ഭക്ഷ്യദൗര്‍ലഭ്യത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുവാനുള്ള തീവ്ര പദ്ധതി

കെ എന്‍ ബാലഗോപാല്‍

മനുഷ്യന്‍റെ കടിഞ്ഞാണില്ലാത്ത പ്രയാണത്തെ താല്‍ക്കാലികമായെങ്കിലും ഒന്നു  പിടിച്ചു കെട്ടാന്‍ കൊറോണ വൈറസിന് കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ ഒരേ നിലയില്‍ അവിശ്വസനീയമായ ഒരു നിശ്ചലതയിലേക്ക് വീണു പോയ അവസ്ഥ  ഇതിനു മുന്‍പ് മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.  
കോവിഡിനു ശേഷമുള്ള ലോകം എങ്ങനെയായിരിക്കും എന്ന വിഷയത്തില്‍ ലോകമാകെ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കോവിഡാനന്തര ലോകത്തെ സാമൂഹിക സാമ്പത്തിക  തൊഴില്‍ അന്താരാഷ്ട്ര യാത്ര ബന്ധങ്ങള്‍ എല്ലാം വലിയ മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ പോവുകയാണ്. 


വികസനം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതു സംബന്ധിച്ച സംവാദങ്ങളും ഒരു വശത്തുണ്ട്.  അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പോലെയുള്ള വികസിത  രാജ്യങ്ങള്‍ കോവിഡിനു മുന്നില്‍ പതറിപ്പോയത് നമ്മള്‍ കണ്ടു. മുതലാളിത്തം മുന്നോട്ടു വയ്ക്കുന്ന വികസന മാതൃകയുടെ പൊള്ളത്തരങ്ങള്‍ കൂടിയാണ് കോവിഡ് ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയത്. അമേരിക്കയില്‍ മാത്രം ഇതുവരെ പതിനഞ്ചു ലക്ഷത്തോളം ആളുകള്‍ ആണ് രോഗബാധിതരായത്. മരണം എണ്‍പത്തയ്യായിരം കവിയുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കൊറോണ വൈറസിനെ നിസ്സാരമായി അവഗണിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ് ഇപ്പോള്‍ ഈ മഹാമാരിക്കു മുന്നില്‍ ഉത്തരമില്ലാതെ പകച്ചു നില്‍ക്കുകയാണ്. ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച രാഷ്ട്രങ്ങളാണ് കോവിഡിന്‍റെ മുന്നില്‍ പരാജിതരായി നില്‍ക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 


കോവിഡിനെ തുടര്‍ന്ന് ലോകമാസകലം കൃഷിയും അനുബന്ധ മേഖലകളും കടുത്ത പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകള്‍ വളര്‍ന്നു വരുന്നു.  രാജ്യത്തും സംസ്ഥാനത്തും ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം സുരക്ഷിതമാണ് എന്ന വാര്‍ത്തകള്‍ വരുമ്പോഴും,  ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യം ഉണ്ടായാല്‍ അതെങ്ങനെ കാര്‍ഷിക മേഖലയിലെ ഉത്പാദനത്തെ  ബാധിക്കും എന്ന് പറയാനാകില്ല. വീടുകള്‍ക്കുള്ളിലായിരിക്കുന്ന മനുഷ്യര്‍ക്ക്  ഭക്ഷ്യ ധാന്യങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സുഗമമായി ലഭ്യമാണ്. കേരളത്തില്‍ 87 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സൗജന്യമായി 15 കിലോഗ്രാം അരിയും അതില്‍ തന്നെ ഭൂരിഭാഗം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനക്കിറ്റും നല്‍കിയത്. 
രാജ്യമാകെ പ്രതിസന്ധി രൂക്ഷമാകുകയും കൃഷിയും വിളവെടുപ്പും ശേഖരണവും താളം തെറ്റുകയും അതിര്‍ത്തിയിലൂടെയുള്ള ചരക്കു നീക്കം ഇല്ലാതാകുകയും ചെയ്താല്‍ എന്താകും സംഭവിക്കുക?


ഭക്ഷണത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലെയൊരു സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും.  ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത മലയാളി കാലങ്ങള്‍ക്കു ശേഷം ഭക്ഷ്യ പ്രതിസന്ധിയെ മുഖാമുഖം കാണും. ആളുകളുടെ കയ്യില്‍ പണമുണ്ടായിട്ടും അവശ്യ സാധനങ്ങള്‍ കിട്ടാത്ത സ്ഥിതി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. 


കോവിഡ് നമുക്ക് മുന്നിലേക്ക് വയ്ക്കുന്ന പ്രധാനപ്പെട്ട വിഷയം ഭക്ഷ്യ സ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ടുള്ളതാണ്.  


കേരളത്തിലെ കാര്‍ഷിക രംഗം 


ഇന്ത്യയിലെ ജനസംഖ്യയുടെ 60% ആളുകള്‍ കാര്‍ഷിക വൃത്തികൊണ്ട് ഉപജീവനം  കഴിക്കുന്നവരാണ്. രാജ്യത്തിന്‍റെ ആഭ്യന്തര വരുമാനത്തിന്‍റെ 16% കാര്‍ഷിക മേഖലയില്‍ നിന്നാണ് വരുന്നത്. കേരളത്തിലാകട്ടെ 27% ആളുകളാണ് കൃഷി ചെയ്ത് ഉപജീവിക്കുന്നവര്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി,ഭക്ഷ്യ വിളകള്‍ കൂടാതെ തോട്ടവിളകളും നാണ്യവിളകളും വ്യവസായ വിളകളും കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് കയറ്റി അയക്കാനും വിദേശ നാണ്യം നേടിത്തരാനും സഹായിക്കുന്ന നാണ്യവിളകള്‍ കേരളത്തിന്‍റെ ആകെ കൃഷി ഭൂമിയുടെ വലിയൊരു ശതമാനം വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്ന ആകെ ഭൂവിസ്തൃതി  കുറഞ്ഞു വരികയാണ് .സര്‍ക്കാര്‍  കണക്കനുസരിച്ചു ഒരു ലക്ഷം ഹെക്ടറിലധികം തരിശു ഭൂമിയും രണ്ടരലക്ഷം ഹെക്ടറിലധികം ഇടവിള കൃഷിക്കനുയോജ്യമായ ഭാഗിക തരിശുമാണ് .ചരിത്രപരമായി തന്നെ ഭക്ഷ്യസുരക്ഷ ഇല്ലാത്ത ഭൂപ്രദേശമാണ് കേരളം.  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങളില്‍ തന്നെ ആവശ്യത്തിനുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കൃഷി ചെയ്യപ്പെട്ടിരുന്നില്ല എന്ന് രേഖകളിലുണ്ട്.  ആവശ്യമായ അരിയുടെ 40% മാത്രമാണ് തിരുവിതാംകൂറില്‍ നൂറു വര്‍ഷം മുന്‍പ് ഉത്പാദിപ്പിക്കപ്പെട്ടിരുന്നത് എന്നാണ് കണക്ക്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും ബര്‍മ്മയില്‍ നിന്നും വരെ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇവിടേക്ക് എത്തിച്ചിരുന്നു. നാടിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്കാവശ്യമായ കൃഷി മുന്‍പും ഇവിടെ ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. ഇപ്പോള്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തു മാത്രമായി നെല്‍ക്കൃഷി ചുരുങ്ങുകയും ചെയ്തു. 


കോറോണയുടെ കാലത്ത് ഇറക്കുമതികളെ മാത്രം ആശ്രയിച്ച് കേരളത്തിന് അതിജീവിക്കാനാകില്ല. പച്ചക്കറിയും പഴങ്ങളും അരിയും പലവ്യഞ്ജനങ്ങളുമെല്ലാം ഇറക്കുമതി ചെയ്യുന്ന രീതി,  ഇതേ നിലയില്‍ എക്കാലവും തുടരുമെന്ന ധാരണയില്‍ മുന്നോട്ടു പോകാനാകില്ല. നമ്മുടെ കൃഷി രീതികളിലും വിളകളുടെ മുന്‍ഗണനാ ക്രമത്തിലുമെല്ലാം വ്യത്യാസങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. ഭക്ഷണത്തിനാവശ്യമുള്ള അരി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കാര്‍ഷിക രീതികളിലേക്ക് മാറേണ്ടതുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതയുള്ള സംസ്ഥാനമായി മാറുക എന്ന ലക്ഷ്യത്തില്‍ സര്‍ക്കാരും ജനങ്ങളും കൈകോര്‍ക്കണം. നാട്ടില്‍ തരിശു കിടക്കുന്ന ഭൂമികളെല്ലാം കൃഷിയോഗ്യമാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം. ആവശ്യത്തിലധികം പണം കയ്യിലുണ്ടായാലും വിപണിയില്‍ സാധനങ്ങള്‍  ഇല്ലെങ്കില്‍ എന്തു ചെയ്യും..? 
പണം ഭക്ഷിക്കാന്‍ കഴിയില്ലല്ലോ..?


കോവിഡ് ബാധിതനായി മരിച്ച ഇറ്റലിയിലെ പ്രശസ്തനായ ഒരു ടെലിവിഷന്‍ ഉടമയുടെ മകളുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വായിച്ചതോര്‍മ്മ വരുന്നു; "എന്‍റെ അച്ഛന്‍റെ കയ്യില്‍ ധാരാളം പണമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ രക്ഷിക്കാനായില്ല. അദ്ദേഹത്തിന് ശ്വാസം കൊടുക്കാന്‍ കഴിഞ്ഞില്ല...". പുതിയ ലോക സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനയാണത്. 


കര്‍ഷകര്‍ നേരിടുന്ന  പ്രശ്നങ്ങള്‍ 


റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കാലം കൂടിയാണ്.  കേന്ദ്ര ഗവണ്മെന്‍റിന്‍റെ ഇറക്കുമതി നയം റബര്‍ മേഖലയെ പിന്നോട്ടടിക്കുന്നു. കോവിഡിനു ശേഷം ലോകത്തുണ്ടായ പെട്രോളിയം വിലത്തകര്‍ച്ച റബറിന്‍റെയും വിലയിടിവിന് കാരണമാകും.  റബറിനും റബര്‍ ഉല്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ തന്നെ ആവശ്യം കുറയും.  ഈ പ്രതിസന്ധി പരിഹരിക്കാനും നിശ്ചിത വില കര്‍ഷകര്‍ക്ക് നല്‍കാനും ഗവണ്മെന്‍റ് മുന്‍കൈ എടുക്കണം. 


കാപ്പി,  തേയില കര്‍ഷകര്‍  പ്രത്യക്ഷത്തില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നില്ലെങ്കിലും കോവിഡിനു ശേഷമുള്ള സാഹചര്യത്തില്‍ വിപണിയില്‍ പ്രശ്നങ്ങള്‍ രൂപപ്പെടാന്‍ ഇടയുണ്ട്. പഴങ്ങള്‍ കൃഷി ചെയ്യുന്ന രീതിയിലും മാറ്റങ്ങള്‍ വരേണ്ടതാണ്. നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായ പുതിയ പഴവര്‍ഗങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തയ്യാറാകണം. കിവി പോലെയുള്ള പഴവര്‍ഗങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ കൃഷി ചെയ്യുന്ന മാതൃക സ്വീകരിക്കാവുന്നതാണ്. 


ക്ഷീര മേഖലയും വലിയ പ്രതിസന്ധിയിലാണ്. ഹോട്ടലുകള്‍ പൂട്ടുകയും വലിയ പരിപാടികള്‍ ഇല്ലാതാകുകയും ചെയ്തതോടെ പാലിന്‍റെ ആവശ്യം വല്ലാതെ കുറഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നു. പാലില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും പാല്‍പ്പൊടി ആക്കി മാറ്റുകയും ചെയ്താണ് മില്‍മ ഈ പ്രതിസന്ധിയില്‍ നിന്ന് കര്‍ഷകരെ കരകയറ്റേണ്ടത്. 


മത്സ്യ മേഖലയുടെ സ്ഥിതിയും ആശങ്കാജനകമാണ്. ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ തൊഴിലാളികള്‍ പട്ടിണിയിലാകുന്ന അവസ്ഥയാണ്.  കോവിഡിനു ശേഷം ആളുകള്‍ മത്സ്യക്കമ്പോളങ്ങളിലേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതു വരെ ഈ പ്രതിസന്ധി തുടരുകയും ചെയ്യാനാണ് സാധ്യത. ഉള്‍നാടന്‍ മത്സ്യകൃഷി  വന്‍തോതില്‍ ആരംഭിക്കാന്‍ നമുക്ക് കഴിയണം. 


കേരള സര്‍ക്കാര്‍ സമഗ്രമായി ഈ മേഖലകളിലെല്ലാം പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ശരിയായി ഉപയോഗപ്പെടുത്തി കോവിഡ് കാലത്ത് കര്‍ഷകര്‍ക്കൊപ്പം വിവിധ ഗവണ്മെന്‍റ് ഏജന്‍സികള്‍ നിലകൊള്ളണം.  


ആഡംബരങ്ങളും ആവശ്യങ്ങളും 


ആഡംബരങ്ങള്‍ ശീലങ്ങളായി മാറിയ ഒരു കാലമായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കു മേല്‍ അത്യാഡംബരങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ മേല്‍പ്പുരകളിലെ വാസം കൊറോണയ്ക്കു ശേഷം, മനുഷ്യര്‍ താല്‍ക്കാലികമായെങ്കിലും അവസാനിപ്പിക്കാനിടയുണ്ട് എന്ന പ്രവചനങ്ങള്‍ ഉയര്‍ന്നു വരുന്നു.


കൃഷി ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കണ്ടതിന്‍റെ ആവശ്യകത ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അത്യാവശ്യത്തിനും ആഡംബരത്തിനും ഇടയിലുള്ള അതിര്‍വരമ്പ് മനസിലാക്കാനുള്ള ഒരു വേളയായി കോവിഡ് കാലം മാറിയിട്ടുണ്ട്.  ലോകം ഈ നിലയില്‍ ചിന്തിച്ചു തുടങ്ങിയാല്‍ പല വ്യവസായ  തൊഴില്‍ മേഖലകളും പ്രതിസന്ധിയില്‍പ്പെടും.  പല ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രാധാന്യം ഇല്ലാതാകും.  മുന്‍ഗണനകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടും. ലോകം ആര്‍ജിച്ച ജീവിതത്തിന്‍റെ ഗതിവേഗം മന്ദഗതിയിലേക്കു മാറും.  


അതില്‍ ഏറ്റവും പ്രധാനം ഭക്ഷണം ഓരോ വ്യക്തിയുടെയും ചുമതലയാണെന്ന പുതിയ ബോധനിര്‍മ്മിതി ആയിരിക്കും. പേഴ്സിലോ അക്കൗണ്ടിലോ ഉള്ള പണം ഭക്ഷിക്കാന്‍ കഴിയില്ലെന്നും എന്‍റെ ഭക്ഷണം എന്‍റെ കൂടി ഉത്തരവാദിത്തമാണെന്നുമുള്ള പുതിയ ബോധ്യത്തിലേക്ക് ലോകം മാറുകയും ചെയ്യും.  അത്തരമൊരു കാലത്താണ് കേരളം പോലെയൊരു ഉപഭോക്തൃ സംസ്ഥാനം ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്.