കൃഷിയുടെ ആധുനികവല്‍ക്കരണ ഘട്ടം

പി കൃഷ്ണപ്രസാദ്

സുഭിക്ഷ കേരളം: കേരളം സഹകരണ കൃഷിയിലേക്ക് - 2

ജന്മിത്വത്തെ നിയമംമൂലം ഇല്ലാതാക്കി കേരളത്തില്‍ കര്‍ഷകര്‍ കൃഷിഭൂമിയുടെ ഉടമസ്ഥരായത് ഭൂപരിഷ്കരണത്തിലൂടെയാണ്. മുതലാളിത്ത കര്‍ഷക - ധനിക കര്‍ഷക വിഭാഗങ്ങള്‍ നാണ്യ വിള കൃഷിയില്‍ കേന്ദ്രീകരിച്ചു. ഇന്ന് കേരളത്തില്‍ 82% നാണ്യവിള കൃഷിയാണ്. അതാകട്ടെ ലോക വിപണിയെ ആശ്രയിച്ചാണ്. വിലത്തകര്‍ച്ചമൂലം ധനിക കര്‍ഷകരടക്കം പ്രതിസന്ധിയിലാണ്. നാണ്യ വിള കൃഷിയിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലിയടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കാനുള്ള വര്‍ഗ താല്‍പര്യവും  പ്രതിഫലിച്ചിട്ടുണ്ട്.


മറുഭാഗത്ത് കര്‍ഷകത്തൊഴിലാളികളും ദരിദ്ര ഇടത്തരം കര്‍ഷകരും കാര്‍ഷികേതര തൊഴില്‍ മേഖലകളെ ആശ്രയിക്കുന്ന പ്രവണത ശക്തമായി. ഇന്ന് കാര്‍ഷിക ഉത്പാദനത്തിലും ഉത്പാദന ക്ഷമതയിലും കേരളം ദേശീയ ശരാശരിക്കും താഴെയാണ്. കേവലം 27% കുടുംബങ്ങളാണ് കൃഷിയെ ആശ്രയിക്കുന്നത്. കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ അപകടത്തിലാണ്. കേരളത്തിന്‍റെ രാഷ്ട്രീയ നിലപടുകളെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണത്. 


കൊറോണ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍,  ഭക്ഷ്യവിഭവങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളം ഭാവിയില്‍ വറുതിയുടെ ദിനങ്ങള്‍ നേരിടേണ്ടി വരാമെന്ന് മുന്‍കൂട്ടിക്കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജനങ്ങളോടാകെ ആഹ്വാനം  ചെയ്തിരിക്കുന്നത്. 


ആധുനിക സഹകരണ  കൃഷിയുടെ പ്രാധാന്യം


ഭക്ഷ്യ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കലാണ് ഏറ്റെടുക്കേണ്ട വെല്ലുവിളി. ഭക്ഷ്യ സുരക്ഷ നേടുന്നതോടൊപ്പം തൊഴിലില്ലായ്മയ്ക്കും പരിഹാരം വേണം. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ കാര്‍ഷിക-കാര്‍ഷിക സംസ്കരണ ഭക്ഷ്യ വ്യവസായ മേഖലകളില്‍ സംരംഭകരും വിദഗ്ധ തൊഴിലാളികളുമാക്കും വിധം കൃഷി ആധുനികവല്‍ക്കരിക്കണം. അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കണം.
കാര്‍ഷികോല്‍പാദനത്തിനൊപ്പം കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ക്കും വിപണി വികസനത്തിനും പദ്ധതികള്‍ ഉണ്ടെങ്കിലേ കര്‍ഷകര്‍ക്ക് ആദായ വരുമാനം ഉറപ്പു വരുത്താനാവു എന്നു മുഖ്യമന്ത്രി ഊന്നിപ്പറയുന്നുണ്ട്.  കാര്‍ഷിക വിപ്ലവത്തിന്‍റെ രണ്ടാം ഘട്ടം ആഭ്യന്തര വ്യവസായവല്‍ക്കരണത്തിന്‍റേതാണ്. ഈ ഘട്ടത്തില്‍ കൃഷി, വ്യവസായം, വിപണി എന്നിവ പരസ്പരപൂരകമായി മുന്നേറണം. അതില്‍ ത്രിതല പഞ്ചായത്തുകളും സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളും നേതൃത്വം നല്‍കണം. സഹകരണ കൃഷി അഥവാ കൂട്ടുകൃഷിയാണ് അതിലേക്കുള്ള മാര്‍ഗം.
ദരിദ്രഇടത്തരം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സഹകരണ കൃഷിയില്‍ അണിനിരത്തണം. വിത്തു മുതല്‍ മൂല്യ വര്‍ദ്ധനവും വിപണനവും വരെ സ്വകാര്യ കൃഷിക്ക് പകരം കൂട്ടുകൃഷി വികസിപ്പിക്കണം. വിളകള്‍ സംസ്കരിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യണം. അങ്ങനെ ലഭിക്കുന്ന മിച്ചം അധിക വേതനമായും അധിക വിലയായും സുതാര്യമായി പങ്കുവെക്കാനും എല്ലാവരുടെയും വിശ്വാസവും പങ്കാളിത്തവും നേടാനും സാധിക്കും. അതിന് വിള അടിസ്ഥാനത്തില്‍ കര്‍ഷകരെ സംഘടിപ്പിക്കണം. കര്‍ഷകത്തൊഴിലാളികളുടെ പ്രത്യേക സംഘങ്ങള്‍ രൂപികരിക്കണം. കര്‍ഷകരെയും തൊഴിലാളികളെയും ആധുനിക കാര്‍ഷിക വ്യവസായങ്ങളുടെയും വിപണിയുടെയും കൂട്ടുടമസ്ഥരാക്കണം.  ജന്മിത്വത്തെ നിഷേധിച്ച മാതൃകയില്‍ കൃഷിയിലെ കോര്‍പ്പറേറ്റ് മേധാവിത്വത്തെയും നിഷേധിക്കണം. അതാണ് സഹകരണ കൃഷിയുടെ രാഷ്ട്രീയം. 


കാര്‍ഷികാസൂത്രണം 


ജനകീയാസൂത്രണ പദ്ധതിയുടെ കാര്‍ഷിക മേഖലയിലെ തുടര്‍ച്ചയാണ് സുഭിക്ഷ കേരളം പദ്ധതി . കേരളത്തില്‍ കര്‍ഷകരുടെ കൈവശം ഉള്ള ഭൂമിയുടെ അളവ് താരതമ്യേന കുറവാണ്. ഏകവിള കൃഷിയിലൂടെ ഒരു കര്‍ഷക കുടുംബത്തിനു മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കില്ല. കൃഷി, മൃഗ പരിപാലനം, മത്സ്യകൃഷി എന്നിവ ഉള്‍പ്പെടുന്ന സംയോജിത കൃഷി വികസിപ്പിക്കാം. കൂടുതല്‍ ഭൂമി സംയോജിപ്പിച്ച് വിപണി പിന്തുണ ഉറപ്പുവരുത്തി ആധുനിക കാര്‍ഷിക ഫാമുകള്‍ ആരംഭിച്ചാല്‍ കൂടുതല്‍ ഫാം തൊഴില്‍ സാധ്യതകളും കണ്ടെത്താം. 


ഓരോ ജില്ലയിലും മുഖ്യ വിള അടിസ്ഥാനമാക്കി  കാര്‍ഷികാസൂത്രണ പദ്ധതി ആവിഷ്കരിക്കാം. ഇതേ മാതൃകയില്‍ ഇടവിള കൃഷിയും പ്ലാന്‍ ചെയ്യാം. വിഭവങ്ങളും ഉപകരണങ്ങളും കൂടുതല്‍ മികച്ചവിധം ഉപയോഗപ്പെടുത്താം. നാണ്യ വിളകളില്‍ നിന്നും ഭക്ഷ്യവിളകളിലേക്കും തുടര്‍ന്ന് ഭക്ഷ്യസ്വയം പര്യാപ്തതയിലേക്കും മുന്നേറണം. ഓരോ വിളയില്‍ നിന്നും മൂല്യ വര്‍ദ്ധനയിലൂടെ കൂടുതല്‍ വരുമാനം ലഭ്യമാക്കാനാവും. 


ഫാം ക്ലസ്റ്റര്‍  അടിസ്ഥാന യൂണിറ്റ്


കാര്‍ഷികാസൂത്രണ പദ്ധതിയുടെ അടിസ്ഥാന യൂണിറ്റ് ഫാം ക്ലസ്റ്റര്‍ അഥവാ കര്‍ഷക കൂട്ടം ആകാം. കര്‍ഷകരെ വാര്‍ഡ് തലത്തില്‍ ഏകോപിപ്പിച്ചു 50 കര്‍ഷകര്‍ വരെ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളാകാം. സുഭിക്ഷ കേരളം പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിത്ത്, നടീല്‍ വസ്തുക്കള്‍, വളം, ഉപകരണങ്ങള്‍, വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി എല്ലാ ഘടകങ്ങളും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഉറപ്പുവരുത്തി സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി കുടുംബങ്ങളിലെത്തിക്കാന്‍ സാധിക്കും.  


ഓരോ വിളയും കൃഷി ചെയ്യുന്നതിനുമുന്‍പ് മണ്ണ്, വെള്ളം എന്നിവ പരിശോധിക്കണം. ആവശ്യമായ വളം നല്‍കണം. രണ്ടോ മൂന്നോ പഞ്ചായത്തുകളില്‍ ഒരു സോയില്‍ ടെസ്റ്റ് ലാബ് വീതം സ്ഥാപിക്കാനാവണം. മൂന്ന് വര്‍ഷത്തിനകം കര്‍ഷകര്‍ക്ക് ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസസ് / ജൈവ സെര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാം. മണ്ണിന്‍റെയും മനുഷ്യന്‍റെയും ആരോഗ്യം സംരക്ഷിക്കല്‍ കൃഷിയുടെ ലക്ഷ്യമാണ്. 


സ്റ്റോര്‍ സൗകര്യം ഉള്‍പ്പെടെ പശ്ചാത്തല സൗകര്യങ്ങള്‍, ഡ്രയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍,പ്രാഥമിക മൂല്യവര്‍ദ്ധനവിനായുള്ള പണിശാലകള്‍, വെള്ളം ലഭിക്കാനുള്ള സൗകര്യം എല്ലാം ഫാം ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാവുന്നതാണ്. ഇന്ന് പൊതുവേ പല കാരണങ്ങളാലും കര്‍ഷകര്‍ അവഗണിക്കുന്ന ചക്ക, മാങ്ങ, പുളി തുടങ്ങിയ വിളകളും സംഭരിച്ചു സംസ്കരിച്ച് അധിക വരുമാനമുണ്ടാക്കാന്‍ ക്ലസ്റ്ററുകളിലൂടെ സാധിക്കും. സോഫ്റ്റ് വെയര്‍ പിന്തുണയോടെ എല്ലാ വിളകളിലും ഉത്പാദന, സംഭരണ, സംസ്കരണ, വിപണന പദ്ധതി തയ്യാറാക്കി ബാങ്ക് വായ്പ ലഭ്യമാക്കി പലിശ ഇളവ്, ബാക്ക് ഏന്‍ഡ് സബ്സിഡി എന്നിവയ്ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതിതുക വകയിരുത്തണം. സ്വകാര്യ മൂലധനവും അതിനായി ഉപയോഗിക്കാനാവും.  
ക്ഷീരസംഘങ്ങളെ കാര്‍ഷികാസൂത്രണ  കേന്ദ്രങ്ങളാക്കിക്കൊണ്ട്  ഓരോ പ്രദേശത്തെയും ക്ഷീര സഹകരണ സംഘങ്ങളെ കര്‍ഷകരുടെ ആസൂത്രണ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാം.  സംസ്ഥാന ക്ഷീര വകുപ്പ് ഈ ആശയം നിലവില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പശു വളര്‍ത്തലിന് പുറമേ സന്നദ്ധതയുടെ അടിസ്ഥാനത്തില്‍ പച്ചക്കറി, പഴങ്ങള്‍, മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട, താറാവ്, മുയല്‍, കിടാരി, ആട്, പോത്ത്, പന്നി, മത്സ്യം, കൂണ്‍, പൂക്കള്‍,ഔഷധ സസ്യങ്ങള്‍, തേനീച്ച, മള്‍ബറി തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്യാന്‍ ഉള്ള സഹായം ക്ഷീര സംഘങ്ങളും ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളും സഹകരണ ബാങ്കുകളും ചേര്‍ന്ന് ലഭ്യമാക്കാവുന്നതാണ്. 


വളം നിര്‍മ്മാണം, പുല്‍ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നത് കാര്‍ഷിക ചെലവു കുറയ്ക്കും., ജലാശയങ്ങള്‍ ഉള്ളവ സംരക്ഷിക്കാനും പുതിയവ നിര്‍മിക്കാനും , തോടുകള്‍, ഉറവകള്‍ എന്നിവ സംരക്ഷിക്കാനും പദ്ധതി ആവിഷ്കരിക്കുക. പ്രധാന ജലസേചന പദ്ധതികളില്‍ നിന്നും കൃഷിയിടങ്ങളില്‍ ജലം എത്തിക്കാനുള്ള ഉപ കനാലുകള്‍ നിര്‍മ്മിക്കാന്‍ മുന്‍ഗണന നല്‍കി പദ്ധതികള്‍ ആവിഷ്കരിക്കണം. മേല്‍ നടപടികളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. വിളവെടുപ്പ്, സംഭരണം, സംസ്കരണം, വിപണനം എന്നിവയിലെല്ലാം കര്‍ഷകര്‍ക്കുള്ള പരിശീലനവും പിന്തുണയും ക്ഷീരസംഘങ്ങള്‍ കേന്ദ്രമാക്കി ഉറപ്പുവരുത്താം. ഫാമുകളില്‍ തന്നെ പ്രാഥമിക മൂല്യ വര്‍ദ്ധന നടത്തി ക്ലീനിംഗ്, ഗ്രേഡിംഗ്, പാക്കിംഗ് നടത്തി ട്രേകളില്‍ സംഭരിച്ചു കോള്‍ഡ് ചെയിന്‍ പിന്തുണയോടെ വിപണിയിലെത്തിക്കാം.  


നെല്ലിനു പകരം വില്‍ക്കേണ്ടത് അരി 


 നിലവില്‍ നെല്ല് കൃഷി ഇല്ലാത്ത വയലുകളില്‍ നെല്‍ കൃഷി ആരംഭിക്കാനാകണം. വയല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ പരമ്പരാഗത ڊ നെല്ലിനങ്ങളെ ലിസ്റ്റ് ചെയ്തു സംസ്കരിച്ചു ബ്രാന്‍ഡ് ചെയ്തു വില്‍ക്കാനുള്ള പദ്ധതി തയ്യാറാക്കാം. നെല്ലിനു പകരം അരിയും അരിഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവരാക്കി നെല്‍ കര്‍ഷകരെ മാറ്റാവുന്നതാണ്. അതിനു സംസ്ഥാനത്തെ പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ള നെല്ല് സംസ്കരണ വ്യവസായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കാനാവണം. 


ഒരുപ്പൂ - ഇരുപ്പൂനിലങ്ങളില്‍ ഇടവേളകളില്‍ പച്ചക്കറി, കിഴങ്ങുവിളകള്‍ എന്നിവ കൃഷി ചെയ്യണം. മരച്ചീനി, നേന്ത്രവാഴ എന്നീ കൃഷികള്‍ സംരക്ഷിക്കാന്‍ സംഭരണ സംവിധാനം കാര്യക്ഷമമാക്കണം. നെല്‍കൃഷി, ബഹുവിള കൃഷി എന്നിവയില്‍ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഹൈഡ്രോപോണിക്സ്, ഏറോപോണിക്സ്, അക്വാപോണിക്സ്, പോളി ഹൗസ്, ഗ്രീന്‍ നെറ്റ്, സൂക്ഷ്മകൃഷി, മൈക്രോ ഗ്രീന്‍, മട്ടുപ്പാവ് കൃഷി, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്, അടുക്കള കൃഷി, തുടങ്ങിവിവിധ കാര്‍ഷിക രീതികളെ ഉപയോഗിക്കണം. 
കൃഷിയിട കവാടത്തില്‍ നിന്നും ഭക്ഷ്യമേശ വരെയുള്ള 


സംയോജനം


അഞ്ചുപത്തു ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ മൂല്യവര്‍ദ്ധന പദ്ധതികള്‍ ആവിഷ്കരിക്കണം. യുവാക്കളെയും വീട്ടമ്മമാരെയും മേല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പരിശീലനം നല്‍കി പങ്കാളികളാക്കാം. കുടുംബശ്രീയുമായി സഹകരിച്ചു മൂല്യവര്‍ദ്ധന പദ്ധതയിലേക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍, മറ്റ് ഉത്പാദനോപാധികള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. നവീനമായ ഉത്പാദന രീതികള്‍, വ്യക്തി ശുചിത്വം, ഗുണമേന്മ നിയന്ത്രണം എന്നിവ ഉറപ്പുവരുത്തി അച്ചാര്‍, സ്ക്വാഷ്, ജാം, ജെല്ലി, ബേബിഫുഡ്, വാഴപ്പഴ പൊടി, മരച്ചീനി, ഉരുളക്കിഴങ്ങ്, നേന്ത്രക്കായ ചിപ്സ്, കേക്ക്, മര്‍ലാമൈഡ്, റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങള്‍, തേന്‍, മാങ്ങാബാര്‍, ഫ്രൂട്ട് പള്‍പ്പ്, കാണ്ടി, ഗ്ലെസ്ഡ കാണ്ടി, വിനഗര്‍ ആന്‍ഡ് സാള്‍ട്ട് പ്രിസര്‍വേഷന്‍, ടോമോട്ടോ സൗസ്, കെച്അപ്, ഡീഹൈഡ്രറ്റഡ് ലീഫ് പ്രോഡക്ട്സ്, ഡ്രൈ ഫ്രൂട്ട് പ്രോഡക്ട്സ് എന്നിവയുടെ ഉത്പാദനം ആസൂത്രണം ചെയ്യാവുന്നതാണ്. ഗുണ നിലവാരം ഏകോപിപ്പിച്ച് ഒരു കോമണ്‍ ബ്രാന്‍ഡില്‍ വിപണി പിന്തുണ നല്‍കണം.


സംഭരണ കേന്ദ്രങ്ങള്‍  


നിലവില്‍ 45% വരെ പഴങ്ങളും പച്ചക്കറിയും കേടുവന്നു പോകുകയാണ്. കോള്‍ഡ്ചെയിന്‍ സംവിധാനമുള്ള സംഭരണ ശാലകള്‍ സ്ഥാപിച്ചാല്‍ സ്വകാര്യ വിപണിക്ക് പുറമേ ക്ഷീരസംഘങ്ങളും സഹകരണ സംഘങ്ങളും വഴി സംഭരിക്കാവുന്നതാണ്. പ്രാദേശിക വില്‍പന കഴിഞ്ഞ് ഹോട്ടി കോര്‍പ്പ് വഴി ഇതര ജില്ലകളിലേക്കും മൂല്യവര്‍ധന വരുത്തി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കാം. 


വ്യാവസായിക ഫാമുകള്‍ 


 പച്ചക്കറി, പഴം, പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ആധുനിക വ്യാവസായിക ഫാമുകള്‍ ആരംഭിക്കാവുന്നതാണ്. ചെറുകിട ഇടത്തരം കര്‍ഷകര്‍, ധനിക കര്‍ഷകര്‍, എസ്റ്റേറ്റ് ഉടമകള്‍, വിദേശത്തു നിന്നും മടങ്ങി വരുന്നവര്‍ എന്നിവരെ പ്രോല്‍സാഹിപ്പിക്കാം. ആധുനിക ഡയറി ഫാം, പൗള്‍ട്രി ഫാം, ആട് ഫാം, പന്നി ഫാം. പച്ചക്കറി - പഴവര്‍ഗ ഫാമുകളാകാം. മില്‍മ, ബ്രഹ്മഗിരി എന്നിവ വിപണി പിന്തുണ  ഉറപ്പു വരുത്തി കര്‍ഷകരെ സഹായിക്കുന്നതാണ്. സംരംഭകര്‍ക്ക് പലിശ രഹിത, ബാക്ക് ഏന്‍ഡ് സബ്സിഡി പദ്ധതി ത്രിതല പഞ്ചായത്തുകള്‍ക്ക് തയ്യാറാക്കാവുന്നതാണ്. 


ആധുനിക സംസ്കരണ വ്യവസായങ്ങള്‍


റബര്‍, നാളികേരം തുടങ്ങി ഓരോ വിളയിലും വന്‍കിട ആധുനിക കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ പരിസ്ഥിതിക്ക് യോജിച്ചതും കര്‍ഷകരെ കോര്‍പ്പറേറ്റ് ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാന്‍ അനിവാര്യവുമാണ്. സഹകരണ മേഖല പിന്തുണച്ചാല്‍ നൂറുകണക്കിന് സംസ്കരണ വ്യവസായങ്ങള്‍ കേരളത്തില്‍ വികസിപ്പിക്കാനാവും. കാപ്പി, തേയില, മലഞ്ചരക്കുകള്‍, പച്ചക്കറി, പഴം, മത്സ്യം തുടങ്ങി എല്ലാ വിളകളിലും ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ വികസിപ്പിക്കനാവും. ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാതൃകയില്‍ കര്‍ഷകരുടെ കൂട്ടായ ഉടമസ്ഥത ഉറപ്പുവരുത്താം. വന്‍കിട കാര്‍ഷിക സംസ്കരണ വ്യവസായങ്ങളാണ് സഹകരണ കൃഷിയുടെ മര്‍മ്മം. വിപണിയില്‍ മേല്‍ക്കൈ സ്ഥാപിക്കാന്‍ അത് കര്‍ഷകരെ സഹായിക്കും. 
വിപണനം ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനും ബദലായി സഹകരണ മേഖലയില്‍ ഓണ്‍ലൈന്‍ വ്യാപാര പിന്തുണ കര്‍ഷകര്‍ക്ക് ഉറപ്പുവരുത്താം. ഫാര്‍മെഴ്സ് ട്രേഡ് മാര്‍ക്കറ്റിലൂടെ (എഫ്ടിഎം) കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി വഴി വീടുകളില്‍ വിതരണം ചെയ്യാനാവും. നിലവിലുള്ള സ്വകാര്യ വ്യാപാര സംരംഭകരുമായി സഹകരിച്ച് ഇത് നിര്‍വഹിക്കനാവും. കോര്‍പറേറ്റുകളെയും അവയുടെ ഇടത്തട്ടുകാരെയും പരമാവധി ഒഴിവാക്കാനും സംഭരണ വ്യാപാര ചെലവു കിഴിച്ചുള്ള മിച്ചം കര്‍ഷകര്‍ക്ക് അധിക വിലയും കര്‍ഷകത്തൊഴിലാളികള്‍ക്ക് അധിക വേതനവും ആയി നല്‍കാന്‍ സാധിക്കുന്നതാണ്.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിത്തു മുതല്‍ വിപണി വരെ സഹകരണ കൃഷിയുടെ വിപ്ലവകരമായ സമഗ്ര കാഴ്ചപ്പാടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.


 (തുടരും)