ദരിദ്രര്‍ക്ക്  പ്രവേശനമില്ലാത്ത ദന്തഗോപുരങ്ങള്‍

സെബാസ്റ്റ്യന്‍ പോള്‍


മൂന്ന് അഭിഭാഷകരെ കോടതിയലക്ഷ്യത്തിന് മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീം കോടതിയില്‍നിന്നു വിരമിച്ചത്. മാത്യൂസ് നെടുമ്പാറ എന്ന മലയാളി അഭിഭാഷകന് കോടതിയില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ വിധിയെ വിമര്‍ശിച്ചതിനാണ് സംഘടനാനേതാക്കള്‍ കൂടിയായ മൂന്ന് അഭിഭാഷകര്‍ ശിക്ഷിക്കപ്പെട്ടത്. കോടതി വിമര്‍ശിക്കപ്പെടരുതെന്ന പക്ഷക്കാരനല്ല ജസ്റ്റിസ് ഗുപ്ത. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അദ്ദേഹം നടത്തിയ വിടവാങ്ങല്‍ പ്രസംഗം സുപ്രീം കോടതിക്കു ലഭിച്ച നല്ല വിമര്‍ശനമായിരുന്നു. ഇഎംഎസിന്‍െറ കാലത്തായിരുന്നു ആ പ്രസംഗമെങ്കില്‍ ജഡ്ജി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെടുമായിരുന്നു. വിസ്മയകരമായ രീതിയില്‍ സമാനമായ കാര്യങ്ങള്‍ പറഞ്ഞതിനാണ് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ചത്. ജഡ്ജിയാണെങ്കിലും അലോസരമുണ്ടാക്കിയാല്‍ ജയിലിലേക്കയക്കാന്‍ മടിക്കില്ലെന്ന് കര്‍ണന്‍െറ കേസില്‍ സുപ്രീം കോടതി തെളിയിച്ചിട്ടുണ്ട്. 


കര്‍ണന്‍െറ കൂട്ടത്തില്‍ കൂട്ടേണ്ടയാളല്ല ദീപക് ഗുപ്ത. മാര്‍ക്കണ്ഠേയ കട്ജുവിനൊപ്പവും അദ്ദേഹത്തെ ഇരുത്താനാവില്ല. വി ആര്‍ കൃഷ്ണയ്യരെപ്പോലെ ഉത്തരവാദിത്വമുള്ള വിമര്‍ശകര്‍ ജുഡീഷ്യറിയില്‍നിന്നുതന്നെ ആഭ്യന്തരമായി ഉണ്ടായിട്ടുണ്ട്. അവര്‍ക്കൊപ്പമാണ് ദീപക് ഗുപ്തയെ കാണ്ടേണ്ടത്. എന്നാല്‍ പ്രസിദ്ധമായും പ്രയോജനരഹിതമായും കലഹിച്ച നാല്‍വര്‍ക്കൊപ്പം അദ്ദേഹത്തെ നാം കണ്ടില്ല. സുപ്രീം കോടതിയില്‍ പ്രവര്‍ത്തിച്ച മൂന്ന് വര്‍ഷക്കാലം അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ സുവ്യക്തമായിരുന്നു. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്‍െറ പരമമായ പ്രാധാന്യത്തെക്കുറിച്ച് അദേഹം പറഞ്ഞു. വിയോജിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള പൗരന്‍െറ അവകാശത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. വിമര്‍ശകര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതല്ല രാജ്യദ്രോഹക്കുറ്റമെന്ന് അദ്ദേഹം ഭരണകൂടത്തെ ഓര്‍മിപ്പിച്ചു. സര്‍ഗാത്മകവും സക്രിയവുമായ നിലപാടുകളുടെ പേരില്‍ ജസ്റ്റിസ് ഗുപ്ത ആക്ടിവിസ്റ്റ് ജഡ്ജ് എന്നറിയപ്പെട്ടു. അതുകൊണ്ട് ഇറങ്ങുമ്പോള്‍ രണ്ടു വാക്ക് പറഞ്ഞ് വാര്‍ത്തയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരിക്കില്ല അദ്ദേഹം സംസാരിച്ചത്. അത്തരം വാചാടോപത്തിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാവില്ല.


സമ്പത്തും കരുത്തും ഉള്ളവരോട് ജുഡീഷ്യറി ആഭിമുഖ്യം കാട്ടുന്നുവെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. സമ്പന്നര്‍ അഴിയെണ്ണുമ്പോള്‍ ജുഡീഷ്യറി അസ്വസ്ഥമാകുന്നുവെന്ന് അദ്ദേഹം കണ്ടു. പാവങ്ങള്‍ എവിടെയും അവഗണിക്കപ്പെടുന്നു. സഹനം മാത്രമാണ് അവരുടെ വിധി. അവരെയാണ് കോടതി ശ്രദ്ധിക്കേണ്ടതെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി. മനുഷ്യത്വമാണ് ജഡ്ജിമാര്‍ക്കു വേണ്ടത്. മനുഷ്യരെ മറന്ന് അവര്‍ക്ക് ഏറെക്കാലം ദന്തഗോപുരങ്ങളില്‍ വസിക്കാനാവില്ല. സാമൂഹികനീതിയുടെ പ്രകാശനമായിരിക്കണം എഴുതപ്പെടുന്ന ഓരോ വിധിയും.  ഭരണഘടനയുടെ വാഗ്ദാനമാണ് നീതി. അതോടൊപ്പം സമത്വവും സ്വാതന്ത്ര്യവും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ഓരോ വിശ്വാസത്തിനും ആധാരമായി വിശുദ്ധ ഗ്രന്ഥങ്ങളുണ്ട്. ജഡ്ജിമാര്‍ ആശ്രയിക്കേണ്ടതായ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന. ഹിന്ദുക്കള്‍ക്ക് ഗീതയെന്നപോലെ, മുസ്ലീങ്ങള്‍ക്ക് ഖുര്‍ആന്‍ എന്നപോലെ, ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ എന്നപോലെ ജഡ്ജിമാര്‍ ആദരവോടെയും വിശ്വാസത്തോടെയും വായിക്കുന്ന വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന. 


ഇപ്രകാരം ആര്‍ജവത്തോടെ സംസാരിക്കുന്ന ജഡ്ജിമാരെ ഇടയ്ക്കിടെ നാം കാണുന്നുണ്ട്. കലഹിച്ച നാല്‍വരില്‍ ഒരാളായിരുന്ന മദന്‍ ലൊക്കൂര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ജനങ്ങളുടെ ദുരിതങ്ങളോടുള്ള സുപ്രീം കോടതിയുടെ പ്രതികരണം തന്നെ നിരാശപ്പെടുത്തുന്നുവെന്ന് 2018ല്‍ വിരമിച്ച ജസ്റ്റിസ് ലൊക്കൂര്‍ പറഞ്ഞു. തൊഴിലിനായി ഊരുവിട്ടലയുന്ന തൊഴിലാളികളോട് കൊവിഡ് പകര്‍ച്ചക്കാലത്ത് സുപ്രീം കോടതി സ്വീകരിച്ച സഹാനുഭൂതിയില്ലാത്ത നിലപാടില്‍ ജസ്റ്റിസ് എ പി ഷാ അതൃപ്തി പ്രകടിപ്പിച്ചു. കുടിയേറ്റത്തൊഴിലാളികളെ അതിഥികളായി കണ്ട് വിപദ്വേളയില്‍ അവരെ സാന്ത്വനിപ്പിക്കുന്ന കേരള മാതൃക സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നു. പക്ഷേ അത് അനുകരണീയമായ മാതൃകയായി ഇതരഭരണകൂടങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സുപ്രീം കോടതിക്കു കഴിഞ്ഞില്ല. അടിയന്തരഘട്ടങ്ങളില്‍ മൗലികാവകാശങ്ങള്‍ പിന്നിലേക്ക് തള്ളപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. അവഗണിക്കപ്പെടുമെന്നാണ് അപ്പറഞ്ഞതിനര്‍ത്ഥം. പാവങ്ങളുടെ അവകാശങ്ങളാണ് ദുര്‍വഹമായി കരുതി ഉപേക്ഷിക്കപ്പെടുന്നത്. ഏത് അടിയന്തരഘട്ടത്തിലും സമ്പന്നരുടെ അവകാശങ്ങള്‍ സംവഹിക്കാന്‍ സാര്‍ത്ഥവാഹകസംഘമുണ്ട്.


ജസ്റ്റിസ് ഗുപ്ത വാസ്തവത്തില്‍ ഇഎംഎസിന്‍െറ വാക്കുകള്‍ കടമെടുക്കുകയായിരുന്നു. സമ്പന്നനും ദരിദ്രനും മുഖാമുഖം നില്‍ക്കുമ്പോള്‍ കോടതിയുടെ സഹാനുഭൂതിയും ആഭിമുഖ്യവും സമ്പന്നനോടായിരിക്കുമെന്നാണ് ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞത്. ജുഡീഷ്യറിയില്‍ അദ്ദേഹം വര്‍ഗാഭിമുഖ്യം ആരോപിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യനടപടിയില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇഎംഎസിനുവേണ്ടി വി കെ കൃഷ്ണ മേനോന്‍ ഹാജരായി. രണ്ടു കോടതിയും ഇഎംഎസിനെ കുറ്റക്കാരനായി കണ്ടു. ശിക്ഷ പിഴയിലൊതുക്കി എന്നതു മാത്രമാണ് സുപ്രീം കോടതിയില്‍ ലഭിച്ച ആനുകൂല്യം. കൂടാതെ, മാര്‍ക്സിസത്തെക്കുറിച്ച് കോടതി ചില പാഠങ്ങള്‍ ഇഎംഎസിനു സൗജന്യമായി നല്‍കുകയും ചെയ്തു. ഇന്ന് ഇഎംഎസിന്‍െറ വാക്കുകളില്‍ത്തന്നെ ഒരു ജഡ്ജി സംസാരിച്ചപ്പോള്‍ കോടതിയലക്ഷ്യത്തിന്‍െറ ഗന്ധം ആര്‍ക്കും ലഭിച്ചില്ല. ഇതിനകം ദരിദ്രനാരായണനെ കോടതിയുടെ നടുമുറ്റത്ത് പ്രതിഷ്ഠിക്കാന്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹികപ്രതിബദ്ധതയുള്ള കുറേ ന്യായാധിപര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഈ വ്യത്യാസത്തിനു കാരണം.


എന്നാല്‍ ദരിദ്രനാരായണന്‍െറ സാന്നിധ്യവും സാമീപ്യവും അറിയാത്ത ജഡ്ജിമാര്‍ ഇപ്പോഴുമുണ്ട്. റിപ്പബ്ളിക്കിന്‍െറ ഉടമാവകാശം നിര്‍ണയിക്കുന്ന ഭരണഘടനയിലെ ആമുഖവാക്കുകളുടെ അര്‍ത്ഥം നന്നായി മനസിലാകാത്ത ജഡ്ജിമാരെയാണ് ജസ്റ്റിസ് ഗുപ്ത കുറ്റപ്പെടുത്തിയത്. അത്തരക്കാര്‍ വിജയ് മല്യയുടെയും നീരവ് മോദിയുടെയും കാര്യത്തില്‍ ഉത്കണ്ഠയുള്ളവരാണ്. തങ്ങളുടെ റിപ്പബ്ളിക്കില്‍ അവര്‍ കാണുന്നത് സമ്പന്നരെ മാത്രമാണ്. കൊറോണ പഠിപ്പിക്കുന്ന സാമൂഹികപാഠങ്ങള്‍ അവര്‍ പഠിക്കുന്നില്ല. ആഗോളീകരണകാലത്തെ കോര്‍പറേറ്റ് പാഠങ്ങള്‍ അപ്രസക്തമാകുമ്പോള്‍ ജുഡീഷ്യറിക്ക് ഒരു സിലബസ് നവീകരണം ആവശ്യമുണ്ട്. 


ഇഎംഎസും ദീപക് ഗുപ്തയും ചൂണ്ടിക്കാണിക്കുന്ന പ്രതിസന്ധി എല്ലാ ജഡ്ജിമാരും അനുഭവിക്കുന്നുണ്ട്. വിലക്കപ്പെടേണ്ടതും നിരാകരിക്കപ്പെടേണ്ടതുമായ കനി മോഹിക്കാത്തവര്‍ക്ക് നിലപാടുകള്‍ എളുപ്പമായിരിക്കും. പക്ഷേ അവര്‍ സമ്മര്‍ദത്തിലാകും. സുബ്രത റോയിയെ ജയിലിലടച്ച സഹാറ കേസില്‍ അതിയായ സമ്മര്‍ദത്തിനും അസഹനീയമായ മനോവ്യഥയ്ക്കും വിധേയനാകേണ്ടിവന്നതായി ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. സത്യസന്ധര്‍ക്ക് അത് തുറന്നു പറയാം. വഴങ്ങുന്നവര്‍ ഒന്നും വെളിപ്പെടുത്താറില്ല. വിശ്വാസ്യതയാണ് ജുഡീഷ്യറിയുടെ ശക്തി. വിശ്വാസ്യതയില്‍ സംശയമുളവാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്.


ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചല്ല ജസ്റ്റിസ് ഗുപ്ത പറഞ്ഞത്. കരുണയില്ലായ്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ വിമര്‍ശം അഴിമതിയേക്കാള്‍ ആകുലതയുണ്ടാക്കുന്നു. ജഡ്ജിമാരുടെ ദന്തഗോപുരവാസത്തെക്കുറിച്ചാണ് ഗുപ്ത പറഞ്ഞത്. ആ ഗോപുരങ്ങള്‍ അവര്‍ നിര്‍മിക്കുന്നതല്ല. അവിടേയ്ക്ക് അവര്‍ ആനയിക്കപ്പെടുകയാണ്. ഈ ആലോചന പഴയ ചോദ്യത്തിലേക്കുതന്നെ നമ്മെ എത്തിക്കുന്നു. ജഡ്ജിമാരെ കണ്ടെത്തുന്നത് എങ്ങനെയാണ്? കൊളീജിയം എന്ന സ്വയംകൃതസംവിധാനത്തിലൂടെ ജഡ്ജിമാര്‍ അവരുടെ പിന്‍ഗാമികളെ കണ്ടെത്തുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ന്യൂനതകള്‍ നിരവധിയാണ്.