സമൂഹവ്യാപനം സ്വപ്നം കാണുന്ന കോണ്‍ഗ്രസ്

സി പി നാരായണന്‍

ഇന്ത്യയില്‍ കേരളത്തിലേക്കാണ് ജനുവരി അവസാനം കൊറോണാ വൈറസ് ആദ്യമായി കടന്നെത്തിയത്. മാത്രമല്ല, ഫെബ്രുവരിയിലും മാര്‍ച്ചിലും ഇവിടെയായിരുന്നു കൊറോണാ രോഗികള്‍ താരതമ്യേന കൂടുതല്‍. എങ്കിലും, അക്കാലം മുതല്‍ കേരള സര്‍ക്കാര്‍ ഇവിടെയും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം അംഗീകരിച്ച് രോഗികളെ പരിശോധിച്ച് കണ്ടെത്താനും ആശുപത്രിയില്‍ ചികില്‍സിക്കാനും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുവരുന്നവരെയും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും ഒന്നും രണ്ടും ആഴ്ച ക്വാറന്‍റൈനില്‍ വെക്കാനും ശ്രദ്ധിച്ചിരുന്നു. സാമൂഹ്യഅകലം പാലിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. അക്കാലത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളം ഈ രീതി പിന്തുടരേണ്ട എന്നും അമേരിക്ക സ്വീകരിച്ച മിറ്റിഗേഷന്‍ (ലഘൂകരണ) സമീപനം കൈക്കൊണ്ടാല്‍ മതി എന്നും നിയമസഭയില്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.


ആ രീതി പിന്തുടര്‍ന്ന അമേരിക്ക ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ താന്‍ അന്ന് അങ്ങനെ പറഞ്ഞതിനെ പിന്നീട് നിഷേധിച്ചു എന്നു പറഞ്ഞ് തടിതപ്പുകയാണദ്ദേഹം.


അതേ രീതിയിലുള്ള അമേരിക്കയുടെ പ്രസിഡന്‍റ് ട്രംപിന്‍റെ ശൈലിയിലുള്ള നിര്‍ദ്ദേശങ്ങള്‍ ചെന്നിത്തല ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: " കേരളത്തിലേക്ക് ഇപ്പോള്‍ വേണ്ടത് കേന്ദ്രം ഏര്‍പ്പെടുത്തുകയും കേരള സര്‍ക്കാര്‍ അനുകൂലിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ ട്രെയിന്‍ അല്ല; എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന സാദാ ട്രെയിന്‍ ആണ്". ജൂണില്‍ പാസഞ്ചര്‍ തീവണ്ടികള്‍ അനുവദിക്കാനാകും എന്നു കരുതി റെയില്‍വെ നേരത്തെ ടിക്കറ്റ് ബുക്കിങ് അനുവദിച്ചിരുനു. ഇപ്പോഴത്തെ സ്ഥിതിയില്‍ ജൂണ്‍ 30 വരെയുള്ള ബുക്കിങ്ങ് കാന്‍സല്‍ ചെയ്തിരിക്കുന്നു. അവര്‍ക്കുള്ള സാമാന്യബോധം എന്തേ ചെന്നിത്തലജിക്ക് ഇല്ല? അദ്ദേഹത്തിന്‍റെയും കേരളത്തിലെ മറ്റു പല കോണ്‍ഗ്രസ് നേതാക്കളുടെയും വാദം ഇന്ത്യയില്‍ എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായി പൗരര്‍ക്കുണ്ട് എന്നാണ്. അതാരും നിഷേധിച്ചുകൂട എന്നാണ്.


ഇന്ത്യയേക്കാള്‍ ജനാധിപത്യ പാരമ്പര്യമുള്ള ലോകത്തിലെ രാജ്യങ്ങള്‍പോലും കൊറോണ വ്യാപനകാലത്ത് സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുന്നുണ്ട്. കൊറോണാ വൈറസിന്‍റെ സമൂഹവ്യാപനം തടയാനാണ് അത്. ആ വൈറസ് ചകിരിക്ക് തീപിടിച്ചതുപോലെ ആളിപ്പടരുന്നത് തടയാനാണ് ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ അവര്‍ താല്‍കാലികമായി തടഞ്ഞതും തടയുന്നതും. അതാണ് ഇന്ത്യയിലാകെ - കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ പോലും - സര്‍ക്കാരുകള്‍ ചെയ്യുന്നത്. അത് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ പാടില്ല എന്നാണ് ചെന്നിത്തല പ്രഭൃതികളുടെ വാശി.


ഇന്ന് ലോകമാകെ - ഏത് ഭൂഖണ്ഡത്തിലായാലും, ഏതു രാഷ്ട്രീയ ആഭിമുഖ്യമുള്ളവരായാലും - പ്രശസ്തമായ മാധ്യമങ്ങളും പ്രമുഖ വ്യക്തികളും കൊറോണാ വൈറസിനെ തളയ്ക്കുന്നതില്‍ കേരളം കാണിച്ച വൈഭവത്തെയും നേടിയ വിജയത്തെയും കലവറയില്ലാതെ അഭിനന്ദിക്കുന്നു. അതിനു അടിസ്ഥാനം സംസ്ഥാനത്തെ ഗ്രാമാന്തരങ്ങള്‍വരെ ചികില്‍സാ സൗകര്യങ്ങളും ആരോഗ്യ പ്രവര്‍ത്തകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥാനുദ്യോഗസ്ഥ വൃന്ദവും അവരെയെല്ലാം നയിക്കുന്ന സംസ്ഥാന സര്‍ക്കാരും വിശദമായ നയസമീപനവും ഉള്ളതാണ് എന്ന്  ആ മാധ്യമങ്ങള്‍ തിരിച്ചറിയുന്നു. എല്ലാവര്‍ക്കും സൗജന്യ റേഷന്‍ മാത്രമല്ല ധനസഹായവും സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നതിന്‍റെയും സൗജന്യ ചികില്‍സ നടത്തുന്നതിന്‍റെയും പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെയൊക്കെ വിജയകരമായി നയിക്കുന്നതില്‍ മുഖ്യമന്ത്രി ദിവസേന മാധ്യമ സമ്മേളനം നടത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന്‍റെയും സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്‍റെയും പ്രസക്തി അവര്‍ എടുത്തു പറയുന്നു.


അതിനെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്‍റെയും ബിജെപിയുടെയും ചില നേതാക്കള്‍ 'തള്ള്" എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും. അതുവഴി അവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് തങ്ങളുടെ അജ്ഞതയുടെ, വിവരക്കേടിന്‍റെ ആഴം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുകയാണ്. വിദേശങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരൊക്കെ - അവര്‍ക്ക് കൊറോണാ ബാധയുണ്ടോ ഇല്ലയോ എന്നു നോക്കാതെ - വരാന്‍ അനുവദിക്കണം എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ബിജെപി നയിക്കുന്ന മോഡി സര്‍ക്കാര്‍ ഇത് അനുവദിക്കുന്നില്ല എന്ന കാര്യവും കേരളത്തില്‍ അതിര്‍ത്തി കടന്നു അങ്ങോട്ടു പ്രവേശിക്കാന്‍ ആരെയും കര്‍ണാടക സര്‍ക്കാരോ തമിഴ്നാട് സര്‍ക്കാരോ അനുവദിക്കുന്നില്ല എന്ന കാര്യവും അവര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്നു.


കൊറോണ വ്യാപനത്തെ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന സകല നടപടികളോടും അവര്‍ നിസ്സഹരിക്കുന്നു; അല്ലെങ്കില്‍ അവയെ അവര്‍ അന്ധമായി എതിര്‍ക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇവിടെ സകല പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്, കൊറോണ പ്രതിരോധമൊഴികെ. അതിനായി ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നതിനോട് ഉള്‍പ്പെടെ അവര്‍ നിസ്സഹകരിക്കുകമാത്രമല്ല ചെയ്യുന്നത്; തുറന്നെതിര്‍ക്കുകയുമാണ്. മതനേതാക്കള്‍ ഉള്‍പ്പെടെ കേരളത്തിലെ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലെയും മലയാളികള്‍ ആകെ സര്‍ക്കാരിന്‍റെ ഈ രംഗത്തെ എല്ലാ ഉദ്യമങ്ങള്‍ക്കും കലവറയില്ലാതെ പിന്തുണ നല്‍കുമ്പോഴാണ് ഇത്.  കേരള സര്‍ക്കാരിനെ നല്ല വാക്കുകള്‍ പറഞ്ഞോ, നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെയോ, സംഭാവന നല്‍കിയോ സഹായിക്കുന്നവരെ അവയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കൂടി ഇക്കൂട്ടര്‍ കിണഞ്ഞു ശ്രമിക്കുന്നു എന്നു മനസ്സിലാക്കുമ്പോഴാണ് പ്രതിപക്ഷത്തിന്‍റെ ഈ എതിര്‍പ്പ് എത്രത്തോളം എത്തിനില്‍ക്കുന്നു എന്നു മനസ്സിലാവുക.


എല്‍ഡിഎഫിനോട്, വിശേഷിച്ച് സിപിഐ എമ്മിനോട് ഉള്ള അന്ധമായ എതിര്‍പ്പ് കോണ്‍ഗ്രസിനെ എവിടംവരെ എത്തിച്ചിരിക്കുന്നു എന്നു തിരിച്ചറിയേണ്ടതുണ്ട്. സിപിഐ എമ്മിന്‍റെ നേതാക്കളില്‍ മാത്രമായി അത് ഒതുങ്ങിനില്‍ക്കുന്നില്ല. അവരെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ച ജനങ്ങളോടാകെയായി വളര്‍ന്നിരിക്കുന്നു അവരുടെ ശത്രുത. അതുകൊണ്ടാണ് കേരളത്തിലേക്ക്, ഇവിടത്തെ ജനങ്ങളിലേക്ക്, തങ്ങളെ പിന്താങ്ങുന്ന സ്വന്തം വോട്ടര്‍മാരിലേക്കും സ്വന്തം കക്ഷിക്കാരിലേക്കും വരെ കൊറോണാ ബാധ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊറോണാ ബാധിതമായ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമേറിയവര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കേരള സര്‍ക്കാര്‍ കുറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊറോണാ രോഗബാധിതരെ കൊണ്ടുവരരുത് എന്നാണ് അത് നിര്‍ദ്ദേശിക്കുന്നത്. അതുതന്നെയാണ് മോഡി സര്‍ക്കാരിന്‍റെയും നിലപാട്. അത്തരക്കാര്‍ വരുന്നത് രോഗവ്യാപനത്തിനു ഇടയാക്കും എന്ന കാരണത്താലാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും നിലപാട് അതാണ്. അതുകൊണ്ടാണ് മാര്‍ച്ച് 25 മുതല്‍ അന്യരാജ്യങ്ങളില്‍നിന്നുള്ള വിമാന - കപ്പല്‍ ഗതാഗതമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.


വസ്തുത ഇതായിരിക്കെയാണ് യുഡിഎഫ് നേതാക്കള്‍ ഒരു നിയന്ത്രണവും കൂടാതെ വിദേശങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്. ഇത് ഈ നാട്ടുകാര്‍, എന്തിനു തങ്ങളുടെ അനുയായികള്‍പോലും അംഗീകരിക്കുന്നുണ്ടോ എന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടോ? അവരോട് ചോദിച്ചു കാണാന്‍ വഴിയില്ല. രോഗബാധിതരല്ലാത്ത ചിലര്‍ കേരളത്തില്‍ തങ്ങളുടെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയാന്‍ തയ്യാറായി വന്നപ്പോള്‍ ആ വീട് പൂട്ടിയിട്ടും മറ്റു തരത്തിലും പ്രതിഷേധിച്ച അയല്‍ക്കാര്‍ ഉള്ള നാടാണ് ഇത്. അപ്പുറത്തെ വേലിയില്‍ കിടക്കുന്ന പാമ്പിനെ പിടിച്ച് ആരാന്‍റെ കഴുത്തില്‍ എടുത്തിടാന്‍ ബഹുരസമായിരിക്കും എന്നായിരിക്കാം യുഡിഎഫ് നേതാക്കളുടെ ചിന്താഗതി.


അതിന്‍റെ ഉദാഹരണമാണ് പാലക്കാടിനടുത്ത് വാളയാറിലെ ചെക്ക്പോസ്റ്റില്‍ മൂന്ന് കോണ്‍ഗ്രസ് എംപിമാരും രണ്ട് എംഎല്‍എമാരും ചേര്‍ന്ന് അരങ്ങേറിയ അസംബന്ധ നാടകം. അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇതിനകം മുപ്പതിനായിരത്തോളം മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവര്‍ താമസിക്കുന്ന സംസ്ഥാനത്തെ ജില്ലയിലെ അധികാരികളില്‍നിന്നും കേരളത്തില്‍ എത്തേണ്ട ജില്ലയുടെ അധികാരികളില്‍നിന്നും അനുമതി വാങ്ങണം. അത് കേരളത്തിലെ നിര്‍ദിഷ്ട ചെക്ക്പോസ്റ്റില്‍ കാണിച്ചാല്‍ രോഗമുണ്ടോ എന്നു പരിശോധിച്ച് കടത്തിവിടും. രോഗമുണ്ടെങ്കില്‍ ആശുപത്രിയിലാക്കും. അല്ലെങ്കില്‍, സ്വന്തം വീട്ടിലോ സര്‍ക്കാര്‍ കേന്ദ്രത്തിലോ രണ്ടാഴ്ച ക്വാറന്‍റൈനില്‍ കഴിയണം. ഇത് പാടില്ല, ഏത് മലയാളിക്കും കേരളത്തിലേക്ക് വരാന്‍ ആരുടെയും അനുമതി വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. 


മെയ് 9നു വൈകുന്നേരം മേല്‍പറഞ്ഞ എംപിമാരും എംഎല്‍എമാരും കൂടി വാളയാര്‍ ചെക്ക്പോസ്റ്റില്‍ ചെന്ന് ബഹളം കൂട്ടി പാസില്ലാത്തവരെ കടത്തിവിടണം എന്ന് ആവശ്യപ്പെട്ടു. പാസ്നോക്കി ആള്‍ എവിടെ പോകാനാണ് എന്നു അന്വേഷിച്ചശേഷം അവിടെ ക്വാറന്‍റൈന്‍ സൗകര്യം ഒരുങ്ങിയോ എന്ന് തിട്ടപ്പെടുത്തിയാണ് ആളെ കടത്തിവിടുന്നത്. ഈ എംപി എംഎല്‍എ സംഘം, വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര പറയുന്നത് ശരിയെങ്കില്‍, പാസ് ഇല്ലാത്ത ഒരാളെ കടത്തിവിട്ടു. അയാളെ പാലക്കാട്ടെ അധികാരികള്‍ പരിശോധിച്ചപ്പോള്‍ കോവിഡ് 19 പോസിറ്റീവ് ആണ് എന്നു കണ്ടു. അതായത്, കോവിഡ് ബാധിതന്‍.


അതനുസരിച്ച് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍ എംപിമാരും പാലക്കാട്, വടക്കാഞ്ചേരി എംഎല്‍എമാരും ഈ സമരനാടകം അരങ്ങേറിയപ്പോള്‍ സന്നിഹിതരായിരുന്നവരും. കൊറോണ പ്രതിരോധത്തിനുള്ള ചട്ടമനുസരിച്ച് അവരെല്ലാം ക്വാറന്‍റൈനില്‍ കഴിയേണ്ടതാണ്. അങ്ങനെ ചെയ്യാതിരുന്നാലാണ് ഇറ്റലി, സ്പെയിന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സംഭവിച്ചതുപോലെ കൊറോണാ വൈറസിന്‍റെ സമൂഹവ്യാപനം ഉണ്ടാകുക. അങ്ങനെ സംസ്ഥാനത്താകെ കൊറോണാ വ്യാപനം ഉണ്ടായി ആളുകള്‍ ചത്തൊടുങ്ങണമെന്നാണോ യുഡിഎഫ് നേതൃത്വം ആഗ്രഹിക്കുന്നത്? എംപിമാരും എംഎല്‍എമാരും അവരുടെ സില്‍ബന്തികളും കോവിഡ് രോഗികളുടെ തോളത്ത് കയ്യിടുകയും ആ കൈ കഴുകാതെ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൈക്കോര്‍ക്കുകയും ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് അതിലേക്ക് നയിക്കും.
അങ്ങനെ സംഭവിച്ചാല്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാമെന്നും അതില്‍പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അങ്ങനെ തങ്ങള്‍ക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും ആയിരിക്കാം യുഡിഎഫിന്‍റെ പകല്‍ക്കിനാവ്. അവര്‍ക്ക് അധികാരത്തിലെത്തുക, ഭരിക്കുക, അധികാരത്തിന്‍റെ ശര്‍ക്കരക്കുടത്തില്‍ കയ്യിട്ട് വാരിത്തിന്നു അര്‍മാദിക്കുക എന്നതു മാത്രമാണ് കിനാവ്. അതിനു അരങ്ങൊരുങ്ങാന്‍ എത്ര പേര്‍ ചത്തൊടുങ്ങണം എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. അതുകൊണ്ടാകണമല്ലോ ഈ ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് കൊറോണരോഗ ബാധിതരെപ്പോലും കേരളത്തിലേക്ക് കടത്തിവിടാന്‍ അധികാരമുണ്ട് എന്നു മാധ്യമങ്ങള്‍ക്കും മറ്റും  മുമ്പില്‍ അര്‍മാദിച്ചത്.


എല്‍ഡിഎഫിനെയും അതിന്‍റെ സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ജനങ്ങളാണ് പ്രധാനം. അവര്‍ ഉണ്ടെങ്കിലേ അധികാരവും അത് ഉണ്ടാക്കുന്ന സ്വത്തും ആഡംബരവും എല്ലാം ഉണ്ടാകൂ. ജനാധിപത്യ വ്യവസ്ഥയില്‍ അധികാരം സ്വയം മദിക്കാനല്ല. ജനങ്ങളിലെ നിന്ദിതരും പീഡിതരും രോഗാതുരരും ദരിദ്രരും മറ്റ് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരും അവര്‍ അനുഭവിക്കുന്ന യാതനകളില്‍നിന്നും പീഡനങ്ങളില്‍നിന്നും മോചനം ലഭിക്കാനാണ്. ആ മോചനം ഉറപ്പു ചെയ്യേണ്ട സംവിധാനമാണ് ഭരണകൂടവും അതിന്‍റെ അധികാരവും.


യുഡിഎഫിനും ബിജെപിക്കും ആ ചിന്ത ഒട്ടുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിനു ആ ചിന്തയേ ഉള്ളൂ. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, 'എനിക്കിപ്പോള്‍ രാഷ്ട്രീയം പറയാന്‍ സമയമില്ല' എന്ന്. കേരളത്തിലെ യുഡിഎഫിനും ബിജെപിക്കും ഇപ്പോള്‍ രാഷ്ട്രീയമേ പറയാനുള്ളൂ. ജനങ്ങളുടെ ആരോഗ്യരക്ഷയും തൊഴില്‍ സുരക്ഷിതത്വവും ഒന്നും അവരുടെ പരിഗണനയിലോ സമരചിന്തയിലോ ഇല്ല. അതുകൊണ്ടാണല്ലോ വാളയാറില്‍ കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികള്‍ നിരുത്തരവാദപരമായി വിളയാടിയത്. വി മുരളീധരന്‍ ഒരു കേന്ദ്രമന്ത്രിക്കു ചേരാത്തവിധം വിവരക്കേടുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.


കേരളത്തിലേക്ക് പുറത്തുനിന്നു ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതും രോഗപകര്‍ച്ചയുംമൂലം പുതിയ കോവിഡ് 19 രോഗികള്‍ ഉണ്ടാകുന്നു. അവരെ എന്തിനു കടത്തിവിടുന്നു എന്നു ചോദിക്കുന്നവരുണ്ട്. പ്രവാസികളെ ഇതിന്‍റെ പേരില്‍ പഴിക്കുന്നവര്‍ വരെയുണ്ട്. അവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുന്നു എന്നും. ആ വാദം ശരിയല്ല. പ്രവാസികള്‍, വിശേഷിച്ച് ഗള്‍ഫിലുള്ളവര്‍, ആണ് കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയവര്‍. അതുകൊണ്ട് കേരള സമൂഹത്തിനു മൊത്തത്തില്‍ ഉണ്ടായത് പുരോഗതിയും സമത്വവും ആണ്. ആസാമിലും മലയായിലും സിലോണിലും ആഫ്രിക്കയിലുമൊക്കെ പോയി കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരുടെ പിന്‍ഗാമികളാണവര്‍. അവരെ ഒരിക്കലും പഴിച്ചുകൂടാ. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്, പ്രത്യേകിച്ച് ദുരന്തവേളയില്‍.


മഹാമാരികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അവയെയൊക്കെ അതിജീവിച്ചാണ് മാനവരാശിയും അതിന്‍റെ ഭാഗമായി കേരളീയരും ഇവിടം വരെ എത്തിയത്. അത് ആരും ഒരിക്കലും മറന്നുകൂട.