പൊള്ളയായ കേന്ദ്ര പാക്കേജ്

മാര്‍ച്ച് 25 മുതല്‍ രാജ്യത്തെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അടച്ചിടുന്നതായി പ്രധാനമന്ത്രി മോഡി രാഷ്ട്രത്തോട് പ്രഖ്യാപിച്ചത് കഴിഞ്ഞ മാര്‍ച്ച് 24 രാത്രിയായിരുന്നു. അതിന്‍റെ അമ്പതാം ദിവസമായ മെയ് 12നാണ് രണ്ടു മാസത്തോളമായി മരവിച്ചു കിടന്ന രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാന്‍ ഉത്തേജക പാക്കേജ് അദ്ദേഹം പ്രഖ്യാപിച്ചത്. സംഘപരിവാര്‍ സ്റ്റൈലില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന് മോഡി മുഴക്കിയ മുദ്രാവാക്യം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വാശ്രയ ഇന്ത്യ എന്ന ഇരുപതാം നൂറ്റാണ്ടില്‍ രാജ്യം ഒരു പരിധിവരെ യാഥാര്‍ഥ്യമാക്കിയ, ഒരു മുദ്രാവാക്യത്തിന്‍റെ നിറംകെട്ട അനുകരണം മാത്രമാണ്. വിദേശങ്ങളില്‍ നിര്‍മിച്ച വസ്തുക്കള്‍ വാങ്ങലാണല്ലോ ഇപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യ. അതുപോലെ മോഡിയുടെ ആത്മനിര്‍ഭര്‍ ആഗോള കോര്‍പറേറ്റുകളുടെ നവഉദാരവല്‍ക്കരണ മൂശയില്‍ കരുപ്പിടിപ്പിച്ച വാചകമടിയാണ്.


ഈ വിമര്‍ശനം അക്ഷരംപ്രതി ശരിയാണ് എന്നു വ്യക്തമാക്കുന്ന വ്യാഖ്യാനങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ മെയ് 13, 14, 15 തീയതികളില്‍ നല്‍കിയത്. വ്യാഖ്യാനം ഇനിയും തുടരും. അതിനിടയ്ക്ക് മെയ് 16 രാവിലെയാണ് ഈ വരികള്‍ എഴുതുന്നത്. സാധാരണഗതിയില്‍ ഒരു പ്രഖ്യാപനം നടത്തിയാല്‍ അതിന്‍റെ പ്രധാനവശങ്ങളാണ് ആദ്യം വിശദീകരിക്കുക. 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ എത്ര ഭാഗം വീതം സമ്പദ്വ്യവസ്ഥയിലെ ഓരോ പ്രധാനമേഖലയ്ക്കായി നീക്കിവെക്കുന്നു എന്നു പറയും. തുടര്‍ന്നാണ് ഓരോ മേഖലയിലെയും വിശദാംശങ്ങള്‍ പറയുക. അതില്‍നിന്നു വ്യത്യസ്തമായി ധനമന്ത്രി ആദ്യദിവസം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പാക്കേജിന്‍റെ വിശദാംശങ്ങളാണ് ഒന്നര മണിക്കൂര്‍ എടുത്ത് വിശദമാക്കിയത്. രണ്ടാംദിവസം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും വനിതാ സംരംഭങ്ങള്‍ക്കും തൊഴിലുറപ്പിനും വേണ്ടിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. മെയ് 15നു പ്രാഥമിക മേഖലയ്ക്കുള്ള - അതില്‍ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവ പെടും - പദ്ധതികളാണ് വിശദീകരിച്ചത്.


കോവിഡ് രോഗബാധയെ ചെറുക്കുന്നത് പ്രധാനമായി സംസ്ഥാന സര്‍ക്കാരുകളാണ്, അവയ്ക്കുകീഴിലുള്ള ഭരണസംവിധാനങ്ങളുടെ പിന്തുണയോടെ. അവയ്ക്ക് എന്തു സഹായം നല്‍കുമെന്നുള്ളത് ധനമന്ത്രി ഇനിയും വിശദീകരിക്കാനിരിക്കുന്നതേയുള്ളൂ. ഇതേവരെയുള്ള അനുഭവം സംസ്ഥാനങ്ങള്‍ക്ക് സാധാരണഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ വഴിയും ബജറ്റ് വഴിയും വിവിധ നിയമങ്ങള്‍ വഴിയും ബാധ്യസ്ഥമായ തുകകള്‍പോലും കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി നല്‍കുന്നില്ല എന്നതാണ്. ജിഎസ്ടി നിയമം പോലുള്ളവ അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതി വിഹിതം പോലും പിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിരിക്കാവുന്ന നികുതികള്‍ കുറവാണ്. കേന്ദ്രം കൃത്യമായി നികുതി പിരിക്കുന്നില്ല, പിരിഞ്ഞു കിട്ടിയവയില്‍ സംസ്ഥാനവിഹിതം സമയബന്ധിതമായി നല്‍കുന്നില്ല. ഇപ്പോള്‍ കൊറോണ കാലത്ത് കേന്ദ്ര സര്‍ക്കാരിനും നികുതി പിരിഞ്ഞു കിട്ടുന്നില്ല എന്നത് ശരിയാണ്.


പക്ഷേ, കേന്ദ്രത്തിനു ഒരു സൗകര്യമുണ്ട്. കമ്മിപ്പണം ഉണ്ടാക്കാം. കയ്യില്‍ ആവശ്യത്തിനു പണമില്ലാതെ വരുമ്പോള്‍ കടമെടുക്കുന്നതുപോലെയാണ്. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനു പരമാധികാരം ഉള്ളതിനാല്‍ കമ്മിപ്പണമായി കൂടുതല്‍ നോട്ടടിച്ച് വിതരണം ചെയ്യാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാം. മഹാമാരിക്കാലം അപൂര്‍വമായി അങ്ങനെ ചെയ്യേണ്ട സന്ദര്‍ഭമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി 6 - 7 ലക്ഷം കോടി രൂപയുടെ കമ്മി ബജറ്റിനു തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ജിഡിപിയുടെ 3 - 3.5 ശതമാനം വരുന്ന തുകയാണത്. ഇതേപോലെ സംസ്ഥാനങ്ങളെയും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ധനകമ്മിയുടെ പരിധി 3.5 ശതമാനത്തില്‍നിന്ന് 2 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണം എന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.


പറഞ്ഞുവരുന്നത് സംസ്ഥാനങ്ങളോ വിവിധ വിഭാഗം ജനങ്ങളോ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പ്രധാനമന്ത്രിയോ ധനമന്ത്രിയോ ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നാണ്. മാത്രമല്ല, അവര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും ഇരട്ടിയാക്കുന്നതാണ്.
മെയ് 13നു ധനമന്ത്രി ഒന്നരമണിക്കൂര്‍ നീണ്ട മാധ്യമ വിശദീകരണത്തില്‍ വിവരിച്ചത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ക്കും അവയിലെ തൊഴിലാളികള്‍ക്കും വൈദ്യുതിവിതരണ സ്ഥാപനങ്ങള്‍ക്കും ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ലക്ഷ്യമിട്ടുള്ളതാണ്. മൂന്നുലക്ഷം കോടി രൂപയുടെ വായ്പാ സൗകര്യം അവയ്ക്കായി ഏര്‍പ്പെടുത്തി. ഈ സംരംഭങ്ങളിലെ തൊഴിലാളികളും ഉടമകളും കൂടി കൂലിയുടെ 24 ശതമാനം ഇപിഎഫിനു നല്‍കാറുള്ളതില്‍ 4 ശതമാനം 5 മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡുകള്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 90,000 കോടി രൂപയുടെ വായ്പ നല്‍കണമെന്ന് ധനമന്ത്രി കല്‍പിച്ചു. ബാങ്കിങ്ങിതര സ്ഥാപനങ്ങള്‍ക്ക് 45,000 കോടി രൂപയുടെ വായ്പ അനുവദിച്ചു. മൈക്രോ സംരംഭങ്ങള്‍ക്ക് 30,000 കോടി രൂപയും.
ഈ വായ്പയെല്ലാം കൊടുക്കേണ്ടത് ബാങ്കുകളോ സംസ്ഥാന സര്‍ക്കാരുകളോ ആണ്. എംഎസ്എംഇകള്‍ക്ക് ഒരു ആനുകൂല്യമുണ്ട്; 200 കോടി രൂപ വരെയുള്ള ടെണ്ടറുകളില്‍ വിദേശകമ്പനികളുടെ മത്സരം ഇനി ഉണ്ടാവില്ല. മഹാമാരി കാലത്തിനു മുമ്പു തന്നെ വിദേശ കമ്പനികള്‍ ഇന്നാട്ടിലെ ടെണ്ടറുകളില്‍ പങ്കെടുക്കാതായി എന്ന വസ്തുത മുമ്പിലിരിക്കെ ധനമന്ത്രിയുടെ ഈ സൗജന്യത്തിനു വലിയ അര്‍ഥമൊന്നുമില്ല.


മെയ് 14നു ധനമന്ത്രി സമയമെടുത്ത് വിശദീകരിച്ചത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന ആനുകൂല്യങ്ങളെക്കുറിച്ചാണ്. അടച്ചിടല്‍ കാലത്ത് അവര്‍ക്ക് ഭക്ഷണ - താമസ സൗകര്യങ്ങളും നാട്ടിലേക്ക് യാത്രാ സൗകര്യങ്ങളും നല്‍കി എന്ന ധനമന്ത്രിയുടെ അവകാശവാദത്തിന്‍റെ പൊള്ളത്തരം പകല്‍പോലെ വ്യക്തമായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. അര്‍ഥശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ സകലരും പറഞ്ഞത് രാജ്യത്തെ സാധാരണക്കാര്‍ ഉള്‍പ്പെടെ 90 ശതമാനം ജനങ്ങള്‍ക്കും പ്രതിമാസം 10 കി. ഗ്രാം വീതം ഭക്ഷ്യധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്യാനാണ്. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രം 5 കി. ഗ്രാം വീതമാണ് അനുവദിച്ചത്. അത് തുടരുമെന്ന് ധനമന്ത്രി പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി രണ്ടു വര്‍ഷങ്ങള്‍ക്കകം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭവനനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇതാ ചെയ്തു കഴിഞ്ഞു എന്ന മട്ടില്‍ അവര്‍ വിശദീകരിച്ചു. അവര്‍ പറയുന്നത് സത്യമാണ്, അത് കേരളത്തില്‍ മാത്രമാണ് എന്നു മാത്രം.


മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ 63 ലക്ഷം കര്‍ഷകര്‍ക്ക് 86,000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തത് നേട്ടമായി ധനമന്ത്രി പറഞ്ഞു. ശരാശരി പ്രതിമാസം 80,000 കോടി രൂപയോളം വിതരണം ചെയ്തുകൊണ്ടിരുന്ന സ്ഥാനത്താണ് ഇത് എന്ന വസ്തുത ഓര്‍ക്കുമ്പോഴാണ് ആ അവകാശവാദത്തിന്‍റെ നീര്‍ക്കുമിള പൊട്ടുക. സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസത്തിനായി നല്‍കാന്‍ ബാധ്യസ്ഥമായ തുകയെ കൂടി ഇപ്പോള്‍ കേന്ദ്രത്തിന്‍റെ പദ്ധതിയില്‍പെടുത്തിയതില്‍നിന്ന് ഈ പ്രഖ്യാപനത്തിന്‍റെ പാപ്പരത്തം വ്യക്തമാണ്.


തൊഴിലാളികള്‍ക്കായി തേനും പാലും ഒഴുക്കുന്നു എന്ന അവകാശവാദം ധനമന്ത്രി ഉന്നയിക്കുന്നു. എന്താണ് യാഥാര്‍ഥ്യം? മധ്യപ്രദേശ്, യുപി, ഗുജറാത്ത്, കര്‍ണാടകം, ഹരിയാണ, പഞ്ചാബ്, രാജസ്താന്‍ മുതലായ സംസ്ഥാനങ്ങള്‍ ഇതിനകം നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. തിരിച്ചുവരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ പേരിലാണ് ഇത്. പതിറ്റാണ്ടുകളായി നിലവിലിരിക്കുന്ന, ലക്ഷക്കണക്കിനു തൊഴിലാളികള്‍ ദീര്‍ഘമായി സമരം ചെയ്ത് നേടിയെടുത്ത, അവകാശങ്ങള്‍ ഇപ്പോള്‍ നിഷേധിക്കുന്നതിന് എന്ത് അടിസ്ഥാനം, മുതലാളിസേവ അല്ലാതെ?


മെയ് 15നു ധനമന്ത്രി കാര്‍ഷികമേഖലയെ ആണ് പരാമര്‍ശ വിഷയമാക്കിയത്. കാര്‍ഷിക മേഖലയെയും കൃഷിക്കാരെയും അവരുടെ സാമ്പത്തിക താല്‍പര്യങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി വന്‍മുതലാളിമാര്‍ ആ മേഖലയില്‍ കയ്യിട്ടു വാരുന്നത് തടയാനായി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ റദ്ദാക്കും എന്നാണ് ധനമന്ത്രി പറഞ്ഞത്. രണ്ടു നിയമനിര്‍മാണങ്ങളാണ് കര്‍ഷകപ്രേമം പറഞ്ഞ് അവര്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്. കാര്‍ഷികമേഖലയില്‍ കുത്തക വ്യാപാരം തടയുന്ന നിയമം 1955ല്‍ കൊണ്ടുവന്നിരുന്നു. അതുപോലെ, കൃഷിച്ചെലവും അതിന്‍റെ 50 ശതമാനവും കൂടി കൃഷിക്കാര്‍ക്ക് ഉല്‍പന്നവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ആളാണ് നരേന്ദ്രമോഡി. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ ഇപ്പോള്‍ മഹാമാരിയുടെ നിഴലില്‍ കാര്‍ഷികമേഖലയെ കുത്തകകളുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രണ്ടാമത്, കൃഷിഭൂമി ഒട്ടാകെ കയ്യടക്കുന്നതിനു സഹായിക്കുന്ന കരാര്‍ കൃഷി സമ്പ്രദായം നിയമംമൂലം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്ര - ഇടത്തരം കൃഷിക്കാരെയും ന്യായവിലയ്ക്കു കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുന്നതിനെയും അവസാനിപ്പിക്കുന്ന നടപടികളാണ് ഇവ. 


ഇനി ഒരു മഹാമാരി വന്നാല്‍ ഇത്തരം പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരാത്ത സ്ഥിതിയാണ് ഇതുവഴി മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്, കര്‍ഷക ജനസാമാന്യത്തെയും തൊഴിലാളിവര്‍ഗത്തെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ.