വരുത്തിവച്ച വിഷവാതക ദുരന്തം 

വി ബി പരമേശ്വരന്‍

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് നാലു ദശാബ്ദത്തിനു ശേഷം സമാനമായൊരു ദുരന്തം രാജ്യത്ത് ആവര്‍ത്തിച്ചിരിക്കുന്നു. അതും കോവിഡ് മഹാമാരി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയ വേളയില്‍. മെയ് ഏഴിന് പുലര്‍ച്ചെ വിശാഖപട്ടണത്താണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ ജി പോളിമേഴ്സില്‍ രാസവസ്തു ചോര്‍ന്ന് 13 പേര്‍ മരിച്ചത്. 350 പേര്‍ ആശുപ്രതിയിലായി. നിരവധി വളര്‍ത്തുമൃഗങ്ങളും ചത്തു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 5000 ത്തിലധികം പേരെ ഒഴിപ്പിച്ചു. ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിലെ ഗോപാലപട്ടണം, ആര്‍ ആര്‍ വെങ്കിടാപുരം എന്നീ പ്രദേശിലെ ജനങ്ങളാണ് സ്റ്റൈറീന്‍ എന്ന രാസവസ്തു ബാഷ്പം ശ്വസിച്ച് ദുരന്തബാധിതരായത്. പുലര്‍ച്ചെയാണ് അപകടമെന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ നല്ല ഉറക്കത്തിലായിരുന്നു. അതുകൊണ്ടു തന്നെ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വൈകി. കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും വിഷബാഷ്പം ഏറെ ശ്വസിച്ച് പലരും ബോധരഹിതരായി. പലരും സ്വന്തം കുഞ്ഞുങ്ങളെയും എടുത്ത് അടുത്തുള്ള കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് ഓടി. ചിലര്‍ കിണറിലും ഓടയിലും വീണു മരിച്ചു. വ്യക്തമായി കണ്ണ് കാണാതായതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമായത്. 1984 ഡിസംബറിലെ ഭോപ്പാല്‍ ദുരന്തത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് വിശാഖപട്ടണത്തും അരങ്ങേറിയത്. 


ഭോപ്പാല്‍ ദുരന്തത്തിനു ശേഷം പല നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ഇന്ത്യ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായിരുന്നു. എല്‍ ജി പോളിമേഴ്സ് പോലുള്ള ആപത്കരമായ വ്യവസായങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോഴും ലംഘിക്കപ്പെടുകയാണെന്ന് ഈ ദുരന്തം വ്യക്തമാക്കുന്നു. നിയന്ത്രണ ഏജന്‍സികളും കോര്‍പറേറ്റുകളും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇത്തരം ദുരന്തം ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. 


55 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശാഖപട്ടണത്തെ പ്രാന്തപ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഹിന്ദുസ്ഥാന്‍ പോളിമേഴ്സ് എന്ന കമ്പനിയാണ് ഇപ്പോഴത്തെ എല്‍ ജി പോളിമേഴ്സ്. 1982 ലാണ് ഹിന്ദു സ്ഥാന്‍ പോളിമേഴ്സ് മക്ഡോവല്‍ കമ്പനി ഏറ്റെടുത്തത്. 1997 ല്‍ ഇവരില്‍ നിന്നാണ് ദക്ഷിണകൊറിയന്‍ കമ്പനി ഇത് ഏറ്റെടുക്കുന്നത്. പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ വരുന്നതിനു മുമ്പാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങിയത് എന്നര്‍ഥം. ലോകത്തിലെ ആറാമത്തെ രാസവസ്തു വ്യവസായ കേന്ദ്രമാണ് ഇന്ത്യ. വര്‍ഷത്തില്‍ 16,300 കോടി ഡോളറിന്‍റെ വ്യവസായമാണിത്. 2016ڊ-17ലെ കണക്കനുസരിച്ച് രാജ്യത്ത് അപകടകരമായ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന 56,350 വ്യവസായ യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. അതായത് രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഫാക്ടറികളുടെയും മറ്റും സുരക്ഷ സംബന്ധിച്ച് സമഗ്രമായ ഒരു നയമോ നിയമമോ ഇനിയും രാജ്യത്ത് ഇല്ല എന്നര്‍ഥം. നിസംഗമായ ഈ സമീനത്തിന്‍റെ തുടര്‍ച്ചയാണ് വിശാഖപട്ടണം ദുരന്തവും. 


അടച്ചുപൂട്ടല്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് എല്‍ ജി പോളിമേഴ്സ് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയെ സമീപിച്ചത്. ഫാക്ടറിയുടെ ദിനംപ്രതി ഉല്‍പാദന ശേഷി 415 ടണ്‍ എന്നത് 655 ടണ്ണായി ഉയര്‍ത്തുന്നതിന് അനുമതി തേടിയായിരുന്നു ഇത്. 2018 സെപ്തംബറില്‍ ഇതേ അതോറിറ്റി പാരിസ്ഥിതിക ക്ലീയറന്‍സില്ലാതെ അനുമതി നല്‍കാനാവില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയെ അംഗീകാരത്തിനായി സമീപിച്ചത്. 45 ടണ്ണില്‍ നിന്നും 415 ടണ്ണിലേക്ക് കമ്പനി വളര്‍ന്നത് പല ഘട്ടങ്ങളിലയിരുന്നു. ഇതിനൊന്നിനും പാരിസ്ഥിതിക ക്ലിയറന്‍സ് നേടിയിരുന്നില്ല. കേന്ദ്രമാകട്ടെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൈകഴുകുകയും ചെയ്തു. ഏതായാലും ഇക്കാര്യം പ്രാദേശിക മാധ്യമങ്ങളില്‍ വന്നതോടെ കമ്പനി പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ പിന്‍വലിച്ചു. എന്നിട്ട് പഴയതുപോലെ അനുമതിയില്ലാതെ പ്രവര്‍ത്തനം തുടരുകയും ചെയ്തു. അതിനിടയിലാണ് കോവിഡ് പടര്‍ന്നതും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതും. വീണ്ടും തുറക്കുന്ന ഘട്ടത്തിലാണ് ദുരന്തമുണ്ടായത്. 
വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 20 ഇനം ഹൈഡ്രോകാര്‍ബണുകളില്‍ ഒന്നാണ് സ്റ്റൈറീന്‍. റഫ്രിജേറ്റര്‍, ഹീറ്റര്‍, ഫൈബര്‍ ഗ്ലാസ് എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിസ്റ്റൈറീന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണിത്. ദ്രവരൂപത്തിലുള്ള വസ്തുവാണ് സ്റ്റൈറീന്‍. എളുപ്പത്തില്‍ തീപിടിക്കുന്ന  സ്റ്റൈറീന്‍ കുറഞ്ഞ ഊഷ്മാവില്‍ പോലും ബാഷ്പീകരിക്കപ്പെടും. നിശ്ചിത അളവില്‍ കൂടുതല്‍ ശ്വസിച്ചാല്‍ ഇത് നാഡീവ്യൂഹത്തെ ബാധിക്കും. ഭോപ്പാല്‍ ദുരന്തത്തിനു ശേഷം ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ 1989 ലെ മാനുഫാക്ചര്‍, സ്റ്റോറേജ്, ഇംപോര്‍ട്സ് ഓഫ് ഹസാര്‍ഡസ് കെമിക്കല്‍ റൂള്‍സ് എന്നിവ അനുസരിച്ച് ആപത്കരമായ വസ്തുവാണ് സ്റ്റൈറീന്‍. അതുകൊണ്ടു തന്നെ അതീവ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ട വസ്തുവാണിത്. അതുണ്ടായില്ല എന്നാണ് വിശാഖപട്ടണത്തെ ദുരന്തം വിളിച്ചുപറയുന്നത്. 


രണ്ടാം ഘട്ട അടച്ചുപൂട്ടലിനു ശേഷം ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഫാക്ടറി തുറക്കാന്‍ നടത്തിയ കമ്പനി അധികൃതരുടെ ശ്രമമാണ് ദുരന്തത്തിലേക്കു നയിച്ചത്. വേണ്ടത്ര ആലോചനയില്ലാതെ നാലുമണിക്കൂര്‍ മാത്രം നല്‍കി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മോഡിയുടെ നടപടിയും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്നാണ് വിദഗ്ധമതം. അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍ അപായകരമായ സ്റ്റൈറീന്‍ പോലുള്ള വസ്തുക്കള്‍ പൂര്‍ണമായും ഉപയോഗിച്ചു തീരും വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. രണ്ട് ടാങ്കിലായിട്ടായിരുന്നു സ്റ്റൈറീന്‍ മോണോമര്‍ ശേഖരിച്ചിരുന്നത്. അതില്‍ 2400 ടണ്‍ ശേഷിയുള്ള ടാങ്കില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച വേളയില്‍ 1800 ടണ്ണാണ് അവശേഷിച്ചിരുന്നത്. ഇതു തീരുന്നതുവരെ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. സ്വാഭാവികമായും മൈനസ് 20 ഡിഗ്രി ഊഷ്മാവില്‍ ദ്രവരൂപത്തിലാണ് സ്റ്റൈറീന്‍ ശേഖരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം വേണ്ടത്ര മുന്‍കരുതലില്ലാതെ പുനരാരംഭിച്ചപ്പോള്‍ ടാങ്കിലെ ഊഷ്മാവ് നിയന്ത്രണ സംവിധാനം തകരുകയും ഊഷ്മാവ് കുത്തനെ കൂടുകയും അതിന്‍റെ ഫലമായി ബാഷ്പീകരണം സംഭവിക്കുകയും ചെയ്തു. ഇതാണ് ചോര്‍ച്ചയ്ക്കു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിലെ ഊഷ്മാവ് 180 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ഉയര്‍ന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍ ജി പോളിമേഴ്സ് പോലുള്ള പല ഫാക്ടറികളും രാജ്യത്തുണ്ട്. ഇവയ്ക്കുള്ള പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിനു പകരം നിയമലംഘനത്തിന് സാധുത നല്‍കാനാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വ്യാവസായികവും അല്ലാത്തതുമായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് വിശദമായ പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിയമത്തിലെ നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനത്തിലുള്ളത്. അടച്ചുപൂട്ടല്‍ കാലത്തു തന്നെ പുതിയ വിജ്ഞാപനം പാസ്സാക്കിയെടുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്. 
ഏതായാലും ദേശീയ ഹരിത ട്രിബ്യൂണല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയോട് 50 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കുമോ എന്നതിന് ഒരുറപ്പും ഇല്ല. കാരണം ദേശീയ ഹരിത ട്രിബ്യൂണല്‍ നിലവില്‍ വന്നതിനു ശേഷം 645 കോടി രൂപ നഷ്ടപരിഹാരം നല്‍കാനായി വിവിധ കമ്പനികളോട് ഇതുവരെയായി ആവശ്യപ്പെട്ടെങ്കിലും രണ്ടു കോടി രൂപ മാത്രമാണ് വിതരണം ചെയ്യപ്പെട്ടത്. കോര്‍പറേറ്റ് താല്‍പര്യത്തോട് എത്രമാത്രം കൂറാണ് ഇന്ത്യന്‍ ഭരണവര്‍ഗം പൊതുവെ കാട്ടുന്നത് എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. ഭോപ്പാലും വിശാഖപട്ടണവും ഇനിയും ആവര്‍ത്തിക്കുമെന്ന് സാരം.