ഇന്ത്യ കൂലിഅടിമത്തത്തിലേക്കോ?

എ ആര്‍ സിന്ധു

തൊഴില്‍ നിയമ ഭേദഗതികള്‍ 
 

ഈ ലോക്ക് ഡൗണ്‍ കാലത്ത്, ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് പ്രവാസി തൊഴിലാളികളുടെ, ശോചനീയമായ നിസ്സഹായത ലോകത്തിന്‍റെ മുമ്പില്‍ മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വ്യവസ്ഥയുടെ തൊഴിലാളി വിരുദ്ധതയാണ്, ചൂഷണത്തിന്‍റെ ആഴമാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. 


ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകള്‍  വിഭജന കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനത്തില്‍, കൊടും പട്ടിണിയില്‍, ആയിരക്കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തു പുഴുക്കളെപ്പോലെ മരിച്ചു വീഴുന്ന പ്രവാസി തൊഴിലാളികള്‍, മിനിമം സുരക്ഷ പോലുമില്ലാതെ ജീവന്‍ പണയം വച്ച് കോവിഡിനെ നേരിടുന്ന ഡോക്ടര്‍മാരടക്കമുള്ള 'ഫ്രന്‍റ് ലൈന്‍' അഥവാ മുന്‍നിര പോരാളികള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ ഐടിയും പത്രപ്രവര്‍ത്തനവുമടക്കം വിവിധ മേഖലകളില്‍, ദിവസേന പിരിച്ചുവിടപ്പെടുന്ന, ശമ്പളവും വിവിധ അലവന്‍സുകളും വെട്ടിക്കുറൗ,ക്കപ്പെടുന്ന, തൊഴിലാളികള്‍ (അതില്‍ റിലയന്‍സ്, ടൈംസ് ഓഫ് ഇന്ത്യ, വിപ്രോ മാത്രമല്ല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുമുണ്ട്) ഇന്ത്യന്‍ തൊഴിലാളിയുടെ അവസ്ഥ തുറന്നു കാട്ടുന്നുണ്ട്. 
ഈ അവസരത്തില്‍ ബഹുഭൂരിപക്ഷം വരുന്ന, തൊഴിലാളികള്‍, കൃഷിക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ തൊഴിലില്ലാത്തവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരടങ്ങിയ, ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക സഹായവും തൊഴില്‍ വേതന പരിരക്ഷയ്ക്കായി നിയമങ്ങളും ഉറപ്പുവരുത്തേണ്ട കേന്ദ്രസംസ്ഥാന  സര്‍ക്കാരുകള്‍ വീണ്ടും ഇവരെ ചൂഷണം ചെയ്ത് മുതലാളിമാരുടെ ലാഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറപ്പു വരുത്താന്‍ മാര്‍ഗങ്ങള്‍ തേടുകയാണ്.


മുതലാളിത്തം അതിന്‍റെ പ്രതിസന്ധികളുടെ ഭാരം എക്കാലത്തും തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും മേല്‍ കെട്ടിവയ്ക്കാറുണ്ട്. യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും മുതലാളിത്തം ഇതിനുള്ള അവസരമായാണ് ഉപയോഗിക്കാറ്. ഇന്നും ലോകമാകെ പ്രതിസന്ധിയില്‍ മുങ്ങിയ മുതലാളിത്തം അതിന്‍റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വലിയൊരു അവസരമായാണ് കൊറോണയെ ഉപയോഗിക്കുന്നത് . മോഡി സര്‍ക്കാരും ബി ജെ പിയുമാകട്ടെ ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെയും മാന്ദ്യത്തിന്‍റെയും കാരണങ്ങളടക്കം തങ്ങളുടെ നയങ്ങളുടെ പരാജയമല്ല മറിച്ച് കോറോണയാണ് എന്ന് വരുത്താനും തങ്ങള്‍ക്ക് ഇതുവരെ നടത്തിയെടുക്കാന്‍ കഴിയാതിരുന്ന നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കാനുമായി ശ്രമിക്കുകയാണ്.
ലോക്ക് ഡൗണിന്‍റെ മറവില്‍ വിവിധ സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളിക്ക് പ്രതിഷേധിക്കാന്‍ സാധ്യതയില്ലാത്ത ഈ ലോക്ക്ഡൗണ്‍ കാലയളവിനെ പരമാവധി ഉപയോഗിക്കാനുള്ള ഈ ഹീനമായ ശ്രമം പരസ്യമായി പ്രകടിപ്പിക്കാനും മടിക്കുന്നില്ല ഇന്ത്യന്‍ ഭരണ വര്‍ഗം. നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്‍റെ വാക്കുകളില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും ഭരണ വര്‍ഗ്ഗത്തിന്‍റെയും അക്ഷമ പ്രകടമാകുന്നു 'ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ, ധീരമായ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കായി ഈ അവസരം പിടിച്ചെടുക്കണം. ഇനിയൊരിക്കലും നമുക്ക് ഇങ്ങനെയൊരവസരം ലഭിക്കില്ല'. 1991 ലെ പരിഷ്കാരങ്ങള്‍ക്കു ശേഷം ഏറ്റവും ഉറച്ചതും ധീരവുമായ മുന്‍കൈയാണ് ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും സര്‍ക്കാരുകള്‍  നിരവധി നിയമങ്ങള്‍ മരവിപ്പിച്ച് വ്യവസായങ്ങള്‍ക്ക് 'ഫ്ളെക്സിബിലിറ്റി' നല്‍കുക വഴി എടുത്തിരിക്കുന്നത്. കോവിഡ് 19 ഇതിനൊരു ഉത്തേജകത്തിന്‍റെ റോള്‍ ആണ് വഹിച്ചിരിക്കുന്നത്', തന്‍റെ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ അദ്ദേഹം പച്ചയ്ക്കു പറയുന്നു.


തൊഴില്‍ നിയമ ഭേദഗതികള്‍ 


സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം, മിച്ചമൂല്യം ഉത്പാദിപ്പിക്കുന്ന തൊഴിലാളികളില്‍ നിന്ന് ആദ്യം ഈടാക്കണം എന്നത് നവലിബറലിസത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടാണ്. അതുകൊണ്ടു തന്നെയാണ് ആദ്യത്തെ ആക്രമണം തൊഴിലാളികളുടെ അവകാശങ്ങളില്‍ നിന്നുതന്നെ തുടങ്ങുന്നതും. ഇതില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. 


പ്രവാസി തൊഴിലാളികളുടെ കാര്യത്തില്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നതും ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നിരന്തര ഇടപെടലും മൂലം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം നടത്താതെ സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ടാണ് ഇപ്പോള്‍ നിയമ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനൊപ്പം ഫാക്ടറി നിയമം ഭേദഗതി ചെയ്തു തൊഴില്‍ സമയം ദിവസേന 8ല്‍ നിന്ന് 12 ഉം ആഴ്ചയില്‍ 48ല്‍ നിന്ന് 72ഉം ആക്കുകയും ചയ്തു. ഇതിനു തുടക്കം കുറിച്ചത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ഗോവ, അസം, പോണ്ടിച്ചേരി, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഇതിനെ തുടര്‍ന്ന് തൊഴില്‍ സമയം 12 മണിക്കൂറാക്കിക്കഴിഞ്ഞു. ഉത്പാദന, സേവന മേഖലകളില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് തൊഴില്‍ സമയം 8 ല്‍ നിന്ന് 7മണിക്കൂറും ആഴ്ചയില്‍ 48 ല്‍ നിന്ന് 35ഉം ആക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന നിര്‍ദ്ദേശം വിവിധ മേഖലകളില്‍ നിന്ന് ഉയരുമ്പോഴാണിത്. 


നിലവിലുള്ള ഫാക്ടറി നിയമത്തില്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ വരെയാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഈ നിയമ ഭേദഗതി 8 മണിക്കൂറിലധികം പണിയെടുപ്പിച്ചാല്‍ ഓവര്‍ ടൈം അലവന്‍സ് നല്‍കണമെന്നുള്ള  നിബന്ധന എടുത്തു കളയുന്നു.  
യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാരുകളാകട്ടെ ഒരു പടി കൂടി കടന്ന് എല്ലാ തൊഴില്‍ നിയമങ്ങളും 3 മുതല്‍ നാല് വര്‍ഷത്തേക്കുവരെ റദ്ദ് ചെയ്യാനാണ്  ഉത്തരവിട്ടത്! 


യുപിയില്‍ 38 നിയമങ്ങളാണ് ഒറ്റയടിക്ക് ഇനിമേല്‍ മൂന്നു വര്‍ഷത്തേക്ക് ബാധകമല്ല എന്ന് തീരുമാനിച്ചത്. മധ്യ പ്രദേശില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഫാക്ടറി നിയമം, മധ്യപ്രദേശ് വ്യവസായ ബന്ധ നിയമം, തൊഴില്‍ തര്‍ക്ക നിയമം, കോട്രാക്റ്റ് ലേബര്‍ ആക്ട്, ട്രേഡ് യുണിയന്‍ നിയമം, വ്യവസായ സുരക്ഷാ നിയമം എന്നിവ അടക്കം ഒരു നിയമവും ഇനി 1000 ദിവസത്തേക്ക് ബാധകമല്ല എന്നാണ്. മധ്യ പ്രദേശിലെ തൊഴിലാളി ക്ഷേമ നിധിയിലേക്കുള്ള 80 രൂപ വിഹിതവും ഇനിമേല്‍ മുതലാളിമാര്‍ അടയ്ക്കേണ്ടതില്ല. ഗുജറാത്തിലും ഇതേ രൂപത്തില്‍ തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഇതേ മാതൃക പിന്തുടരുമെന്നു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ 12 മണിക്കൂര്‍ ജോലി സമയം പ്രഖ്യാപിച്ചിരിക്കുന്നു. 


താമസിയാതെ കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.


മിനിമം കൂലിയും സൗകര്യങ്ങളും ഉറപ്പുവരുത്തുമോ 


മിനിമം കൂലിയും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാരുകള്‍ അവകാശപ്പെടുന്നത്. യുപി സര്‍ക്കാര്‍ പറയുന്നത് നിര്‍മ്മാണ തൊഴിലാളി നിയമം,പേമെന്‍റ് ഓഫ് വേജസ് ആക്ട് (സെക്ഷന്‍ 5), വര്‍ക്മെന്‍ കോംപന്‍സേഷന്‍ ആക്ട്, ബോന്‍ടെഡ് ലേബര്‍ ആക്ട് എന്നീ നിയമങ്ങളിലെ ചില വകുപ്പുകള്‍ നടപ്പാക്കുമെന്നാണ്. മധ്യപ്രദേശ് സര്‍ക്കാരും പറയുന്നത് മിനിമം കൂലിയടക്കം ചില മിനിമം കാര്യങ്ങള്‍ ഉറപ്പു വരുത്തുമെന്നാണ്. 
എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ലേബര്‍ ഇന്‍സ്പെക്ഷന്‍ നിര്‍ത്തിവയ്ക്കുകയും , ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യുട്ട് ആക്ട് നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. അതായത് മിനിമം കൂലി, സമയത്തു വേതനം ഇവയൊക്കെ നടപ്പാക്കിയില്ലെങ്കില്‍ അതു പരിശോധിക്കാന്‍ ലേബര്‍ ഓഫീസര്‍ക്കോ പരാതിപ്പെടാന്‍ ട്രേഡ് യുണിയനോ അവകാശമുണ്ടാകില്ല!  


കേന്ദ്ര തൊഴില്‍ നിയമ ഭേദഗതികള്‍ 


ഈ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ നിയമ ഭേദഗതികളുടെ ചുവടു പിടിച്ചുള്ളതും അതിന്‍റെ തുടര്‍ച്ചയുമാണ്. 
ഐഎല്‍ഒ കണ്‍വെന്‍ഷനുകളടക്കം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് തൊഴിലാളികളുടെ എല്ലാഅവകാശങ്ങളും (മനുഷ്യാവകാശങ്ങളടക്കം) കവര്‍ന്നെടുക്കാനുള്ള നീക്കങ്ങള്‍ 1991 നു ശേഷം ഏറെക്കാലമായി യുപിഎ, എന്‍ഡിഎ അടക്കം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്നുവരികയാണ്. ഒന്നാം മോഡി സര്‍ക്കാറിന് നടപ്പാക്കാന്‍ കഴയാതിരുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ ഓരോന്നായി ശരവേഗത്തില്‍ നടപ്പാക്കാനാണ് രണ്ടാം മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ മുതലാളിമാര്‍ക്ക് അനുകൂലമായി പൊളിച്ചെഴുതി 4 കോഡുകളാക്കാന്‍ ബില്ലുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. വേജ് കോഡ് നിയമം പാസ്സാക്കിക്കഴിഞ്ഞു. മിനിമം വേതനം, ബോണസ്, തുല്യ വേതനം, പേമെന്‍റ് ഓഫ് വേജസ് എന്നീ നിയമങ്ങള്‍ വേജ് കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്നു നിലവിലില്ല. (ഇവയാണ് യുപി സര്‍ക്കാര്‍ നടപ്പാക്കുമെന്നു പറഞ്ഞത്!)


ഈ നിയമങ്ങള്‍ അഥവാ കോഡുകള്‍ വഴി അതി വിദഗ്ധമായി, തൊഴിലാളിയുടെ എല്ലാ അടിസ്ഥാന അവകാശങ്ങളും  എട്ടു മണിക്കൂര്‍ ജോലി, മിനിമം വേതനം, സംഘടിക്കാനുള്ള അവകാശം  എന്നിവ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാങ്കേതികമായി ചില മിനിമം കാര്യങ്ങള്‍ പറഞ്ഞുവച്ചുകൊണ്ട് രണ്ടു മൂന്നു തരത്തിലാണ് ഇതു ചെയ്യുന്നത്. 


ഒന്ന്: ഈ നിയമങ്ങളെല്ലാം ഒരു ഭരണപരമായ (എക്സിക്യുട്ടിവ് ഓര്‍ഡര്‍) ഓര്‍ഡര്‍ വഴി മാറ്റാന്‍ അതത് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു. ഇത് 8 മണിക്കൂര്‍ ജോലി സമയത്തിനും ബാധകമാണ്. 


രണ്ട്: ഈ നിയമങ്ങള്‍ ഏത് സ്ഥാപനങ്ങള്‍/ഫാക്ടറികള്‍ക്കാണ് ബാധകമാകുക എന്നത് നിലവിലുള്ള 10 തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനം എന്ന നിര്‍വചനത്തില്‍ നിന്ന് തൊഴിലാളികളുടെ എണ്ണം 100 ആയി മാറ്റുക വഴി ഏതാണ്ട് 70-80 ശതമാനത്തോളം സ്ഥാപനങ്ങളെ നിയമങ്ങള്‍ നടപ്പാക്കുക എന്നതില്‍നിന്ന് ഒഴിവാക്കി. (രാജസ്ഥാനില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഇത് 300 ആക്കിയിരുന്നു.) 


അതുപോലെ തൊഴിലാളിയുടെ നിര്‍വചനവും വലിയ വിഭാഗത്തെ ഒഴിവാക്കുന്ന തരത്തില്‍ മാറ്റിയിരിക്കുന്നു ഈ കോഡ്കളില്‍.  മിനിമം കൂലിയും ഭക്ഷണത്തിന്‍റെ അളവ്, കലോറി മൂല്യം, ആളുകളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങള്‍ മാറ്റി വെട്ടിച്ചുരുക്കിയിരിക്കുന്നു. 
മൂന്ന്: ഇവ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തുന്ന എല്ലാ മാര്‍ഗങ്ങളും (ലേബര്‍ ഇന്‍സ്പെക്ഷന്‍ ഒഴിവാക്കുക, ട്രേഡ് യുണിയനുകള്‍ രൂപീകരിക്കാനും അവയ്ക്ക് നിയമ നടപടികള്‍ സ്വീകരിക്കാനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവ) ഇല്ലാതാക്കുക. അതായത് നിയമം നിലവിലുണ്ട്, പക്ഷേ ആര്‍ക്കും ബാധകമല്ല! തന്നെയുമല്ല അവ എപ്പോള്‍ വേണമെങ്കില്‍ മാറ്റാം പ്രത്യേകം നിയമനിര്‍മാണത്തിന്‍റെ ആവശ്യമില്ല!


ഇനി പാസ്സാക്കാനിരിക്കുന്ന വ്യവസായ ബന്ധ കോഡില്‍ ഡിസാസ്റ്റര്‍ മാനേജ്മന്‍റ് ആക്ട്/ പ്രകൃതി ദുരന്ത നിയമപ്രകാരം തൊഴിലാളിക്ക് ശമ്പളം നല്‍കണം എന്ന വ്യവസ്ഥ വരെ എടുത്തു കളഞ്ഞിരിക്കുന്നു. പ്രവാസി തൊഴിലാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്ന അന്തര്‍ സംസ്ഥാന പ്രവാസി തൊഴിലാളി നിയമം - occupational saftey- and working condition  കോഡ് ഇല്ലാതാക്കുന്നു. 


ഭോപാല്‍ ദുരന്തത്തെ അനുസ്മരിപ്പിച്ച് വിശാഖ പട്ടണത്തെ വ്യവസായ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഓര്‍മ്മിക്കേണ്ടത് ഈ നിയമങ്ങള്‍ പാസായാല്‍ (ഈ ഭേദഗതികള്‍ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ) വ്യവസായ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് ഇനിമേല്‍ മുതലാളിയുടെ ഉത്തരവാദിത്തമല്ല! 


തൊഴിലാളിയെ 12 മുതല്‍ 20 മണിക്കൂര്‍ വരെ പണിയെടുപ്പിക്കാവുന്ന, മിനിമം വേതനം, ഓവര്‍ ടൈം ഒന്നും വേണ്ടാത്ത, പണിയെടുക്കുന്ന തൊഴിലാളി കളുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടാത്ത, എല്ലാം ശരിയാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുന്ന, സര്‍ക്കാര്‍ കാലാകാലം നല്‍കുന്ന ഇളവുകള്‍ക്കായി മാത്രം സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടുന്ന, ലോണുകള്‍ ആവശ്യം പോലെ എഴുതിത്തള്ളുന്ന ലാഭത്തിനോ സമ്പത്തിനോ നികുതി കൊടുക്കേണ്ടാത്ത, മോഡിയുടെ ഭാഷയിലെ'സമ്പത്തിന്‍റെ ഉത്പ്പാദകരുടെ (wealth creators)-  രാമരാജ്യം! 


ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടത് ചെറുകിട സ്ഥാപനങ്ങളുടെ പ്രതിസന്ധിയുടെ പേരില്‍ കൂടിയാണ് ഈ നയങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് എന്നതാണ്.പ്രതിസന്ധി നേരിടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് എന്നത് തൊഴിലാളി സംഘടനകള്‍ തങ്ങളുടെ കൂടി ആവശ്യ മായി ഉന്നയിക്കുകയാണ്. ആ പേരില്‍ കൂലി അടിമത്തം കൊണ്ടുവരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലടക്കം, 20 കമ്പനികള്‍ മാത്രം  ചുരുങ്ങിയത് 4 ലക്ഷം കോടിയുടെ ലാഭമുണ്ടാക്കിയ ഇന്ത്യയില്‍ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.


കൂലി അടിമത്തത്തിലേക്ക് 


ഒരു ദുരന്തത്തെ എങ്ങനെ സ്വന്തം പ്രതിസന്ധി മറികടക്കുവാനും അതിന്‍റെ സാമ്പത്തിക ഭാരം എങ്ങനെ തൊഴിലാളി വര്‍ഗത്തിന്‍റെ മേല്‍ കെട്ടി വയ്ക്കമെന്നും മുതലാളിത്തം നന്നായി പ്രയോഗത്തില്‍ വരുത്തുന്നതിന്‍റെ ഉദാഹരണമാണ് നമ്മുടെ മുമ്പില്‍ ഇന്നു നടക്കുന്നത്. 


എല്ലാവര്‍ക്കും മിനിമം ഭക്ഷണവും (റേഷന്‍), വരുമാനവും (7500 രൂപ എല്ലാ കുടുംബങ്ങള്‍ക്കും 3 മാസത്തേക്ക്) എന്നിവ വഴി ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഉറപ്പു വരുത്തി ഈ പ്രതിസന്ധി മറികടക്കുന്നതിന് പകരം ഈ അവസരം ആഭ്യന്തര അടിയന്തരാവസ്ഥയിലും പ്രാണ ഭയത്തിലും ജനങ്ങള്‍ തെരുവിലിറങ്ങില്ല എന്ന അവസ്ഥ നല്‍കുന്ന അവസരം, പ്രതിസന്ധിക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന ജനങ്ങളുടെ ഒരുമ നല്‍കുന്ന അവസരം ഉപയോഗിച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതി നേടിയതടക്കമുള്ള അവകാശങ്ങള്‍ പിടിച്ചു പറിക്കാന്‍ ഇന്ത്യയെ കൂലി അടിമത്തത്തിലേക്ക് കൊണ്ടുപോകാനാണ് ഭരണ വര്‍ഗ ശ്രമം.


അടുത്ത മൂന്നു കോഡുകള്‍ പാസ്സാക്കുന്നത് കാത്തിരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ഭരണവര്‍ഗം തീരുമാനിച്ചിരിക്കുന്നു. അവരുടെ അക്ഷമയാണ് അവരുടെ കുഴലൂത്തുകാരായ ബ്യൂറോക്രാറ്റുകളും  മാധ്യമ ശിങ്കങ്ങളും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സിഐ ഐയും ഫിക്കിയും ഇന്ന് ആവശ്യപ്പെടുന്നത് പിറ്റേന്ന് ലേഖനങ്ങളായും വിദഗ്ധോപദേശങ്ങളായും പ്രസിദ്ധീകരിക്കപ്പെടുകയും അതിന്‍റെ പിറ്റേന്ന് പ്രധാനമന്ത്രിയുടെയും തുടര്‍ന്ന് ധനമന്ത്രിയുടെയും പ്രഖ്യാപനങ്ങളായും നമുക്കു ലഭിക്കുന്നത്. 


അതുകൊണ്ടാണ് ലേബര്‍ കോഡുകളിലെ നിര്‍ദേശങ്ങള്‍ ഒന്നൊന്നായി സംസ്ഥാനങ്ങള്‍ വഴി നടപ്പിലാക്കപ്പെടുന്നത്. തൊഴിലാളി വിരുദ്ധ നടപടികള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിക്കുന്നു.


ഭൂമി ഏറ്റെടുക്കല്‍ നിയമവും സംസ്ഥാനങ്ങള്‍ വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും (കര്‍ണാടകം ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്തു കഴിഞ്ഞു), വിള സംഭരണ നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് അതും കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കേണ്ടതിന്‍റെ അത്യാവശ്യവും ഓണ്‍ ലൈന്‍ വ്യാപാരത്തിന്‍റെ സാധ്യതകളും മന്ത്രിമാരുടെ പ്രഖ്യാപനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും കൂടി കൂട്ടി വായിക്കുമ്പോള്‍ ചിത്രം പൂര്‍ണമാവുന്നു. 
ജോലി സമയവും (മിനിമം കൂലിയും) വിളയുടെ വിലയും ചൂഷണത്തിന്‍റെ/ ലാഭത്തിന്‍റെ/ കോര്‍പ്പറേറ്റ് കൊള്ളയുടെ അടിസ്ഥാനമാക്കി, മുതലാളിത്ത പ്രതിസന്ധിയുടെ ഭാരവും ലോക്ക് ഡൗണിന്‍റെ നഷ്ടവും അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ നിന്ന് ഈടാക്കുക , ഉടനടി! ((The burden of the crisis as well as the cost of the lock down has to be etxracted through appropriation and expropriation and that too immdiately)


സമരങ്ങള്‍


'ഇപ്പോളില്ലെങ്കില്‍ ഒരിക്കലുമില്ല' എന്ന് വിലയിരുത്തിയവര്‍ക്ക് തെറ്റി. ഈ കൊറോണക്കാലത്തും മാനവരാശിയെ രക്ഷിക്കാനുള്ള പോരാട്ടത്തെ മുന്നില്‍ നിന്നു നയിക്കുന്ന തൊഴിലാളി അവരുടെ അവകാശ സംരക്ഷണത്തിനും മുന്നിട്ടിറങ്ങുന്നുണ്ട്. 12 മണിക്കൂര്‍ ജോലി സമയത്തിനെതിരെയും പ്രത്യേക കൊറോണ പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടും 21 ഏപ്രിലില്‍ സിഐടിയു വെറും നാലു ദിവസം മുന്‍പുമാത്രം (സാമൂഹ്യ മാധ്യമങ്ങളും ഫോണും വഴി) നല്‍കിയ ആഹ്വാനത്തില്‍ പങ്കെടുത്തത് 400 ജില്ലകളിലായി അറുപതിനായിരത്തോളം സ്ഥലങ്ങളിലായി ഏതാണ്ട് അഞ്ചു ലക്ഷം തൊഴിലാളികളാണ്. ഇതു കൂടാതെ ഈ പ്രതിഷേധത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യുവജന വിദ്യാര്‍ത്ഥി സ്ത്രീ പ്രസ്ഥാനങ്ങളും അണിനിരന്നിട്ടുണ്ട്. മെയ് ദിനാചരണത്തില്‍ പങ്കെടുത്ത സിഐടിയു അംഗങ്ങള്‍ മാത്രം ഏതാണ്ട് ഇതിനിരട്ടി വരും. 


ഈ കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്കായും, ഭക്ഷണം, ചികിത്സ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായും, വേതനം  വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍ എന്നിവയ്ക്കെതിരായും തൊഴിലാളികള്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്, അവയില്‍ പലതും ഫലം കാണുന്നുമുണ്ട്.


തൊഴില്‍ നിയമ ഭേദഗതികള്‍ക്കും സമയവര്‍ധനയ്ക്കുമെതിരായി സി ഐ ടി യു ഒറ്റയ്ക്കും മറ്റു കേന്ദ്ര ട്രേഡ് യുണിയനുകളോടൊപ്പവും അസം, ബീഹാര്‍, കര്‍ണാടകം, മധ്യ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍  പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. 'ഈ മാസ്ക്കിനുള്ളില്‍ ഞങ്ങളുടെ ശബ്ദത്തെ ഒതുക്കാനാവില്ല' എന്ന മുദ്രാവാക്യമാണ് തൊഴിലാളികള്‍ ഉയര്‍ത്തിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്തിരിക്കുന്നു. 


അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകളും തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരായ സമരങ്ങള്‍ക്ക് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും കോര്‍പ്പറേറ്റ്വത്കരണത്തിനുമെതിരായ കര്‍ഷക സമരങ്ങള്‍ക്ക് ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ട്. ഇനി വരും നാളുകള്‍ തീക്ഷ്ണമായ വര്‍ഗസമരത്തിന്‍റേതാവുമെന്ന് ഉറപ്പാണ്.