിസ്റ്റ് ധാരയുടെ മുഖ്യ ഉറവിടങ്ങള്‍ എലന്‍ വുഡ് കണ്ടെടുക്കുന്നുണ്ട്. പോസ്റ്റ് മാര്‍ക്സിസത്തിലേക്കുള്ള കൂപ്പുകുത്തലിന് വഴിയൊരുക്കിയതില്‍ അല്‍ത്തൂസേറിയന്‍ ചിന്തകള്‍ക്ക് വലിയ പങ്കുണ്ടെന്നും എലന്‍ വുഡ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ   മാര്‍ക്സിസത്തിന്‍റെ വിമര്‍ശനാത്മകവും വിപ്ലവകരവുമായ പോരാട്ടവീര്യം നിലനിറുത്തണമെങ്കില്‍ അല്‍ത്തൂസറിനെ നിരസിക്കേണ്ടത് അനിവാര്യമാണെന്ന കാഴ്ചപ്പാടിലേക്കായിരുന്നു വുഡ് എത്തിച്ചേര്‍ന്നത്. അല്‍ത്തൂസറിന്‍റെ സൈദ്ധാന്തിക പദ്ധതിയ്ക്കെതിരെയുള്ള ക്രിസ് ഹാര്‍മന്‍റെയും  ഇ പി തോംസന്‍റെയും

സൈദ്ധാന്തിക നിലപാടുകള്‍ക്കൊപ്പമാണ് എലന്‍ വുഡിന്‍റെയും നിലപാടുകള്‍ നിലകൊള്ളുന്നതെന്നും കാണാന്‍ കഴിയും. 


ഠവല ഞലൃലേമേ ളൃീാ രഹമന്‍റൈെ പുതിയ പതിപ്പിനെഴുതിയ ആമുഖത്തില്‍ സോവിയറ്റാനന്തര ലോകത്തില്‍ വര്‍ഗ രാഷ്ട്രീയത്തിന്‍റെ  ഒരിക്കലും അവസാനിക്കാത്ത പ്രാധാന്യത്തെ എലന്‍ വുഡ് ഊന്നിപ്പറയുന്നുണ്ട്. അതോടൊപ്പം പോസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രവണതകളും പോസ്റ്റ് മോഡേണിസ്റ്റ് വാദമുഖങ്ങളും തമ്മിലുള്ള ഇഴയടുപ്പങ്ങളെയും വുഡ് കാട്ടിത്തരുന്നു. മുതലാളിത്തത്തെ വാരിപ്പുണരാനുള്ള സമകാലിക പ്രവണതകളെ വര്‍ഗ രാഷ്ട്രീയത്തിന്‍റെ കൊടിയടയാളംകൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും വുഡ് വ്യക്തമായി പറഞ്ഞുവെച്ചു. 


പൗരാണികതയുടെ (മിശേൂൗശ്യേ) ഏറ്റവും പ്രമുഖനായ ബ്രിട്ടീഷ് ചരിത്രകാരനും മാര്‍ക്സിസ്റ്റുമായിരുന്നു ജിഇഎം ഡിസ്റ്റേ ക്രോയ്ക്സ്. പൗരാണിക ഗ്രീക്ക് ലോകത്തെ വര്‍ഗസമരത്തെ സംബന്ധിക്കുന്ന ക്രൊയ്ക്സിന്‍റെ ക്ലാസിക്കാണ് പൗരാണിക ഗ്രീക്ക് ലോകത്തിലെ വര്‍ഗസമരം (ഠവല രഹമൈ ൃൗഴെേഴഹല ശി വേല അിരശലിേ ഏൃലലസ ണീൃഹറ) എന്ന പുസ്തകം. പുസ്തകം പുറത്തുവന്നത് 1981-ലാണ്. ഈ പുസ്തകത്തെ സൂക്ഷ്മവിമര്‍ശനത്തിന് വിധേയമാക്കിക്കൊണ്ട് അഥീനിയന്‍ ജനാധിപത്യത്തിന്‍റെ അടിത്തറകളെ അന്വേഷണവിധേയമാക്കുകയും മൗലികവും എന്നാല്‍ ഏറെ വിവാദാത്മകവുമായ നിലപാടുകള്‍ പങ്കുവയ്ക്കുകയും ചെയ്ത എലന്‍ മീക്സിന്‍സ്വുഡിന്‍റെ പുസ്തകമായിരുന്നു ജലമമെിേ ഇശശ്വേലി മിറ ഹെമ്ല: ളീൗിറമശേീിെ ീള അവേലിശമി ഉലാീരൃമര്യ (കര്‍ഷക - പൗരനും അടിമയും: അഥീനിയന്‍ ജനാധിപത്യത്തിന്‍റെ അടിത്തറകള്‍). 1989 -ല്‍ പുറത്തുവന്ന ഈ ഗ്രന്ഥത്തിലൂടെ എലന്‍ വുഡ് തന്‍റെ ബൗദ്ധികോര്‍ജത്തെ കൂടുതല്‍ തീക്ഷ്ണമാക്കുകയായിരുന്നു. 


പൗരാണിക ഗ്രീസിലെയും റോമിലെയും മിച്ചമൂല്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം അടിമവര്‍ഗത്തിന്‍റെ അധ്വാനമായിരുന്നു എന്നാണ് ക്രോയ്ക്സ് പറഞ്ഞുവെച്ചത്. പ്രാചീന കാലങ്ങളിലെ അടിമപ്പണിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്രോയ്ക്സിന്‍റെ നിരീക്ഷണങ്ങളുടെ ശരിമ വുഡും കണ്ടെത്തുന്നുണ്ട്. എന്നാല്‍ മിച്ച ഉല്‍പാദനത്തില്‍ അടിമകളുടെ അധ്വാനത്തിനുണ്ടായിരുന്ന പങ്കിനെ വല്ലാത്തതരത്തില്‍ പെരുപ്പിച്ചുകാണിക്കുകയാണ് ക്രൊയ്ക്സ് ചെയ്യുന്നതെന്ന ശക്തമായ വിമര്‍ശനവും വുഡ് മുന്നോട്ടുവെയ്ക്കുന്നു. പ്രാഥമിക ഉറവിടങ്ങളുടെ അതിതീക്ഷ്ണമായ പരിശോധനകളിലൂടെയാണ് ഈയൊരു നിരീക്ഷണത്തിലേക്കവര്‍ കടന്നുചെല്ലുന്നത്. പൗരാണിക ഗ്രീക്ക് ജനാധിപത്യത്തിന്‍റെ ഘടനാ സംവിധാനങ്ങളെക്കുറിച്ചുള്ള അതിഗഹനമായ ഭൗതികവാദ വിശകലനം നമുക്കിവിടെ ദര്‍ശിക്കാനാവും. നിയമപരമായും രാഷ്ട്രീയമായും സ്വതന്ത്രത കൈവരിക്കുന്നതിലേക്കുള്ള കര്‍ഷകന്‍റെ പൗരവത്കരണം അഥീനിയന്‍ രാഷ്ട്രീയ സ്ഥാപനങ്ങളെയും സാംസ്കാരികതയെയും സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു എന്ന് വുഡ് കണ്ടെത്തുന്നു. അടിമത്തത്തെ അടിസ്ഥാനമാക്കിയുള്ള പൗരാണികതയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വിശകലനങ്ങളില്‍ നിലനിന്നിരുന്ന പല നിലകളിലുള്ള സാമ്പ്രദായിക ധാരണകളെയും വുഡ് വിമര്‍ശിക്കുന്നുണ്ട്. ഗ്രീക്ക് നഗരരാഷ്ട്രത്തിന്‍റെ സാമൂഹ്യാടിത്തറയെ സംബന്ധിച്ച് വളരെ മൗലികമായ പുതിയൊരു വിശകലനത്തിന് വുഡ് അടിത്തറയിടുകയും ചെയ്യുന്നു. പ്ലേറ്റോ ഉള്‍പ്പെടെയുള്ള തത്ത്വശാസ്ത്ര അതികായകന്മാര്‍ പ്രാചീന ജനാധിപത്യത്തിന്‍റെ വര്‍ഗശത്രുക്കളുടെ സ്ഥാനമാണ് അടയാളപ്പെടുത്തിയിരുന്നതെന്നും വുഡ് കാട്ടിത്തരുന്നു. 


ആധുനിക മുതലാളിത്തത്തിന്‍റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ റോബര്‍ട്ട് ബ്രണ്ണറുടെ ആശയാവിഷ്കാരങ്ങളില്‍ വലിയ അളവില്‍ ആകൃഷ്ടയായിട്ടുള്ള ഒരാളുകൂടിയായിരുന്നു എലന്‍ മീക്സിന്‍സ്വുഡ്. ഇംഗ്ലണ്ടിലെ മുതലാളിത്താവിര്‍ഭാവത്തെക്കുറിച്ചുള്ള ബ്രണ്ണറുടെ നിലപാടുകളെ മാറോടു ചേര്‍ത്തുപിടിക്കുമ്പോള്‍തന്നെ, മറ്റിടങ്ങളിലെ മുതലാളിത്താവിര്‍ഭാവത്തെക്കുറിച്ചുള്ള ബ്രണ്ണറുടെ വിലയിരുത്തലുകളില്‍ വലിയതരത്തിലുള്ള വീഴ്ചകള്‍ പറ്റിയിട്ടുള്ളതായും വുഡ് തിരിച്ചറിയുന്നുണ്ട്. മുതലാളിത്തത്തെക്കുറിച്ചുള്ള ബ്രണ്ണറുടെ നിലപാടുകളെ അതിന്‍റെ സമഗ്രതയില്‍ വിമര്‍ശനവിധേയമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക ഇടപെടലുകളിലൊന്നായി വുഡിന്‍റെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നു.
കമ്പോളം ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആദ്യത്തെ സാമ്പത്തിക സംവിധാനമായിട്ടാണ് മുതലാളിത്തത്തെ വുഡ് വിശകലനംചെയ്യുന്നത്.

സഹസ്രാബ്ദങ്ങളായി കമ്പോളം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉല്‍പാദനത്തെയും വിതരണത്തെയും കമ്പോളം നിയന്ത്രിക്കുന്ന ആദ്യത്തെ ചരിത്രഘട്ടമാണിത്. സ്വന്തം അതിജീവനത്തിനുവേണ്ടി ഉല്‍പാദകര്‍ക്ക് അവരുടെ ലാഭത്തെ പരമാവധിയാക്കേണ്ടതുണ്ട്. ഉല്‍പാദക സ്ഥാപനങ്ങള്‍ (ളശൃാെ) അവരുടെ ലാഭം പരമാവധിയാക്കുന്നതിന് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത് ലാഭത്തോടുള്ള അത്യാര്‍ത്തികൊണ്ടല്ല; മറിച്ച് കഴുത്തറുപ്പന്‍ ലാഭം കുന്നുകൂട്ടിയില്ലെങ്കില്‍ കമ്പോളത്തില്‍നിന്നും അവര്‍ പുറത്താക്കപ്പെടും എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ കമ്പോളമെന്നത് സംരംഭക താല്‍പര്യങ്ങളുടെ നൂലിഴകളില്‍ വളരെ സന്തോഷപൂര്‍വം കെട്ടിപ്പടുക്കപ്പെട്ട ഒരു സ്ഥാപന സാമഗ്രിയല്ല. മറിച്ച് തൊഴിലാളികളുടെയും അതുപോലെ മുതലാളിമാരുടെയുംമേല്‍ ആധിപത്യം പുലര്‍ത്താന്‍ കെല്പുള്ള ഒരു മര്‍ദക സ്ഥാപനമാണത്. അതുകൊണ്ടുതന്നെ കമ്പോള മത്സരങ്ങള്‍ക്കധിഷ്ഠിതമായി ഉല്‍പാദനം ക്രമീകരിക്കപ്പെടുന്നിടത്തോളംകാലം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. തൊഴിലുടമകള്‍ക്ക് കമ്പോളമത്സരങ്ങളില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അതിന്‍റെ ഉല്‍പാദനച്ചെലവുകളെ നിര്‍ഭയമായി അതിന് വെട്ടിച്ചുരുക്കേണ്ടിവരും. അങ്ങനെ സ്വന്തം അതിജീവനതന്ത്രങ്ങളെ പയറ്റുന്നതിന്‍റെ ഭാഗമായി അതിന് തൊഴിലാളികളുടെ വേതനത്തെയും ആനുകൂല്യങ്ങളെയും പിഴിഞ്ഞെടുക്കേണ്ടിവരും. യഥാര്‍ഥത്തില്‍ കമ്പോള ബലതന്ത്രങ്ങളാണ് മുതലാളിമാരെ സ്വന്തം തൊഴിലാളികള്‍ക്കെതിരെ അണിനിരത്തുന്നത്.

അതുകൊണ്ടുതന്നെ മുതലാളിത്ത സ്വത്തുബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം വര്‍ഗസമരം ഒരു കേന്ദ്ര പ്രമേയമായി നിലകൊള്ളുകയും ചെയ്യും. 
ഇങ്ങനെ വ്യത്യസ്ത നിലകളില്‍ മാര്‍ക്സിസ്റ്റ് ചിന്താപദ്ധതിയെ കൂടുതല്‍ കൂടുതല്‍ അഗാധ തലങ്ങളിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു എലന്‍ മീക്സിന്‍സ്വുഡ് നിരന്തരം ഇടപെട്ടുകൊണ്ടിരുന്നത്. മണ്‍മറഞ്ഞുപോയെങ്കിലും മൗലികവും അത്യഗാധവുമായ ഉള്‍ക്കാഴ്ചകള്‍കൊണ്ട് നിബിഡമായ നിരവധി  ഗ്രന്ഥങ്ങളും പ്രബന്ധങ്ങളുമായി പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ വീണ്ടും വീണ്ടും പ്രചോദിപ്പിച്ചുകൊണ്ട് എലന്‍ മീക്സിന്‍സ്വുഡ് എന്ന വിപ്ലവ ചിന്തക ഒരു നിത്യസാന്നിധ്യമായി തുടരുകയാണ്.