കോവിഡ് 19 പഠിപ്പിക്കുന്ന പാഠങ്ങള്‍

എസ് രാമചന്ദ്രന്‍പിള്ള

കോവിഡ് 19ന് രാഷ്ട്രീയമില്ലെങ്കിലും അതിന്‍റെ വ്യാപനത്തെ തടയാനെടുക്കുന്ന പ്രവര്‍ത്തനങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാനെടുക്കുന്ന നടപടികളും ഒട്ടേറെ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വരുംകാലത്തെ സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ സമീപനങ്ങളെ അവ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. കോവിഡാനന്തരകാലത്ത് ലോകസ്ഥിതിഗതികളില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ചില കാര്യങ്ങള്‍ മാത്രം ചുരുക്കത്തില്‍ പരിശോധിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.


കോവിഡിന്‍റെ വ്യാപനം തടയാനും അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാനും വ്യത്യസ്ത സ്വാഭവത്തിലുള്ളവയാണെങ്കിലും എല്ലായിടത്തും ഭരണകൂടങ്ങളുടെ ശക്തിയായ ഇടപെടലിനെയാണ് നാം കാണുന്നത്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ സമീപനങ്ങള്‍ക്ക് കോവിഡിനെ നേരിടാനാകില്ല. നവഉദാരവല്‍ക്കരണ സാമ്പത്തികനയം ഭരണകൂടത്തിന്‍റെ പിന്മാറ്റമാണ് ആവശ്യപ്പെടുന്നത്. സ്വതന്ത്ര കമ്പോളമാണ് ഏറ്റവും കാര്യക്ഷമതയുള്ള സംവിധാനം. കമ്പോളത്തിന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനം വഴി എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും ശരിയായ തീരുമാനങ്ങളില്‍ എത്തിച്ചേരാനാവുമെന്നും മുതലാളിത്ത വ്യവസ്ഥയും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളും കരുതുന്നു. ഭരണകൂട ഇടപെടല്‍ കാലതാമസവും ദുര്‍വ്യയവും ഉണ്ടാക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.


ഭരണകൂടം പിന്മാറണമെന്ന നവഉദാരവല്‍ക്കരണത്തിന്‍റെ സമീപനം കോവിഡിന്‍റെ വ്യാപനത്തെ തടയുന്ന കാര്യത്തില്‍ മുതലാളിത്ത ലോകത്തിന് ഉപേക്ഷിക്കേണ്ടിവന്നു. കോവിഡിന്‍റെ വ്യാപനം തടയുന്നതിനും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാനും ഗവണ്‍മെന്‍റുകള്‍ വ്യത്യസ്ത സ്വഭാവത്തില്‍ ശക്തിയായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. തീരുമാനമെടുക്കാന്‍ സ്വതന്ത്ര കമ്പോളത്തെ ഏല്‍പ്പിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. അത് സര്‍വനാശത്തിലേക്കുള്ള വഴിതുറക്കുമെന്നും വ്യക്തമാണ്. സാമൂഹ്യനന്മ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ലാഭത്തിന്‍റെ ചക്രങ്ങളില്‍ ഉരുളുന്ന മുതലാളിത്തത്തിന്‍റെ രഥത്തിന് ആവുകയില്ലെന്നും തെളിഞ്ഞിരിക്കുന്നു. കോവിഡിന്‍റെ വ്യാപനം തടയാനെടുക്കുന്ന പ്രവര്‍ത്തനങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികളും മുതലാളിത്ത സമ്പ്രദായത്തിന്‍റെ പിടിപ്പില്ലായ്മയെ തുറന്നുകാട്ടുന്നു.


ലാഭേച്ഛയുടെ ചക്രങ്ങളില്‍ മാത്രം ചലിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ മറ്റൊരു ദൗര്‍ബല്യവും കോവിഡ് 19നെ പ്രതിരോധിക്കാനെടുത്ത പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടി. വൈറസ് പരത്തുന്ന രോഗങ്ങളെപ്പറ്റി ഗവേഷണം നടത്താന്‍ മുതലാളിത്ത ലോകത്തിലെ മരുന്നുകമ്പനികള്‍ക്ക് താല്‍പര്യമില്ല. എല്ലാ കാലവും ലാഭം നല്‍കുന്ന മരുന്ന് വ്യവസായങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം. വൈറസ് പരത്തുന്ന രോഗങ്ങള്‍ ഇടയ്ക്കിടെ മാത്രം പ്രത്യക്ഷപ്പെടുന്നവയാണ്. പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളിലാണവര്‍ക്ക് ശ്രദ്ധ. വിശേഷിച്ചും ജീവിതശൈലീ രോഗങ്ങളില്‍. പ്രമേഹം, രക്തധമനികളും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ക്കുവേണ്ടിയുള്ള ഗവേഷണവും മരുന്നുകളുടെ ഉല്‍പാദനവും തുടര്‍ച്ചയായി ലാഭം നല്‍കുന്ന മേഖലകളാണ്. മുതലാളിത്ത ലോകം എപ്പോഴും മുന്‍ഗണന നല്‍കുന്നത് സ്വകാര്യ ലാഭത്തിനാണ്.


അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അത്യന്തം ആപത്കരമായ സമീപനങ്ങളാണ് കോവിഡ് കാലത്ത് സ്വീകരിക്കുന്നത്. വ്യാവസായിക ഉല്‍പാദനത്തിനും വ്യാപാരത്തിനും ഒരു കുറവും സംഭവിക്കരുതെന്ന് കരുതിയാണ് മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കം നിയന്ത്രിക്കാന്‍ പാടില്ലെന്ന സമീപനം അവര്‍ എടുക്കുന്നത്. രോഗം വ്യാപിച്ചാലും മനുഷ്യര്‍ മരിച്ചാലും സാരമില്ലെന്ന മനോഭാവമാണ് അവരെ നയിക്കുന്നത്. മരിക്കുന്നവരേറെയും വൃദ്ധരും രോഗികളുമായിരിക്കുമല്ലോ എന്നും അവര്‍ കരുതുന്നു. സ്വകാര്യ ലാഭമാണ് പരമപ്രധാനമെന്ന് അവര്‍ വിശ്വസിക്കുന്നു. സമൂഹത്തിന്‍റെ പൊതുക്ഷേമത്തിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും പരിപാടികള്‍ ആവിഷ്കരിക്കാനും മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് കഴിയില്ല. മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ സ്വഭാവത്തെ കോവിഡ് 19 മറനീക്കി കാണിക്കുന്നു.


കോവിഡ് 19നെ മനുഷ്യരും രാജ്യങ്ങളും കൂട്ടായിട്ടാണ് നേരിടുന്നത്. ഒരു വ്യക്തിക്കോ, രാജ്യത്തിനോ ഒറ്റയ്ക്കുനിന്ന് കോവിഡിനെ ചെറുക്കാനാവില്ല. രോഗത്തെ വ്യക്തിപരമായി നേരിടുന്ന രീതി കോവിഡ് 19ന്‍റെ മുമ്പില്‍ അപ്രായോഗികവും അശക്തവുമാണ്. മനുഷ്യസമൂഹമാകെ ഒത്തൊരുമിച്ച് നീങ്ങിയാല്‍ മാത്രമേ കോവിഡിനെ നേരിടാനാകൂ. ലോകമാകെ മരുന്നും വാക്സിനും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണിന്ന്. മനുഷ്യസമൂഹമാകെ ഒത്തൊരുമിച്ച് നീങ്ങണമെന്ന വലിയ പാഠമാണ് കോവിഡ് 19 നമ്മെ പഠിപ്പിക്കുന്നത്. കോവിഡ് 19നെ നേരിടുന്നതുപോലെ സമൂഹമാകെ ഒരുമിച്ചു നീങ്ങി പരിഹാരം കാണേണ്ട മറ്റു പ്രധാനപ്പെട്ട ഒട്ടനവധി വിഷയങ്ങളുമുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ആഗോളതാപനം, പരിസ്ഥിതി പ്രശ്നം, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാന്‍ മനുഷ്യര്‍ ഒരുമിച്ച് നീങ്ങണമെന്ന കടമയും കോവിഡ് 19നെ നേരിടുന്നതിലുണ്ടായ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.


മതത്തിന്‍റെയും ജാതിയുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്നല്ല മനുഷ്യന്‍ കോവിഡിനെ നേരിട്ടത്. ജീവിതത്തിനും ആരോഗ്യരക്ഷയ്ക്കും പ്രഥമ പരിഗണന നല്‍കുന്ന സമീപനം എല്ലാവരും സ്വീകരിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ജീവിതത്തിനും ആരോഗ്യരക്ഷയ്ക്കും വിധേയമാണെന്ന് മതനേതാക്കളടക്കം പ്രഖ്യാപിക്കുകയുണ്ടായി. കോവിഡിനെ നേരിടാന്‍ വര്‍ഗീയതയും മതമൗലികവാദവും തുണച്ചില്ല, അവ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ഒരുമിച്ച് അണിനിരക്കേണ്ട ജനങ്ങളെ ഭിന്നിപ്പിക്കാനും ലക്ഷ്യംവെച്ചുകൊണ്ട് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നവരാണെന്നും തുറന്നു കാട്ടപ്പെടുകയുണ്ടായി. വര്‍ഗീയവാദികളും മതമൗലികവാദികളും സമ്പന്നവര്‍ഗ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യക്തിപരമായ കാര്യങ്ങളാണ്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നതോടൊപ്പം അത് പൊതുതാല്‍പര്യങ്ങളെയും സാമൂഹ്യക്ഷേമത്തെയും അട്ടിമറിക്കാന്‍ ഇടവരരുതെന്നും ഉള്ള പാഠമാണ് കോവിഡ് 19നെ നേരിടാന്‍ എടുത്ത പ്രവര്‍ത്തനാനുഭവങ്ങള്‍ പകര്‍ന്നുതരുന്നത്. 


കോവിഡ് 19നെ നേരിടാന്‍ തികഞ്ഞ ശാസ്ത്രീയ സമീപനമാണ് പൊതുവായി സ്വീകരിക്കപ്പെട്ടത്. കോവിഡ് 19ന് കാരണമായ കൊറോണ വൈറസിനെ നേരിടാനുള്ള മരുന്നോ വാക്സിനോ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗത്തിന്‍റെ വ്യാപനം തടയാന്‍ സമ്പര്‍ക്കം ഒഴിവാക്കുന്ന സമീപനമാണ് പൊതുവായി സ്വീകരിക്കപ്പെടുന്നത്. അവ ഒട്ടനവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയ്ക്കെല്ലാം ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഹാരം കാണാനാണ് പരിശ്രമിക്കുന്നത്. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെ എല്ലാ മേഖലകളിലും മനുഷ്യര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രാപ്തരാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്‍റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ എല്ലാ ജീവിതപ്രശ്നങ്ങളിലും ഇടപെടാനുള്ള കരുത്ത് വളര്‍ത്താന്‍ കോവിഡ് 19നെ നേരിട്ട അനുഭവങ്ങള്‍ നാം ഉപയോഗപ്പെടുത്തണം.


പ്രകൃതി നിയമങ്ങളെക്കുറിച്ച് പഠിച്ച് അവയെ ഉപയോഗപ്പെടുത്തിയാണ് മനുഷ്യന്‍ ശാസ്ത്ര സാങ്കേതിക വിദ്യ വികസിപ്പിച്ചത്. എല്ലാ നേട്ടങ്ങളും അങ്ങനെ നേടിയതാണ്. പ്രകൃതിനിയമങ്ങളെപ്പറ്റിയുള്ള അറിവ് നേടിയതുപോലെ സാമൂഹ്യവികാസത്തിന്‍റെ നിയമങ്ങളെ പഠിച്ച് മനുഷ്യസമൂഹത്തിന്‍റെ സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടത്തേണ്ട ബോധപൂര്‍വമായ ഇടപെടലുകള്‍ എന്തെല്ലാമാണെന്ന അറിവാണ് ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ കാഴ്ചപ്പാട് പകര്‍ന്നുതരുന്നത്. കോവിഡ് 19നെ നേരിടാന്‍ സ്വീകരിച്ച ശാസ്ത്രീയമായ സമീപനവും കൂട്ടായി ഇടപെടുന്ന രീതിയും ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നടപ്പാക്കാനാണ് സോഷ്യലിസം ശ്രമിക്കുന്നത്. ഇന്നത്തെ അനുഭവങ്ങള്‍ സോഷ്യലിസത്തിനുവേണ്ടി നടത്തേണ്ട പരിശ്രമങ്ങള്‍ക്ക് കരുത്തുപകരും.


കോവിഡിനെ നേരിടാന്‍ പാവപ്പെട്ട ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങളെ കേന്ദ്രമാക്കി മനുഷ്യസമൂഹത്തിന്‍റെയാകെ താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനാണ് ഇടതുപക്ഷശക്തികള്‍ ലോകത്താകെ പരിശ്രമിക്കുന്നത്. രോഗത്തിന്‍റെ വ്യാപനത്തിന്‍റെയും അത് തടയാനെടുത്ത നടപടികളുടെയും ഫലമായി പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കേരളം ശ്രമിക്കുന്നത്.

കേരളത്തിന്‍റെ മാതൃക ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളത്തിന്‍റെ  സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക ജീവിതത്തില്‍ ഇടതുപക്ഷം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ കോവിഡ് 19ന് എതിരെ പോരാടുന്നതിന് കരുത്തുപകരുന്നു. വികസ്വരമായ പൊതുജനാരോഗ്യ സംവിധാനം ഇടതുപക്ഷം നേടിയ വലിയ നേട്ടമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ജനാധിപത്യവല്‍ക്കരണമാണ് മറ്റൊന്ന്. സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന മതനിരപേക്ഷ ജനാധിപത്യ സംസ്കാരം കേരള സമൂഹത്തിന്‍റെ മറ്റൊരു തനിമയാണ്. എല്ലാത്തിനെയും കോര്‍ത്തിണക്കാന്‍ കഴിയുന്ന സമര്‍ത്ഥമായ രാഷ്ട്രീയ നേതൃത്വവും കേരളത്തിനുണ്ട്. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യയുടെയും ലോകത്തിന്‍റെയും മുന്‍നിരയിലേക്ക് കേരളത്തെ എത്തിച്ചത് ഇവയെല്ലാമാണ്. ചൈനയും വിയത്നാമും കോവിഡിനെ സമര്‍ത്ഥമായി നേരിട്ടതിന്‍റെ ഉജ്ജ്വലമായ മാതൃകകളാണ്. കോവിഡ് 19നെ നേരിടുന്നതില്‍ ഇടതുപക്ഷം സ്വീകരിച്ച സമീപനങ്ങള്‍ ശരിയെന്നു തെളിയിക്കപ്പെട്ടു. എല്ലാ അനുഭവങ്ങളും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ചില അനുഭവങ്ങളില്‍നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ എന്തെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ഈ ലേഖനത്തില്‍ ശ്രമിച്ചത്. അനുഭവങ്ങളാകെ ആഴത്തില്‍ വിലയിരുത്താനുള്ള പരിശ്രമം തുടരേണ്ടതുണ്ട്. വരുംകാല ലോക സാഹചര്യങ്ങളെ നേരിടുന്നതിന് അതു വളരെ പ്രധാനമാണ്.